ഡോ. ഐഷ വി

ചിറക്കര ത്താഴത്ത് താമസമായപ്പോൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ മര്യാദ രാമന്മാരായിരുന്നു. യാതൊരു കുരുത്തക്കേടുകളും ഇല്ല. വല്ല കുരുത്തക്കേടും കാണിച്ച് അച്ഛനമ്മമാരിൽ നിന്നും അടി വാങ്ങുന്നത് അപ്പുറത്തെ കുട്ടികൾ കണ്ടാൽ നാണക്കേടല്ലേ എന്ന ചിന്തയായിരുന്നു ഈ മര്യാദ രാമത്വത്തിന് പിന്നിൽ. അതൊക്കെ കാറ്റിൽ പറന്നത് വളരെ വേഗത്തിലായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ ‘മകൾ ബേബി അപ്പച്ചിയുടെ കൈയ്യിൽ നിന്നും ഞങ്ങൾ കാൺകെ അടി മേടിച്ചപ്പോൾ. അന്ന് വൈകിട്ട് കിളിമരചോട്ടിലെ പൂജയുടെ വട്ടം കൂട്ടുകയായിരുന്നു ശ്രീദേവി അപ്പച്ചി . അതിനിടയിൽ ബേബി എന്തോ കുരുത്തക്കേട് കാണിച്ചതിനാണ് അടി കൊണ്ടത്. ലക്ഷ്മി അച്ഛാമ്മയുടെ അകാലത്തിൽ ചരമമടഞ്ഞ മകളുടെ ശ്രാദ്ധ ദിവസമായിരുന്നു അന്ന്. കിളിമരചോട്ടിലായിരുന്നു അവരെ അടക്കിയിരുന്നത്. അവിടെ ശ്രാദ്ധദിവസം എല്ലാ വർഷവും ലക്ഷ്മി അച്ഛാമ്മ പൂജ നടത്തിയിരുന്നു. അരിയട, അവൽ, കരിക്ക്, ശർക്കര, കൽക്കണ്ടം, തേങ്ങ എന്നിവയുണ്ടായിരുന്നു. പൂജ കഴിയുമ്പോൾ ഇതെല്ലാം എല്ലാവർക്കുമായി വീതിച്ച് നൽകും.

ലക്ഷ്മി അച്ഛാമ്മയ്ക്ക് എന്റെ അനുജനോട് അല്പം സ്നേഹം .കൂടുതലായിരുന്നോ എന്നെനിയ്ക്ക് തോന്നീട്ടുണ്ട്. ഇത്രയും പെൺകുട്ടികൾക്കിടയിലെ രണ്ടാൺ തരികളിൽ ഒരാളല്ലേ എന്ന പരിഗണനയാവാം. രണ്ട് വീട്ടിലും കൂടി മൊത്തം 16 കുട്ടികൾ. പതിനാല് പെൺകുട്ടികൾക്ക് തലനിറയെ മുല്ലപ്പൂ ചൂടാനായി മുറ്റത്തിനരികിലെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിളിമരത്തെ ഇപ്പുറത്തെ പറമ്പിലേയ്ക്ക് ചായ്ച്ച് നിർത്തിയിരുന്ന നിത്യ ഹരിതയായ ഒരു മുല്ല . ഈ മുല്ലയുടെ പ്രത്യേകത അരിമുല്ലയേക്കാൾ വല്യ നീണ്ട കുടുമുല്ലയേക്കാൾ നീളം കൂടി വണ്ണം കുറഞ്ഞ പൂക്കളായിരുന്നു. . കുട്ടികളുടെ കൂട്ടത്തിൽ പ്രായോഗിക ബുദ്ധി കൂടിയ കതിയാമ്മചേച്ചി കിളിമരച്ചുവട്ടിൽ ഒരു കമഴ്ത്തിയോട് വച്ച് മഴ നനയാതെ വിളക്ക് കത്തിയ്ക്കാനുള്ള സംവിധാനം കമനീയമാക്കി.

ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് മുല്ലപൂക്കുന്ന കാലം. മാർച്ച് പകുതി കഴിയുമ്പോൾ പൂക്കളുടെ അളവ് വളരെ കൂടും. ഉയരങ്ങളിൽ നിൽക്കുന്ന മുല്ലപ്പൂ കേടുപാടില്ലാതെ പറിച്ചെടുക്കാനുമുണ്ട് കതിയാമ്മ ചേച്ചിയുടെ പ്രായോഗിക ബുദ്ധി. ഓലമെടയുന്നവർ ചീകിയിടുന്ന മടൽ പ്പൊളികൾ പുള്ളിക്കാരി സംഘടിപ്പിയ്ക്കും. അതിൽ പച്ച ഈർക്കിൽ വച്ച് കെട്ടി തൈപ്പുണ്ടാക്കും. ആദ്യം പാകമാകുന്നത് മൂന്ന് മുല്ലപ്പൂ മൊട്ടുകൾ ഉള്ള ഒരു ഞെട്ടിലെ നടുക്കു നിൽക്കുന്നത് ആയിരിയ്ക്കും. വളരെ സൂക്ഷ്മതയോടെ പിഞ്ചു മൊട്ടുകൾക്ക് കേട് പാട് പറ്റാതെ പറിച്ചെടുക്കാനും കതിയാമ്മ ചേച്ചിയ്ക്ക് പ്രത്യേക വൈദഗ്ദ്യമുണ്ട്.

കൊച്ചു കുട്ടികൾ പിച്ചിയെടുത്ത മുല്ലമൊട്ടുകൾ തിണ്ണയിൽ വച്ചിരിയ്ക്കുന്ന തൂശനിലയിൽ ഇടും. മുല്ലമൊട്ടുകൾ കെട്ടാനുള്ള വാഴവള്ളികൾ നേരത്തേ തന്നെ മുറിച്ചെടുത്ത് ഒരു ബക്കറ്റിലെ വെള്ളത്തിൽ കുതിർക്കാൻ വച്ചിട്ടുണ്ടാകും. അതിൽ നിന്ന് കെട്ടാൻ പാകത്തിലുള്ള നാരുകൾ വേർപെടുത്തി മുതിർന്ന കുട്ടികൾ മുല്ലമൊട്ടുകൾ ചന്തത്തിൽ കെട്ടി വാഴയിലയിൽ പൊതിഞ്ഞ് വീടിന്പുറത്ത് വച്ച് മഞ്ഞ് കൊള്ളിച്ചാൽ രാവിലെ നല്ല മുല്ലപ്പൂ മാല തയ്യാർ. രാവിലെ കതിയാമ്മ ചേച്ചി കത്രിക വച്ച് മാല നിശ്ചിത നീളത്തിൽ മുറിച്ച് നൽകും. കുട്ടികൾ അതും ചൂടിയാകും സ്കൂളിൽ പോവുക. ഒരിക്കൽ ധാരാളം മുല്ലപൂക്കൾ ചൂടി സ്കൂളിൽ പോയ എന്നെ ചില പൂവാലന്മാർ കല്യാണപ്പെണ്ണെന്ന് വിളിച്ച് കളിയാക്കിയിരുന്നു. മുല്ലയുടെ ഉണങ്ങിയ ചെറു ചില്ലകൾ കൊണ്ട് കുട്ടികളുടെ കണ്ണും ദേഹവുമൊക്കെ മുറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ കരുതലും സ്നേഹവും ഞങ്ങൾ മനസ്സിലാക്കിയ ഒരു സന്ദർഭം അനുജത്തിയുടെ കണ്ണ് ഇതു പോലെ മുറിഞ്ഞ വേളയിലാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.