ഡോ. ഐഷ വി

ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോൾ ചില ഓർമ്മകൾ ഓടിയെത്തുന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് നല്ല ഉയരമുള്ള പ്രദേശത്താണ്. ആയതിനാൽ തന്നെ. വടക്ക് പടിഞ്ഞാറൻ കാറ്റ് ഓടിട്ട കെട്ടിടങ്ങൾക്ക് ദോഷം ചെയ്തിരുന്നു. ശക്തിയായ കാറ്റിൽ ഓട് പറന്നു പോകുമെന്നതിനാൽ അര നൂറ്റാണ്ട് മുമ്പ് ഓടിട്ട കടകൾ പലതും കാറ്റിനെ ഭയന്ന് ഉയരം കുറച്ചായിരുന്നു പണിഞ്ഞിരുന്നത്. അന്ന് ഞങ്ങളുടെ പറമ്പിൽ വല്യച്ഛൻ പണിത കടയും അതുപോലെ തന്നെ. പിൽക്കാലത്ത് ആ പുരയിടം അമ്മയ്ക്ക് ലഭിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് വടക്ക് പടിഞ്ഞാറൻ കാറ്റ് വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാനായി ധാരാളം പ്ലാവ് നട്ട് പിടിപ്പിയ്ക്കുക എന്നതായിരുന്നു. അത് ഫലം കണ്ടു. പിന്നീട് ഞങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല.

പിൽക്കാലത്ത് കണ്ടൽ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കാറ്റിനെ ചെറുക്കാൻ കടൽത്തീരത്ത് നട്ടുപിടിപ്പിച്ച കണ്ടൽ ചെടികൾ തീരം സംരക്ഷിക്കുന്ന പദ്ധതിയായി കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വ്യാപിച്ചപ്പോൾ കണ്ടൽ പൊക്കുടൻ “ഒരു പ്രാന്തൻ ” കണ്ടലായി മാറുകയായിരുന്നു. നിത്യവും വിവിധയിനം കണ്ടലുകൾ നടാനുള്ള ദിനചര്യ അദ്ദേഹം ആജീവനാന്ത കാലം ഉത്സാഹത്തോടെ തുടർന്നു പോന്നു.

ഇത്തവണത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം” ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കുക”യെന്നതാണ്. പറമ്പിലും റോഡരികിലും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും ഒരു ഫലവൃക്ഷത്തൈ എങ്കിലും നടാൻ എല്ലാവരും ശ്രദ്ധിക്കുക. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ “ഫലവുമാകും തണലുമാകും.”. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ ഓക്സിജനുമാകും.
പരിസ്ഥിതി പുന:സ്ഥാപിക്കൽ യജ്ഞമായി ചെറു കാടുകളായ ഫലവൃക്ഷങ്ങളുടെ ” മിയാവാക്കി’ വനം നമ്മുടെ വീട്ടു പറമ്പുകളിലും പൊതുയിടങ്ങളിലും വച്ചു പിടിപ്പിക്കുക. അഞ്ചു വർഷം നമ്മൾ സംരക്ഷിച്ചാൽ 20- 30 അടി ഉയരം വയ്ക്കും. 20 വർഷം കൊണ്ട് ഒരു ചെറുകാട് രൂപപ്പെടുത്തിയെടുക്കാം. ഇത്രയും വനം സ്വാഭാവികമായി ഉണ്ടാകണമെങ്കിൽ 100-150 വർഷം പിടിക്കും. “അകിര മിയവാക്കി ” എന്ന ജാപ്പനീസ് ബോട്ടാണിസ്റ്റിന്റെ തിയറിയനുസരിച്ച് ഇത്തരം ചെറു കാടുകൾ 9000 വർഷം വരെ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.

ഇനി എങ്ങിനെയാണ് ഒരു മിയാ വാക്കി വനം രൂപപ്പെടുത്തേത് എന്നു നോക്കാം.

ആദ്യമായി തരിശായി കിടക്കുന്ന സ്ഥലം ജെസിബി വച്ച് നന്നായി ഇളക്കി കൃത്യമായി ഒരു മീറ്റർ നീളം ഒരു മീറ്റർ വീതി എന്ന തരത്തിൽ ചെറു പ്ലോട്ടുകൾ ആക്കുക. ഈ ഓരോ ചതുരശ്ര മീറ്ററിലും ഒരു മീറ്റർ മുതൽ 5 അടി താഴ്ച വരെയുള്ള കുഴികൾ എടുക്കുക. അതിൽ ചകിരിചോർ, ചാണകപ്പൊടി, കമ്പോസ്റ്റ് കരിയില വൈക്കോൽ ഉമി, എന്നിവയിലേതെങ്കിലും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ട് കുഴി മൂടുക. ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും മുകളിലുള്ള ഒരടി ഘനത്തിൽ മേൽമണ്ണായിരിയ്ക്കണം. ഇങ്ങനെ തയ്യാറാക്കുന്ന കുഴി ഒന്നിന് 300 രൂപ ചിലവ് പ്രതീക്ഷിക്കാം. ഇനി ഓരോ ചതുരശ്രമീറ്ററിലും 3 മുതൽ 5 തൈകൾ വരെ നടാം. ഈ തൈകൾ വൻ വൃക്ഷം, കുറ്റിച്ചെടി , വള്ളിച്ചെടി എന്നിവയാകാം. ഉദാഹരണത്തിന് മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ, ജാമ്പ, പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെയാകാം. പ്രാദേശികമായി നന്നായി വളരുന്നവ നടണം. ഇങ്ങനെ നടുന്ന തൈകൾ അടിവളമുള്ളതുകൊണ്ടും മണ്ണിളക്കമുള്ളതു കൊണ്ടും നല്ല സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടും മത്സരിച്ച് ഉയരത്തിൽ വളരും. 7-8 മാസം കൊണ്ട് 3 മീറ്റർ ഉയരം വയ്ക്കാൻ സാധ്യതയുണ്ട്. 5 വർഷം നന്നായി സംരക്ഷിച്ചാൽ പിന്നെ വളം വെള്ളം ഒന്നും കൊടുക്കേണ്ട. സ്വാഭാവിക വനം പോലെ ഈ ചെറുകാട് നില നിന്നു കൊള്ളും. നമുക്കും പറവകൾക്കും അണ്ണാറക്കണ്ണനും ശലഭങ്ങൾക്കും ചെറു ജീവികൾക്കും ധാരാളം ഭക്ഷണം. പോരാത്തതിന് എല്ലാവർക്കും നല്ലൊരു ആവാസ വ്യവസ്ഥയും . ഒന്നു ശ്രമിച്ചു നോക്കുക.

തീരം സംരക്ഷിക്കാനും നമുക്ക് മിയാ വാക്കി വനം പ്രയോജനപ്പെടുത്താം. തീരത്തോടടുത്ത് 10 മീറ്റർ വീതിയിൽ കണ്ടൽ ചെടികളുടെ ഒരു ബെൽറ്റ് തീർക്കുക. അതിനിപ്പുറം മിയാവാക്കി വനത്തിന്റെ ഒരു ബെൽറ്റ്. ഫലവൃക്ഷങ്ങളായാൽ വളരെ നന്ന്.

എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.