ഡോ. ഐഷ വി
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം പാട്ട് സാർ ക്ലാസ്സിൽ വന്നു. ഉച്ചയൂണിന് സമയമായതു കൊണ്ട് അന്ന് സാറ് പാട്ടൊന്നും പഠിപ്പിച്ചില്ല. സ്കൂളിലെ സംഗീതാധ്യാപികയും പ്രമുഖ കാഥികയുമായിരുന്ന ശ്രീമതി ഇന്ദിരാ വിജയൻ കാറപകടത്തിൽ മരിച്ചതിന് ശേഷമായിരുന്നു പുതിയ പാട്ട് സാർ നിയമിതനായത്. എല്ലാവരും പാട്ട് സാർ എന്ന് പറയുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് എനിക്കത്ര സുപരിചിതമല്ല . ചന്ദ്രൻ എന്നാണോ എന്ന് സംശയമുണ്ട്. നമുക്ക് പാട്ട് സാർ എന്ന് തന്നെ വിളിയ്ക്കാം. അദ്ദേഹം ക്ലാസ്സിൽ വന്ന് പാട്ട് പഠിപ്പിച്ചതായി എനിക്ക് ഓർമ്മയില്ല. അന്ന് അദ്ദേഹം ഗന്ധങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്. പ്രത്യേകിച്ച് ഭക്ഷണ പദാർത്ഥങ്ങളുടെ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ രുചി ഗന്ധം വഴി നിർണ്ണയിക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാനതത്ര വിശ്വസിച്ചില്ല. അത് പറ്റുന്ന കാര്യമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കറികൾക്ക് കടുക് വറക്കുന്നതിന്റെ സുഗന്ധത്തേയും പഴകിയ ഭക്ഷണത്തിന്റെ ദുർഗന്ധത്തേയുമൊക്കെ കുറിച്ച് സുദീർഘം സംസാരിച്ചു. എന്നിട്ടും എനിയ്ക്കത്ര വിശ്വാസം വന്നില്ല.
എന്നാൽ ഒരു ദിവസം അച്ഛന്റെ അമ്മാവൻ ഞങ്ങളെയും കൂട്ടി ചിറക്കര ത്താഴം ശിവക്ഷേത്രത്തിലെ ഒരു പരിപാടി കാണാൻ പോയി. അവിടെ ഭജന നടത്തുന്നതിന് നേതൃത്വം കൊടുത്തയാളെ കണ്ട് ഞാൻ അതിശയിച്ചു പോയി. അത് ചിറക്കര സ്കൂളിൽ ഞങ്ങളെ പഠിപ്പിക്കുന്ന പാട്ടു സാറായിരുന്നു. അദ്ദേഹം നല്ല ഉച്ചത്തിൽ നന്നായി പാട്ട് പാടാൻ ആരംഭിച്ചു.
” നാഗത്തും മലയിലെ നാഗയക്ഷിയമ്മേ
നാളെയീക്കാവിലെ തുള്ളലാണേ…..” അതങ്ങനെ നീണ്ടപ്പോൾ ആ ക്ഷേത്രത്തിലെ പൂജാരിണി അവിടേയ്ക്കെത്തി. അടിമുടി ജഡപിടിച്ച മുടി അവരുടെ പാദം വരെ നീളമുള്ളതായിരുന്നു. മുടിയവർ ഉച്ചിയിൽ കോൺ ആകൃതിയിൽ കെട്ടിവച്ചു. അവരുടെ മുടിയ്ക്ക് ഒരവിഞ്ഞ ഗന്ധമുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നി. പാട്ട് സാർ ഗന്ധത്തെ കുറിച്ച് പറഞ്ഞത് ഞാൻ ഓർത്തു. മഴ പെയ്ത് കുതിർന്ന പുതുമണ്ണിന്റെ ഗന്ധവും പൂക്കളുടെ സുഗന്ധവും നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും ഭക്ഷണ പദാർത്ഥങ്ങളുടെ ഗന്ധത്തെ തിരിച്ചറിയാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിലൊന്ന് പഴകിയ പാചക എണ്ണയുടെ ഗന്ധമായിരുന്നു. ഏതെങ്കിലും തട്ടുകടയുടെ മുന്നിലൂടെയോ ഹോട്ടലിന്റെ മുന്നിലൂടെയോ ബസ് പോകുമ്പോൾ ബസിലിരിക്കുന്ന എനിക്ക് എണ്ണയുടെ പഴക്കം ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ആളുകൾ കോഴി വേസ്റ്റ് കൊണ്ട് തള്ളുന്ന മേവറം ഭാഗത്ത് ബസ് എത്തുമ്പോൾ കണ്ണടച്ചിരുന്നാൽപ്പോലും ഗന്ധത്തിൽ നിന്ന് സ്ഥലമറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വെള്ളത്തെറ്റി വിടർന്നു നിൽക്കുന്ന മുറ്റത്തെ പ്രഭാത സുഗന്ധം എന്റെ മനം മയക്കിയിരുന്നു. പുഴുങ്ങിയ കപ്പയുടെ ഗന്ധം , ആവി പൊങ്ങുന്ന പുട്ടിന്റെ ഗന്ധത്തിൽ നിന്ന് അത് റേഷനരിയുടെ പുട്ടാണോ അതോ നാടൻ കുത്തരിയുടെ പുട്ടാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. വെന്ത മഞ്ഞളിന്റെ ഗന്ധം, പുഴുങ്ങിയ പയറിന്റെ ഗന്ധം, പുതു വസ്ത്രത്തിന്റെ ഗന്ധം അങ്ങനെ നാസാരന്ധ്രങ്ങൾക്ക് സുഖദായിനിയായവയും അല്ലാത്തവയുമായ ഗന്ധങ്ങളെ സാധനം കാണാതെ തരം തിരിക്കാൻ ഞാൻ പഠിച്ചത് പാട്ട് സാർ തന്ന ആ സൂചനയിൽ നിന്നാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply