ഡോ. ഐഷ വി
1979 ഫെബ്രുവരി മുതൽ പത്രങ്ങളിലെ പ്രധാന വിഷയം സ്കൈലാബ് തിരിച്ച് ഭൂമിയിലേയ്ക്ക് വീഴുന്നതിനെ കുറിച്ചായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞാനും കൗതുക പൂർവ്വം ആ വാർത്തകളിലൂടെ കടന്നുപോയി. കുട്ടികളുടെ ഇടയിലും അത് ചർച്ചാ വിഷയമായിരുന്നു. ക്ലാസിലെത്തിയ ചില അധ്യാപകരും സ്കൈ ലാബിനെ കുറിച്ച് സംസാരിച്ചിരുന്നു. യു എസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈലാബ് ബഹിരാകാശത്തേയ്ക്ക് പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളുള്ളതായിരുന്നു. എന്നാൽ തിരിച്ച് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി ഇറക്കാൻ പറ്റിയ സംവിധാനമൊന്നും അതിലില്ലായിരുന്നു.
അതു കാരണം പൊതുജനങ്ങളുടെ മനസ്സിൽ ഒരു ഭയം സൃഷ്ടിക്കാൻ പത്രവാർത്തകൾക്ക് കഴിഞ്ഞു. അങ്ങനെ ടെറസ്സിൽ തുണി വിരിയ്ക്കാൻ കയറിയ ഒരു സ്ത്രീ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ സ്കൈ ലാബ് വീഴുന്നതായിരിയ്ക്കും എന്നൂഹിച്ച് ടെറസ്സിൽ നിന്നും എടുത്തു ചാടിയതു മൂലം അപകടം പറ്റിയത്രേ. അങ്ങനെ മൂന്നാല് മാസങ്ങൾ കടന്നുപോയി. 1979 ജൂലൈ 11ന് സ്കൈലാബ് ഓസ്‌ട്രേലിയയിൽ പതിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.
41 വർഷങ്ങൾക്കിപ്പുറം ബഹിരാകാശ യാത്രയിലും പരീക്ഷണങ്ങളിലും മനുഷ്യൻ വളരെയധികം പുരോഗമിച്ചു. അത്തരം പരീക്ഷണങ്ങൾ മാനവരാശിയുടെ നന്മയ്ക്ക് ഉതകുന്നതാക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply