മലയാളം യുകെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് പോകുമ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അത്ര ശുഭകരമല്ല. ബിജെപി അധികാരത്തിലെത്തിയാലും നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തെ നയിക്കുന്ന രണ്ട് പ്രമുഖരുടെ സംസ്ഥാനമായ ഗുജറാത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ പോലും നരേന്ദ്രമോദിയേയും അമിത് ഷായെയും സംബന്ധിച്ചിടത്തോളം അത് തിരിച്ചടിയാണ്. ഗുജറാത്ത് പോലെ ചെറിയൊരു സംസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനേയും നിശ്ചയിച്ച അപ്രമാദിത്വത്തിന് ലഭിക്കുന്ന ക്ഷതമാകും ഗുജറാത്തിലെ തിരിച്ചടി.

നോട്ട് നിരോധനവും ജിഎസ്റ്റിയും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരത്തിനു പുറമേ നരേന്ദ്രമോദിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയവും രാഹുല്‍ഗാന്ധിയുടെ ജാതി രാഷ്ട്രീയവും തമ്മിലുള്ള പേരായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മാറി. ഗുജറാത്ത് കലാപത്തിനുശേഷം ഉണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തെ ബിജെപി അനുകൂലമാക്കി ഭരണം നിലനിര്‍ത്താന്‍ നരേന്ദ്രമോദി കാട്ടിയ മിടുക്കിനെ ജാതി കാര്‍ഡ് ഇറക്കി പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം. എന്തായാലും കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് പതിമൂന്നോളം എംഎല്‍എമാരെ നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിനെ ശക്തമായ മത്സരത്തിന്റെ പാതയിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്കായി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയുമായുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പതിച്ചു നല്‍കിയ വിഡ്ഢിയായ രാജകുമാരന്റെ ഇമേജില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് പുറത്തു കടക്കാനായി എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മറ്റൊരു അനന്തരഫലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനുമുമ്പ് തെരഞ്ഞെുപ്പ് നടന്ന ഡല്‍ഹിയില്‍ കെജ്‌രിവാളും ബിഹാറില്‍ നികേഷ് കുമാറും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. എന്തായാലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ഒരു സംസ്ഥാനത്ത് ഒതുങ്ങാതെ ദേശീയ രാഷ്ട്രീയത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.