ഡോ. ഐഷ വി

ഒരു കുഞ്ഞ് പിച്ചവച്ച് നടന്നു തുടങ്ങുന്നതു പോലെയാണ് ആ കുഞ്ഞിന്റെ അറിവും വളർന്നു വരുന്നത്. കണ്ടും കേട്ടും ഘ്രാണിച്ചും സ്പശിച്ചും രുചിച്ചും വായിച്ചറിഞ്ഞും സാമാന്യ ജനങ്ങൾക്ക് ഇന്ദ്രിയ ജ്ഞാനമുണ്ടാകുന്നു. അപൂർവം ചിലർക്ക് അതീന്ദ്രിയ ജ്ഞാനവും. ജനനവും മരണവും ജീവിതവും ഒക്കെ നിർവ്വചിയ്ക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പലരും വിജയിച്ചിട്ടുമുണ്ട്. എന്റെ അനുജത്തിയുടേയും അനുജന്റേയും ജനനം കൂടെ കളിയ്ക്കാൻ രണ്ട് ജീവനുകൾ ഭൂമിയിൽ അവതരിച്ചു എന്ന തോന്നലാണ് എന്നിലുളവാക്കിയത്.

ഞങ്ങളുടെ കുട്ടിക്കാലം കാസർഗോഡായിരുന്നതിനാൽ ഞങ്ങൾക്കങ്ങനെ ബന്ധുക്കളുടെ മരണത്തിന് പോകേണ്ട സന്ദർഭങ്ങൾ ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുന്നതു വരെയും ഉണ്ടായിട്ടില്ല. മരണം എന്നൊന്ന് ഉണ്ടെന്ന് ഞാനാദ്യം അറിയുന്നത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ്. ഒരവധി ദിവസം ഞാൻ ഉമ്മറത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. “ഐഷേ ഇങ്ങു വാ ‘ എന്ന വിളി കേട്ടാണ് ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലുന്നത്. എന്തിനാ വിളിച്ചതെന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ കയ്യാലയ്ക്കുപുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി. അമ്മ പറഞ്ഞു ഒരാൾ മരിച്ചത് അടക്കം ചെയ്യാനായി കൊണ്ടുപോവുകയാണ്. ഞാൻ എത്തി വലിഞ്ഞ് വലിഞ്ഞ് നോക്കി. പക്ഷേ ശവമഞ്ചം കണാൻ പറ്റിയില്ല. പരേതനെ അനുഗമിയ്ക്കുന്ന ഒന്നുരണ്ടുപേരെ കണ്ടു. അമ്മ പറഞ്ഞു: അല്പം കൂടി നേരത്തേ വന്നെങ്കിൽ കാണാമായിരുന്നെന്ന് . മരണമെന്താണെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് ഒരാളുടെ ജീവൻ പോയി അയാളുടെ കണ്ണടയുന്നതാണ് മരണം.
ഞാൻ ഓടിപ്പോയി ഒന്നാം പാഠം മുഴുവൻ അരിച്ചു പെറുക്കി . മരണത്തെ കുറിച്ച് എനിയ്ക്ക് ഒന്നും കണ്ടെത്താനായില്ല. താളുകൾ മറിയ്ക്കുന്ന കൂട്ടത്തിൽ കണ്ണടച്ച് ധ്യാനനിരതനായിരിയ്ക്കുന്ന ഒരു സന്യാസിയുടെ ചിത്രം ശ്രദ്ധയിൽപ്പെട്ടു. ആ ചിത്രത്തിനു താഴെ “ഋഷി “എന്ന് എഴുതിയിരിയ്ക്കുന്നു. പിന്നീട് ഒരു വർഷത്തോളം ആ ചിത്രമായിരുന്നു മരണത്തെ കുറിച്ചുള്ള എന്റെ സങ്കല്പം. രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ “ജീവനില്ലാത്തത് ജഡം” എന്ന് ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ അതായിരുന്നു മരണത്തെ കുറിച്ചുള്ള സങ്കല്പം.

മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ഒരവധി ദിവസം അമ്മ ഞങ്ങൾ മൂന്നു മക്കളേയും കൂട്ടി ഉച്ചയുറക്കത്തിനൊരുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അനുജത്തിയും അനുജനും കൂടി ഉറങ്ങി. എനിയ്ക്ക് ഉറക്കം വന്നില്ല. ഞാൻ എഴുന്നേറ്റു. അച്ഛൻ വീട്ടിലില്ലായിരുന്നു.വീടിന്റെ മുൻ വശത്തെ കതക് തുറന്ന് വാതിൽ പടിയിൽ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കിയിരുപ്പായി. അയലത്തെ വീട്ടിലെ ദേവയാനി ചേച്ചിയുo ഉച്ചയുറക്കത്തിലായതിനാൽ തികഞ്ഞ ഏകാന്തതയും നിശബ്ദതയും എനിയ്ക്കനുഭവപ്പെട്ടു. കാസർഗോഡ് പട്ടണത്തിൽ ഞായറാഴച മാത്രമേ ഭിക്ഷക്കാർ ഭിക്ഷ തേടി വീടുകളിൽ പോയിരുന്നുള്ളൂ. അന്ന് ശനിയാഴ്ചയായിരുന്നതിനാൽ ഭിക്ഷക്കാരുടെ ദാനം ലഭിക്കാനായുള്ള “അമ്മാ… ” വിളിയും ഇല്ലായിരുന്നു. അങ്ങനെ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ഏറെ നേരം എനിയ്ക്ക് നോക്കിയിരിക്കാനായി. പെടുന്ന് ഒരു മിന്നൽ പിണർ പോലെ ഒരു ചിന്ത എന്നിലുണ്ടായി. ഞാൻ എവിടെ നിന്നു വന്നു ? എങ്ങോട്ട് പോകുന്നു. പിന്നെ എന്റെ മനസ്സിനെ അദൃശ്യനായ ആരോ ശക്തമായി പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതു പോലെ ഒരനുഭവം ഉണ്ടായി. അതെത്ര നേരം നില നിന്നു എന്നെനിക്കറിയില്ല. ഒന്നറിയാം. ഞാൻ ഉറങ്ങിയതല്ലെന്ന്. എന്റെ അര നൂറ്റാണ്ടിലേറെയുള്ള ജീവിത യാത്രയ്ക്കിടയിൽ പല പ്രാവശ്യം ഞാൻ ഏകാന്തമായി ഇരുന്ന് നോക്കിയിട്ടുണ്ട്. അതേ വാതിൽപ്പടിയിൽ തന്നെ ഇരുന്നു നോക്കിയിട്ടുണ്ട് അതെന്താണെന്നറിയാൻ . മെഡിറ്റേഷൻ ചെയ്തിട്ടുണ്ട്. പക്ഷേ ആ ദിവസത്തെപ്പോലെ ശക്തമായ അതീന്ദ്രിയമായ എന്തോ ലഭിച്ചതു പോലെ ഒരനുഭവം അതിന് മുമ്പോ അതിന് ശേഷമോ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ചിലപ്പോൾ എനിയ്ക്ക് തോന്നും എന്റെ മനസ്സിനെ ഏതോ അദൃശ്യ ശക്തി എടുത്ത് റീപ്രോഗ്രാം ചെയ്ത് തിരികെ വച്ചതാണെന്ന്.

അക്കാലത്ത് നാട്ടിൽ നിന്നും വന്ന ഒരു കത്തിലെ വാർത്ത അമ്മയുടെ ഇളയച്ചൻ കരുണാകരൻ വൈദ്യൻ മരിച്ച വിവരമായിരുന്നു. അമ്മ കുറച്ചുനേരം കണ്ണീർ തുടയ്ക്കുന്നതു കണ്ടു. കാറിടിച്ച് ദീർഘകാലം കിടന്നിട്ടാണ് അദ്ദേഹം മരിച്ചതെന്ന് അച്ഛനമ്മമാരുടെ സംഭാഷണത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി. കാറിടിച്ചാൽ അത് മനുഷ്യന്റെ മരണ കാരണമാകാമെന്നും മരണം വ്യസനമുണ്ടാക്കുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ നവംബർ മാസത്തിൽ ഉച്ച കഴിഞ്ഞുള്ള ഒരു ഇടവേളയിൽ ഞാനും കമലാക്ഷിയും മറ്റു കൂട്ടുകാരും സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ ഞാൻ എന്റെ അച്ഛൻ ഹെഡ് മാസ്റ്ററുടെ റൂമിലേയ്ക്ക് പോകുന്നത് കണ്ടില്ല. പക്ഷേ കമലാക്ഷി അത് കണ്ടുപിടിച്ചു. എന്നോടൊന്നും പറയാതെ കമലാക്ഷി അച്ഛന്റെ പിറകെ ഓടി .

വിവരം മണത്തറിഞ്ഞ് കമലാക്ഷി അതേ വേഗത്തിൽ ഓടി തിരികെ എന്റെയടുത്തെത്തി പറഞ്ഞു. ഐഷയുടെ വല്യച്ഛൻ മരിച്ചു പോയി. ഐഷയേയും അനുജനേയും വിളിച്ചു കൊണ്ട് പോകാനാണ് അച്ഛൻ വന്നത്. അച്ഛൻ അനുജനെയും കൂട്ടി എന്റെ അടുത്തു വന്നു. ആരും പറയാതെ തന്നെ കമലാക്ഷി ഓടിപ്പോയി എന്റെ ബാഗും കുടയുമൊക്കെ എടുത്തു കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അച്ഛന്റെ ഒപ്പം യാത്രയായി. ആ ദിനം കാസർഗോഡ് ഗവ. ടൗൺ യുപി എസ്സിലെ എന്റെ അവസാന ദിനമായിരിയ്ക്കുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഞങ്ങൾ വീട്ടിലെത്തി. അമ്മയോട് വേഗം സാധനങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്തു നാട്ടിലേയ്ക്ക് പോകാനൊരുങ്ങാൻ പറഞ്ഞു. അമ്മ അച്ഛൻ പറഞ്ഞത് അനുസരിച്ചു. അത്താഴം പൊതി കെട്ടി പാത്രങ്ങൾ കഴുകി വച്ച് ഞങ്ങളേയും ഒരുക്കി അമ്മ യാത്രയ്ക്ക് തയ്യാറായി. അച്ഛൻ ഞങ്ങളോടോ അമ്മയോടോ വല്യച്ഛന്റെ മരണ വിവരത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. നാട്ടിലേയ്ക്ക് പോകുമ്പോൾ മാമന്റെ മകൾ സിന്ധുവിനേയും മൂത്തേമ്മയുടെ മകൾ സത്യവതിയേയും കാണാമെന്ന സന്തോഷമായിരുന്നു എനിയ്ക്ക്. ഞങ്ങൾ വൈകുന്നേരത്തെ ട്രെയിനിൽ കയറി കൊല്ലത്തേയ്ക്ക് തിരിച്ചു. നേരം വെളുത്തപ്പോൾ ഞങ്ങൾ കൊല്ലത്തെത്തി. അമ്മ ഞങ്ങളെയെല്ലാം പല്ലൊക്കെ തേപ്പിച്ച് വൃത്തിയാക്കിയിരുന്നു. അച്ഛൻ ഞങ്ങൾക്ക് പ്രാതൽ വാങ്ങിത്തന്നു. കൊല്ലത്തു നിന്നും അടുത്ത ബസ്സിൽ ഞങ്ങൾ കൊട്ടിയത്തിറങ്ങി. അച്ഛൻ അമ്മയോട് പറഞ്ഞു. ഞാനൊരു കാര്യം പറഞ്ഞാൽ നീ ഇവിടെ വച്ച് കരഞ്ഞ് ബഹളം വയ്ക്കരുത്. ഇന്നലെ എനിയ്ക്കൊരു ടെലഗ്രാം കിട്ടി. ” കേശവൻ വൈദ്യൻ എക്സ്പയേഡ്” എന്നാണ് അതിലെഴുതിയിരുന്നത് . അമ്മയുടെ കണ്ണിൽ കണ്ണുനീർത്തുള്ളികൾ ഉറഞ്ഞു കൂടി . അച്ഛൻ ഒരു ടാക്ലി പിടിച്ചു. ഞങ്ങളെ അതിൽ കയറ്റി ചിരവാത്തോട്ടത്ത് വലിയ വിള വീട്ടിലെത്തി.. ഞങ്ങളെത്തിയതും മണി മാമൻ ഓടി വന്ന് ഞങ്ങളുടെ സാധനങ്ങൾ എടുത്ത് ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. അമ്മ അമ്മാമയുടെ മുറിയിലേയ്ക്ക് പോയി കരയാൻ തുടങ്ങി. തലേന്ന് ശവസംസ്കാരം നടന്നെന്ന് എനിയ്ക്ക് മനസ്സിലായി. അന്ന് വൈകിട്ട് അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചി അവിടെയെത്തി. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ചിട്ട് എന്നെയും കൂട്ടി അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ കുറേ ദിവസം ഞാൻ തങ്ങി. അമ്മയുടെ അച്ഛന്റെ പതിനാറടിയന്തിരത്തിന് രണ്ടു ദിവസം മുമ്പാണ് ഞാൻ തിരികെ എത്തിയത്. പിന്നെ ഞങ്ങളെ അമ്മ വീട്ടുകാർ കാസർഗോട്ടേയ്ക്ക് വിട്ടില്ല. അച്ഛൻ മാത്രം തിരികെ പോയി. ഞങ്ങളുടെ ടി സി അച്ഛൻ വാങ്ങിക്കൊണ്ടുവന്നു. ഞങ്ങളെ ചിറക്കര ഗവ സ്കൂളിൽ പ്രവേശിപ്പിച്ചു. ഹെഡ് മാസ്റ്ററുടെ മുറിയിലിരിയ്ക്കുമ്പോൾ അച്ഛൻ കാസർഗോഡ് ടൗൺ യു പി എസ്സിനെ കുറിച്ച് അല്പം പുകഴ്ത്തി സംസാരിച്ചത് ഹെഡ് മാസ്റ്റർ ഭാസ്കരൻ സാറിന് അത്ര രസിച്ചില്ലെന്ന് തോന്നി. അദ്ദേഹം എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഞാനുത്തരം പറഞ്ഞു. പിന്നെ അദ്ദേഹം 25 ന്റെ സ്ക്വയർ റൂട്ട് എത്രയെന്ന് ചോദിച്ചു. എനിയ്ക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. പിന്നീടാണ് അത് അഞ്ചാം ക്ലാസ്സിലെ പാഠഭാഗമാണെന്ന് എനിക്ക് മനസിലായത്. അച്ഛൻ അന്നല്പം വിഷണ്ണനായി.

ആയിടെ മൂന്ന് മാസത്തിലേറെക്കാലം അമ്മവീട്ടിൽ വല്യച്ഛന്റെ മരണമന്വേഷിച്ച് എത്തുന്നവരുടെ തിരക്കായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾ കുട്ടികളെ വല്യച്ഛൻ ലാളിച്ചിട്ടൊന്നുമില്ലെങ്കിലും നല്ല പ്രവൃത്തികൾ കൊണ്ട് അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു എന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. നാട്ടിൽ സ്വന്തം ചിലവിൽ രണ്ടു വഴി വെട്ടുകയും പല വഴികളും വൃത്തിയാക്കിയിടുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. കൂടാതെ കല്ലുവാതുക്കലും ചിറക്കരയിലും വൈദ്യശാലയുണ്ടായിരുന്നതിനാൽ അങ്ങനേയും ധാരാളം പേർ അന്വേഷിച്ചെത്തി. ചിറക്കരയിൽ ആദ്യമായി ഒരു നെയ്ത്ത് സൊസൈറ്റി തുടങ്ങുകയും ഒട്ടേറെ കുടുംബങ്ങൾ വീടുകളിൽ നെയ്ത്ത് തുടങ്ങുകയും ചെയ്തിരുന്നു. ചിറക്കരയിലെ എസ് എൻ ഡി പി ശാഖയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.. അങ്ങനെ കർമ്മയോഗിയുടെ വിയോഗം മനുഷ്യർക്ക് പെട്ടെന്ന് മറക്കാനാവാത്തതാണെന്ന് എനിയ്ക്ക് മനസ്സിലായി. മരണം ചിലപ്പോൾ സ്കൂളിലെ ആത്മാർത്ഥ സുഹൃത്തുക്കളെ വേർപിരിയാനിടയാക്കുമെന്നും മനസ്സിലായി.

പിന്നെയും കുറേക്കാലം കൂടി കാത്തിരിക്കേണ്ടി വന്നു എനിയ്ക്ക് ഒരു മൃതദേഹം കാണാനും ശവസംസ്കാരം കാണാനും അവസരമുണ്ടാകാൻ. കരിഞ്ഞ പുൽക്കൊടികളും ഉണങ്ങിയ മരങ്ങളും ചത്ത മത്സ്യങ്ങളും ഒക്കെ കണ്ട് മരണമെന്തെന്ന് ഞാൻ അറിയാൻ തുടങ്ങിയിരുന്നെങ്കിലും ഒരു മനുഷ്യ മൃതദ്ദേഹം ആദ്യമായി കാണുന്നത് എന്റെ മൂത്തേമ്മയുടെ അമ്മായിഅമ്മയുടെ മരണത്തിനാണ്. മേടയിൽ വീട്ടിൽ വച്ച് . ജീവനുള്ള മനുഷ്യന്റെ ജീവന്റെ തുടിപ്പും ജീവനില്ലാത്ത മനുഷ്യന്റെ മുഖത്തെ നിർജ്ജീവതയും ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു.
( തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ