അമൽമോൻ റോയി

ഒരു ക്രിസ്തുമസ് രാവ് കൂടി വന്നിരിക്കുകയാണ്. ക്രിസ്തുമസ് എപ്പോഴും മുന്നോട്ടുവയ്ക്കുന്നത് ശാന്തിയും സമാധാനവും ആണ്. എല്ലാവർക്കും ക്രിസ്തുമസിന്റെ ആശംസകൾ നേരണമെന്നുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അനുസരിച്ച് അതിന് സാധിക്കുകയില്ല. ഇന്ത്യയിലൊട്ടാകെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുകയാണ്. ഉണ്ണിയേശു അങ്ങ് ബത്‌ലഹേമിൽ ശാന്തിയും സമാധാനവും നൽകുവാനാണ് ജനിച്ചതെങ്കിൽ ഈ ക്രിസ്തുമസിന് ഉണ്ണിയേശു ജനിക്കേണ്ടത് ഇന്ത്യയിലാണ്. സമാധാനം എന്താണെന്ന് കുറച്ചുനാളായി ഇന്ത്യ അറിയുന്നില്ല . എവിടെയും അക്രമണവും വെടിവെപ്പും മാത്രം. ഒരു ജന്മദിന ആഘോഷ വേളയിൽ മരണ ദിനങ്ങളുടെ കാഴ്ചകൾ കാണേണ്ടി വരുന്നു.

രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണുവാൻ കാലിത്തൊഴുത്തിൽ വന്നു എന്നതിന്റെ അനുസ്മരണവും ഇന്നേ ദിവസം നടക്കുന്നു.
ഇന്ത്യയിലെ രാജാക്കന്മാർ അഥവാ ഇന്ത്യ ഭരിക്കുന്നവർ പ്രജകളുടെ പ്രശ്നം കാണാത്തത് ആണോ? അല്ലെങ്കിൽ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിക്കുന്നതാണോ? ഒരുപക്ഷേ അവർ ഈ നിയമ നിർമ്മാണത്തിൽ ചില ഗുണങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാലും തന്റെ പ്രജകളുടെ പ്രശ്നങ്ങൾ കണ്ടു മനസ്സിലാക്കി അതിനു പരിഹാരം കാണുന്നവരാണ് യഥാർത്ഥ ഭരണകർത്താക്കൾ. എന്നാൽ നമ്മുടെ രാജ്യത്ത് മാറി വരുന്ന പല ഭരണകൂടത്തിനും ഇതിന് സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന ഈ പ്രക്ഷോഭം ഇത്രത്തോളം വഷളാകുന്ന സാഹചര്യത്തിലും ഭരണകൂടത്തിലെ ഈ മൗനം എത്രത്തോളം ഈ രാജ്യത്തെ ബാധിക്കുമെന്ന് കണ്ടറിയണം. ഒരു നിയമം നടപ്പിലാക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഭരണഘടനയ്ക്കും അനുസരിച്ചാണ്. ഈ നിയമം ഈ പൗരത്വഭേദഗതി ബില്ലിന് ബാധകമല്ല എന്ന് ചോദിക്കുന്ന അവരെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇതിനു വലിയ ഉദാഹരണമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട വരും പരിക്കേറ്റ വരും.

കഴിഞ്ഞ ദിവസം കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പ്രശ്നങ്ങൾ കൂടി കൂട്ടിവായിക്കുമ്പോൾ അടിച്ചേൽപ്പിക്കലിന്റെ സ്വരം നമുക്ക് വായിക്കാം. തെറ്റ് പറ്റാത്ത മനുഷ്യരില്ല. ഈ തെറ്റ് തിരുത്തി പുതിയ മനുഷ്യൻ ആകുമ്പോഴാണ് സന്തോഷവും സമാധാനവും ഉണ്ടാക്കുന്നത്. ഈ ക്രിസ്തുമസ് രാവിൽ നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാം.

അമൽമോൻ റോയി.

കോട്ടയം ഉഴവൂർ സ്വദേശി. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർഥിയാണ്.
ഉഴവൂർ കൂപ്ലിക്കാട്ടിൽ റോയി മിനി ദമ്പതികളുടെ മൂത്തമകൻ. സഹോദരി റിയ.