ഡോ. ഐഷ വി

അലക്കുകല്ലിന്റെ അടുത്ത് കാണുന്ന ചുവപ്പ് നിറത്തിലുള്ള ചില കൃമികളെ നിരീക്ഷിക്കുക എന്റെ പതിവായിരുന്നു. അങ്ങനെ നോക്കി നടക്കുമ്പോൾ അലക്കു കല്ലിനപ്പുറത്ത് സാധാരണ പുൽച്ചെടിയിൽ നിന്നും വ്യത്യസ്ഥമായ ഒരു ചെടി നിൽക്കുന്നു. ഞാനത് അമ്മയെ വിളിച്ച് കാണിച്ചു. അമ്മ അച്ചനെ വിളിച്ചു കാണിച്ചു. അത് കൂവരകിന്റെ ( റാഗി / പഞ്ഞപ്പുല്ല്) തൈയ്യാണെന്ന് രണ്ട് പേരും സംശയം പ്രകടിപ്പിച്ചു. ഏതായാലും അവർ അത് പിഴുതുകളയാതെ പരിപാലിച്ചു. നാളുകൾ കഴിഞ്ഞു. പ്രതീക്ഷിച്ച പോലെ അതിലൊരു കതിർ വന്നു. അത് കൂവരക് തന്നെ. പക്ഷേ ഒറ്റ കതിരേയുള്ളൂ. അമ്മ വലം കൈയ്യിലെ വിരലുകൾ തള്ളവിരലിന് സമുഖമാക്കി വലതു കൈപ്പത്തി ഒരു കുടപോലെയാക്കി കാണിച്ചിട്ട് പറഞ്ഞു: സാധാരണ കൂവരകിന് ഒരു തണ്ടിൽ ഇതുപോലെ നിൽക്കുന്ന അഞ്ചാറ് കതിർ കാണും. ഞാനത് മനസ്സിൽ കുറിച്ചിട്ടു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അനുജത്തിയ്ക്ക് കുറുക്കുണ്ടാക്കാനായി കൂവരക് വാങ്ങിയപ്പോൾ അതിൽ നിന്ന് കുറേയെടുത്ത് വിതയ്ക്കാനായി മാറ്റി വച്ചു. അച്ഛനും അമ്മയും കൂടി ഞങ്ങളുടെ വാടക വീട് നിൽക്കുന്ന തട്ട് മുഴുവൻ കിളച്ച് കളയൊക്കെ കളഞ്ഞ് ചാരം വാരി വിതറി മണ്ണ് പരുവപ്പെടുത്തി. കുതിർത്ത് വച്ചിരുന്ന കൂവരക് വിത്ത് മണ്ണിലെറിഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ് പച്ച പുൽനാമ്പു പോലെ കൂവരക് കിളിർത്തു വരാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വീട് നിൽക്കുന്ന തട്ടിൽ വിശാലമായ മുറ്റം കഴിഞ്ഞുള്ള ഭാഗം മുഴുവൻ നല്ല പച്ചപ്പായി. തെങ്ങുകൾക്കിടയിൽ പച്ചപ്പട്ടു വിരിച്ച പോലെ . അങ്ങനെയിരിക്കെ വസ്തുവിന്റെ ഉടമ കുഞ്ഞിക്കണ്ണൻ വൈദ്യൻ തേങ്ങായിടീക്കാനായി ആളെയും കൂട്ടി വന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്തെത്തിയപ്പോൾ കൂവരക് തൈകളെയെല്ലാം ഒന്ന് നോക്കി. പിന്നെ പുഞ്ചിരിച്ചു. തേങ്ങയിടീപ്പിച്ച ശേഷം പതിവ് പോലെ ഞങ്ങൾക്ക് അടുത്ത ഒഴിവെട്ടുന്നതു വരെ ഉപയോഗിക്കാനുള്ള തേങ്ങയെണ്ണി മുറ്റത്തിട്ടു. അച്ഛൻ അതിന്റെ വില വൈദ്യരെ ഏൽപ്പിച്ചു. പിന്നെ അടുപ്പിൽ തീയെരിക്കാനുള്ള ഓല, മടൽ , ചൂട്ട് ,കൊതുമ്പ് , ക് ലാഞ്ഞിൽ മുതലായവ സൗജന്യമായി നൽകി. ആ പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആറ് വീട്ടുകാർക്കും ആവശ്യമുള്ള തേങ്ങയും ഓലയും മറ്റും കൊടുത്ത ശേഷം മിച്ചമുള്ളവ മാത്രമേ വൈദ്യർ കൊണ്ടുപോയിരുന്നുള്ളൂ.

മൂന്നാലു മാസം കടന്നുപോയിക്കാണും. ഞങ്ങളുടെ കൂവരകിൽ നിറയെ കായ്കൾ വന്ന് കാറ്റത്ത് ആടി ഉലയാൻ തുടങ്ങി. ഞാനവയെ നന്നായി നിരീക്ഷിച്ചു. അമ്മ പറഞ്ഞതുപോലെ ഭൂരിഭാഗവും കുലകളായി പിടിച്ചവ . അതിനിടയിൽ ഒറ്റപ്പെട്ട നാമ്പുള്ളവയും ഉണ്ട്. കൂവര് വിളഞ്ഞ് കൊയ്യാറായപ്പോൾ അച്ഛനും അമ്മയും കൂടി എല്ലാം അറുത്തെടുത്തു. കറ്റ മുഴുവൻ തെങ്ങിന് പുതയായിട്ടു. കൂവരക് കുലകൾ ഉണങ്ങാനായി മുറ്റത്ത് വിരിച്ച പായകളിൽ ഇട്ടു. അന്ന് ആ വീട്ടിൽ നെല്ലുണക്കാനായി ഉപയോഗിക്കുന്ന ഈറ്റ കൊണ്ടു വരിഞ്ഞ പനമ്പില്ലായിരുന്നു. നാലഞ്ച് ദിവസത്തെ ഉണക്ക് കഴിഞ്ഞപ്പോൾ കൂവരക് മണികൾ ചുവന്ന നിറത്തിൽ വേർപെട്ടു വരാൻ തുടങ്ങി. അമ്മ അവയെ മുറത്തിലിട്ട് കൈ കൊണ്ട് ഞെരടിയ ശേഷം പാറ്റി അമ്പും ചിമ്പും വേർതിരിച്ചു. പ്രത്യേക താളത്തിൽ (അരിം അരിം… അരിo….) ശബ്ദമുണ്ടാക്കി കൂവരക് വേർതിരിഞ്ഞ് മുറത്തിന്റെ ഒരറ്റത്തെത്തി. മങ്കും മറ്റും അമ്മ മുറത്തിന്റെ കോണോട് കോണ് വരത്തക്ക രീതിയിൽ ധാന്യമണികളെ ചലിപ്പിച്ച് അമ്മയുടെ ദേഹത്തിന് സമാന്തരമായി വരുന്ന മുറത്തിന്റെ വക്കിന്റെ വലതു കോണിൽ താളത്തിലുള്ള ചലനത്തിനിടയിൽ ചൂണ്ടുവിരൽ കൊണ്ട് തട്ടി പതിരെല്ലാം പുറന്തള്ളി ചെറു മണികൾ വേർതിരിച്ചെടുത്തു.

ഈ ചെറു ധാന്യത്തെ ഞാൻ അന്നും ഇന്നും ഇഷ്ടപ്പെടുന്നു. ധാരാളം പോഷക ഗുണങ്ങളും നാരും ഉള്ള ധാന്യമാണിത്. കാത്സ്യവും ധാരാളമുണ്ട്. അൻപത് വർഷത്തിലധികം സൂഷിപ്പുകാലമുള്ള ഈ ധാന്യം അരിയും ഗോതമ്പും പോലെ ഉറുമ്പും ഉളുമ്പും കയറി പൊടിഞ്ഞു പോവുകയില്ല. പഞ്ഞപ്പുല്ല് എന്ന് വിളിച്ച് സാധാരണ മനുഷ്യൻ നിസ്സാരമായിത്തള്ളുന്ന ഈ ധാന്യം നന്നായി ഉണക്കി സൂക്ഷിച്ചും ശേഖരിച്ചും വച്ചാൽ ഏതു വെള്ളപ്പൊക്കത്തിലും വരൾച്ചയിലും വറുതിയിലും പഞ്ഞമില്ലാതെ കടന്നുകൂടാൻ ഈ ചെറു ധാന്യം നമ്മെ സഹായിക്കും. കൂട്ടത്തിൽ ഭക്ഷ്യ വസ്തുക്കളുടെ സൂക്ഷിപ്പുകാലത്തെ കുറിച്ച് എന്റെ അനുഭവം/ അറിവ് കൂടി പങ്കു വയ്ക്കട്ടെ. കുരുമുളക് 25 വർഷത്തിലധികം കേടാകാതെയിരിക്കും. കൂവക്കിഴങ്ങ് പൊടി പത്ത് വർഷത്തിലധികം സൂക്ഷിക്കാം. മഞ്ഞൾ പ്പൊടി 5 വർഷത്തിലധികം കേടു കൂടാതെയിരിക്കും. പിണം പുളി പത്ത് വർഷത്തിലധികം യാതൊരും കേടും കൂടാതെയിരിക്കും. എന്റെ ഒരു സുഹൃത്ത് അവരുടെ വീട്ടിൽ വിളവെടുക്കുന്ന പിണം പുളി ഉണക്കി ആവശ്യം കഴിഞ്ഞുള്ളവ നല്ല ഭരണിയിലടച്ച് സംഭരിച്ച വർഷം എഴുതി സൂക്ഷിക്കുന്ന സ്വഭാവമുള്ളയാളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ദിവസം അച്ഛൻ വീട്ടിലെത്തിയപ്പോൾ രണ്ട് റോബസ്റ്റ വാഴക്കന്നുകൾ കൊണ്ടുവന്നു. വാടക വീടിന് പുറകിൽ വലിയ കുഴിയെടുത്താണ് അവയെ നട്ടത്. അച്ഛൻ പിന്നീട് കുളിമുറിയിൽ നിന്നും പുറത്തോട്ടൊഴുകി പോകുന്ന പാഴ്ജലം ചാലു വച്ച് വാഴകളുടെ മൂട്ടിലെത്തിച്ചു. അമ്മ വിറകടുപ്പിൽ നിന്നും അറക്കപ്പൊടി ഉപയോഗിക്കുന്ന അടുപ്പിൽ നിന്നും വാരുന്ന ചാരം കൃഷി തുടങ്ങിയതോടെ കൃഷിയ്ക്ക് ഉപയോഗിക്കാൻ തുടങ്ങി. അതിന് മുമ്പ് വീടുതോറും നടന്നു ചാരം വാങ്ങുന്നയാൾ വീട്ടിൽ വരുമ്പോൾ അമ്മ അയാൾക്ക് വിൽക്കുക വഴി അല്ലറ ചില്ലറ വരുമാനം ഉണ്ടാക്കിയിരുന്നു. വിളകൾക്ക് കളകൾ പറിച്ച് പുതയിട്ട ശേഷം ചാരം കലക്കി ഒഴിക്കുകയായിരുന്നു അച്ഛന്റെ പതിവ്. ചാരം ആൽക്കലിയാണ് അത് വെള്ളത്തിൽ കലക്കിയാൽ ചൂട് പോകും അപ്പോൾ ചെടികൾ പട്ടു പോകാതെ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുമെന്നാണ് അച്ഛന്റെ അഭിപ്രായം. എന്റെ പിൽക്കാല അനുഭവങ്ങളിലും അതായിരുന്നു ശരി. കായ്ക്കാതെ നിൽക്കുന്ന പല ചെടികളും ചാരം കലക്കി ഒഴിക്കുന്നതിലൂടെ നല്ല കായ്ഫലം തന്നു. പയറിന് ഇതുപോലെ ചാരം ഉപയോഗിക്കുന്നതു വഴി മുഞ്ഞ ശല്യം തീരെയില്ലാതെയും കിട്ടിയിട്ടുണ്ട്. അങ്ങനെ നല്ല പരിചരണം ലഭിച്ചപ്പോൾ ഞങ്ങളുടെ രണ്ട് റോബസ്റ്റകളിലൊന്ന് ആദ്യം കുലച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അടുത്ത റോബസ്റ്റയിലും കുല വന്നു. രണ്ടിനും പൊക്കം കുറവായിരുന്നു. അടുത്ത കൗതുകം പടലകൾ വിരിഞ്ഞ് വിരിഞ്ഞ് വന്നപ്പോഴാണ്. അച്ഛൻ ശീമക്കൊന്നയുടെ വലിയ കമ്പുകൾ വെട്ടി ഇംഗീഷിലെ എക്സ് ആകൃതിയിൽ കെട്ടി വാഴക്കുലകൾക്ക് താങ്ങ് കൊടുത്തു. വീണ്ടും ദിവസങ്ങൾ കടന്നുപോയപ്പോൾ വാഴക്കുല തറയിൽ മുട്ടുന്ന തരത്തിൽ പടലകൾ വിരിഞ്ഞ് വരികയാണ്. അച്ഛൻ രണ്ടു വാഴ കുലകൾക്കും വിരിഞ്ഞിറങ്ങാൻ പാകത്തിൽ വലിയ കുഴികൾ എടുത്തു കൊടുത്തു. അങ്ങനെ കുഴികളിലേയ്ക്കിറങ്ങി വളർന്ന വാഴകുലകളിൽ ഇനിയും പടലകൾ വരില്ലെന്ന് ഉറപ്പാക്കിയ ശേഷം അച്ഛനും അമ്മയും കൂടി വാഴകൂമ്പുകൾ ഒടിച്ചെടുത്തു ഉരുളക്കിഴങ്ങ് ചേർത്ത് കട് ലറ്റ് ഉണ്ടാക്കി ഞങ്ങൾക്ക് തന്നു. മൂന്നാല് മാസം കഴിഞ്ഞപ്പോൾ വാഴക്കുലകൾ വെട്ടിയെടുത്തു. ഞങ്ങളും അയൽ പക്കക്കാരും കൂടി തിന്നു തീർത്തു. വാഴയുടെ പിണ്ടിയും ഞങ്ങൾ തോരൻ വച്ചു. അങ്ങനെ മണ്ണിൽ വിത്തെറിഞ്ഞ അച്ഛനമ്മമാർ ഞങ്ങളുടെ മനസ്സിൽ കൂടിയാണ് കൃഷിയുടെ വിത്തെറിഞ്ഞത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.