ഡോ. ഐഷ വി
“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ
നരകത്തീന്നെ കരകയറ്റിടേണേ തിര വയ്ക്കും വാഴും ശിവശംഭോ…”
ഒരു സന്ധ്യയ്ക്ക് ഞാനും അമ്മയും കൂടി നീട്ടി സന്ധ്യാനാമം ചൊല്ലുകയാണ്. അച്ഛൻ അതു കേട്ടുകൊണ്ടാണ് കയറി വന്നത്. പിന്നീട് അച്ഛൻ അമ്മയോട് പറഞ്ഞു. ആ സന്ധ്യാനാമം ജപിയ്ക്കുന്നതിൽ അല്പം ഋണാത്മകതയുണ്ട്. അത് കൊണ്ട് അത് ചൊല്ലേണ്ട. അമ്മ അത് അനുസരിച്ചു. ഞാനും പിന്നെയത് ചൊല്ലിയില്ല.
പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ ഒരു ദിവസം ഞങ്ങളെ മൂന്നുപേരേയും വിളിച്ചു നിർത്തി പറഞ്ഞു: ” ആത്മഹത്യ ഒരിയ്ക്കലും ഒന്നിനും ഒരു പരിഹാരമല്ല. ഈ മനോഹരമായ ഭൂമിയിൽ ഈശ്വരൻ നമുക്ക് ജീവിയ്ക്കാൻ തന്ന അവസരം നന്നായി ജീവിക്കണം. എല്ലാ പ്രതിസന്ധികളേയും തന്റേടത്തോടെ നേരിടണം. ഈശ്വരൻ തന്ന ജീവൻ ഈശ്വരൻ തിരിച്ചെടുക്കുമ്പോൾ പൊയ്ക്കോട്ടെ.” ദിന പത്രങ്ങളിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യാ കണക്ക് കണ്ടിട്ടാവണം അച്ഛൻ ഞങ്ങളോട് അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കാലo വരെയും ഞങ്ങൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. കൊച്ചു കുട്ടികളുടെ മനസ്സ് ഒരു തൂവെള്ള പ്രതലം പോലെയാണ്. അതിൽ എന്തെഴുതുന്നുവോ അത് നന്നായി തെളിഞ്ഞു നിൽക്കും. യഥാസമയം വേണ്ട നിർദ്ദേശങ്ങൾ എല്ലാ കാര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് നൽകിയാൽ അവർക്കത് നന്നായി ഗ്രഹിക്കാനും പ്രാവർത്തികമാക്കാനും കഴിയും.
ഒരിക്കൽ അനുജൻ ” ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ …..” എന്ന സിനിമാ ഗാനം പാടുന്നത് കേട്ടപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് ആ ഗാനം കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നെന്ന്. ഞാനന്നേരം അമ്മയോട് ചോദിച്ചു: ആ ഗാനത്തിന്റെ അന്ത:സത്തയറിഞ്ഞിട്ടാണോ അമ്മ അങ്ങനെ പറഞ്ഞതെന്ന് . അപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയുടെ കൗമാരപ്രായത്തിൽ കമന്റടിച്ചിരുന്ന ഒരുവൻ സ്ഥിരമായി പാടുന്ന പാട്ടായിരുന്നെന്ന്. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടപ്പോൾ അമ്മ പറഞ്ഞു: ആത്മവിദ്യാലയമേ പാടി നടന്നിരുന്ന ആളായിരുന്നു മരിച്ചതെന്ന്.
അമ്മയുടെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന സമയം ഒരു മഴയുള്ള ദിവസം വൈകുന്നേരം പത്മനാഭൻ മേസ്തിരി വീട്ടിലേയ്ക്ക് പോയി. പിന്നീട് നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പത്മനാഭൻ മേസ്തിരി വന്നത്. വന്നപ്പോൾ വല്യമ്മച്ചിയോട് പറയുന്നത് കേട്ടു. ഇടിമിന്നലേറ്റ് അദ്ദേഹത്തിന്റെ അമ്മാവൻ മരിച്ചു പോയെന്ന്. തുറന്നിട്ട ജാലകത്തിനരികിൽ പുസ്തകം വായിച്ചിരിയ്ക്കുകയായിരുന്നത്രേ. അപ്പോൾ അപ്പി മാമൻ( രവീന്ദ്രൻ) പറഞ്ഞു: ഇടിമിന്നലുള്ളപ്പോൾ തുറന്നിട്ട ജനലിനടുത്ത് ഇരിയ്ക്കരുതെന്ന്. വല്യമ്മച്ചി പറഞ്ഞു: കൃഷ്ണതുളസി ധാരാളം നട്ടുപിടിപ്പിയ്ക്കുന്ന വീട്ടിലും എള്ളുപായസം വയ്ക്കുന്ന വീട്ടിലും ആർക്കും ഇടിമിന്നൽ ഏൽക്കില്ലെന്ന്. ഇടിമിന്നൽ മരണ കാരണമാകാമെന്നത് എനിയ്ക്ക് പുതിയ അറിവായിരുന്നു. പിന്നെ ഏതാനും ദിവസത്തേയ്ക്ക് പത്മനാഭൻ മേസ്തിരി തന്റെ അമ്മാവന്റെ മരണത്തെ കുറിച്ച് വല്യമ്മച്ചിയോട് പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നുള്ള മരണത്തിലെ വ്യസനവും കിടന്ന് നരകിച്ച് മരിച്ചില്ലല്ലോ എന്ന ആശ്വാസവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. പതിയെ പതിയെ അമ്മാവനെ കുറിച്ച് അദ്ദേഹം പറയാതായി. പിന്നെ വിസ്മരിച്ചു. മരണം വരുത്തുന്ന വിടവ് കാലം നികത്തുമെന്ന പുത്തനറിവായിരുന്നു എനിയ്ക്കത് . കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?
ഇടിമിന്നലേറ്റ് മരിച്ച ഒരു സ്ത്രീയുടെ വീട്ടിൽ പോയി വന്ന അമ്മ പറഞ്ഞതിങ്ങനെ : അവർ അത്താഴം വിളമ്പിക്കൊണ്ട് നിൽക്കുന്ന സമയത്താണ് ഇടിമിന്നലേറ്റ് മരണം സംഭവിച്ചതെന്ന്. അലൂമിനിയം കലവും കൈയ്യിൽ പിടിച്ച് നിന്ന നിലയിൽ തന്നെ അവർ യാത്രയായെന്ന്. ആ നിൽപ് ഞാൻ മനസ്സിൽ സങ്കല്പിച്ചു. അക്കാലത്ത് സെന്റർ ഓഫ് ഗ്രാവിറ്റിയെ കുറിച്ച് പഠിച്ചതിനാൽ ഞാൻ മനസ്സിൽ വിചാരിച്ചു. അവർ നിന്ന നിൽപിൽ സെന്റർ ഓഫ് ഗ്രാവിറ്റി വീഴാതെ മൃതദേഹത്തിന് നിൽക്കാൻ പാകത്തിനായതിനാലായിരിയ്ക്കണം അങ്ങനെ നിന്നതെന്ന് .
അങ്ങനെ ഓരോ മരണത്തിനും ഓരോരോ കാരണങ്ങളുമായി കാലം കടന്നുപോയി.
ഞാൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛന്റെ ഗോപാലനമ്മാവന്റെ മരണം നടന്നത്. അപ്പോഴേയ്ക്കും എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിലെ ജീവിതത്തിന് ഒരു പരിധിയുണ്ടെന്നും ആ പരിധിയെത്തിയാൽ ഭൂമിയിലെ പഞ്ചഭൂതങ്ങൾ സ്വീകരിച്ച് വളർന്ന സ്ഥൂല ദ്ദേഹം വെടിഞ്ഞ് ദേഹി അനശ്വരതയിലേയ്ക്ക് യാത്രയാവുമെന്നും ദേഹി വെടിഞ്ഞ പഞ്ചഭൂതങ്ങൾ ഭൂമിയിൽ തന്നെ ലയിക്കുമെന്നും മരണം ഒരു അനിവാര്യതയാണെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽ കാഞ്ഞിരത്തും വിളയിലെ ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ തികഞ്ഞ നിസംഗതയോടെയാണ് ഞാൻ വീക്ഷിച്ചത്. ശാരദ വല്യമ്മച്ചി വിതുമ്പിക്കൊണ്ട് തന്റെ പ്രിയതമന്റെ മുണ്ടിന്റെ കോന്തലയിൽ എതാനും ചില്ലറകൾ കെട്ടിയിടുന്നത് ഞാൻ കണ്ടു. പിന്നീട് വല്യമ്മച്ചിയോട് അതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് അന്ത്യ യാത്രയിൽ വണ്ടിക്കൂലിയ്ക്ക് പ്രയാസം നേരിടാതിരിയ്ക്കാനാണ് അങ്ങനെ ചെയ്തതെന്ന്. ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു: വല്യച്ഛന് നിന്നോട് എന്ത് സ്നേഹമായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നല്ലോ. പിന്നെയെന്താണ് നിന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി പോലും വരാതിരുന്നതെന്ന് . എനിയ്ക്കതിന് മറുപടി പറയാൻ കഴിഞ്ഞില്ല. പക്ഷേ ഒന്നറിയാം. ഉപാധികളില്ലാതെ ഞങ്ങളെ സ്നേഹിച്ച ഒരാളായിരുന്നു ആ വല്യച്ഛനെന്ന്. ആ സ്നേഹം അന്നും ഇന്നും എന്നും മനസ്സിൽ നില നിൽക്കും.
ചില മരണങ്ങൾ നടന്നപ്പോൾ തോന്നിയിട്ടുണ്ട് ഈ ഭൂമിയിലെ നിയോഗം പൂർത്തിയാക്കി കഴിയുമ്പോൾ അവർ യാത്രയാകുന്നു എന്ന്. ചിലപ്പോൾ തോന്നും ബന്ധുമിത്രാദികൾക്ക് വേണ്ടാതാകുമ്പോൾ ചിലർ യാത്രയാകുന്നെന്ന്. ചിലർ വർഷങ്ങൾ കിടന്നു മരിയ്ക്കുമ്പോൾ തോന്നും അവരുടെ മരണം ബന്ധുമിത്രാദികളിൽ സൃഷ്ടിയ്ക്കുന്നത് വലിയ ആഘാതമായിരിയ്ക്കുമെന്നും കുറച്ചു നാൾ കിടന്നു മരിയ്ക്കുന്നത് ആ ആഘാതം കുറയ്ക്കുമെന്നും. എന്റെ അമ്മയുടെ മൂത്ത സഹോദരൻ ചിരവാത്തോട്ടത്ത് സുകുമാരൻ വൈദ്യൻ മൂന്ന് വർഷത്തിലധികം സ്ട്രോക്ക് വന്ന് കിടന്നിട്ടാണ് മരിച്ചത്. എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പെട്ടെന്ന് മരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നേനെയെന്ന്. വല്യമാമൻ ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണ വാർത്ത കേട്ടയാളാണ്. ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം ആ വാർത്ത സ്വീകരിച്ചത്. പക്ഷേ വല്യമ്മച്ചിയ്ക്ക് യാഥാർത്ഥ്യമില്ലാത്ത ആ വാർത്ത വ്യസനമുണ്ടാക്കുന്നതായിരുന്നു.
ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവിയ്ക്ക് തന്റെ പ്രിയതമയുടെ വിയോഗം പത്തിരുപത് കവിതകളുടെ അനസ്യൂത പ്രവാഹത്തിനിടയാക്കിയെന്നും പിന്നീട് മരണത്തിന്റെ പൊരുൾ അദ്ദേഹത്തിന് മനസ്സിലായെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
എന്റെ അച്ഛന്റെ അച്ഛാമ്മ 113 വയസ്സു വരെ ജീവിച്ച സ്ത്രീയായിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെയായി കഴിഞ്ഞ് കിളികൊല്ലൂരിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിയ്ക്കുന്ന സമയത്ത് ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവരുണർന്നത്. അവരുടെ പറമ്പിൽ ചേന തടത്തിൽ കരിയില കൂട്ടിയിരുന്നതിന് മുകളിലായി ഒരു നവജാത ശിശു. അതിനെ കൂടി നോക്കി വളർത്തി ഉദ്യോഗസ്ഥനാക്കുന്നതു വരെ ഈശ്വരൻ അവർക്ക് ആയുസ്സ് നീട്ടിക്കൊടുത്തു എന്നും അതോടെ അവരുടെ ഈ ഭൂമിയിലെ നിയോഗം പൂർത്തിയായെന്നും വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. വളരെ പ്രായം ചെന്നിട്ടും നന്നായി നിവർന്നു നിൽക്കുന്ന നല്ല പൊക്കമുള്ള സ്ത്രീയായിരുന്നു ആ മുതുമുത്തശ്ശി എങ്കിലും അവർ ഒരു ഊന്നുവടി ഉപയോഗിച്ചിരുന്നു എന്നാണ് അച്ഛൻ പറഞ്ഞറിവ്. വാർദ്ധക്യത്തിൽ കാലുകൾ മൂന്നാണെന്നാണല്ലോ ?
2019 മാർച്ച് 31 നായിരുന്നു മണി(രാജൻ) മാമന്റെ മരണം. ICWA പഠിച്ചയാൾ ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനത്തിൽ ജീവിതത്തിന്റെ കണക്കുകൾ പൂർത്തിയാക്കി യാത്രയായത് തികച്ചും യാദൃശ്ചികം. രാത്രി ശവസംസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. രാത്രി 9 മണിയ്ക്ക് കൊളുത്തിയ ചിതയിലെ അവസാന കൊള്ളിയും കത്തിത്തീരുന്നതുവരെ ഞാനും അനുജനും അവിടെ കാത്തു നിന്നു . സമയം അർദ്ധരാത്രി കഴിഞ്ഞു. ഞാനും അനുജനും കൂടി അവിടെ നിന്നും പോരുമ്പോൾ. ഒരാളുടെ ചിതയെരിഞ്ഞ് തീരുന്നതു വരെ അവിടെ നിൽക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യമായായിരുന്നു.
ഞങ്ങളുടെ നാട്ടിൽ മരണത്തിന് ചാക്കാല, കണ്ണാക്ക് , ക്ഷണനം തുടങ്ങിയ പ്രയോഗങ്ങളിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കുന്ന രീതിയിലും വ്യത്യാസങ്ങൾ ഉണ്ട്. ചിലർ പെട്ടിയിലടക്കം ചെയ്യും. ചിലർ വാഴയിലയിൽ പൊതിഞ്ഞടക്കും. ചിലർ ചിതകൂട്ടി ദഹിപ്പിയ്ക്കും. കല്ലറ കൂട്ടി അടക്കം ചെയ്ത് കണ്ടത് എന്റെ അറിവിൽ ഇന്ദിരാമ്മയുടെ മൃതദേഹം മാത്രമാണ്. അവരുടെ ആഗ്രഹ പ്രകാരമാണ് അങ്ങനെ ചെയ്തതത്രേ.
ജനനം മുതൽ മരണം വരെയുള്ള ഒരു നൂൽ പാലമാണ് മനുഷ്യ ജീവിതം അത് ഏറ്റവും ഉത്കൃഷ്ടമായി ജീവിച്ചു തീർക്കുവാൻ എല്ലാവരും ശ്രമിക്കുക. ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന നന്മകളൊക്കെ ചെയ്യുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
Leave a Reply