ഡോ. ഐഷ വി

ഭൂതകുളം ചിറയെ നമുക്ക് പ്രദേശത്തിന്റെ മഴ വെള്ള സംഭരണി എന്ന് വിശേഷിപ്പിക്കാം. ഭൂതക്കുളം സ്കൂളിൽ നിന്ന് ഡോക്ടറുടെ മുക്കിലേയ്ക്ക് വരുന്ന വഴി ഇടതു വശത്തായി ഈഴം വിള ക്ഷേത്രത്തിന് എതിർ ഭാഗത്തു നിന്നും തുടങ്ങുന്ന ചിറ അവസാനിക്കുന്നത് ഭൂതകുളം എൽ പി എ സി ന്റെ പുറകിലാണ്. ഈഴം വിള ക്ഷേത്രത്തിന്റെ എതിർ ഭാഗത്ത് ചിറയിലേയ്ക്ക് പതിക്കാൻ ഒരു തോടുണ്ട്. ലാറ്ററൈറ്റ് കല്ലുള്ള പ്രദേശമായതിനാൽ തോടൊഴുകിയൊഴുകി ജലത്തിനടിയിലുള്ള കല്ല്
വളരെ മൃദുവായിരുന്നു.

“ഒരച്ചൻ മകൾക്കയച്ച കത്തുകളിലെ കല്ലിനുമുണ്ടൊരു കഥ പറയാൻ എന്ന കത്തിൽ പറയുന്ന പോലെ വെള്ളം ഒഴുകി ഒഴുകി മൃദുവാക്കിയ അടിത്തട്ടാണ് ആ തോടിന്റേത് എന്നെനിക്ക് തോന്നി. ആ ചിറയുടെ ഒരറ്റത്ത് സമീപത്തുള്ള വയലരികിലെ കരത്തോട്ടിലേയ്ക്ക് വെള്ളം ഒഴുക്കിവിടാനുള്ള ചീപ്പും ഉണ്ട്. മഴക്കാലത്ത് കുട്ടികൾ ആ തോട്ടിലിറങ്ങിയാൽ തെന്നി ചിറയിലെത്തുെമന്നുറപ്പ്. അങ്ങനെ ഒരു മഴക്കാലത്ത് ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ബേബിയും(ലീനാ കുമാരി) കൂടി മറ്റു കുട്ടികളോടൊപ്പം ചിറയിലേയ്ക്കു വെള്ളം വീഴുന്നത് കാണാനായി പോയി. തെന്നുമെന്ന് ഉറപ്പായിരുന്നതിനാൽ കുട്ടികളാരും തന്നെ വെള്ളത്തിൽ ഇറങ്ങിയില്ല. അപ്പോഴാണ് ബേബി ആ കഥ പറഞ്ഞത്. ഞങ്ങളെ കണക്ക് പഠിപ്പിച്ച ഇന്ദിര ടീച്ചറിന്റെ അമ്മ കുട്ടിയായിരുന്നപ്പോൾ ഭൂതക്കുളം സ്കൂളിലായിരുന്നു പഠിച്ചത്. ഒരു കൗതുകത്തിന് ആമ്പൽ പിച്ചാൽ ചിറയിൽ ഇറങ്ങിയ കുട്ടി ചിറയിൽ മുങ്ങിത്താണു. അന്ന് എന്റെ അച്ഛന്റെ അമ്മാവനായ കേശവൻ വല്യച്ഛനാണ് ഇന്ദിര ടീച്ചറിന്റെ അമ്മയെ രക്ഷിച്ചതത്രേ.

അക്കൂട്ടത്തിൽ ഭൂതക്കുളം സ്കൂളിനെ പറ്റിയും ബേബി പറഞ്ഞു. കേശവൻ വല്യച്ഛൻ ആ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിലെ കെട്ടിടങ്ങൾ മുഴുവൻ ഓലപ്പുരകളായിരുന്നു. അക്കാലത്തുണ്ടായ തീപിടുത്തത്തിൽ സ്കൂൾ പൂർണ്ണമായും കത്തിനശിച്ചുവത്രേ. അങ്ങനെ ഒന്നുരണ്ട് വർഷം കേശവൻ വല്യച്ഛന്റേയും സമപ്രായക്കാരായ മറ്റ് വിദ്യാർത്ഥികളുടേയും വിദ്യാഭ്യാസം 2-3 വർഷത്തോളം മുടങ്ങിയത്രേ പിന്നീട് സ്കൂളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് അധ്യയനം പുനരാരംഭിച്ചത്. കേശവൻ വല്യച്ചന്റെ പഠന കാലം കണക്കാക്കിയാൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സ്കൂളാണ് ഭൂതക്കുളം ഗവ. സ്കൂൾ.

ഞങ്ങൾ ഭൂതകുളം സ്കൂളിൽ പഠിക്കുന്ന സമയത്തും പകുതി കെട്ടിടങ്ങളും ഓലപ്പുരകൾ ആയിരുന്നു. പലപ്പോഴും യുപി ക്ലാസിലുള്ളവർക്ക് ഓലപ്പുരകളിലും ഹൈസ്കൂളിലുള്ളവർക്ക് – ഓടിട്ട കെട്ടിടത്തിലുമായിരുന്നു ക്ലാസ്സ് . സ്കൂളിൽ അക്കാലത്ത് കിണർ ഇല്ലായിരുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ സമീപത്തുള്ള വീടുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. അങ്ങനെ അക്കാലത്തെ സ്കൂൾ പിറ്റിഎ ഒരു കിണർ കുഴിക്കാൻ തീരുമാനിച്ചു. അമ്മയും ശ്രീദേവി അപ്പച്ചിയും. പിറ്റിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു. അതിനാൽ കിണർ കുഴിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിൽ അമ്മയും ശ്രീദേവി അപ്പച്ചിയും ഭാഗഭാക്കായി .

(തുടരും.)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.