ഡോ. ഐഷ വി

തളിപ്പറമ്പ് തൃച്ഛംബരത്തിനടുത്ത ഒരു വാടക വീടായിരുന്നു സഞ്ജീവനി പാലിയേറ്റിവ് കെയറിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്നത്. ശ്രീ മുട്ടമ്മൽ രാജൻ എന്ന മനുഷ്യ സ്നേഹി അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണാർത്ഥം സമ്മാനിച്ച മാരുതി ഓമ് നിയായിരുന്നു സഞ്ജീവനിയുടെ ആംബുലൻസ് . ഞാൻ ചെല്ലുമ്പോൾ സിസ്റ്റർ ശാന്ത അന്ന് സന്ദർശിക്കേണ്ട രോഗികളുടെ ഫയൽ അടുക്കി വയ്ക്കുകയായിരുന്നു.
സിസ്റ്ററിനെ സഹായിക്കാൻ സമീപത്തെ വീട്ടിലെ ശോഭയെന്ന വീട്ടമ്മയും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സഞ്ജീവനിയുടെ സജീവ പ്രവർത്തകയായ ശോഭയെത്തി. പിന്നെ ഞങ്ങളുടെ കോളേജിലെ എൻ എസ് എസ് വോളന്റിയർ ജോമിഷ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും വിദ്യാർത്ഥികളും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും എത്തി ചേർന്നു. ( കാലം 2012-13)

സഞ്ജീവനിയുടെ ബലം ആളും അർത്ഥവും നൽകി സഹായിക്കുന്ന സുമനസ്സുകളായിരുന്നു. അവരിൽ ചിലരും അവിടെ എത്തിയിരുന്നു. പാലിയേറ്റീവ് കെയർ സജീവ പ്രവർത്തകയായ ശോഭയ്ക്കായിരുന്നു രോഗികളുടെ ആവശ്യങ്ങളുടെ കാര്യത്തിൽ നല്ല തിട്ടം. ഓരോരുത്തർക്കും ആവശ്യമുള്ള കാര്യങ്ങൾ ശോഭ കരുതിയിട്ടുണ്ടാകും. ചിലർക്ക് മരുന്ന്, ചിലർക്ക് ഭക്ഷണം. ചിലർക്ക് കിറ്റ്, ചിലർക്ക് വസ്ത്രം, ചിലർക്ക് ചോർച്ചയുള്ള വീടിന് ടാർ പോളിൻ ഷീറ്റ്, ചിലർക്ക് പണം . ഇതൊക്കെ വാങ്ങാനും കൊടുക്കാനും സഞ്ജീവനി പാലിയേറ്റീവ് കെയറിന് പണമുണ്ടായിട്ടല്ല. ശോഭ വിവിധ ആവശ്യങ്ങൾ ബോധ്യപ്പെടുത്തി സമീപിക്കുമ്പോൾ സുമനസ്സുകൾ നൽകുന്നതാണ്. ശോഭയും എൻ എസ് എസ് വോളന്റിയമാരും കൂടി അതൊക്കെ ആബുലൻസിൽ ലഭ്യമായ സ്ഥലത്ത് അടുക്കി വച്ചു. സിസ്റ്റർ ശാന്ത ഫയലുകളുമായി എത്തിയപ്പോൾ ഞങ്ങൾ വാഹനത്തിൽ കയറിയിരുന്നു. ആൺകുട്ടികൾ ബൈക്കിൽ വരാമെന്ന് പറഞ്ഞു. പെൺകുട്ടികളും മറ്റു സ്ത്രീ ജനങ്ങളും ആംബുലൻസിൽ ഉള്ള സ്ഥലത്ത് ഒതുങ്ങി കൂടിയിരുന്നു.

അങ്ങനെ ഞങ്ങൾ യാത്രയാരംഭിച്ചു. ആദ്യം പോയത് തളിപറമ്പ് 7-ാം മൈലിലുള്ള ഒരു വീട്ടിലേയ്ക്കാണ്. അവിടെ ഉപ്പയും ഉമ്മയും മാത്രമുള്ള ഒരു വീട് . ഉപ്പയ്ക് ബിപി, കാലിൽ ഒരു മുറിവ് , ഇടയ്ക്കിടെ പനി ഒക്കെയുണ്ട്. ശാന്ത വ്രണം ഡ്രസ്സ് ചെയ്ത് കൊടുത്തു. വോളന്റിയർമാർ സഹായിച്ചു. ഉപ്പയെ സന്തോഷിപ്പിക്കാൻ പല കാര്യങ്ങളും ശാന്ത പറയുന്നുണ്ട്. ഇതിനിടയ്ക്ക് ഞങ്ങളെ എല്ലാം അവർ പരിചയപ്പെട്ടു. . ഞങ്ങൾ അവിടെ നിന്നും ഇറങ്ങി അടുത്ത വീട്ടിലേയ്ക്ക് . വണ്ടി ഏഴാം മൈൽ വഴി കൂവോട് മുള്ളൂൽ ഭാഗത്തേയ്ക്ക്. ഇടവഴികളിലൂടെ ഒരു വീട്ടിലെത്തി. കവിളിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരപ്പച്ചൻ. മുഖത്ത് ഒരു കുരുവുണ്ടായിരുന്നതിൽ ഷേവ് ചെയ്തപ്പോൾ ബ്ലേഡ് ഹേതു. ശാന്ത ആ വ്രണം ഡ്രസ്സ് ചെയ്തു. അവിടെ നിന്നും അടുത്ത വീട്ടിലേയ്ക്ക് .

വണ്ടി ഊടു വഴികളിലൂടെ ഓടി മറ്റൊരു വീട്ടിലെത്തി. അവിടെ ഒരു പ്രായമായ സ്ത്രീ . കിടപ്പു രോഗിയാണ്. മരുമകളാണ് അവരെ നോക്കുന്നത്. അവർക്ക് ഗുഹ്യഭാഗത്തായിരുന്നു വ്രണം. ദീർഘകാലം കിടക്കുന്നവർക്ക് പറ്റുന്നതു തന്നെ. പലരും ദേഹം തുടച്ച് വൃത്തിയാക്കുമെങ്കിലും ആ ഭാഗം അത്ര ശ്രദ്ധിയ്ക്കില്ല. അതുകൊണ്ട് പറ്റുന്നതാണ്. തിരിച്ചും മറിച്ചും കിടത്തുക, ദിവസവും തുടച്ച് വൃത്തിയാക്കുക, ആ ഭാഗം കാറ്റ് കൊള്ളിയ്ക്കുക, തുടങ്ങിയവയാണ് അതിന് പരിഹാരം. ശാന്ത ആ ജോലി ഭംഗിയായി ചെയ്തു. അവർക്ക് മരുന്നു വാങ്ങാനുള്ള പണമില്ലാതിരുന്നതിനാൽ ശോഭ അവർക്കാവശ്യമുള്ള മരുന്നുകൾ വാങ്ങി കൊണ്ടുവന്നിരുന്നു.

വീണ്ടും മുന്നോട്ട് . വയലരികിലുള്ള ഒരു വീട്ടിലെത്തി. അത് ഒരു ശാന്തയുടെ വീടാണ്. ശാന്ത കിടക്കുകയാണ്. ശാന്ത ജോലി കഴിഞ്ഞ് വന്ന് കുപ്പം ബസ്റ്റോപ്പിൽ പട്ടുവത്തേയ്ക്കുള്ള ബസ്സ് കാത്ത് നിൽക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. നിയന്ത്രണം വിട്ട ഒരു ബസ്സ് വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ആ അപകടത്തിൽ ശാന്തയുടെ കാലൊടിഞ്ഞു. വിവാഹ പ്രായമെത്തിയ ഒരു മകൾ മാത്രമേയുള്ളൂ. ഇപ്പോൾ ശാന്തയ്ക്ക് ജോലിയ്ക്ക് പോകുവാൻ നിർവാഹമില്ല. അങ്ങനെയിരിക്കേയാണ് കൂനിൻമേൽ കുരു വെന്ന പോലെ ഒരു മരമൊടിഞ്ഞ് ഓടിട്ട വീടിന്റെ പുറത്തേയ്ക്ക് വീണത്. തത്ക്കാലം ശോഭ ഒരു ടാർ പോളിൻ ഷീറ്റ് കൊണ്ടുവന്ന് ഓടിന്റെ പുറത്തിട്ട് ചോർച്ചയ്ക്ക് ശമനമുണ്ടാക്കിയിരിയ്ക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിടെ നിന്നും അടുത്ത വീട്ടിലേയ്ക്ക്. ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഉമ്മയാണ്. ഉമ്മയുടേത് പ്രണയ വിവാഹമായിരുന്നു. ഭർത്താവ് അടുത്ത കാലത്ത് മരിച്ചു പോയി. അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. പ്രണയ വിവാഹമായിരുന്നതിനാൽ ഇരു വീട്ടുകാരും അവരെ അടുപ്പിച്ചില്ല. പള്ളിക്കാർ ഉമ്മയ്ക്ക് ഒരു വീടു വച്ചു കൊടുത്തു. രണ്ട് കിടപ്പുമുറി, ഒരു ഹാൾ അടുക്കള എല്ലാമുള്ള ഒരു കൊച്ചു ടെറസ്സ് വീട്. ഞങ്ങൾ ചെല്ലുമ്പോൾ ഉമ്മയെ താഴെ കിടത്തിയിരിയ്ക്കുകയായിരുന്നു. വീട് നിറച്ച് ആൾക്കാരുണ്ട്. അയൽപക്കക്കാരാണ് . ഉമ്മയെ നോക്കാനെന്ന വ്യാജേന ഉമ്മയുടെ കട്ടിലുo മറ്റ് സാധന സാമഗ്രികളെല്ലാം കൈയ്യേറിയിരിയ്ക്കുകയാണ്. ഉമ്മയ്ക്ക് ബോധമുണ്ട്. ഇടയ്ക്കിടെ തന്റെ വീട് കയ്യേറിയവരെ വഴക്ക് പറയുന്നുണ്ട്. ശോഭ വീട് കൈയ്യേറിയവരോട് വഴക്ക് കൂടി. രണ്ട് കട്ടിലുണ്ടല്ലോ , ഒരു കട്ടിൽ ഉമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു.

ഉമ്മയും ദീഘകാലമായി കിടപ്പായതിനാൽ വ്രണം വന്ന അവസ്ഥയിലായിരുന്നു. അവർക്ക് വേണ്ട മരുന്നും ഭക്ഷണവും ശോഭ കരുതിയിരുന്നു. അതൊക്കെ കൊടുത്ത് അവിടെ നിന്നുമിറങ്ങി. പിന്നെ ഏതാനും വീടുകൾ കൂടി പിന്നിട്ടു. ചില വീടുകൾ റോഡരികിലായിരിയ്ക്കും. ചിലത് ഉള്ളിലും . കൃഷ്ണേട്ടന്റെയും മറിയാമ്മ ചേച്ചിയുടേയും വീടെത്തി. രണ്ട് പേർക്കും കണ്ണു കാണില്ല . പ്രായമായി. ആ ദമ്പതികൾക്ക് മക്കളില്ല. കൃഷ്ണേട്ടന്റെ കാലിൽ ഉണങ്ങാത്ത ഒരു വ്രണം ഉണ്ടായിരുന്നു. സിസ്റ്റർ ശാന്ത കുട്ടികളുടെ സഹായത്തോടെ അതൊക്കെ മരുന്നു വച്ചുകെട്ടി. ശൗചാലയമില്ലാത്തത് ആ വീട്ടിലെ ഒരു പ്രശ്നമായിരുന്നു.. കൃഷ്ണേട്ടൻ – മറിയാമ്മ ദമ്പതികൾക്ക് ഫാദർ സുക്കോൾ ഒന്നര ഏക്കർ സ്ഥലവും വീടും നൽകിയതായിരുന്നു. ദമ്പതികൾക്ക് ഓരോ പ്രാരാബ്ധങ്ങൾ വന്നപ്പോൾ അതെല്ലാം വിറ്റുപോയി . അവർ പിന്നീട് പണിത വീടായിരുന്നു അത്. അവർക്ക് ശൗചാലയം കോളേജിന്റെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വ ചെയ്യാമെന്ന് ഞാൻ ശോഭയ്ക്ക് വാക്കു കൊടുത്തു.

പിന്നെ ഞങ്ങൾ ഹൈവേയിലെത്തി. കുപ്പം പാലം കടന്ന് കുപ്പം പുഴയുടെ തീരത്തു കുടി ഒരു യാത്ര . പുഴയുടെ വശങ്ങളിൽ നെൽപ്പാടങ്ങളുമുണ്ട്. കുറെ ദൂരം താണ്ടിയപ്പോൾ നിസാമുദ്ദീന്റെ വീടെത്തി. നിസ്സാമുദീൻ ഇപ്പോൾ 17- 18 വയസ്സുള്ള കൗമാരക്കാരനാണ്. കിടപ്പിലാണ്. ചെറുപ്രായത്തിൽ സൈക്കിളിൽ നിന്നും വീണ് നട്ടെല്ലിന് പരുക്കേറ്റതാണ്. വീട്ടുകാർ ആദ്യം ഇക്കാര്യം അറിഞ്ഞില്ല. കുട്ടി കിടപ്പിലായപ്പോഴാണ് ഇക്കാര്യം അറിയുന്നതു തന്നെ . ഇപ്പോൾ കിടപ്പു രോഗികൾക്കുള്ള വ്രണമാണ് നിസ്സാമുദ്ദീനുള്ളത്. കിടന്ന കിടപ്പിൽ പുസ്തകവായന . ലാപ് ടോപ് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ പഠിക്കുക. ഇതൊക്കെയാണ് നിസ്സാമുദ്ദീന്റെ വിനോദം. നിസ്സാമുദ്ദീന് വായിക്കാനുള്ള പുസ്തകങ്ങളും ശോഭ കൈയ്യിൽ കരുതിയിരുന്നു. തിരിച്ച് ഉച്ചയായപ്പോൾ സഞ്ജീവനിയുടെ ഓഫീസിലെത്തി ഞങ്ങൾ പലവഴിക്ക് പിരിഞ്ഞു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്