ഡോ. ഐഷ വി

ഞങ്ങൾ ചിരവാത്തോട്ടത്ത് അമ്മയുടെ വീട്ടിൽ താമസിക്കുന്ന കാലം. ഒരവധി ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിൽ കളിച്ച് തിമർത്ത് മുറ്റത്തേയ്ക്ക് കയറി. സമയം സന്ധ്യയാകാറായി. അമ്മയും അമ്മാമയും വീട്ടിനകത്തുണ്ട്. അപ്പി മാമൻ ഊന്നിൻ മൂട്ടിൽ വല്യമാമന്റെ ആശുപത്രിയിൽ ലാബ് ടെക് നീഷ്യനായി ജോലി നോക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞേ വീട്ടിലെത്തൂ. പത്മനാഭൻ മേസ്തിരിയും ജനാർദ്ദനൻ പിള്ള ചേട്ടനും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അക്കാലത്ത് ആ വീട്ടിലെ പറമ്പിൽ വിളയുന്ന മുഴുവൻ സാധനങ്ങൾക്കും വിപണി തേടി അലയേണ്ട പ്രശ്നമേയില്ലായിരുന്നു. എല്ലാം വാങ്ങാൻ ആളുകൾ വീട്ടിൽ എത്തുമായിരുന്നു. എല്ലാം വീട്ടിൽ നിന്നു തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു. സാധനങ്ങൾ തൂക്കിയിരുന്ന ത്രാസ് എരിത്തിലിലായിരുന്നു. സാമാന്യം വലിയ ത്രാസിന്റെ സാധനങ്ങൾ വയ്കുന്ന തട്ട് പലക കൊണ്ടുള്ളതായിരുന്നു. പകൽ മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത ത്രാസ് സ്വതന്ത്രമാകുന്നത് സന്ധ്യ മയങ്ങുമ്പോഴേയ്ക്കാണ്. അങ്ങനെ സ്വതന്ത്രമാകുന്ന ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നത് നാലു വയസ്സുള്ള അനുജത്തിയുടെ വിനോദമായിരുന്നു. ആട്ടി വിടുന്നത് എന്റെയും അനുജന്റെയും.

പകൽ സമയത്ത് ഊഞ്ഞാലാടാൻ പത്മനാഭൻ മേസ്തിരി ഞങ്ങളെ അനുവദിയ്ക്കില്ല. വിരട്ടിയോടിയ്ക്കും .പത്മനാഭൻ മേസ്തിരിയുള്ളപ്പോൾ കഷായപ്പുരയിൽ കയറാൻ ചെന്നാലും ഇതു തന്നെയായിരുന്നു അനുഭവം.
അങ്ങനെ കളി കഴിഞ്ഞ് മുറ്റത്തെത്തിയ അനുജത്തിയ്ക്ക് ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടാനുള്ള മോഹമുദിച്ചു. അങ്ങനെ ഞങ്ങൾ എരിത്തിലിലേയ്ക്ക് കയറി. എരിത്തിലിലെ ഹാളിന്റെ ഒരറ്റത്താണ് പത്തായം. വീര ശൂരനായ പട്ടിയെ പത്തായത്തിന്റെ കാലിൽ ചങ്ങലയിട്ട് കെട്ടിയിട്ടുണ്ട്. രാത്രി മാത്രമേ അവനെ തുറന്ന് വിടുകയുള്ളൂ. അത് എരിത്തിലിൽ നിന്ന് മരുന്നിടിക്കുന്ന പുരയുടെ അപ്പുറത്ത് നിൽക്കുന്ന പ്ലാവിലേയ്ക്ക് വലിച്ചു കെട്ടിയ നെടുനീളൻ കമ്പിയിലൂടെ മാത്രം. രാത്രി സ്വതന്ത്രനാക്കുന്ന “ടൈഗർ” ( പട്ടിയാണെങ്കിലും പേരങ്ങനെയാണ്.) നെടുനീളൻ കമ്പിയിലൂടെ കോർത്തിട്ട ചങ്ങലയോടുകൂടി ഓടി നടക്കും. ആരെങ്കിലും വരുന്നെന്ന് സംശയം തോന്നിയാൽ ഗാംഭീര്യത്തോടെ കുരയ്ക്കും.

ഞങ്ങൾ എരിത്തിലിലെത്തിയപ്പോൾ ടൈഗർ പത്തായത്തിനും ഭിത്തിയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തു കിടന്നുറക്കമാണ്. അനുജത്തി ത്രാസിന്റെ തട്ടിൽ കയറിയിരുന്നു. ഞങ്ങൾ അവളെ ആട്ടി വിട്ടു. അങ്ങനെ കുറച്ചു നേരമായപ്പോൾ ആട്ടിവിട്ട ദിശ അല്പം മാറിപ്പോയി അനുജത്തിയും ത്രാസും കൂടി പട്ടിയുടെ ദേഹത്ത് ചെന്നിടിച്ചു. അവൻ ഉണർന്നു. അന്നേരം ഒന്ന് മുരണ്ടു. വീണ്ടും ഇതാവർത്തിച്ചു. ഇങ്ങനെ ഊഞ്ഞാലാട്ടം മൂന്നാല് പ്രാവശ്യം കൂടി നീണ്ടു. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന പഴഞ്ചൊല്ലുപോലെ, അതുവരെ ക്ഷമിച്ച ടൈഗർ ഞൊടിയിടയിൽ അനുജത്തിയെ വലിച്ച് താഴെയിട്ട് പത്തായത്തിന്റേയും ഭീത്തിയുടേയും ഇടയിട്ട് കടിച്ച് കീറാൻ തുടങ്ങി. നിസ്സഹായരായ ഞാനും അനുജനും നിലവിളിയ്ക്കാൻ തുടങ്ങി. അമ്മാമ്മ ഓടിവന്ന് പട്ടിയുടെ പക്കൽ നിന്നും ധീരമായി കുട്ടിയെ മോചിപ്പിച്ചു. അനുജത്തിയെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം അമ്മാമ്മ നിന്ന നിൽപ്പിൽ മൂലക്കടവരെ ഓടി. അന്ന് ആ ഗ്രാമത്തിൽ ഏറ്റവുമടുത്ത് ടാക്സി കാറുകൾ ലഭ്യമായിരുന്ന സ്ഥലം മൂലക്കടയാണ്. കാറുമായി തിരികെയെത്തിയ അമ്മാമ അമ്മയെയും അനുജത്തിയേയും കൂട്ടി ഊന്നി ൻ മൂട്ടിലെ വല്യമാമന്റെ ആശുപത്രിയിലേയ്ക്ക് യാത്രയായി. ഞാനും അനുജനും വീട്ടിലിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മടങ്ങിയെത്തി. അനുജത്തിയുടെ മുഖത്തും മുതുകത്തും തലയിലും പട്ടിയുടെ ആക്രമണമേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ അളളിയതാകണം നെടുനീളത്തിൽ രണ്ട് മുറിവുകൾ സ്റ്റിച്ചിട്ടിരുന്നു.

കുറേ ദിവസം കഴിഞ്ഞു. സ്റ്റിച്ചെടുത്ത മുറിവുകൾ ഉണങ്ങി കഴിഞ്ഞപ്പോൾ ഒരു ദുരന്ത സന്ധ്യയുടെ സ്മരണയെന്ന പോലെ തഴമ്പുകൾ അവളുടെ ദേഹത്ത് നില നിന്നു. മുമ്പ് ചിക്കൻ പോക്സ് വന്ന് മറു ദണ്ഡിച്ച് വടുക്കൾ ഉണ്ടായതിന് പുറമേയായിരുന്നു ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.