ഡോ. ഐഷ വി

ഒരു ദിവസം ചിറക്കര ഗവ.സ്കൂളിലെ വിദ്യാർത്ഥികളിൽ പലരും ക്ലാസ്സിലെത്തിയത് അധ്യാപകരുടെ കൈയ്യിലിരിയ്ക്കുന്ന ചൂരലിനേക്കാൾ നീളം കൂടിയ ചൂരൽ പോലുള്ള അല്പം കൂടി വണ്ണമുള്ള കമ്പുകളുമായിട്ടായിരുന്നു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഞാൻ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. ഇന്ന് ” അരിയോരയാണ്.” ഒരു കുട്ടിയുടെ മറുപടി. അപ്പോൾ ഒരു വിരുതൻ ഏറ്റുപറഞ്ഞു: ” അരിയോരരിയോരരിയോര
ചേനയുമില്ലേ കാച്ചിലുമില്ലേ ഉള്ളവരാരും തന്നതുമില്ലേ
തിന്നതുമില്ലേ
അരിയോരരിയോരരിയോര” .
എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ സത്യനും അതേ ക്ലാസ്സിലായിരുന്നു. സത്യൻ പറഞ്ഞു : ഇന്ന് വൃശ്ചികമാസത്തിലെ കാർത്തികയാണ്. ഇതു പോലുള്ള കമ്പിന്റെ അറ്റത്ത് തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിച്ച് നന്നായി കിളച്ചിട്ടിരിയ്ക്കുന്ന പറമ്പുകളിലെല്ലാം കൊണ്ട് പോയി നാട്ടും . പോകുന്നവഴിയ്ക്ക് ” അരിയോര” എന്ന് വിളിച്ചു കൊണ്ടാകും പോകുക. പറമ്പിലെ കരിയിലയും നീക്കി കൂട്ടിയിട്ട് കത്തിയ്ക്കും. വൈകിട്ട് വീട്ടിലുള്ള കിഴങ്ങുകളായ ചേന, കാച്ചിൽ, ചേമ്പ് നനകിഴങ്ങ് , ചെറു കൊള്ളിക്കിഴങ്ങ് എന്നിവ പുഴുങ്ങി തിന്നും .

ഉച്ചയ്ക്ക് കമ്പുകൾ കൈയിലില്ലാതിരുന്ന കുട്ടികൾ ചിറക്കര ഏറം ഭാഗത്ത് എവിടെയൊക്കെയോ പോയി കൂടുതൽ കമ്പുകൾ സംഘടിപ്പിച്ചു കൊണ്ടുവന്നു. ഞങ്ങളുടെ ക്ലാസ്സിലെ സുധ എനിക്കും സത്യനും രണ്ട് കമ്പു വീതം തന്നു. ചിറക്കര ഏറത്തെ ചില വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും അന്ന് ഈ കമ്പെടുക്കുന്ന ചെടികൾ ധാരാളം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുറഞ്ഞത് രണ്ട് കമ്പെങ്കിലും കിട്ടിയിരുന്നു.
ചിറക്കര ഇടവട്ടം ഭാഗത്തോ താഴം ഭാഗത്തോ ഈ ചെടി കാണാനില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു ഇത് കാക്കണം കോലാണെന്ന്. അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ് ടീച്ചറായ ശ്രീധരൻ സാർ ക്ലാസ്സിൽ വന്നപ്പോൾ കുട്ടികളുടെ കൈയ്യിലെ കമ്പുകളും കലപില ശബ്ദങ്ങളും കണ്ടിട്ട് പറഞ്ഞു. ” അരിയോര” എന്നല്ല പറയേണ്ടത്. ” ഹരിയോ ഹര” എന്നാണെന്ന്. കാർത്തിക ദീപം തെളിയ്ക്കുന്ന കാർഷികോത്സവമാണിന്ന്. അന്ന് പതിവില്ലാത്ത കലപില ശബ്ദത്തോടെയാണ് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയത്.

സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയിലെ വീടുകളിൽ എല്ലാം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിലർ പുറം തൊലി ചീകി ഉണക്കിയ മരച്ചീനി കമ്പിന്റെ തുമ്പിൽ തുണി ചുറ്റി വയ്ക്കുന്നു. ചിലർ പറമ്പിലും റോഡിലുമുള്ള കരിയിലകൾ നീക്കി കൂട്ടുന്നു. മറ്റുള്ളർ വിളക്ക് തേയ്ച്ച് വയ്ക്കുന്നു. ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുറെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ കാച്ചിൽ പുഴുങ്ങിയതും തേങ്ങാ ചമ്മന്തിയും കിട്ടി.
സന്ധ്യയായപ്പോൾ അമ്മ കമ്പുകളിലും കാക്കണം കോലിലും തുണി ചുറ്റിയത് എണ്ണയിൽ മുക്കി തീകത്തിച്ചു പറമ്പുകളിൽ പലയിടത്തായി കുത്തി നിർത്തി. ഇങ്ങനെ തീപന്തവുമായി പോകുന്ന വഴിക്കാണ് ” ഹരിയോ ഹര” വിളി കൂടുതലും. അപ്പി മാമൻ കരിയിലകൾ കൂട്ടിയതിന് തീയിട്ടു.
എനിക്കതൊരു പുത്തൻ അനുഭവമായിരുന്നു. കാരണം കാസർഗോഡ് ഞാൻ ഇങ്ങനെയൊരാഘോഷം കണ്ടിട്ടില്ലായിരുന്നു.

അച്ഛൻ നാട്ടിലെത്തിയപ്പോൾ ഈ ആഘോഷത്തെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞതിങ്ങനെയാണ് കർഷകർ കൃഷിഭൂമി വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നു. ഈ പ്രക്രിയ എലികളുടേയും കീടങ്ങളുടേയും നിയന്ത്രണം ഉറപ്പു വരുത്തുന്നു. അത് ഒരുമിച്ചാകുമ്പോൾ എല്ലാ വർഷവും കൃത്യമായി ഈ പ്രക്രിയ തുടർന്ന് പോകും. പിന്നെ കുട്ടികളുടെ ” അരിയോര കമ്പ്” കാക്കണം കോൽ എന്ന ചൂരൽ/ മുള വർഗ്ഗത്തിൽ പെട്ട ചെടിയാണെന്ന് കൂടി അച്ഛൻ പറഞ്ഞു തന്നു.

കാർത്തിക വിളക്കിന് പൊലിമ കൂടിയത് ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കുമ്പോഴാണ്. ആ വീട് വയലിന് അരികിലാണ്. അതിനാൽ തോട്ടു വരമ്പിലോ പാലത്തിനടുത്തോ നിന്നാൽ വളരെ ദൂരം വരെയുള്ള കാഴ്ചകൾ കാണാം. വയലിൽ ചപ്പുകൾ വാഴക്കരിയിലകൾ എന്നിവ കത്തിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഇതൊരു മത്സരമാണോ എന്നു പോലും തോന്നിപ്പോകും. എങ്ങും അഗ്നിജ്വാലകൾ . അഗ്നിയ്ക്ക് ശുദ്ധീകരിയ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ? നാട് മുഴുവൻ ശുദ്ധമാകുന്ന ദിനം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാലം മാറി. വിദേശ പണത്തിന്റെ കുത്തൊഴുക്ക് മലയാളിയെ ഇരുന്ന് തിന്നുന്നവരാക്കി. ചില വീടുകളിൽ കാർത്തിക വിളക്ക് മൺ ചിരാതിൽ ഒതുങ്ങി. കൃഷി കുറഞ്ഞു. പറമ്പുകൾ കാട് കയറി. കയ്യാലകൾ ബലപ്പെടുത്താതായി. പെരുച്ചാഴി പാമ്പ് മറ്റ് ക്ഷുദ്ര ജീവികൾ കീടങ്ങൾ എന്നിവ കൂടി . പറമ്പുകൾ പലയിടത്തും സുഗമമായി ഇറങ്ങി നടക്കാൻ പറ്റാത്തവയായി മാറി.

ഇപ്പോൾ മലയാളി തിരിച്ചറിവിന്റേയും തിരിച്ച് പോക്കിന്റേയും വക്കിലാണ്. അല്ലാതെ പറ്റില്ല എന്നായിരിയ്ക്കുന്നു. ചിലർ പറമ്പുകൾ തരിശിടാതെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ചെയ്യുമ്പോൾ കീട നിയന്ത്രണവും കാർത്തിക വിളക്കിന്റെ ഭംഗിയും കൂടും. ” ഹരിയോ ഹര”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.