ഡോ. ഐഷ വി

“ഇവിടെ നല്ലൊരു കുശിനി ഉണ്ടായിരുന്നതാ . അത് പൊളിച്ച് വയ്ക്കേണ്ടി വന്നപ്പോൾ ഈ പരുവത്തിലായി” . ഗോപാലൻ വല്യച്ഛൻ അമ്മ കൊടുത്ത ചായ ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു തുടങ്ങി. വല്യച്ഛൻ ഒരല്പം ചരിത്രം പറഞ്ഞു തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. തറവാട്ടിൽ മരുമക്കത്തായം വിട്ട് മക്കത്തായമായപ്പോൾ ആദ്യം സ്വതന്ത്രനായത് ഗോപാലൻ വല്യച്ഛനാണ്. പതിനെട്ടാം വയസ്സിൽ തന്നെ കാരണവരുടെ ആശ്രിതനായി കഴിയാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ തന്നെ അധ്വാനിച്ചാൽ വലിയ മേന്മയില്ലെന്ന് തോന്നിയതിനാൽ സിങ്കപ്പൂരിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നീലമ്മയുടെ സീമന്ത പുത്രൻ സിങ്കപ്പൂരിലേയ്ക്ക് യാത്രയായി. സ്വത്ത് ഭാഗം വച്ച സമയത്ത് പറക്കമുറ്റാതിരുന്ന കൃഷ്ണൻ. കേശവൻ, രാമൻ എന്നിവരുടെ സ്വത്തുക്കൾ നീലമ്മ ഒറ്റപട്ടികയിലാണിട്ടിരുന്നത്. ജ്യേഷ്ഠൻ നാടുവിട്ടതോടെ അനുജന്മാരും പറക്കമുറ്റിയതോടെ ഓരോരുത്തരായി സിങ്കപ്പൂർ ലക്ഷ്യം വച്ച് യാത്രയായി. രണ്ടാo ലോക മഹായുദ്ധവും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവും നടക്കുന്ന സമയമായതിനാൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) അവർ നാലു പേരും ആകൃഷ്ടരായി. ഐ.എൻ.എ. യിൽ ചേർന്നു.

എല്ലാവരും പോർമുഖത്തായിരുന്നതിനാൽ തീക്ഷണമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. ചിലപ്പോൾ മലേഷ്യൻ കാടുകളിൽ കുടിവെള്ളം പോലും കിട്ടാതെ കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോൾ രാത്രി പാറപ്പുറത്ത് വിരിച്ചിട്ടിരിക്കുന്ന വെള്ളമുണ്ടിൽ പറ്റുന്ന മഞ്ഞുകണങ്ങൾ പിഴിഞ്ഞെടുത്തിരുന്ന വെള്ളമായിരുന്നു പലപ്പോഴും ദാഹം ശമിപ്പിച്ചിരുന്നത്. സൈന്യം സിങ്കപ്പൂരിലേയ്ക്ക് നീങ്ങിയപ്പോൾ ബ്രിട്ടൻ സിങ്കപ്പൂർ കറൻസി മാറ്റിയ സമയമായിരുന്നു. നാട്ടിൽ നിന്നും പോയ മറ്റൊരാൾ ഉപേക്ഷിക്കപ്പെട്ട സിങ്കപ്പൂർ കറൻസി ധാരാളം ശേഖരിച്ച് തലയിണയുറകളിൽ കെട്ടിവച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ കറൻസി പുന:സ്ഥാപിയ്ക്കപ്പെട്ടപ്പോൾ പണക്കാരനായിത്തീർന്നു.

ഇതിനിടയിൽ യുദ്ധത്തിൽ രാമൻ കൊല്ലപെട്ടു. രാമന്റെ മരണ വാർത്തയറിഞ്ഞ സഹോദരി ലക്ഷ്മി മറ്റുള്ളവർ കൂടി യുദ്ധത്തിൽ മരിച്ചേക്കുമെന്ന ധാരണയാൽ വീടു വച്ചപ്പോൾ മൂവരുടേയും സ്വത്തിലേയ്ക്ക് കയറ്റി വീടുവച്ചു. യുദ്ധം കഴിഞ്ഞ് കുറേ കാലം കൂടി സിങ്കപ്പൂരിൽ തുടർന്ന സഹോദരന്മാർ നാട്ടിലെത്തിയപ്പോൾ കണ്ടത് അവരുടെ പറമ്പിൽ കയറി സഹോദരി വീടു വച്ചിരിക്കുന്നതാണ്. കൃഷ്ണൻ വീടുവച്ചപ്പോൾ കുശിനി നീളത്തിൽ ലക്ഷ്മിയുടെ ഭിത്തിയോട് ചേർന്ന് വരത്തക്കവിധത്തിൽ വച്ചു. സഹോദരന്മാരും സഹോദരിയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ മൂന്നാമസ്ഥന്മാരുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻ കുശിനി പൊളിയ്ക്കാമെന്ന വ്യവസ്ഥയിലും ലക്ഷ്മി പുതിയ കിണർ വെട്ടാമെന്ന വ്യവസ്ഥയിലും തർക്കം പരിഹരിക്കപ്പെട്ടു. അങ്ങനെ ഒരു മുറ്റത്ത് രണ്ട് വീടും രണ്ട് കിണറുമായി. കുശിനി പൊളിച്ച് പണിഞ്ഞപ്പോൾ അത് ഒരു വരാന്തയും അടുക്കളയുള്ള ഓല മേഞ്ഞ ചാണകം മെഴുകിയ ഭാഗമായാണ് പണിതത്. ഇതിനിടയിൽ സഹോദരന്മാർ വിവാഹിതരായി. കൃഷ്ണൻ കലയ്ക്കോട് എന്ന സ്ഥലത്തുള്ള ഗോമതിയെയാണ് വിവാഹം ചെയ്തത്. ലക്ഷ്മിയോട് പോരടിച്ച് നിൽക്കാനുള്ള ത്രാണി ഗോമതിയ്ക്ക് ഇല്ലാത്തതിനാൽ കൃഷ്ണനും കുടുബവും വീടും വസ്തുവകകളും കേശവന് വിറ്റിട്ട് കലയ് ക്കോട്ടേയ്ക്ക് താമസം മാറി. സഹോദരന്മാരിൽ കൃഷ്ണൻ മാത്രമേ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്നതിന്റെ രേഖകൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നുള്ളൂ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ അനുവദിച്ചപ്പോൾ കൃഷ്ണന് പെൻഷൻ ലഭിച്ചു. കൃഷ്ണൻ ഐഎൻഎ കൃഷ്ണൻ എന്ന പേരിൽ അറിയപ്പെട്ടു. മറ്റുള്ളവരുടെ ഗൃഹങ്ങളിൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഓരോ ഫോട്ടോകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഗോപാലൻ വല്യച്ഛൻ പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് ഏകദേശ ചരിത്രം പിടി കിട്ടി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.