ഡോ. ഐഷ വി

നമ്മൾ സാധാരണ കഴിക്കുന്ന വിശിഷ്ടമെന്നോ വിലകൂടിയതെന്നോ കരുതുന്ന ഭക്ഷണ പദാർത്ഥങ്ങളെ അപേക്ഷിച്ച് പതിൻ മടങ്ങ് പോഷക മൂല്യമുള്ള ഒരു ഭക്ഷ്യ വസ്തുവാണ് മുരിങ്ങയില. ഒന്നോ രണ്ടോ മുരിങ്ങയെങ്കിലും വീട്ടുവളപ്പിൽ വളർത്തിയാൽ ഓരോ കുടുംബത്തിനും ആവശ്യമായ ഇലക്കറിയും പച്ചക്കറിയും( മുരിങ്ങക്കായ) ലഭിക്കും. മുരിങ്ങയില പറിച്ചെടുത്താൽ മൂന്ന് മണിക്കൂറിനകം ഉപയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. മൂന്നു മണിക്കൂർ കഴിയുമ്പോഴേയ്ക്കും പുതുമ നഷ്ടപ്പെട്ട് ഇലയും തണ്ടും ഉതിർന്നു വീഴുന്ന സ്ഥിതിയിലാകും. പിന്നെ തോരൻ വയ്ക്കുന്ന സമയത്ത് തണ്ടും കൂടി ഇലയോടൊപ്പം പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറിളകുന്നതിലേയ്ക്ക് നയിക്കാം.

മുരിങ്ങയില ഞങ്ങൾ ഉള്ളിലാക്കാൻ വേണ്ടി കുട്ടിക്കാലം മുതൽ അമ്മ പല ആഹാരരൂപത്തിലും ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിൽ ആദ്യത്തെ ഓർമ്മ കാസർഗോഡ് നെല്ലികുന്നിലെ ഗിൽഡിന്റെ നഴ്സറിയിൽ പഠിക്കുന്ന കാലത്തുള്ളതാണ്. അല്പം മധുരമുള്ള ഓർമ്മയാണത്. നഴ്സറിയുടെ പുറകു വശത്തുള്ള കളിസ്ഥലത്തിന്റെ അതിരിൽ ഉള്ള ഒരു മുരിങ്ങയിൽ നിന്നും ഇലകൾ ശേഖരിച്ച് കൊണ്ടുവന്ന് ശ്രദ്ധയോടെ ഇലകൾ ഇറുത്തെടുത്ത് കഴുകി അതിൽ ശർക്കര പൊടിച്ചത് തേങ്ങ ചിരകിയത് ചെറിയ ഉള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ഏലക്കായ പൊടിച്ചത് എന്നിവ നന്നായി ചേർത്തിളക്കി വയ്ക്കും. വാഴയിലയിൽ അരിമാവ് കുഴച്ചതോ ഗോതമ്പ്മാവ് കുഴച്ചതോ നന്നായി പരത്തി അതിൽ നേരത്തേ തയ്യാറാക്കി വച്ചിരിയ്ക്കുന്ന മുരിങ്ങയില കൂട്ട് വാരി വച്ച് നിരത്തി മടക്കി ആവിയിൽ പുഴുങ്ങിയോ ഇരുമ്പ് ചട്ടിയിൽ നിരത്തി അതിനുമുകളിൽ വെള്ളം നിറച്ച ഒരു കലം ഭാരമായി വച്ച് പരുവത്തിന് തിരിച്ചും മറിച്ചും വച്ച് ചുട്ടെടുക്കുകയോ ചെയ്യും. അല്പ സമയം കഴിഞ്ഞാൽ ഞങ്ങൾക്ക് കഴിക്കാനുള്ള പോഷക സമൃദ്ധമായ നാലുമണി പലഹാരമായ ഇളം ചൂടുള്ള ഇലയട തയ്യാർ. ആദ്യമൊക്കെ കഴിക്കാൻ മടിച്ചെങ്കിലും അമ്മയുടെ സ്നേഹപൂർവ്വമായ നിർബന്ധം കൂടിയാകുമ്പോൾ ഞങ്ങൾ അത് മുഴുവൻ കഴിക്കും.

മറ്റൊന്ന് അല്പം പുളിയും ഉപ്പും കലർന്ന ഓർമ്മയാണ്. ചിറക്കര ത്താഴത്ത് താമസിക്കുമ്പോൾ മുരങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഗ്ലാസ്സുകളിലേയ്ക്ക് പകർന്ന് ഞങ്ങൾക്ക് കുടിക്കാൻ തരും. ഈ പാനീയം വിറ്റാമിനുകൾ നിറഞ്ഞതും അമിത രക്ത സമ്മർദ്ദത്തെ ഒഴിവാക്കുന്നതുമാണ്.

മറ്റൊന്ന് ഒഴിച്ചു കറിയാണ്. ഒന്നോ രണ്ടോ പിടി മുരിങ്ങയില കടുക് വറുത്ത് അതിലിട്ടിളക്കി വാടുമ്പോൾ തോരന്റെ അരപ്പും വെളളവും ഉപ്പും ചേർത്ത് തിളപ്പിച്ച് കറിയാക്കും. മറ്റു ഒഴിച്ചു കറികൾ ഇല്ലെങ്കിലും ചോറുണ്ണാം. അടുത്തത് തോരനാണ്. കർക്കടക മാസമൊഴികെ മറ്റെല്ലാ മാസങ്ങളിലും ഞങ്ങളുടെ വീട്ടിൽ മുരിങ്ങയില ഉപയോഗിക്കാറുണ്ട്. മുരിങ്ങക്കാ സാമ്പാർ. അവിയൽ. തീയൽ എന്നിവയിൽ ചേർത്തും തോരനായും അമ്മ ഞങ്ങൾക്ക് തരാറുണ്ട്. തോരൻ രണ്ട് വിധത്തിൽ തയ്യാറാക്കും, ഒന്ന് കായ് ഒരു വിരൽ നീളമുള്ള കഷണങ്ങളായി മുറിച്ച് നെടുകെ കീറി വേകിച്ച് തോരനാക്കും. മറ്റൊന്ന് നെടുകെ കീറിയ മുരിങ്ങക്കായുടെ മാംസളമായ ഭാഗം മാത്രം ഒരു തവി കൊണ്ട് നീക്കിയെടുത്ത് തോരൻ വയ്ക്കുന്ന വിധമാണ്. കൊച്ചു കുട്ടികൾക്ക് അതാണ് കൂടുതൽ ഇഷ്ടപ്പെടുക.
ഞങ്ങളുടെ വീട്ടിൽ നീണ്ടതും കുറിയതും ചെറുതും വണ്ണമുള്ളതുമായ വിവിധയിനം മുരിങ്ങകളുണ്ട്. ഇലകളും ധാരാളം. ചിലപ്പോൾ ഇലകൾ ഉണക്കിപൊടിച്ച് സൂക്ഷിക്കാറുണ്ട്. ഇത് സൂപ്പാക്കി കഴിച്ചാൽ പ്രസവിച്ച അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുo. സൂപ്പ് , ജ്യൂസ് കേക്ക് മറ്റ് പലഹാരങ്ങൾ എന്നിവയിൽ ചേർത്തും മുരിങ്ങയിലപ്പൊടി ഉപയോഗിക്കാവുന്നതാണ്.

കുട്ടിക്കാലത്തെ മറ്റൊരനുഭവം : ഒരു ദിവസം എന്റെ കാൽ മുട്ടിൽ നല്ല നീര്.. അച്ഛൻ അമ്മയോട് പറഞ്ഞു: അല്പം മുരിങ്ങപ്പട്ട ബട്ടികൊണ്ടുവരാൻ. അമ്മ അത് കൊണ്ടു വന്നപ്പോൾ അച്ഛൻ പറഞ്ഞു: അത് നന്നായി അരയക്കാൻ. അരച്ച ശേഷം അത് വെണ്ണയിൽ കുഴച്ച് നീരുള്ള ഭാഗത്ത് പുരട്ടി തന്നു. അല്പം ചൂട് കൂടുതൽ ആണെങ്കിലും കാലിലെ നീര് വേഗത്തിൽ മാറി.

പ്രായപൂർത്തിയായ ശേഷമുള്ള ഒരനുഭവമാണ്. പല വാടക വീടുകളിലും കറങ്ങിയ ശേഷമുളള അവസ്ഥ എന്നത് ദീർഘ നാളായി നിലനിൽക്കുന്ന കാൽമുട്ട് വേദനയായിരുന്നു. ഒരു സ്റ്റെപ്പിറങ്ങണമെങ്കിൽ വേദനിയ്ക്കുമോ എന്ന് ഭയന്ന് ഇറങ്ങേണ്ട അവസ്ഥ. അങ്ങിനെ നാട്ടിൽ സ്വന്തം വീട്ടിൽ താമസിക്കാൻ അവസരം വന്നു. പറമ്പിൽ ഉള്ള മുരിങ്ങക്കായ ഞങ്ങൾ തന്നെ ഉപയോഗിച്ചു രണ്ട് ദിവസം മുരിങ്ങക്കായ ധാരാളം കഴിച്ച ശേഷമുള്ള അനുഭവം എന്നെ അതിശയിപ്പിച്ചു. രണ്ടു കാലുകളും ഒരുപോലെ ഉപയോഗിച്ച് പടികൾ കയറാനും ഇറങ്ങാനും സാധിക്കുന്നു. ഈ അനുഭവത്തോടു കൂടി എപ്പോൾ മുരിങ്ങ ഒടിഞ്ഞ് വീണാലും അതിന്റെ കമ്പുകൾ മുഴുവൻ കുഴിച്ചു വയ്ക്കുന്ന രീതി ഞാൻ പ്രാവർത്തികമാക്കി. അങ്ങനെ പറമ്പിൽ ധാരാളം മുരിങ്ങയായി. എന്റെ മുട്ടുവേദനയ്ക്ക് പരിഹാരവും.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.