ഡോ. ഐഷ വി
കൊല്ലം ശ്രീ നാരായണ വനിത കോളേജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ഞാനും കൂട്ടുകാരി കനകലതയും പരവൂർ റയിൽവേസ്റ്റേഷനിൽ നിന്നും 31/10/1984 ന് അതി രാവിലെയുള്ള ട്രെയിനിൽ കയറി കൊല്ലം ജംങ്ഷനിൽ ഇറങ്ങി റയിൽവേ ട്രാക്കിലൂടെ തന്നെ മുന്നോട്ട് നടന്ന് നടപ്പാതയായി ഉപയോഗിക്കുന്ന മേൽപ്പാലത്തിനടുത്തെത്തി ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപമുള്ള കർബല ജംങഷനിലെത്തി ഞങ്ങളുടെ കോളേജിലേയ്ക്ക് നടന്നു. വഴിയിൽ വലതു വശത്തുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്ന കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നു. ഇങ്ങനെ നടന്ന് വരുന്നവരുടെ കൂട്ടത്തിൽ മറ്റു കുട്ടികൾ കൂടി ചേർന്ന് വർത്തമാനം പറഞ്ഞു നടക്കുന്നതിന് ഞങ്ങൾ ഉപയോഗിച്ചിരുന്ന പ്രയോഗം ” നടരാജൻ വണ്ടിയിൽ കയറുക” എന്നാണ്. അങ്ങനെ ഞങ്ങൾ കോളേജിലെത്തി. കനകലത അവളുടെ പ്രീഡിഗ്രി ക്ലാസ്സിലേക്കും ഞാൻ എന്റെ പ്രീഡിഗ്രി ക്ലാസ്സിലേയ്ക്കും മറ്റുള്ളവർ അവരവരുടെ ക്ലാസ്സുകളിലേയ്ക്കും പിരിഞ്ഞു. എട്ട് മണിയായപ്പോൾ ക്ലാസ്സ് തുടങ്ങി. ഒന്നാം പീരീഡ് കഴിഞ്ഞു. രണ്ടാം പീരീഡിലെ മലയാളം ക്ലാസ്സെടുക്കുന്ന ലൈലടീച്ചർ ക്ലാസ്സെടുത്ത് ആ പീരീഡ് തീരുന്നതിന് മുമ്പ് പ്യൂൺ ഒരു തുണ്ടുമായി ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വന്നു. ടീച്ചർ തുണ്ട് വായിയ്ക്കുന്നതിനിടയിൽ ലോങ്ങ് ബെല്ലടിച്ച് കോളേജ് വിട്ടു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റു എന്നതായിരുന്നു ആ തുണ്ടിലെ സന്ദേശം. ബെല്ലടി കേട്ടതും ഞാൻ ക്ലാസ്സിൽ നിന്നും ചാടിയോടി ഗേറ്റിനടുത്തെത്തിയപ്പോൾ കനകലതയും എത്തിയിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടാൽ ആദ്യം വീട്ടിലെത്താനായി ആൺകുട്ടികളെ വരെ പിന്നിലാക്കി ഓടുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാനും കനകലതയും കൂടി റയിൽവേ സ്റ്റേഷനിലേയ്ക്ക് വച്ചു പിടിച്ചു. സ്റ്റേഷനിലെത്തിയതും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ജയന്തി ജനത എക്സ്പ്രസ് തയ്യാറായി നിൽപുണ്ടായിരുന്നു. ഞങ്ങൾ ലേഡീസ് കംപാർട്ട്മെന്റിൽ വലിഞ്ഞു കയറി. താമസിയാതെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ടെടുത്തു. പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് കേവലം അര മണിക്കൂറിനുള്ളിലാണ് ഇതൊക്കെ നടന്നത്. ഞങ്ങൾ കയറിയ ട്രെയിൻ പരവൂർ മാമൂട്ടിൽ പാലം കഴിഞ്ഞപ്പോൾ നിന്നു . ആരോ തടഞ്ഞതോ പിടിച്ചു നിർത്തിയതോ ആണ്. ഒരര മണിക്കൂർ ഞങ്ങൾ കാത്തു. ട്രെയിൻ മുന്നോട്ട് ചലിക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങളിറങ്ങി ട്രാക്കിലൂടെ തന്നെ നടന്നു. ടി വി അത്ര പ്രചാരത്തിലില്ലാത്തതും റേഡിയോ , ടെലഗ്രാം , ലാന്റ് ഫോൺ( അതും വളരെ കുറവ്) ഒഴികെയുള്ള മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് ഒരു മണിക്കൂറിനുള്ളിൽ രാജ്യം നിശ്ചലമാവുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. എട്ടു കിലോമീറ്റർ നടന്നാലേ വീട്ടിലെത്തൂ.. ബസ്സും കാണില്ലെന്ന് ഉറപ്പായതിനാൽ ഞങ്ങൾ ട്രാക്കിലൂടെ തന്നെ ഒല്ലാൽ ലവൽ ക്രോസിനരികിലെത്തി(കുറുക്കു വഴി) . പിന്നെ പരവൂർ പാരിപ്പള്ളി ബസ് റൂട്ടിൽ ഞങ്ങൾ കാൽനടയാത്ര തുടർന്നു. കോമേഴ്സിലെ ഷൈലജയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഷൈലജ ട്രെയിനിൽ മറ്റേതോ കമ്പാർട്ട്മെന്റിൽ കയറി വന്നതായിരുന്നു. അമ്മാരത്തു മുക്കിലെത്തിയപ്പോൾ ഞാനും ഷൈലജയും ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങളുടെ വീട്ടിലേയ്ക്ക് . കനകലത നേരെ പ്ലാവിന്റെ മൂട്ടിലെ അവളുടെ വീട്ടിലേയ്ക്കും നടന്നു. ഷൈലജയുടെ വീടെത്തിയപ്പോൾ അവിടെ നിന്ന് കുറച്ച് ചൂടുവെള്ളം വാങ്ങിക്കൂടിച്ച് ഞാൻ നടന്നു. അത്രയും ദൂരം നടന്നതിനാൽ ശരീരത്തിലെ ജലാംശം തീരെ കുറഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന മനോജും പുറകിലുണ്ട്. മനോജ് എന്റെ നാട്ടുകാരനാണ്.
പരവൂരിൽ നിന്നും ഒന്നേകാൽ മണിക്കൂർ കാൽനടയാത്ര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. റേഡിയോയിൽ ശോക സ്വരമുതിർത്തുന്ന പശ്ചാത്തല സംഗീതം. ഇടയ്ക്കിടെ വാർത്തകൾ . എല്ലാം ഞങ്ങൾ കേട്ടു. ശ്രീദേവി അപ്പച്ചിയുടെ മകൾ കൊല്ലം രാമൻ കുളങ്ങര ഐറ്റി ഐ -ൽ പഠിക്കുന്ന ലീനയും ഡിഗ്രിക്ക് എസ് എൻ കോളേജിൽ പഠിക്കുന്ന ബീന ചേച്ചിയും വീട്ടിലെത്തിയിരുന്നില്ല. ഒരല്പം ഭാഗ്യമുള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ആ ട്രെയിൻ കിട്ടിയതും എട്ടു കിലോമീറ്റർ നടന്നെങ്കിലും വീട്ടിലെത്താനായതും.
ബീന ചേച്ചിയും കൂട്ടുകാരും കൊല്ലം എസ് എൻ കോളേജ് ജംങ്ഷനിൽ നിന്നും റയിൽവേ ട്രാക്കിലൂടെ നടന്ന് രാത്രി എട്ടുമണിയോടെ വീട്ടിൽ എത്തി ചേർന്നു. ഏകദേശം 25 കിലോമീറ്ററാണ് അവർക്ക് നടക്കേണ്ടി വന്നത്. ലീനയും പട്ടര് സദാശിവൻ എന്നയാളിന്റെ മകൾ ഷീല ചേച്ചിയും കൂടി രാമൻ കുളങ്ങര നിന്നും കൊല്ല o എസ് എൻ കോളേജ് ജംങ്ഷനിൽ എത്തി ഷീല ചേച്ചിയുടെ ഒരു ബന്ധുവീട്ടിൽ തങ്ങി. അവിടെ നിന്നും ചിറക്കര സർവ്വീസ് സഹകരണ സംഘത്തിലേയ്ക്ക് ഫോൺ ചെയ്ത് വിവരം അറിയിച്ചു. അവിടെ നിന്നും സ്റ്റാഫ് ഷീല ചേച്ചിയുടെ വീട്ടിലും ശ്രീദേവി അപ്പച്ചിയുടെ വീട്ടിലും വിവരമറിയിച്ചു. അങ്ങനെ വീട്ടുകാർക്ക് സമാധാനമായി.
അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ആ സർവ്വീസ് സഹകരണ സംഘത്തിൽ മാത്രമേ ഒരു ഫോൺ ഉണ്ടായിരുന്നുള്ളൂ. സൈക്കിളൊഴികെയുള്ള വാഹന സൗകര്യങ്ങളുള്ള വീടുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ടി വിയുള്ള വീടുകൾ മൂന്നെണ്ണം മാത്രം. അന്ന് മൂന്ന് മണിയോട് കൂടി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണ വാർത്തയെത്തി. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതായിരുന്നു. റേഡിയോയിൽ ശോക സംഗീതം തുടർന്നു കൊണ്ടേയിരുന്നു. എന്റെ അനുജനും അനുജത്തിയും ടിവിയുള്ള വീടുകളിലൊക്കെ ചുറ്റിക്കറങ്ങി കണ്ട വാർത്തകൾ എനിക്കും വിവരിച്ചു തന്നു. ആ ദിനങ്ങളിൽ പത്രം നിറയെ ഇതു സംബന്ധിച്ച വാർത്തകളായിരുന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി പോയവരും മൂന്ന് ദിവസത്തോളം ഹോസ്റ്റലുകളിലും പരിചയക്കാരുടേയോ ഒരു പരിചയവുമില്ലാത്തവരുടേയോ വീടുകളിലും തുടർന്നു.
ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭൗതികശരീരം ശക്തി സ്ഥലിൽ ചന്ദന മുട്ടികളിൽ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വലയം പ്രാപിക്കുന്നതുവരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയാം . ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം അങ്ങനെയാണ് ഉൾക്കൊണ്ടത്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply