ഡോ. ഐഷ വി

പൂജാവധി കുട്ടികൾക്കെല്ലാം വളരെ സന്തോഷമുള്ള ദിവസങ്ങളാണ്. പുസ്തകങ്ങൾ പൂജ വച്ചു കഴിഞ്ഞാൽ പിന്നെ പൂജയെടുപ്പു വരെ പഠിയ്ക്കാൻ ആരും പറയില്ല. പഠിയ്ക്കുകയും വേണ്ട. പണിക്കാർ അവരുടെ പണിയായുധങ്ങളും പൂജ വയ്ക്കാറുണ്ട്. കാസർഗോട്ടെ ഞങ്ങളുടെ പൂജാവധി വളരെ സന്തേഷവും മാധുര്യവുമുള്ളതായിരുന്നു. അയൽ പക്കത്തെ ദേവയാനി ചേച്ചിയ്ക്കും ഭാസ്കരന്മാമനും അക്കാലത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ തന്നെയായിരുന്നു മക്കൾ. ഞങ്ങളുടെ ഒന്നുരണ്ട് പുസ്തകങ്ങൾ അവിടെയും ഒന്നുരണ്ടെണ്ണം ഞങ്ങളുടെ വീട്ടിലും പൂജവയ്ക്കും . ഭാസ്കരന്മാമൻ രാവിലെയും വൈകുന്നേരവും അവരുടെ വീട്ടിൽ പൂജ ചെയ്യും. സരസ്വതി ദേവി ,ലക്ഷ്മീ ദേവി, ശ്രീ കൃഷ്ണൻ , ശിവൻ, ഗണപതി, തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിലവിളക്ക്, ചന്ദനത്തിരി ,കർപ്പൂരം മുതലായവ കത്തിച്ച് വയ്ക്കും ഒപ്പം മുന്തിരി, ഓറഞ്ച്,ആപ്പിൾ , വാഴപ്പഴം, അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര മുതലായവയുണ്ടാകും. പ്രഭാത പൂജയ്ക്കും പ്രദോഷപൂജയ്ക്കും ഞങ്ങൾ അവിടെ ഹാജർ . പൂജ കഴിയുമ്പോൾ അവൽ, പഴം, ആപ്പിൾ, ഓറഞ്ച് ഇത്യാദി വിഭവങ്ങൾ ചേച്ചിയും മാമനും കൂടി പങ്കു വച്ച് ഞങ്ങൾക്ക് തരും. ഈ പതിവ് ഞങ്ങൾ കാസറഗോഡുണ്ടായിരുന്ന എല്ലാ വർഷവും ആവർത്തിച്ചു.

ഒരു പൂജയെടുപ്പിനായിരുന്നു അനുജത്തിയുടെ എഴുത്തിനിരുത്ത്. നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ചാണ് അനുജത്തി അനിത ആദ്യാക്ഷരം കുറിച്ചത്. അമ്മ രാവിലെ തന്നെ അനുജനേയും അനുജത്തിയേയും കുളിപ്പിച്ചൊരുക്കി. സാധാരണ ദേവയാനി ചേച്ചിയാണ് ഞാൻ സ്കൂളിൽ പോകാനായി തലമുടിയൊക്കെ ചീകി കെട്ടി ഒരുക്കി വിട്ടിരുന്നത്. അന്ന് ഞാൻ തനിച്ചൊരുങ്ങി. ചേച്ചിയും മാമനും ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങി വന്നു. ഞങ്ങൾ ക്ഷേത്രത്തിലെത്തി. അനുജത്തിയെ അച്ഛന്റെ മടിയിലിരുത്തി. ഒരു പാത്രത്തിൽ നിരത്തിയ അരിയും മറ്റു പൂജാ സാമഗ്രികളും അടുത്തുണ്ടായിരുന്നു. ക്ഷേത്ര പൂജാരി ഒരു കഷണo മഞ്ഞളുമായി വന്നു. അനുജത്തിയുടെ നാക്കിൽ ” ഓം” എന്നെഴുതിയതും അനുജത്തി ആ മഞ്ഞൾ കഷണം വിഴുങ്ങി. പൂജാരി അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അച്ഛൻ അനുജത്തിയുടെ ചുണ്ടുവിരൽ പിടിച്ച് അരിയിൽ എഴുതിച്ചു. ഹരി: ശ്രീ ഗണ പതായെ നമ:

എന്നെയും അനുജനേയും എന്റെ രണ്ട് മക്കളേയും എഴുത്തിനിരുത്തിയത് അച്ഛനാണ്.
അക്ഷരം മനസ്സിലുറപ്പിച്ചത് അമ്മയുടെ നിരന്തര പരിശ്രമം മൂലവും. കതിയാമ്മ ചേച്ചിയുടെ മകൾ ഭാവനയേയും രമണി ചേച്ചിയുടെ മകൻ പ്രമീദിനേയും അച്ഛൻ എഴുത്തിനിരുത്തിയിട്ടുണ്ട്.
1995 ലെ പൂജാവധിയ്ക്ക് ഞാൻ തൃശ്ശൂരിലായിരുന്നു. അന്ന് ഇരിങ്ങാലക്കുട വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്കൊപ്പം വടക്കും നാഥ ക്ഷേത്രത്തിലെത്തി. കൂടെ വന്നവർ അവിടെ ഒരാൽച്ചുവട്ടിൽ നിരത്തിയിട്ടിരുന്ന മണലിൽ വീണ്ടും അക്ഷരം എഴുതി നോക്കി. അപ്പോൾ ഒരു കൗതുകത്തിന് ഞാനും അത് അനുകരിച്ചു. അവർ അങ്ങനെ എല്ലാ വർഷവും എഴുതുന്ന പതിവുണ്ടത്രേ.
2018 – ൽ പോളച്ചിറയിലെ വിഷ്ണു ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുട്ടികളെ എഴുതിയ്ക്കാൻ എനിക്കവസരം ലഭിച്ചു. 2019 -ൽ ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിൽ ഗുരുക്കമാരിൽ ഒരാളായി എനിക്കവസരം ലഭിച്ചു. ഭൂതക്കളം ലതിക ട്യൂട്ടോറിയലിൽ ഞങ്ങളെ പഠിപ്പിച്ച ഉദയകുമാർ സാറായിരുന്നു എന്നെ ക്ഷണിച്ചത്. ഐ എസ് ആർ ഓയിലെ സയന്റിസ്റ്റും റിട്ട പ്രിൻസിപ്പലും, ജോലിയുള്ളവരും അന്നു ഗുരുക്കന്മാരായി അവിടെയുണ്ടായിരുന്നു. ധാരാളം പരിചയക്കാരെയും അന്നവിടെ കാണാൻ കഴിഞ്ഞു. ഒരു ട്രിപ്പ് കുട്ടികളെ എഴുതിച്ച് കഴിഞ്ഞപ്പോൾ ദേവസ്വം സദ്യാലയത്തിൽ തയ്യാർ ചെയ്തിരുന്ന പ്രാതൽ കഴിയ്ക്കാനായി ഉദയകുമാർ സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരികെ വന്ന് ബാക്കിയുള്ള കുട്ടികളെ എഴുതിച്ചു. അവിടെ സ്വർണ്ണ നാരായമായിരുന്നു നാക്കിലെഴുതാനായി വച്ചിരുന്നത്. അന്ന് ഐ എസ് ആർ ഓയിലെ സയന്റിസ്റ്റിനെ കൊണ്ടു എഴുതിയ്ക്കാനുള്ള ക്യൂവിലായിരുന്നു ആളുകൾ കൂടുതൽ.

അന്ന് എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം എന്റെ കൂടെ ഭൂതക്കുളം സ്കൂളിൽ പഠിച്ച ശ്രീദേവി , അവരുടെ പേരക്കുട്ടിയെ എഴുതിയ്ക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നു എന്നതാണ്.

ഇത്തവണയും ഉദയകുമാർ സാർ എന്റെ അമ്മയെ വിളിച്ച് മൂന്ന് മക്കളെയും പൂജയെടുപ്പിന് ഗുരുക്കന്മായി ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിലെത്താൻ ക്ഷണിച്ചു. പിന്നെ എന്നെയും സാർ വിളിച്ചിരുന്നു. ഒന്ന് തീയതിയും സമയവും അറിയിക്കാൻ. മറ്റൊന്ന് കോവിഡ് കാലമായത് കൊണ്ട് കുറച്ച് ദിവത്തേയ്ക്ക് പൊതു പരിപാടിയിലൊന്നും പങ്കെടുക്കേണ്ടന്ന് ഓർമ്മിപ്പിക്കാൻ. പിന്നൊന്ന് എഴുത്തിനിരത്തുന്ന ഗുരുക്കന്മാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിയ്ക്കണമെന്നറിയിയ്ക്കാൻ. സാർ തന്നെ കലയ്ക്കോട് പി എച്ച് സിയിൽ ഇത്തവണ എഴുത്തിനിരുത്തുന്ന അഞ്ച് ഗുരുക്കന്മാരെയും ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ അഞ്ച് ഗുരുക്കമാരും ഒക്ടോബർ 22-ാം തീയതി രാവിലെ ഒൻപതരയ്ക്കു തന്നെ കല്ക്കോട് പി എച്ച്സിയിലെത്തി. എന്നെ എന്റെ ഭർത്താവ് രാവിലെ തന്നെ ഡോക്ടറുടെ മുന്നിൽ എത്തിച്ചു. അവിടെ നിന്നും നേരത്തേ നിശ്ചയിച്ചതുപ്രകാരം കൂട്ടുകാരി രതിയോടൊപ്പം(ഇപ്പോൾ ഭൂതക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ) കലയ്ക്കോട്ടെത്തി. പിപി ഇ കിറ്റിട്ട് ആരോഗ്യ പ്രവർത്തകർ തയ്യാറായി. ആദ്യം തന്നെ ഞങ്ങളുടെ ടെസ്റ്റ് കഴിഞ്ഞു. മൂക്കിൽ നിന്നും സ്രവമെടുത്തായിരുന്നു പരിശോധന. വേഗം തന്നെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഉദയകുമാർ സാർ അവിടെ എത്തിയിരുന്നു. ഞങ്ങൾ തിരികെ വീട്ടിലെത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ സാറ് വിളിച്ച് അറിയിച്ചു. എല്ലാവരുടേയും ഫലം നെഗറ്റീവ് . അതും സന്തോഷം തന്നെ.

പൂജയെടുപ്പ് 26-ാം തീയതി. ഇത്തവണത്തെ നവമി ആഘോഷങ്ങൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം, പ്രസാദം എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ അക്ഷരം എഴുതിച്ചാലും ഇല്ലെങ്കിലും വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും നന്മ നേരുന്നു. മുമ്പ് അക്ഷരമെഴുതിച്ച എല്ലാ കുരുന്നുകളും നല്ല നിലയിലെത്താൻ ഓർക്കുമ്പോഴെല്ലാം മനസ്സിൽ ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. ഈ കോവിഡ് കാലത്ത് എല്ലാവർക്കും നന്മ വരട്ടെ.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

വര : അനുജ സജീവ്