ഡോ. ഐഷ വി

എ ഡി 1979 (കൊല്ലവർഷം 1154) കർക്കിടക മാസത്തിൽ 9 ദിവസം തുടർച്ചയായി രാപകൽ നിർത്താതെ മഴ പെയ്തു. ഞങ്ങളുടെ വീടിന് മുന്നിലുള്ള വയൽ പുഴയായി ഒഴുകി. വയലിന് കുറുകെയുള്ള വഴി ഒലിച്ചു പോയി. അക്കരെ ഇക്കരെ നീന്തി കടക്കുകയല്ലാതെ യാതൊരു മാർഗ്ഗവുമില്ല. പൊതു ജനങ്ങൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. ഞങ്ങളുടെ വസ്ത്രങ്ങൾ അമ്മ അലക്കിയാൽ ഉണക്കിയെടുക്കാൻ നിവൃത്തിയില്ല. അങ്ങനെ തട്ടിൻപുറത്ത് കയറാനുള്ള ഏണിയിൽ അമ്മ വീട്ടിലുള്ള എല്ലാ പേരുടേയും മുഷിഞ്ഞ വസ്ത്രങ്ങൾ തൂക്കിയിട്ടു. കള്ള കർക്കിടകത്തെ നേരിടാനായി അമ്മ നേരത്തേ തന്നെ വിറക്, ചൂട്ട്, കൊതുമ്പ് മടൽ എന്നിവ കട മുറിയിൽ ശേഖരിച്ച് വച്ചിരുന്നതിനാൽ ഇന്ധനക്ഷാമം ഉണ്ടായില്ല. ശ്രീ ബാലൻ പിള്ളയുടെ പക്കൽ നിന്നും നെല്ല് നേരത്തേ വാങ്ങി പുഴുങ്ങി ഉണക്കി കുത്തി സ്റ്റോക്ക് ചെയ്തിരുന്നതിനാൽ അരിയ്ക്കും ക്ഷാമമുണ്ടായിരുന്നില്ല. കള്ള കർക്കിടകം വറുതിയിലാക്കിയ ധാരാളം പേർ പ്രദേശത്തുണ്ടായിരുന്നു. പലരും ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചിൽ മുതലായവ കൊണ്ട് അന്നജത്തിന്റേയും പോഷകങ്ങളുടേയും കുറവ് പരിഹരിച്ചു.

പുഴ പോലെയൊഴുകുന്ന വയലുകാണാൻ ഞങ്ങളും അയൽ വീട്ടുകാരും കുടയും പിടിച്ച് ഞങ്ങളുടെ പറമ്പിന്റെ അറ്റം വരെ പോയി നിന്ന് കണ്ടു. പല പറമ്പുകളിൽ നിന്നും വെള്ളം ഒഴുക്കി കൊണ്ടുവന്ന പല സാധനങ്ങളും വയലിലൂടെ ഒഴുകി. നീന്തലറിയാവുന്ന തയ്യൽക്കാരൻ പുഷ്പൻ അക്കരെ ഇക്കരെ പലപ്രാവശ്യം നീന്തി ഒഴുകി വന്ന ചില സാധനങ്ങൾ പിടിച്ചെടുത്തു. അതിൽ ഒന്ന് ഒരു തെങ്ങിൻ തൈ ആയിരുന്നു. എ ഡി 2018 ലെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കാലത്തു പോലും 1979 ലെ അത്രയും ജലം ആ വയലിലൂടെ ഒഴുകിയിട്ടില്ല. ഒരു പക്ഷേ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം പിൽക്കാലത്ത് നിർമ്മിച്ച കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കനാലിൽ തങ്ങി നിൽക്കുന്നത് കൊണ്ടാകാം വയലിൽ അമിത ജലപ്രവാഹം പിന്നീട് ഉണ്ടാകാതിരുന്നത്. 1979 -ൽ കർക്കിടകപ്പെരുമഴ 9 ദിവസത്തിലധികം നീണ്ടു നിന്നിരുന്നെങ്കിൽ വെള്ളം നമ്മുടെ പറമ്പിലേയ്ക്കും എത്തുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തോരാമഴയിൽ ഞങ്ങളുടെ വീടിന്റെ പല ഭാഗത്തും വെള്ളം ചോർന്നിരുന്നു. അമ്മയും ഞങ്ങളും കൂടി കിട്ടിയ പാത്രങ്ങൾ ഒക്കെയെടുത്ത് ചോർച്ചയുള്ള ഭാഗത്ത് തറയിൽ നിരത്തി.

ഉറുമ്പിന്റേയും പച്ചത്തുള്ളന്റേയും കഥയിൽ പ്രതിപാദിയ്ക്കുന്നതു പോലെ, ഞങ്ങളുടെ അച്ഛനമ്മമാർ ഉറുമ്പിന്റെ കരുതൽ എല്ലാക്കാലത്തും കാണിച്ചിരുന്നത് കൊണ്ട് വറുതിയില്ലാതെ കർക്കിടകം കടക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.