വാടക വീട്ടിലെ കൃഷി വിപുലമാക്കുന്നു : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 12

വാടക വീട്ടിലെ കൃഷി വിപുലമാക്കുന്നു : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 12
April 19 01:36 2020 Print This Article

ഡോ. ഐഷ വി

കാസർഗോഡ് നെല്ലിക്കുന്നിലെ വാടക വീട്ടിലെ കൃഷിയെ കുറിച്ച് മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ? ഒരു സന്ധ്യയ്ക്ക് അച്ഛൻ വീട്ടിലെത്തിയത് അടപ്പുള്ള ഈറ്റ കുട്ടയിൽ പത്ത് വൈറ്റില ഗോൺ കോഴി കുഞ്ഞുങ്ങളുമായാണ് . ഈ കോഴി കുഞ്ഞുങ്ങളെ എവിടെ വളർത്തും എന്നതായി അടുത്ത പ്രശ്നം. അച്ഛനും അമ്മയും കൂടി സ്റ്റോർ റൂമിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തീരുമാനിച്ചു. അമ്മ ആ രാത്രി തന്നെ സ്റ്റോർ റൂം ഒഴിച്ചെടുത്തു. അടുക്കളയ്ക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ വല്യക്ഷരം “എൽ” ആകൃതിയായിരുന്നതിനാൽ ധാരാളം സ്ഥലമുണ്ടായിരുന്നു. സ്റ്റോറൂമിലെ സാധനങ്ങൾ അടുക്കളയിൽ സ്ഥാനം പിടിച്ചു. അമ്മ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന അറക്കപ്പൊടി കുറെയെടുത്തു സ്റ്റോറൂമിൽ നല്ല കട്ടിയ്ക്ക് നിരത്തി കോഴി കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി. സ്റ്റോറൂമിന് ഒരു ജന്നൽ ഉള്ളതിനാൽ അകത്ത് നല്ല വെളിച്ചം ലഭിച്ചിരുന്നു. അന്നത്തെ വീടുകളുടെ ഭിത്തി സിമന്റിട്ട് പ്ലാസ്റ്റർ ചെയ്യുന്നതിന് പകരമായി മണലും കുമ്മായവും പശയും കൂട്ടി കലർത്തി ഭിത്തികെട്ടിയ കല്ലിന് മുകളിൽ തേച്ച് പിടിപ്പിച്ച് അതിന് മുകളിൽ കുമ്മായം പശകലർത്തി വെള്ള പൂശിയവയായിരുന്നു. ഈ സ്റ്റോർ റൂമും അങ്ങനെയുള്ളതായിരുന്നു. അതിന്റെ വാതിൽ കൂടി അടച്ചാൽ കോഴി കുഞ്ഞുങ്ങൾ അകത്ത് ഭദ്രം. കോഴി കുഞ്ഞുങ്ങൾക്ക് അമ്മ ഒരു പാത്രത്തിൽ ഗോതമ്പ് പൊടി പുട്ടിന് കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചു . ഉരുട്ടി പിടിച്ചാൽ ഉണ്ട പിടക്കാം. പൊടിച്ചാൽ പൊടിയുകയും ചെയ്യും. അത് ഒരു പരന്ന പാത്രത്തിലാക്കി കോഴി കുഞ്ഞുങ്ങൾക്ക് വച്ചു കൊടുത്തു. മറ്റൊരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളവും. നേരം വെളുത്തപ്പോഴാണ് ഞങ്ങൾ കോഴി കുഞ്ഞുങ്ങളെ നല്ലതുപോലെ കണ്ടത്. നല്ല ചന്തമുള്ള തൂവെള്ളത്തുവലുകൾ. ചെറുതായി മുളച്ചു വരുന്ന ചുവന്ന പൂവകൾ കുഞ്ഞിത്തലയിലുണ്ട്. പിറ്റേന്ന് അച്ഛൻ കുറച്ച് കോഴിത്തീറ്റ കൂടി വാങ്ങി ക്കൊണ്ടുവന്നു. അമ്മ സമയാസമയങ്ങളിൽ കോഴിയ്ക്ക് തീറ്റ കൊടുത്തു. എല്ലാ ദിവസവും വെളുപ്പും കറുപ്പും കലർന്ന കോഴി കാഷ്ഠം മുകളിൽ നിന്നും കുറച്ച് അറക്കപ്പൊടിയോടു കൂടി കുറ്റിച്ചൂൽ കൊണ്ട് നീക്കി ഒരു കോരിയിൽ കോരിമാറ്റി പറമ്പിന്റെ ഒരറ്റത്ത് പച്ചക്കറി കൃഷിയ്ക്ക് വളമായി ഉപയോഗിക്കാനായി സൂക്ഷിച്ചു. ദിവസും കോഴിയുടെ മുറിയിൽ കുറച്ച് പുതിയ അറക്കപ്പൊടി കൂടി വിതറി കൊടുത്തു.

കുഞ്ഞികണ്ണൻ വൈദ്യരുടെ രണ്ടേക്കറോളം വരുന്ന പറമ്പിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആറ് വീട്ടുകാർക്കും ഇന്ധനാവശ്യത്തിനായി ഒരാൾ സ്ഥിരമായി അറക്കപ്പൊടി എത്തിച്ചു കൊടുത്തിരുന്നു. ഓരോ വാടക വീടും അന്നത്തെക്കാലത്ത് ലഭ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയതായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലെ കുളിമുറി അടുക്കളയിൽ നിന്നും പുറത്ത് തിണ്ണയിലേയ്ക്കിറങ്ങി തിണ്ണയിൽ നിന്നും കയറത്തക്ക തരത്തിലുള്ളതായിരുന്നു. കുളിമുറിക്കകത്ത് ചതുരാകൃതിയിൽ ഒരു കുഴിയിൽ ഇറങ്ങി നിന്ന് എൽ ആകൃതിയിൽ ഉള്ള തിട്ടയുടെ വീതി കുറഞ്ഞ ഭാഗത്ത് വച്ച ബക്കറ്റ് കലം എന്നിവയിൽ ശേഖരിച്ചുവച്ചിരുന്ന വെള്ളം കോരി കുളിച്ചിരുന്നു. കുളി മുറിയുടെ വീതി കൂടിയ കരഭാഗത്ത് അറക്കപ്പൊടി സൂക്ഷിച്ചിരുന്നു. അറക്കപ്പൊടി നനയുകയില്ലായിരുന്നു. വെള്ളം ചൂടാക്കി കുളിക്കേണ്ടവർക്ക് അതിനകത്ത് ഒരു ഭാഗത്തുള്ള അടുപ്പുപയോഗിച്ച് വെള്ളം ചൂടാക്കി കുളിക്കാം. അടിയാന്മാരുടെ പറമ്പിൽ താമസിക്കുന്ന സുശീലയാണ് വെള്ളം കോരി ജലസംഭരണികളിലെല്ലാം നിറച്ചിരുന്നത്. മൂന്ന് വീട്ടുകാർക്ക് ഒരു കിണർ എന്നായിരുന്നു കണക്ക്. സുശീലയാണ് ഞങ്ങളുടെ അടുത്ത രണ്ട് വീട്ടുകാർക്ക് കൂടി വെള്ളം കോരി തന്നിരുന്നത്. സുശീല രാവിലെയെത്തും. അമ്മ സുശീലയ്ക്ക് ചായയും പ്രാതലും നൽകും. കൃഷി വിപുലമാക്കിയപ്പോൾ കോരുന്ന വെള്ളത്തിന്റെ അളവും കൂടി . ചില ദിവസങ്ങളിൽ സുശീല വൈകുന്നേരവും ബള്ളം കോരിത്തന്നു. വീടിന്റെ തെക്കുഭാഗത്തുള്ള മൺ കയ്യാല ചാടിയാണ് സുശീല വെള്ളം കോരാനായി ഞങ്ങൾ താമസിക്കുന്ന പറമ്പിൽ വന്നിരുന്നത്. കുഞ്ഞിക്കണ്ണൻ വൈദ്യർ എല്ലാവർഷവും മഴക്കാലത്ത് മൺ കയ്യാല ഒരാൾപ്പൊക്കത്തിൽ ആളെ ജോലിക്ക് നിർത്തിക്കോരി പശമണ്ണ് അടിച്ചുറപ്പിച്ച് ബലപ്പെടുത്തിയിരുന്നു. ആ സമയത്ത് സുശീലയ്ക്ക് കയ്യാല ചാടുക ഇത്തിരി പ്രയാസമുള്ള പണിയായിരുന്നു. അതിന് സുശീല കണ്ട പരിഹാരം രണ്ട് കവിളി മടലിനെ ആശ്രയിക്കുക എന്നതായിരുന്നു. കയാലയുടെ ഇരുവശത്തും ഓരോ കവളി മടൽ ചാരി വച്ച് അതിൽ കൂടി കയറി ഇറങ്ങുക പതിവാക്കി. സുശീല കയറി ഇറങ്ങി ഏതാനും മാസം കഴിയുമ്പോഴേയ്ക്കും ആ ഭാഗത്തെ മണ്ണ് കുറേ ഇടിഞ്ഞ് കയ്യാലയുടെ പൊക്കം കുറയും. അപ്പോൾ എനിക്ക് കമലാക്ഷിയുടെ വീടിന്റെ എതിർ ഭാഗത്തുള്ള ഗ്ലാസ്സ് ഫാക്ടറിയുടെ പിൻവശത്തെ നേർ കാഴ്ച കിട്ടും.

സുശീല വെള്ളം കോരുന്നത് എനിയ്ക്കും അനുജനും കൗതുകമുള്ള കാഴ്ചയാണ്. അവിടത്തെ കിണറ്റിന്റെ ആളു തൊടി ( ആൾ മറ) അല്പം കൂടുതൽ ഉയരമുള്ളതാണ്. ആൾ മറയുടെ പകുതിയിൽ കാൽ ചവുട്ടാനുള്ള ഒരു കൊതയുണ്ട്. ആ കൊതയിൽ ഇടതുകാൽ ചവിട്ടി വലതുകാൽ ഉയർത്തി പൊങ്ങി ആഞ്ഞു കയർ വലിച്ചാണ് അവിടത്തെ സ്ത്രീകൾ കിണറ്റിൽ നിന്നും ലോഹകുടമോ തൊട്ടിയോ ഉപയോഗിച്ച് വെള്ളം കോരിയിരുന്നത്. ബക്കറ്റുകൾ നിറയുമ്പോൾ സുശീല വെള്ളവുമായി വീട്ടിലെത്തി സംഭരണികൾ നിറയ്ക്കും. നമ്പ്യാരുടെ സിമന്റ് വീപ്പയും ഈ സംഭരണികളിൽപ്പെടും. സുശീല വെള്ളം കോരുമ്പോൾ കിണറ്റിന്റെ ചുറ്റുപാടുമുള്ള പായലുകൾ ഞങ്ങൾ കണ്ടു പിടിച്ചു. ഈ പായലിൽ ചില സമയത്ത് ഏകദേശം രണ്ട് സെന്റി മീറ്റർ നീളത്തിൽ നേർത്ത തണ്ടുകൾ വളർന്ന് വന്ന് അതിന്റെ അറ്റത്ത് ചെറുതലയുമായി വളർന്നു വന്നിരുന്നു. ഞാനും അനുജനും കൂടി ഈ പായൽത്തണ്ടുകൾ പറിച്ചെടുക്കും. ഒരു തണ്ട്‌ എന്റെ കൈയ്യിലും മറ്റേ തണ്ട് അനുജന്റെ കൈയ്യിലും . ഞങ്ങൾ സൂക്ഷമായി രണ്ടു പേരുടേയും പായൽത്തണ്ടുകളുടെ തലകൾ പരസ്പരം കോർത്ത് പിടിക്കും. എന്നിട്ട് ഇരുവശത്തേയ്ക്കും വലിക്കും. ആരുടെ പായൽ തലയാണോ പൊട്ടി പോകുന്നത് അയാൾ തോറ്റു. ഈ കളി സുശീല വെള്ളം കോരിത്തീരുന്നതുവരെ ആവർത്തിക്കും. സുശീല വരാതിരുന്ന ദിവസങ്ങളിൽ താഴത്തെ മൂന്നു വീടുകളിൽ വെള്ളം കോരി കൊടുത്തിരുന്ന പുഷ്പയാണ് വെള്ളം കോരാനായി വന്നത്. ഒരു ദിവസം പുഷ്പ എന്നെ കയ്യാല ചാടിച്ച് പുഷ്പയുടെ വീട്ടിൽ കൊണ്ടുപോയി. ഓല മേഞ്ഞ് പുല്ലുമേഞ്ഞ വീട്ടിന്റെ നാലുപാടും ഭാഗിയായി തൂത്തു വൃത്തിയാക്കിയിട്ടിരുന്നു. മുറ്റത്തിന്റെ അരികിലെല്ലാം നല്ല ഓറഞ്ച് പൂക്കളുള്ള ലേഡീസ് കനകാമ്പരം കൊണ്ട് അതിരിട്ടിരുന്നു. പുഷ്പ അതിന്റെ വിത്തുകളും പൂക്കളും എനിയ്ക്കു തന്നു . വള്ളി ഉപയോഗിക്കാതെ പൂക്കൾ മെടഞ്ഞ് മാലയാക്കുന്ന വിധം കമലാക്ഷി എനിയ്ക്ക് പഠിപ്പിച്ചു തന്നിരുന്നു. ഞാൻ അതുപോലെ പൂക്കൾ മെടഞ്ഞെടുത്തു. പുഷ്പയുടെ വീട്ടിൽ ധാരാളം ചെടികളുണ്ടായിരുന്നു. മുറ്റത്തിന്റെ അതിരിന് പുറത്ത് ചാണകം വട്ടത്തിൽ പരത്തി ഉണങ്ങാനിട്ടിരുന്നു. തീയെരിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് പുഷ്പ പറഞ്ഞു. മഴക്കാലമാകുമ്പോൾ ചെടികൾ ധാരാളം തരാമെന്ന് പുഷ്പ പറഞ്ഞു. പുഷ്പ എന്നെ കയ്യാല കയറ്റി തിരികെ വിട്ടു.

അച്ഛൻ ഒരു ദിവസം വന്നത് കുറച്ച് വെണ്ട വിത്തും ,പയർ വിത്തുമായാണ്. അച്ഛനും അമ്മയും കൂടി അതെല്ലാം നട്ടുവളർത്തി. അച്ഛൻ ശീമകൊന്നയിൽ കയറി കമ്പുകോതി പച്ചിലകൾ ശേഖരിച്ച് പച്ചിലകളും കോഴി വളവുമായി പച്ചക്കറികൾക്ക് വളമായി തടം തുറന്നിട്ട് മണ്ണിട്ട് മൂടി. ശീമക്കൊന്നയുടെ കമ്പുകൾ വേലി പോലെ ആ തട്ടിന്റെ അതിരിൽ നട്ടുപിടിപ്പിച്ചു. പിന്നെ വളം പുറമേനിന്ന് വാങ്ങേണ്ടി വന്നിട്ടില്ല. ചാണകം മഞ്ജുളയുടെ വീട്ടിൽ നിന്നെടുത്തു. പകരം പച്ചക്കറികൾ അവർക്കും കൊടുത്തു. അമ്മ ഇതിനകം കടയിൽ നിന്നു വാങ്ങിയ പഴുത്ത പാവലിന്റെ വിത്ത് തക്കാളി വിത്ത് എന്നിവ എടുത്ത് മുളപ്പിച്ചു. എല്ലാ പച്ചക്കറികളും നന്നായി തഴച്ച് വളർന്ന് കായ്ഫലം തന്നു. ഒരു ദിവസം ഞാനും അനുജനും കൂടി അമ്മ കുളിക്കാൻ കയറിയപ്പോൾ വീടിന്റെ പിൻ ഭാഗത്തെ തിണ്ണയിൽ ചെന്ന് നിന്നു കൊണ്ട് അമ്മയോട് ചോദിച്ചു: ഒരു വെണ്ടയ്ക്ക പിച്ചി തിന്നോട്ടെയെന്ന്. ഞങ്ങൾ ഓരോ പച്ച വെണ്ടയ്ക്ക തിന്നു. നല്ല രുചി. പിന്നെ ഏതാനും വെണ്ടയ്ക്കകളും തക്കാളികളും അമ്മ കുളിച്ചിറങ്ങുന്നതിനിടയ്ക്ക് ഞങ്ങൾ തിന്നു തീർത്തു. ഈ പരിപാടി ഇടയ്ക്കിടെ ആവർത്തിച്ചു.

ഒരു ദിവസം ദേവയാനി ചേച്ചിയുടെ അമ്മ കമലാക്ഷി ടീച്ചർ കൊല്ലത്തുനിന്നും കാസർഗോട്ടെത്തി. ടീച്ചറായതിനാൽ സാറമ്മ എന്നാണ് ഞങ്ങൾ ചേച്ചിയുടെ അമ്മയെ വിളിച്ചിരുന്നത്. സാറമ്മ വന്നപ്പോൾ ചെക്കൂർ മാനസിന്റെ ഇലകൾ തണ്ടോട് കൂടിയത്, പപ്പായ വിളഞ്ഞ് പഴുക്കാറായത്, വള്ളിയായി പടർന്ന് പിടിയ്ക്കുന്ന അമരപ്പയറിന്റെ വിത്ത് എന്നിവ കൊണ്ടു വന്നിരുന്നു. എല്ലാറ്റിന്റേയും പങ്ക് ഞങ്ങൾക്കും കിട്ടി. അച്ഛൻ ഇലയെടുത്ത ശേഷമുള്ള ചീരക്കമ്പുകൾ അലക്കുകല്ലിനപ്പുറം വേലി പോലെ നട്ടു. പപ്പായ പഴുപ്പിച്ച് കഴിച്ചതിനു ശേഷം അതിന്റെ വിത്തുകൾ പാകി കിളിർപ്പിച്ച് വരമ്പിനടുത്തായി നിരനിരയായി നട്ടു. പപ്പായ തൈ വളർന്ന് എന്റെ ഉയരമായപ്പോൾ കായ്ച്ചു. അതെനിയ്ക്ക് വളരെ അതിശയകരമായിരുന്നു.

ഈ സമയമായപ്പോഴേയ്ക്കും ഞങ്ങളുടെ വൈറ്റ്ലഗോൺ കോഴികൾ നാല് വലിയ പൂവനും ആറ് പിടകളുമായി വളർന്നു. പൂവന്റെ എണ്ണം കൂടിപ്പോയതിൽ അമ്മയ്ക്കൊരു വിഷമം . ഒന്നുരണ്ടെണ്ണം കൂടി പിടയായിരുന്നെങ്കിൽ കൂടുതൽ മുട്ട കിട്ടിയേനെ. ഞങ്ങളുടെ അവശ്യം കഴിഞ്ഞ് ധാരാളം മുട്ടകളുണ്ടായി . അത് സുശീല അയൽപക്കക്കാർ എന്നിവർക്കൊക്കെ അമ്മ നൽകി.
കോഴികൾ മുട്ടയിടാൻ തുടങ്ങിയതു മുതൽ സ്റ്റോർ റൂമിലെ ഭിത്തിയിലെ കുമ്മായം മുഴുവൻ കോഴികൾ തിന്നു തീർക്കാൻ തുടങ്ങി. അവയ്ക്ക് എത്താവുന്ന ഉയരത്തിൽ കൂടുതൽ മുകളിലാണ് കുമ്മായ പ്പാളികൾ എന്നു കണ്ടപ്പോൾ അവ പറന്ന് ഭിത്തിയിൽ നിന്നും കുമ്മായം കൊത്തിത്തിന്നാൻ തുടങ്ങി. ഒരു ദിവസം അച്ഛൻ ഉച്ചഭക്ഷണം കഴിക്കാൻ വന്നപ്പോൾ കോഴികൾ ചിറകടിച്ച് പറക്കുന്ന ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ കുമ്മായം കൊത്തി തിന്നുന്ന കാഴ്ചയാണ് കണ്ടത്. അച്ഛന് കാര്യം മനസ്സിലായി. മുട്ടയിടുന്ന കോഴികൾക്ക് കാത്സ്യത്തിന്റെ കുറവുണ്ടാകും. അത് പരിഹരിക്കാനായി ചെയ്യുന്ന ശ്രമമാണ്. അച്ഛൻ അമ്മയോട് പറഞ്ഞു . ഇനി മുതൽ മുട്ടത്തോട് കളയേണ്ട. അത് പൊടിച്ച് കോഴിത്തീറ്റയിൽ ചേർത്ത് കൊടുത്താൽ മതി. ഇല്ലെങ്കിൽ മുട്ട പഞ്ഞി മുട്ടയായിപ്പോകും. മുട്ടകൾ നന്നായി വന്നു തുടങ്ങിയപ്പോൾ അമ്മയ്ക്കാരാഗ്രഹം. മുട്ടകൾ അടവച്ച് വിരിയിക്കണം. തുടർച്ചയായി മുട്ടയിട്ടിട്ട് ഏതാനും ദിവസം മുട്ടയിടാതിരിക്കുക വീണ്ടും മുട്ടയിടുക ഇതാണ് വൈറ്റില ഗോണിന്റെ ശീലം. അപ്പോൾ വൈറ്റില ഗോണിനെ അടവയ്ക്കുക അസാധ്യം. അമ്മ സുശീലയോട് പറഞ്ഞ് ഒരു നാടൻ പിടക്കോഴിയെ വാങ്ങിച്ചു . നാടൻ കോഴി ഏതാനും ദിവസം കൊണ്ട് വൈറ്റില ഗോണുമായി ഇണങ്ങി. നാടൻ കോഴിയെ പകൽ മുറ്റത്ത് തുറന്നു വിട്ടിരുന്നു. ചുവപ്പുകലർന്ന വെള്ള നിറമുള്ള തൂവലുകളും വാലറ്റം കറുപ്പു നിറമുള്ള തൂവലുകളുമുള്ള പിടക്കോഴിയ്ക്ക് എന്റെ കൂട്ടുകാരി കമലാക്ഷിയുടെ പേരിടണമെന്ന് എനിയ്ക്കൊരാഗ്രഹം. ദേവയാനി ചേച്ചിയുടെ അമ്മയുടേയും പേര് കമലാക്ഷി എന്നായതിനാൽ അമ്മ അതിന് സമ്മതിച്ചില്ല. അതിനാൽ ഞാൻ കോഴിയ്ക്ക് മീനാക്ഷി എന്ന് പേരിട്ടു.
ഇതിനിടെ ദേവയാനി ചേച്ചിയുടേയും ഞങ്ങളുടേയും അമരപ്പയറിനായി വലിയ പന്തൽ ഒരുക്കിയിരുന്നു. വട്ടിക്കണക്കിന് അമരപ്പയർ ഇരു കൂട്ടരും പറിച്ചെടുത്തു. അപ്പോഴേയ്ക്കും കൃഷി ചെയ്യുക കൃഷി കാണുക എന്നതൊക്കെ എനിയ്ക്കാനന്ദമായി മാറിയിരുന്നു. അച്ഛൻ ശീമക്കൊന്നയിൽ കയറുന്നത് കണ്ടിട്ടാകണം. അച്ഛൻ വീട്ടിലില്ലാത്തപ്പോൾ മൂന്നര വയസ്സുള്ള അനുജൻ ശീമക്കൊന്നയിൽ സ്ഥിരമായി കയറാൻ തുടങ്ങി. ഒരു ദിവസം അച്ഛൻ ഉച്ച ഭക്ഷണം കഴിക്കാൻ ഓഫീസിൽ നിന്നും ഞങ്ങളുടെ പറമ്പിന്റെ ഗേറ്റ് കടന്ന് നട വരമ്പിലൂടെ വീട്ടിലേയ്ക്ക് വന്നപ്പോൾ അനുജൻ ശീമക്കൊന്നയുടെ മുകളിലിരിക്കുന്നത് കണ്ടു. അച്ഛൻ അത് കാണാത്ത മട്ടിൽ വീട്ടിലേയ്ക്ക് വന്നു. അനുജൻ മരത്തിൽ നിന്നിറങ്ങി പിറകേ വന്നു. അച്ഛൻ വിചാരിച്ചത് അവൻ മരക്കൊമ്പിലിരിക്കുന്ന സമയത്ത് വഴക്കു പറഞ്ഞാൽ ഭയപ്പെട്ട് മരത്തിൽ നിന്നും വീണാലോ എന്നാണ്. പല വിധ കുരുത്തക്കേടുകൾ കാട്ടുമെങ്കിലും അച്ഛനെ ഞങ്ങൾക്ക് പേടിയും ബഹുമാനവുമായിരുന്നു. അച്ഛനൊന്നു കണ്ണുരുട്ടിയാൽ മതി ഞങ്ങൾ അനുസരിക്കാൻ. അങ്ങനെ അനുജൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ അവനോട് മരത്തിൽ കയറുമ്പോൾ സൂക്ഷിച്ച് കയറണമെന്നും ഇറങ്ങണമെന്നും പറഞ്ഞ് മനസ്സിലാക്കി.

ഞങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഒരു വലിയ ഇലന്ത മരം ഉണ്ടായിരുന്നു. അതിലെ ഇലന്തയ്ക അച്ഛൻ പറിച്ച് വച്ച് പഴുപ്പിച്ച് തരുമായിരുന്നു. ഒരു ദിവസം അച്ഛൻ വന്നത് വലിയൊരു വരിക്കചക്കയുമായാണ് . അച്ഛന്റെ സുഹൃത്തുക്കളാരോ കൊടുത്തതാണ്. അതിന്റെ ചുളകൾക്ക് 20 സെന്റീമീറ്ററിലധികം നീളമുണ്ടായിരുന്നു. അമ്മ അതിന്റെ ചക്കക്കുരുകൾ ചാമ്പലിൽ പൊതിഞ്ഞ് സൂക്ഷിച്ചു. അടുത്ത കാലത്തെങ്ങാനും നാട്ടിൽ പോകുമ്പോൾ അവിടത്തെ പറമ്പിൽ നടാൻ. ഒരിക്കൽ അച്ഛൻ കൊണ്ടുവന്ന വെള്ളച്ചി മാമ്പഴത്തിന്റെ അണ്ടിയുo അമ്മ ഇതുപോലെ സൂക്ഷിച്ചു വച്ചു. പക്ഷേ 1972 മുതൽ1976 നവംബർ വരെ നാട്ടിൽ പോക്ക് നടന്നില്ല. കാരണം അന്ന് കാസർഗോഡു മുതൽ കൊല്ലം വരെ ഒറ്റ ട്രെയിനില്ലായിരുന്നു. മൂന്ന് കുട്ടികളേയും കൊണ്ട് പല വണ്ടികൾ കയറിയിറങ്ങി പോകുന്ന ബുദ്ധിമുട്ടോർത്ത് അച്ഛൻ നാട്ടിലേയ്ക്ക് പോകാൻ തയ്യാറായില്ല. ഒരു പ്രാവശ്യം അപ്പി മാമനും ഒരു പ്രാവശ്യം മണി മാമനും അവിടേയ്ക്ക് വന്നു. അമ്മ ശേഖരിച്ച വിത്തുകളെല്ലാം കുഞ്ഞിക്കണ്ണൻ വൈദ്യരുടെ പറമ്പിൽ പലയിടത്തായി കുരുത്തു വന്നു. ഒരു ദിവസം അമ്മ പത്രം വായിച്ചിട്ട് എന്നോട് പറഞ്ഞു: ഇപ്പോൾ കൊല്ലം മുതൽ കാസർഗോഡ് വരെ ഒറ്റ ട്രെയിനായി. ഇനി നമുക്ക് നാട്ടിൽ പോകാൻ എളുപ്പമായി. അടുത്ത മധ്യവേനലവധിയ്ക്ക് നാട്ടിൽ പോകാൻ പറ്റുമായിരിക്കും.

ഇതിനിടയ്ക്ക് ഞങ്ങളുടെ വെണ്ട ശാഖോപശാഖകളായി വളർന്നു. നന്നായി വെള്ളവും വളവും നൽകിയതിനാൽ മൂന്നര വർഷത്തോളം കായ്ഫലം തന്നു. ഒരു പൂവനെ നിർത്തിയിട്ട് ബാക്കിയെല്ലാത്തിനേയും കറിവച്ചു. എല്ലാ വിളവും മുട്ടകളും അയൽപക്കക്കാരുമായി പങ്കു വയ്ക്കുകയായിരുന്നു. ഒന്നും ആർക്കും വിറ്റില്ല. അവർക്കുള്ളത് നമുക്കും തന്നു.
ഞങ്ങളുടെ പറമ്പിൽ പ്രായമായ വെണ്ട നിൽക്കുന്നത് കണ്ടിട്ടാകണം ഒരാൾ വന്ന് അച്ഛനോട് ചോദിച്ചു: വെണ്ടയുടെ വേര് ഔഷധ ഗുണമുള്ളതാണ്. അതെല്ലാം പിഴുതെടുത്തോട്ടെയെന്ന് . അച്ഛൻ അനുവദിച്ചു. അയാൾ അതെല്ലാം പിഴുതുകൊണ്ടുപോയി. അച്ഛനും അമ്മയും കൃഷി ആവർത്തിച്ചു ചെയ്തു. ഞങ്ങൾ വിഷമില്ലാത്ത പച്ചക്കറികൾ കുട്ടിക്കാലത്തേ കഴിച്ചു വളർന്നു. അന്ന് ഇന്നത്തെ പോലെ അഗ്രോ ബസാറുകളില്ല. വിത്തുകൾ വാങ്ങാൻ ലഭ്യമല്ല. കർഷകർ പങ്കു വെയ്ക്കുന്ന വിത്തുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ബ്ലോക്കിലൂടെയും മറ്റും അപൂർവ്വം ചിലർക്ക് നല്ല വിത്തുകൾ ലഭിച്ചിരുന്നു. അതിനാൽ തന്നെ നെല്ല്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ കൃഷിയുണ്ടായിരുന്നെങ്കിലും പച്ചക്കറി കൃഷി കേരളത്തിൽ സർവ്വ സാധാരണമായിരുന്നില്ല. അവരവർക്ക് ലഭ്യമായ നാടൻ വിത്തിനങ്ങൾ കൃഷി ചെയ്തു വന്നു. കടയിൽ നിന്ന് വാങ്ങിയ മുറ്റിയ അമരയ്ക്കയുടെ വിത്തുകളും ഗോതമ്പിൽ നിന്നു കിട്ടിയ ഇറുങ്ങും തോരൻ പരിപ്പിൽ നിന്നും കിട്ടിയ തോലു പോകാത്ത വിത്തും പയറുകളുമൊക്കെ ഞാനും മുളപ്പിച്ച് നല്ല വിളവെടുത്തിട്ടുണ്ട്.

 

  ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles