ഡോ. ഐഷ വി

കാലം 1986

ടാക്സി കാറിൽ സ്റ്റഡി ടൂർ പോകുന്ന സഹോദരിയെ കോളേജിൽ ആക്കിയ ശേഷം തിരികെ വരുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തോണിപ്പാറയിൽ പുതുതായി ഏറ്റെടുത്തു നടത്തുന്ന ആശുപത്രി തന്റെ സാമ്പത്തിക അടിത്തറ തകിടം മറിച്ചതിനെ കുറിച്ചായിരുന്നു. ശമ്പളം പോരെന്ന് പറഞ്ഞ് തുരുതുരെ മൂന്ന് ഡോക്ടർമാരാണ് പിണങ്ങിപ്പോയത്. പകരം ആളെ കിട്ടാനായി നടത്തിയ പത്രപരസ്യത്തിന്റെ ചിലവ് വേറെ. അച്ഛൻ വൈദ്യനായിരുന്നതു കൊണ്ടും അച്ഛൻ കാറിടിച്ച് കിടപ്പിലായതിനു ശേഷം അമ്മ വൈദ്യശാല നന്നായി നടത്തി പോരുന്നതും കണ്ടു വളർന്നതിനാൽ പഠനം കഴിഞ്ഞ് കുറച്ചു കാലം പ്രവാസിയായിരുന്ന അയാൾ കുറച്ച് സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയപ്പോൾ ഒരു ആശുപത്രി തുടങ്ങാൻ താത്പര്യം ജനിച്ചത് സ്വാഭാവികം. അതിനാൽ തുടർന്ന് വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വച്ചു .

പിന്നെ അമാന്തിച്ചില്ല. നാഷണൽ ഹൈവയോട് ചേർന്ന് ഒരൊഴിഞ്ഞ വീട് വാടകയ് ക്കെടുത്ത്. കല്ലു വാതുക്കൽ ജങ്ഷനടുത്തായി ഒരു ആശുപത്രി സജ്ജമാക്കി. ഒരു നഴ്സ് , ഒരു ഡോക്ടർ ഒരു ലാബ് ടെക്നീഷ്യൻ അത്യാവശ്യം വേണ്ട ആശുപത്രി സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി. സമീപത്ത് മറ്റാശുപത്രികൾ ഇല്ലാതിരുന്നതു കൊണ്ടും സമീപ പ്രദേശങ്ങളിലെ എല്ലാവരും ചികിത്സയ്ക്ക് ഈ ആശുപത്രിയെ ആശ്രയിച്ചു. വീട്ടിൽ സാധനങ്ങൾ അടുക്കി വയ്ക്കാൻ അമ്മയും സഹോദരിമാരും കാണിക്കുന്ന അതേ ചിട്ടവട്ടങ്ങൾ ആശുപത്രിയിലും പാലിക്കപ്പെട്ടു. വീട്ടിലെയും ആശുപത്രിയിലെയും , ചിലവുകൾ വഹിക്കാനും അല്പസ്വൽപ്പം മിച്ചം പിടിക്കാനും കഴിഞ്ഞ് വരവേയാണ് വീടിന് സമീപമുള്ള ഒരു ലേഡി ഡോക്ടർ തോണി പാറയിലെ ആശുപത്രി ഏറ്റെടുത്ത് നടത്താമോ എന്ന് ചോദിച്ചത്. പറഞ്ഞ തുക കൊടുത്ത് സെറ്റിൽ ചെയ്തു. അതിനായി ജ്യേഷ്ഠ ഭാര്യയുടെ സ്വർണ്ണം ലോക്കറിലിരുന്നത് ഒന്നു മറിച്ചു. ഇപ്പോൾ അവർ വരുമെന്ന് അറിയുന്നു. അവരറിയുന്നതിന് മുമ്പ് സ്വർണ്ണം തിരിച്ചു വയ് ക്കേണ്ടതുണ്ട്. തോണിപ്പാറയിലെ ആശുപത്രി നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ ആകെ പ്രശ്നങ്ങൾ. പേരിൽ തോണിയുണ്ടെങ്കിലും തോണിപ്പാറയിലെ ആശുപത്രിയിലെ കാര്യങ്ങൾ ഒന്നും ഒരു കരയ്ക്കടുപ്പിയ്ക്കാൻ പറ്റുന്നില്ല. അന്യ സംസ്ഥാനത്തു നിന്നു പോലും ഡോക്ടർമാർ വന്നു പോയി. തോണിപ്പാറയിലെ കടം നികത്താൻ കല്ലുവാതുക്കലെ ആശുപത്രിയുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.

  എൻ എച്ച് എസിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കോവിഡ് രോഗികളിൽ അഞ്ചിലൊന്ന് ഗർഭിണികൾ. വാക്സിൻ സ്വീകരിക്കാത്ത ഗർഭിണികൾക്ക് അപകടസാധ്യത കൂടുതൽ. ഗർഭിണികൾ വാക്സിൻ സ്വീകരിക്കേണ്ടത് പ്രധാനമെന്ന് ആരോഗ്യ വിദ്ഗധർ

ടൂർ പോയ അനുജത്തിയെ വീട്ടിലെത്തിച്ച ശേഷം ബാബു കുട്ടൻ കല്ലുവാതുക്കലിലെ ആശുപത്രിയിൽ എത്തി. അവിടുത്തെ കണക്കുകൾ നോക്കിയ ശേഷം ബാബു കുട്ടൻ തിരുവനന്തപുരത്തേയ്ക്ക് പോകാൻ തയാറെടുത്തു. അപ്പോൾ നേഴ്സ് നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു . അവർ തമ്മിൽ ഒരിഷ്ടം മൊട്ടിട്ടതായിരുന്നു. എന്നാൽ തലയ്ക്ക് മുകളിൽ കടം പെരുകി നിൽക്കുമ്പോൾ പ്രണയത്തിനെന്തു സ്ഥാനം ? ഊണ് കഴിച്ചെന്ന് വരുത്തി അയാൾ യാത്ര തിരിച്ചു. ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര.

കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഗൈഡുമായുള്ള പതിവ് ഡിസ്കഷനു ശേഷം അവൾ തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഡാറ്റാ കളക്ഷനിറങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. അന്നൊരു പുതിയ കേസുണ്ടെന്നറിഞ്ഞ് വാർഡിലെത്തിയ അവൾ കണ്ടത് ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തി ലോഡ് ജുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അയാളെയാണ്. തന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനുജൻ. മൃതപ്രായനായി ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ജീവതത്തിൽ നിന്നും എല്ലാ കടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം. അവൾ ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് എസ് റ്റി ഡി ബൂത്തിലെത്തി തന്റെ പിതാവിനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു. രാത്രിയായപ്പോൾ ഒരു കിടുങ്ങലും പനിയും വന്ന് അയാൾ കടങ്ങളും കെട്ടുപാടുകളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.

പിന്നീട് ആശുപതി ഏറ്റെടുത്തു നടത്തിയ പരദേശിയായ ഡോക്ടർ ആശുപത്രി സ്വന്തം കെട്ടിടം പണിത് അതിലേയ്ക്ക് മാറ്റി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.