ഡോ. ഐഷ വി

ചിറക്കര ഗവ.യുപിഎസിൽ 1976 നവംബറിൽ നാലാം ക്ലാസ്സിൽ പ്രവേശനം നേടുമ്പോൾ കാസർഗോട്ടെ കൂട്ടുകാരെ വേർപിരിഞ്ഞു വന്ന വിഷമമായിരുന്നു എനിക്ക് . തികച്ചും ഗ്രാമാന്തരീക്ഷം. പ്രകൃതി രമണീയമായ സ്ഥലം. സ്കൂൾ വക സ്ഥലത്തോട് ചേർന്ന് തന്നെയാണ് ചിറക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ‘ ക്ഷേത്ര പറമ്പിൽ ഒരു കാവും ഉണ്ട്. വയലേലയോട് ചേർന്ന് ക്ഷേത്രക്കുളവും. കാവിൽ വൻ വൃക്ഷങ്ങളും വടം പോലുള്ള വള്ളികളും ചെറു ചെടികളും നിറഞ്ഞിരുന്നു. അവിടെ ഏതാനും . നാഗദൈവ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. കാവിലെ ജൈവ വൈവിധ്യവും മറ്റും മറ്റെങ്ങും ഞങ്ങൾ കുട്ടികൾക്ക് കണ്ട് പരിചയമുള്ളതായിരുന്നില്ല. അതിൽ പടർന്നു കിടന്നിരുന്ന ചില വള്ളികളിൽ പിടിയ്ക്കുന്ന കായകൾ തോട് പൊട്ടിച്ചാൽ ജാതിക്കായുടെ ജാതിപത്രി പോലെ ഒരു പത്രി അകത്തെ വിത്തിന് മുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് രണ്ട് നിറങ്ങളിൽ ഉണ്ടായിരുന്നു. ഒന്ന് കടും ചുവപ്പ് പത്രിയും കടുo മഞ്ഞ നിറമുള്ള പത്രിയും.

കാസർഗോഡ് ടൗണിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ജലഛായങ്ങളൊന്നും തന്നെ ചിറക്കര സ്കൂളിലെ കുട്ടികളുടെ പക്കലില്ലായിരുന്നു. അക്കാലത്ത് അവർക്ക് അതേ പറ്റി അറിവും ഇല്ലായിരുന്നു. അവിടത്തെ കുട്ടികളുടെ വരകൾക്ക് വർണ്ണങ്ങളും മിഴിവും ഏകിയിരുന്നത് ഈ കാവിൽ ലഭ്യമായിരുന്ന ഇത്തരം കായകളുടെ പത്രികളായിരുന്നു. പിന്നെ തേക്കിന്റെ കുരുന്നിലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന നിറവും മഞ്ഞളും നീലമഷിയും കലർത്തിയാൽ കിട്ടുന്ന പച്ചനിറവും മറ്റുമായിരുന്നു. ഈ ചുവന്ന പത്രിയും മഞ്ഞപത്രിയും തൂവെള്ള താളിൽ വരച്ച ചിത്രങ്ങളിൽ ഉരസി പ്രകൃതിദത്തമായ നല്ല ചുവപ്പ് നിറവും മഞ്ഞ നിറവും കുട്ടികൾ സൃഷ്ടിക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. വീട്ടിൽ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്ന ഒരു ജലച്ഛായ പെട്ടിയുണ്ടായിരുന്നെങ്കിലും ഞാനും ഇത്തരത്തിൽ വർണ്ണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ നിറങ്ങൾ പിന്നീട് മങ്ങിപ്പോയിരുന്നില്ല.

കാവിലെ ഒരു വലിയ വള്ളി അല്പമകലെയുള്ള മറ്റൊരു വൃക്ഷത്തിൽ കയറി ഒരു ഊഞ്ഞാൽ പോലെ തൂങ്ങി കിടന്നിരുന്നു. അതിനാൽ ചിറക്കര സ്കൂളിലെ കുട്ടികൾക്ക് ഓണത്തിന് മാത്രമല്ല ഊഞ്ഞാലാടാൻ അവസരം ലഭിച്ചത്. എന്നും ആ വള്ളിയിൽ കയറി ഊഞ്ഞാലാടുക ഞങ്ങളുടെ പതിവായിരുന്നു. ചിറക്കര ദേവീക്ഷേത്ര ശ്രീകോവിലിന് ചുറ്റുമതിൽ ഉണ്ടായിരുന്നെങ്കിലും പറമ്പിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർ വരമ്പു പോലുമില്ലാതിരുന്നതിനാൽ സ്കൂൾ പറമ്പ് എവിടെ തീരുന്നു ക്ഷേത്രപറമ്പ് എവിടെ ആരംഭിക്കുന്നു എന്ന് കുട്ടികൾക്കും തിട്ടമില്ലായിരുന്നു. ഞങ്ങളുടെ കളികൾ കൂടുതലും ഈ കാവിന്റെ തണൽ പറ്റിയായിരുന്നു. അത് ക്ഷേത്രത്തിലെ അല്പം ഉയരം കുറഞ്ഞ പോറ്റിക്ക് അത്രയ്ക്കിഷ്ടമല്ലായിരുന്നു എന്നു വേണം പറയാൻ. ഞങ്ങൾ കാവിലെ വള്ളിയിൽ ഊഞ്ഞാലാടുന്നത് കാണുമ്പോൾ ഈ പോറ്റി ഞങ്ങളെ വഴക്ക് പറഞ്ഞ് ഓടിച്ചിരുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളവിടെ പോകും ഞങ്ങളുടെ കളികൾ തുടരും. ചിലപ്പോൾ അമ്മ തന്നയയ്ക്കുന്ന പച്ചരിയും ശർക്കരയും തേങ്ങയും പിന്നെ പത്തോ ഇരുപതോ പൈസയും ഞങ്ങൾ ഈ പോറ്റിയെ ഏൽപ്പിക്കും. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പടച്ചോർ പോലെ തയ്യാറാക്കിയ കട്ടിപ്പായസം ഞങ്ങൾക്ക് കിട്ടും. ഞങ്ങളും കൂട്ടുകാരും കുറച്ച് അവിടെ വച്ച് കഴിക്കും പിന്നെ ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോകും.

ചിറക്കര ഗവ യു. പി എസിൽ അക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ സ്കൂളിന്റെ പറമ്പിൽ മൂന്ന് കിണറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഹെഡ് മാസ്റ്ററുടെ ഓഫീസ് കെട്ടിടം നിൽക്കുന്ന തട്ടിലായിരുന്നു. അതിലെ വെള്ളം അധ്യാപകർ മാത്രം ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് വെള്ളം കോരാനായി തൊട്ടിയും കയറും ഒന്നും കിണറ്റിന് സമീപം ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് അതിന് തൊട്ടു താഴെയുള്ള തട്ടിലെ ഒരു പൊട്ടക്കിണർ ആണ്. മൂന്നാമത്തേത് ചിറക്കര പോസ്റ്റോഫീസിനടുത്തായി സ്കൂൾ പറമ്പിൽ കുടുങ്ങിത്താണിരുന്ന മറ്റൊരു കിണർ ആണ് . ഒരു ദിവസം ഇടിവെട്ടിയപ്പോൾ ഈ കിണർ കുടുങ്ങിത്താണതാണെന്നാണ് കുട്ടികൾ എനിക്ക് തന്ന വിവരം. ആളു തൊടി ഉണ്ടായിരുന്ന ഈ കിണർ കുടുങ്ങിത്താണതോടെ ആളു തൊടി തറനിരപ്പിനും താഴെയായി. ആളു തൊടിയില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റിലും കൂടുങ്ങിത്താണ കിണറ്റിലും അവിടൊക്കെ ഓടിക്കളിച്ചിരുന്ന ഒരു കുട്ടി പോലും വീണില്ല എന്നത് ഭാഗ്യമെന്ന് തന്നെ പറയാം.

കുട്ടികൾ വെള്ളം കുടിച്ചിരുന്നത് സമീപത്തെ വീടുകളിൽ നിന്നോ ക്ഷേത്ര കിണറ്റിൽ നിന്നോ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾ കൈയും പാത്രവും കഴുകിയിരുന്നത് ചിറക്കര ക്ഷേത്രത്തിനടുത്തു കൂടി ഒഴുകിയിരുന്ന തോട്ടിലായിരുന്നു. ആ തോട്ടിന്റെ കരയിലും ശ്രീകോവിലിനടുത്തും ക്ഷേത്രം വക കിണറുകൾ ഉണ്ട്. അന്ന് തോടിനടുത്തുള്ള ക്ഷേത്രം വക കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിക്കും. പിന്നെ തോട്ടിൽ പാത്രo കഴുകും ക്ഷേത്രം വക കിണറ്റിൽ തൊട്ടിയും കയറും ഉണ്ടെങ്കിൽ കുട്ടികൾ അതിലെ വെള്ളം കോരി കുടിക്കും. ഈ കിണറ്റിനും ഞങ്ങളുടെ വീടായ കാഞ്ഞിരത്തും വിളയിലെ കിണറ്റിനും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു കിണറുകളും തറനിരപ്പിൽ നിന്ന് മുകളിലായി ഉസാഗ് ആകൃതിയിലുള്ള വലിയ വീതിയുള്ള വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഞങ്ങളുടെ വീട്ടിലെ കിണറിന് അച്ഛന്റെ അമ്മാവൻ ആളുപടി കെട്ടിച്ച് കപ്പിയും കയറും ഇടാനുള്ള തൂണും മറ്റും നിർമ്മിച്ചിരുന്നു. അച്ഛൻ വീടും പറമ്പും വാങ്ങിയ ശേഷം ഈ കിണർ സിമന്റ് പൂശി എടുത്തു. 1000 വർഷത്തിലധികം പഴക്കമുള്ള കിണർ ആണിതെന്നാണ് അച്ഛൻ പറഞ്ഞുള്ള അറിവ് . എന്നാൽ ചിറക്കര ക്ഷേത്രത്തിന്റെ തോട്ടിൻ കരയിലുള്ള കിണറിന് ആളു തൊടി ഉണ്ടായിരുന്നില്ല. വലിയ കല്ലുകൾ സിമന്റ് പൂശിയിരുന്നില്ല. മണ്ണാങ്കട്ടയുടെ അംശം തീരെയില്ലാത്ത അത്തരം കറുത്ത നല്ല കട്ടിയുള്ള ലാറ്ററൈറ്റ് കല്ലുകൾ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ചിറക്കര പ്രദേശത്തെ വെട്ടുകല്ലുകൾക്കൊന്നും ആ സ്വഭാവമില്ല. എന്നാൽ കണ്ണൂർ ജില്ലയിലെ കല്ലുകൾക്ക് ആ സ്വഭാവമുണ്ട് താനും. ഞങ്ങളുടെ പൂർവ്വികർ ഞങ്ങളുടെ വീട്ടിലെ കിണർ പണിയാനായി കൊണ്ടുവന്ന കല്ലിന്റെ ബാക്കിയെന്ന് കരുതാവുന്ന കുറേ കല്ലുകൾ ഗംഗാധരൻ വല്യച്ചന്റെ ഭാര്യ യശോധര വല്യമ്മച്ചി വിറ്റിട്ടു പോയ പറമ്പിൽ മൺ കയ്യാലകൾക്ക് മുകളിലായി അടുക്കിയിരുന്നതായി കണ്ടിട്ടുണ്ട്.

ചിറക്കര ക്ഷേത്രത്തിലെ കിണറിന്റെ ഉസാഗ് ആകൃതിയിലുള്ള കല്ലുകൾക്ക് മുകളിൽ കയറി നിന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കുകയായിരുന്നു കുട്ടികൾ ചെയ്തിരുന്നത്. ഈ കിണറ്റിൽ നിന്നും ഞങ്ങൾ വെള്ളം കോരുമ്പോൾ കാവിൽ നിന്നും ഞങ്ങളെ ഓടിച്ചിരുന്ന പോറ്റി എത്തി ഞങ്ങളെ ഓടിക്കുമായിരുന്നു. കിണറിന്റെ താഴെയറ്റം മുതൽ മുകൾ ഭാഗം വരെ ഒരേ ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകൾ അടുക്കിയാണ് ചെയ്തിട്ടുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൊല്ലം ജില്ലയിലുള്ള ഈ ക്ഷേത്രത്തിന്റെ മൂലകുടുംബം കണ്ണൂർ മാടായി കാവാണെന്ന് ക്ഷേത്രത്തിൽ രസീതെഴുതാനിരുന്ന ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വെട്ടുകല്ലുകൾ കണ്ണൂരിൽ നിന്നും വന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ഈ ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ശ്രീ അഡ്വ. സുഗതൻ ചിറക്കരയെ കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ പറയുന്നത്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള മേഘസന്ദേശത്തിൽ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ കൃതികളിൽ എഴുതിയിട്ടുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നു.

ചിറക്കര ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തടിയിൽ നിർമ്മിച്ച ഒരു കളിത്തട്ടും തെക്ക് കിഴക്ക് ഭാഗത്ത് ഒരു അരയാലും ഉണ്ട്. നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ കളിത്തട്ട് വേദിയായിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് ഞങ്ങൾ ആ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു വലിയ പനയുണ്ടായിരുന്നു. ചിരവാ തോട്ടത്തെ അമ്മവീട്ടിൽ കിളയ്ക്കാനായി വന്നിരുന്ന ശ്രീ സുരേന്ദ്രന് നടുവിനിത്തിരി പ്രശ്നവും കൂനും ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പനയിൽ കയറി വീണിട്ടാണ് അങ്ങനെയായത് എന്നാണ് ഞങ്ങളുടെ വല്യമ്മച്ചി പറഞ്ഞുള്ള അറിവ് . പിന്നീട് ഈ വലിയ പന മുറിച്ചു. പകരം ഒരു തൈ പന നട്ടുപിടിപ്പിച്ചു. ക്ഷേത്രക്കുളത്തിലെ നിറ വെള്ളത്തിന്റെ രഹസ്യവും ഞാനന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചിരുന്നു. ഇത് നിരീക്ഷിക്കാൻ ഒരു കാരണമുണ്ട്. ഞങ്ങളുടെ തൊടിയിൽ ഉള്ള ഒരു വെള്ളച്ചാലിൽ വെണ്ടയ്ക്ക് വെള്ള മൊഴിയ്ക്കാനായി ഞാനും അമ്മയും അനുജനും കൂടി ഒരു കൊച്ചു കുളം കുഴിച്ചു. ഉറവയുടെ നിരപ്പിലുള്ള വെള്ളമല്ലാതെ അതിൽ വെള്ളം കൂടിയിരുന്നില്ല. ധാരാളം വെള്ളം വരാൻ എനിക്കും അനുജനും ആഗ്രഹം തോന്നി. അങ്ങനെ ഞങ്ങൾ തോട്ടിൽ നിന്നും വെള്ളം കോരി ഈ കുട്ടിക്കുളത്തിൽ നിറച്ചു. നേരം വെളുക്കുമ്പോൾ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയാണ് ഞാൻ ചിറക്കര ക്ഷേത്ര കുളത്തിലെ ജലനിരപ്പിന്റെ രഹസ്യം അറിയാൻ ശ്രമിച്ചത്. കുളത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സമീപത്തുള്ള തോട്ടിൽ നിന്നും വെള്ളമെത്തിക്കാനായി ഒരു ഓവുണ്ട്. ഈ ഓവിലൂടെ ദിവസവും കുളത്തിലേയ്ക്ക് വെള്ളമെത്തുന്നുണ്ട്. അല്ലാതെ അത്രയും ജലം ആ പ്രദേശത്ത് അന്തരീക്ഷമർദ്ദത്തേയും ദേദിച്ച് ഉറവ ജലം മാത്രമായി ഉയർന്ന് നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ അധ്യാപകരില്ലാതിരുന്ന സമയത്ത് അടുത്ത ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന വാസു സാറ് വരാനിടയായി. അദ്ദേഹം ഞങ്ങളോട് ഇപ്പോൾ ഏത് വിഷയത്തിന്റെ പീരീഡ്‌ ആണെന്ന് ചോദിച്ചു. “മലയാള”മാണെന്ന് കുട്ടികൾ മറുപടി പറഞ്ഞു. അടുത്ത ചോദ്യം മലയാളമെന്താണെന്നായി. “ഒരു ഭാഷ” എന്നായി കുട്ടികൾ. അപ്പോൾ ” ഭാഷ” എന്നാൽ എന്തെന്നായി വാസു സാർ. കുട്ടികളുടെ ഉത്തരം മുട്ടി. പലരും പലതും പറഞ്ഞു. അവസാനം സാറ് പറഞ്ഞു:” ആശയം വിശദമാക്കാനുള്ള ഉപാധിയാണ് ഭാഷ”. എന്നിട്ട് ” ആംഗ്യ ഭാഷ” യും ഒരു ഭാഷയാണെന്ന് സാറ് പറഞ്ഞു. പിന്നെ സ്കൂളിനെ കുറിച്ച് ഒരു ഖണ്ഡിക എഴുതാൻ സാറ് പറഞ്ഞു. ഞങ്ങൾക്കാർക്കും അധികമൊന്നും എഴുതാനോ വർണ്ണിക്കാനോ അക്കാലത്ത് അറിയാമായിരുന്നില്ല. എല്ലാവരും എഴുതിയത് വായിച്ചു നോക്കിയ ശേഷം സാറ് സ്കൂളിനെ കുറിച്ച് വർണ്ണിച്ച് പറഞ്ഞു. അതിൽ ഒരു വാചകം ഇങ്ങനെയായിരുന്നു: ചിറക്കര ഗവ: യു പി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന് സമീപം ഒരു ദേവീ ക്ഷേത്രമുണ്ട്. അങ്ങനെ അവിചാരിതമായി വാസു സാർ ഞങ്ങളുടെ ക്ലാസ്സിലെത്തിയത് വേറിട്ട ചിന്തയ്ക്കിടയാക്കി.

1980-81 അധ്യയന വർഷം ചിറക്കര ഗവ: യു പി എസ് വളർന്ന് ഹൈസ്കൂളായി മാറി.
1979 -ൽ ഞാൻ ആ സ്കൂൾ വിട്ട് ഭൂതക്കുളം ഗവ.ഹൈസ്കൂളിൽ ചേർന്നു. എന്നാലും പ്രകൃതിദത്ത നിറങ്ങൾ ചാലിച്ചിട്ട ഓർമ്മകൾ മറക്കാനാവില്ലല്ലോ?

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്