ഡോ. ഐഷ . വി.
*ജെയ്സൺ ടാപ്പും കമലാക്ഷിയും പിന്നെ ഞാനും *
നമ്പ്യാരുടെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിച്ചപ്പോൾ എന്റെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. അമ്മ ഉച്ച ഭക്ഷണം തന്ന് അയക്കാൻ തുടങ്ങി. ആദ്യം ഒരു പൊതിച്ചോറായിരുന്നു തന്നത്. ഞാനത് സ്കൂളിൽ ക്ലാസ്സ് മുറിയിൽവച്ച് കഴിച്ചു. ഞങ്ങൾ കൊച്ചു കുട്ടികൾക്ക് കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാൻ സാധിക്കാത്തതിനാൽ സ്കൂളിനടുത്ത് വഴി വക്കിലുള്ള ടാപ്പി നെയായിരുന്നു ആശ്രയിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുപോയ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചിട്ട് ഭക്ഷ്യാവശിഷ്ടങ്ങളുo ഇലയും പേപ്പറും കൂടി ചുരുട്ടി ഞങ്ങളുടെ ഒന്നാo ക്ലാസ് സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന്റെ മുൻ വശത്തെ മുറ്റത്തേയ്ക്കിട്ടു. കമലാക്ഷി എന്നെയും കൂട്ടി വഴിവക്കിലെ ടാപ്പിനടുത്തെത്തി. ടാപ്പുയർത്തി കൈ കഴുകുക കൊപ്ലിക്കുക( വായ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു കഴുകുക ) എന്നത് കുറച്ചു പ്രയാസം സൃഷ്ടിച്ച അനുഭവമായിരുന്നു. എന്റെ പ്രയാസം കണ്ടപ്പോൾ കമലാക്ഷി ടാപ്പുയർത്തിത്തന്നു . ഞാൻ മനസ്സമാധാനത്തോടെ കൈയ്യും വായും മുഖവും കഴുകി കമലാക്ഷിയോടൊപ്പം തിരികെ പോന്നു.
പിറ്റേ ദിവസം ഭക്ഷണം കഴിച്ച ശേഷം ഞാൻ പൊതി വീണ്ടും മുൻഭാഗത്തെ മുറ്റത്തിട്ടു. മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിച്ചെറിഞ്ഞ ചപ്പ് അദ്ദേഹംഎന്നെ കൊണ്ടു തന്നെ എടുപ്പിച്ചു. എന്നിട്ട് പറഞ്ഞു ഇനി ഇതു പോലെ ചാടരുത്. കാസർഗോഡൻ ഭാഷയിൽ ചാടരുത് എന്നാൽ എറിയരുത് എന്നർത്ഥം. ഞാനതെടുത്ത് എവിടെക്കളയണം എന്നോർത്ത് വിഷമിച്ച് ക്ലാസ്സ് മുറിയിലേയ്ക്ക് തിരികെപ്പോയി. ജാലകത്തിലൂടെ നോക്കിയപ്പോൾ കെട്ടിടത്തിന്റെ പിൻ ഭാഗത്ത് അധികം ആൾപ്പെരുമാറ്റം ഇല്ലാത്ത സ്ഥലത്ത് കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നു. ഒരല്പം വൃത്തികേടുള്ള സ്ഥലത്ത് കൂടുതൽ ചപ്പുചവറുകൾ വലിച്ചെറിയാനുള്ള മനുഷ്യ സഹജമായ വാസന ഞാനും പ്രയോഗിച്ചു. ചവർ ജനലിലുടെ കെട്ടിടത്തിന്റെ പിൻ ഭാഗത്തേയ്ക്ക് പറന്നു. തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പേ കണ്ട മാഷ് പിന്നിലുണ്ട്. ഇവിടെയും ഇടാൻ പാടില്ല. നാളെ മുതൽ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവരിക. ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ആ മാഷിൽ നിന്നും പഠിച്ചു. അക്കാലത്ത് ഇന്നുള്ളതു പോലെ പ്ലാസ്റ്റിക് ചവറുകളില്ല , കേട്ടോ. എല്ലാം പൂർണ്ണമായും ജൈവം.
( കാലം എ.ഡി. 1973)
പിന്നീട് ഞാൻ പാഥേയം( പൊതിച്ചോർ) വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ പ്രശ്നം അല്പം കൂടി മൂർച്ഛിച്ചു. വഴിവക്കിലെ ടാപ്പ് ഒരു കൈ കൊണ്ട് ഉയർത്തിപ്പിടിച്ച് മറുകൈ കൊണ്ട് പാത്രം കഴുകി വൃത്തിയാക്കാനുള്ള സാമർത്ഥ്യം എനിക്കില്ലായിരുന്നു. കമലാക്ഷി ദിവസവും കമലാക്ഷിയുടെ ഭക്ഷണം നേരത്തേ കഴിച്ച് ഓടിവരും. എന്നെ സഹായിക്കാൻ. അപ്പോഴെല്ലാം ഞാൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു : ഇനി ഒരിക്കലും കമലാക്ഷി ഒന്നാo ക്ലാസ്സിൽ തോൽക്കരുതേയെന്നു. ഞാൻ രണ്ടാം ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിക്കുറപ്പായിരുന്നു. കമലാക്ഷിയുടെ കാര്യത്തിലായിരുന്നു പേടി. അതുകൊണ്ടാണ് മുട്ടിപ്പായി പ്രാർത്ഥിച്ചത്. കമലാക്ഷി ഒന്നിൽ തോറ്റാൽ പിന്നെ ടാപ്പുയർത്തിപ്പിടിക്കാൻ എന്നോടൊപ്പം വന്നില്ലെങ്കിലോ എന്ന ആശങ്ക.
എന്നെ അല്പം പ്രയാസപ്പെടുത്തിയ ഈ ടാപ്പിന്റെ പേര് ജെയ്സൺ ടാപ്പ് എന്നാണെന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി. ഞാൻ എം ബി എ ക്ക് പഠിക്കുമ്പോൾ I PR അഥവാ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്ന പേപ്പറിന്റെ അസൈൻമെന്റിൽ നമ്മുക്കറിയാവുന്നതും നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളതു മായ പേറ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമായിരുന്നു. അപ്പോഴാണ് ജെയ്സൺ ടാപ്പ് കണ്ടുപിടിച്ചത് ജെ പി സുബ്രഹ്മണ്യ അയ്യർഎന്ന തിരുവിതാംകൂറുകാരനാണെന്നും തിരുവിതാം കൂറിലെ ആദ്യ പേറ്റന്റുകളിലൊന്നിതാണെന്നും ഈ ടാപ്പിന്റെ പ്രത്യേകത ജലം ഒട്ടും പാഴായി പോകില്ലെന്നതുമാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ എന്ന അധ്യാപകന്റെ പേറ്റന്റിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഇരുന്നപ്പോൾ അദ്ദേഹവു o ജെയ്സൺ ടാപ്പിന്റെ പേറ്റന്റിനെ കുറിച്ചും ഈ ടാപ്പ് നമ്മുടെ വഴിയോരങ്ങളിൽ ഉപയോഗിച്ചതിനെ കുറിച്ചുo ലോകം മുഴുവൻ ഈ ടാപ്പിന് പ്രചാരം ലഭിച്ചെന്നും അറിഞ്ഞപ്പോൾ അതു കണ്ടുപിടിച്ച മലയാളിയെ ഓർത്ത് ഞാൻ രോമാഞ്ചം കൊണ്ടു . ഒപ്പഠ എന്റെ പ്രിയ കൂട്ടുകാരി കമലാക്ഷിയെയും ഓർത്തു. എന്നെന്നും ഓർമ്മിക്കുവാനായി കൊച്ചു കൊച്ചു നന്മകൾ അവശേഷിപ്പിക്കുന്നവരെ നമുക്ക് ഓർക്കാതിരിക്കാൻ ആകുമോ . വേസ്റ്റ് വലിച്ചെറിയരുതെന്ന് പഠിപ്പിച്ച പേരറിയാത്ത ആ അധ്യാപകനേയും മറക്കാനാകില്ല.
Leave a Reply