ഡോ. ഐഷ വി
ഞാൻ കണ്ണൂർ തളിപറമ്പിനടുത്ത് പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സമയത്ത് കോളേജിലെ എൻ എസ് എസ് യൂണിറ്റ് സഞ്ജീവനി പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പട്ടുവത്തുള്ള കൃഷ്ണൻ – മറിയാമ്മ ദമ്പതികളുടെ വീട്ടിൽ പോകാനിടയായി. രണ്ടു പേർക്കും കാഴ്ചയില്ലായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ . അവരുടെ അപ്പോഴത്തെ പ്രശ്നം പഴകി ദ്രവിച്ച വീട്ടിന്റെ അറ്റകുറ്റ പണി . പിന്നെ കക്കൂസില്ലാത്ത വീടിന് കക്കൂസ് നിർമ്മിച്ച് കിട്ടണം എന്നതായിരുന്നു. ഞങ്ങളുടെ കോളേജിലെ ജോമിഷ ജോസഫ് എന്ന വിദ്യാർത്ഥിനിയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ അവരുടെ പ്രശ്നം പരിഹരിച്ചു കൊടുത്തു. ജോമിഷ ജോസഫിന് 2013-14 ലെ മികച്ച എൻ എസ് എസ് വോളന്റിയറിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കായി എനിക്കും പല പ്രാവശ്യം അവിടെ പോകേണ്ടി വന്നു. ഓരോ കാര്യങ്ങൾ അന്വേഷിച്ച കൂട്ടത്തിലാണ് അവർക്ക് വസ്തുവും വീടുമൊക്കെ ഒരു അച്ചനാണ് കൊടുത്തതെന്ന് അറിയുന്നത്. ആദ്യം അച്ചൻ വച്ചു കൊടുത്ത വീടും പറമ്പുമൊക്കെ വിറ്റിട്ടാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ആ അച്ചൻ ആ പരിസരത്തുള്ള ധാരാളം പേർക്ക് വീടും സ്ഥലവുമൊക്കെ നൽകിയെന്ന് അയൽപക്കക്കാർ എന്നോട് പറഞ്ഞു. ആദ്യമാധ്യം വീട് ലഭിച്ചവർക്ക് രണ്ടേക്കറും പിന്നീട് ലഭിച്ചവർക്ക് ഒന്നരയേക്കർ ഒരേക്കർ എന്നിങ്ങനെ കുറഞ്ഞു വന്നു. സ്ഥലവില കൂടിയതും ഫണ്ടിന്റെ കുറവുമാകാണം ഇതിന് കാരണം. ഈ അച്ചൻ വിവിധ സ്ഥലങ്ങളിലായി ഏഴായിരത്തിലധികം വീടുകൾ വച്ച് നൽകിയിട്ടുണ്ടത്രേ. ഇത്രയും ആസ്തി ലഭിച്ച പലരും ഇതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആ യാത്രകളിൽ നിന്ന് എനിക്ക് മനസ്സിലായത്.
പൊതു ജനങ്ങൾക്ക് ഇത്രയുമൊക്കെ വാരിക്കോരി സംഭാവന ചെയ്ത അച്ചനെ കുറിച്ച് കൂടുതലറിയാൻ കൗതുകം തോന്നി. 1948 ൽ ഇറ്റലിയിൽ നിന്നും വന്ന് മുബൈയിലും വയനാട്ടിലും മിഷനറി പ്രവർത്തനം ആരംഭിച്ച ഫാദർ സുക്കോൾ ആണ് അതെന്ന് പിന്നീട് മനസ്സിലായി. ഫാദർ സുക്കോൾ കൈവച്ച എല്ലാ പദ്ധതികളും അതിന്റെ പൂർണ്ണതയിലെത്തിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് സുക്കോളച്ചനെ കാണാൻ ഭാഗ്യം ലഭിച്ചത്.
സഞ്ജീവനി പാലിയേറ്റീവ് കെയറിലെ ശോഭയാണ് എന്നോട് പരിയാരം മറിയാപുരത്തുള്ള വൃക്ക രോഗo ബാധിച്ച രണ്ട് സഹോദരമാരുടെ കാര്യം പറയുന്നത്. അങ്ങനെ ഞാനും ശോഭയും ഞങ്ങളുടെ പിറ്റിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ സാറും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും ശ്രീനിവാസൻ സാറും ജോമിഷയും കൂടി അവരെ കാണാനായി പോയി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവർക്ക് പുറത്ത് നിന്ന് ധാരാളം സഹായം കിട്ടി വീട് പുതുക്കിപണിയാൻ തുടങ്ങിയിരുന്നു. അവരുടെ വീടും ആദ്യം സുക്കോളച്ചൻ നൽകിയതാണ്. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുക്കോളച്ചനെ ഒന്ന് കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ സുക്കോളച്ചനെ കാണാനായി കയറി. അവിടെ ജോലിയ്ക്ക് നിന്നിരുന്നത് ഞങ്ങളുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി നവനീതിന്റെ അച്ഛനായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ സുക്കോളച്ചൻ ഉച്ചയുറക്കത്തിലായിരുന്നു. അദ്ദേഹം ഉറക്കം കഴിഞ്ഞ് എഴുനേൽക്കുന്നത് വരെ ഞങ്ങൾ കാത്തു നിന്നു. നവനീതിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ കുറേ നേരം കൊച്ചുവർത്തമാനം പറഞ്ഞിരുന്നപ്പോൾ ഫാദർ സുക്കോൾ എഴുന്നേറ്റു വന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തു വന്നിരുന്നു. ഞങ്ങളും അദ്ദേഹത്തെ വണങ്ങി. ഞങ്ങളെ പരിചയപ്പെട്ടശേഷം അദ്ദേഹം അകത്തു പോയി ഒരു മിഠായി ഭരണിയുമായി തിരികെ വന്നു. ഞങ്ങൾക്കെല്ലാം അദ്ദേഹം മിഠായി തന്നു. എന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ച ശേഷം അവർക്കും കൂടി കൊടുക്കാനുള്ള മിഠായികൾ അദ്ദേഹം എനിക്ക് നൽകി. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്കിപ്പോൾ തൊണ്ണൂറ്റി എയിറ്റ് വയസ്സായി(98) . എന്നിട്ടദ്ദേഹം ചിരിച്ചു . പിന്നെ തുടർന്നു. കേരളത്തിൽ വയനാട്ടിലാണ് ആദ്യ പ്രവർത്തനം. അന്നൊക്കെ(1948 -ൽ) സൈക്കിളിലായിരുന്നു സഞ്ചാരം. 1980 -ൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം കൊടുത്തു. കുറേ കാര്യങ്ങൾ ചെയ്തു. ഫണ്ടിനായി ആരോടും കൈ നീട്ടിയില്ല. പക്ഷേ സുമനസ്സുകൾ അദ്ദേഹത്തോടൊപ്പം നിന്നു. വൃക്കരോഗ ബാധിതനായ ആളെ കാണാനാണ് ഞങ്ങൾ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. പലർക്കും ജീവിക്കാൻ ഒരടിത്തറ കിട്ടിക്കഴിഞ്ഞാൽ അഞ്ചാറ് കോഴിയെ വളർത്തിയാലും അഞ്ചാറ് ആട്ടിനെ വളർത്തിയാലും ജീവിക്കാം. പക്ഷേ പലരും അത് ചെയ്യുന്നില്ല. നന്നായി ജീവിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പലരും മദ്യപിച്ച് സ്വയം നശിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും സംസാരിച്ച ശേഷം ഫോണിൽ കുറച്ചു ഫോട്ടോകളുമെടുത്താണ് ഞങ്ങൾ മടങ്ങിയത്. എന്റെ ഫോൺ കേടായപ്പോൾ എടുത്ത ഫോട്ടോകൾ നഷ്ടപ്പെട്ടു. പക്ഷേ ആ കർമ്മയോഗിയെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നല്ല തിളക്കത്തോടെ നിൽക്കുന്നു. 2014 ജനുവരിയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് തളിപറമ്പ് എഴാം മൈലിൽ നാഷണൽ ഹൈവേയ്ക്കടുത്ത് സെയിഫ് ഗാർഡ് കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ കോളേജിന് മുന്നിലൂടെയായിരുന്നു ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദ്ദേഹം കൊണ്ടുപോയത്.
ഇന്ന് കോവിഡ് പടർന്നു പിടിയ്ക്കുന്ന കാലഘട്ടത്തിൽ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്കെങ്കിലും ആശങ്കയുണ്ടാകും. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന്. ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ഉള്ള സമയം നന്നായി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ തന്നെ നന്നായി പ്രവർത്തിക്കുക. നീണ്ട് നിവർന്നു കിടക്കുന്ന ജീവിതത്തിന് നേരെയൊന്ന് പുഞ്ചിരിച്ച് മുന്നേറുക. സുക്കോളച്ചന്റെ വാക്കുകൾ കടമെടുക്കുക. ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം.
അവരവരുടെ അഭിരുചിയ്ക്കും കഴിവിനും അനുസരിച്ച് തുടങ്ങുക. കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക . പ്രയത്നിയ്ക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നു തന്നെ മാറ്റുക. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേയ്ക്കായി സൂക്ഷിച്ച് വയ്ക്കുക. നേരിന്റെ വഴിയിൽ മുന്നേറുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
Leave a Reply