ഡോ. ഐഷ വി

വൈകി വന്ന പാസഞ്ചറിൽ വൈകുന്നേരം ഹരിപ്പാട് റയിൽവേ സ്റ്റേഷനിൽ നിന്നും കയറുമ്പോൾ കംപാർട്ട്മെന്റിൽ ആരുമില്ലെന്നൊരു തോന്നൽ. അപ്പോൾ ചുരിദാറിട്ട സുന്ദരിയായ ഒരു സ്ത്രീ ഓടി വന്ന് ആ കംപാർട്ട്മെന്റിൽ കയറി. ഞാനിരുന്ന ബർത്തിന്റെ എതിർ വശത്തെ ബർത്തിൽ അവരിരുന്നു. ഞാനൊന്ന് കിടന്നു. അവർ ഇരുന്നു കൊണ്ടൊന്ന് മയങ്ങാൻ തുടങ്ങി. ട്രെയിൻ കായംകുളം എത്തിയപ്പോൾ ഒരു ട്രാക്കിലൊതുക്കി. പല അതിവേഗ തീവണ്ടികളും കടന്നുപോയി. എന്തായാലും ട്രെയിൻ വൈകുമെന്നുറപ്പായി. എന്റെ എതിർ വശത്തിരുന്ന സ്ത്രീയോട് എവിടെയിറങ്ങാനാണെന്ന് ഞാൻ കുശലം ചോദിച്ചു. ‘കൊല്ലം’ എന്ന് അവർ മറുപടി നൽകി. “എവിടെ ജോലി ചെയ്യുന്നു ? ” എന്ന ചോദ്യത്തിന് ” എനിക്ക് ജോലിയൊന്നുമില്ല. അഞ്ച് മക്കളെ വളർത്തുകയാണ് ജോലി ” എന്നവർ മറുപടി നൽകിയപ്പോൾ എന്റെ കൗതുകം വർദ്ധിച്ചു.

മിക്കവാറും എല്ലാ വീടുകളിലുമിപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളപ്പോൾ അഞ്ച് കുട്ടികൾ എന്നത് കൗതുകം തന്നെ. ഞാൻ എഴുന്നേറ്റിരുന്നു. “വീട് കൊല്ലത്താണോ ” എന്ന് ഞാൻ ചോദിച്ചു. ” അല്ല . കൊല്ലത്തൊരുമകൾ പഠിക്കുന്നു. മോളെ കാണാൻ പോവുകയാണ്”. വീട് ഹരിപ്പാട് എരിക്കകത്താണ്.” ” മോളെവിടെ പഠിക്കുന്നു. ” ട്രാവൻകൂർ മെഡിക്കൽ കോളേജിലാണ്. മോൾക്കൊരു പനി. അതിനാൽ മകളുടെ അടുത്തേയ്ക്ക് പോവുകയാണ്.” മറ്റ് മക്കൾ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് അവർ മറുപടി നൽകി. മൂത്ത പെൺകുട്ടി എം.ഡി കഴിഞ്ഞ ശേഷം ചെന്നൈയിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബിഡി എസ്സിന് പഠിക്കുന്നു. മൂന്നാമത്തെയാളുടെ അടുത്തേയ്ക്കാണ് പോകുന്നത്. മറ്റ് രണ്ട് പേർ പ്ലസ് ടു കഴിഞ്ഞ ശേഷം മെഡിക്കൽ എൻട്രൻസ് എഴുതാൻ പഠിക്കുന്നു. അവരെ രണ്ടു പേരെയും വീട്ടിലാക്കിയ ശേഷമാണ് ആ ഉമ്മയുടെ വരവ്. ” അവർ രണ്ടു പേരും ഇരട്ടകളാണോ?” എന്ന എന്റെ ചോദ്യത്തിന് ” അല്ല , നാലാമത്തെ കുട്ടിയ്ക്ക് ഒരപകടം പറ്റിയിരുന്നു.” അതിനു ശേഷം ഒരുമിച്ചായതാണ്.

ആ ഉമ്മ അവരുടെ ജീവിത കഥയിലേയ്ക്ക് കടന്നു. അഞ്ചാമത്തെ കുട്ടി കൈകുഞ്ഞായിരുന്നപ്പോൾ ബിസിനസ് നടത്തിയിരുന്ന ഭർത്താവിന് കടബാധ്യതയായി. ബാങ്കുകാർ ജപ്തി നോട്ടീസയച്ചു. പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ ബാങ്കുകാർ വീട് ജപ്തി ചെയ്യാൻ വന്നു. അപ്പോഴേയ്ക്കും ഭർത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. മരണം നടന്നത് കൊണ്ട് ജപ്തി നടന്നില്ലെന്നുo, താമസിക്കാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് അവരിപ്പോഴും ആ വീട്ടിൽ തന്നെ കഴിയുന്നെന്നും കടം ഇതുവരെയും വീട്ടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ചില ബന്ധുക്കളും പരിചയക്കാരും കുറച്ചൊക്കെ സഹായിച്ചു. മൂത്ത മകൾ മിടുമിടുക്കിയായി പഠിച്ചപ്പോൾ ആ ഉമ്മയ്ക്ക് സന്തോഷമായി. എൻട്രൻസ് എഴുതിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഹോസ്റ്റൽ ചിലവുകളും മറ്റും പരുങ്ങലിലാവുമെന്ന് കണ്ടപ്പോൾ ആ ഉമ്മ പത്രക്കാരെ സമീപിച്ചു. മാതൃഭൂമി ലേഖകൻ പത്രത്തിൽ കൊടുക്കാൻ തയ്യാറായി. സ്പോൺസറെ കിട്ടിയാൽ മകളുടെ പഠനം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലിരിക്കേയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അലൂമിനി അസോസിയേഷൻ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഹോസ്റ്റൽ ഫീസ് വഹിക്കാൻ തയ്യാറായത്. അത് ആ കുട്ടിയ്ക്ക് ലഭിച്ചു. അങ്ങനെ ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ ആശ്വാസമായി.

രണ്ടാമത്തെ കുട്ടിക്കും പത്രത്തിൽ കൊടുത്തപ്പോൾ സ്പോൺസറെ കിട്ടി. മൂന്നാമത്തെ കുട്ടിയുടെ കാര്യം വന്നപ്പോൾ പത്രക്കാർ കൈയൊഴിഞ്ഞു. ഇനി ബാങ്ക് ലോൺ വല്ലതും എടുക്കാൻ നോക്കുക എന്നായിരുന്നു ഉപദേശം. മൂത്ത മകൾ എം.ബി.ബി.എസ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എം.ഡിഅഡ്മിഷനുമായി ബന്ധപ്പെട്ട് ഡൽഹിയ്ക്ക് പോകേണ്ടി വന്നു. കുടുംബം മുഴുവനും ട്രെയിനിൽ രാജ്യ തലസ്ഥാനത്തേയ്ക്ക് യാത്രയായി. ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാൻ വാഷ് ബേസിനടുത്തേയ്ക്ക് പോയ നാലാമത്തെ കുട്ടി തിരികെ വന്നില്ല. ഏറെ നേരമായിട്ടും കുട്ടിയെ കാണാഞ്ഞപ്പോൾ അവർ ട്രെയിൻ മുഴുവനും തിരഞ്ഞു. ജീവിത കഥ ഇത്രയുമായപ്പോൾ ഞാനാ ഉമ്മയോട് ചോദിച്ചു: കുട്ടിയുടെ പേര് സുൽഫിക്കർ എന്നാണോയെന്ന്. മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഈ കുടുംബത്തിന്റെ ഫീച്ചർ വന്നത് എന്റെ ഓർമ്മയിലുണ്ടായിരുന്നു. പത്രത്തിൽ വായിച്ച കുടുംബത്തെ നയിച്ച ഉമ്മയാണ് എന്റെ മുമ്പിലിരിയ്ക്കുന്നത് എന്ന കാര്യം എന്നെ അതിശയിപ്പിച്ചു.

ഡൽഹിയിൽ എത്തുന്നതു വരെ പല സ്റ്റേഷനിലും അനൗൺസ്മെന്റ് നടത്തിച്ചു. ടെയിൻ മുഴുവൻ അരിച്ചു പെറുക്കി . പലരേയും ഫോണിൽ വിളിച്ചു. കേന്ദ്ര മന്ത്രിമാരെ കണ്ട് കാര്യം ഉണർത്തിച്ചു. അവരുടെ ഇടപെടലോടെ രാജ്യം മുഴുവൻ ടെലിവിഷൻ ചാനലുകളിൽ വാർത്ത വന്നു. മൂന്നാം ദിവസം ആന്ധാപ്രദേശിലെ കുപ്പം റയിൽവേ സ്റ്റേഷനടുത്തുള്ള ചെറിയ ആശുപത്രിയിൽ അപകടം പറ്റി ഒരു കുട്ടി കിടപ്പുണ്ടെന്ന വിവരം ലഭിച്ചു. കുടുംബം അവിടെയെത്തി. അവർ ചെല്ലുന്നതു വരെയും കുട്ടിക്ക് യാതൊരു ചികിത്സയും ലഭിച്ചിരുന്നില്ല. ഡോക്ടർ കുട്ടി മരിച്ചു എന്ന് കരുതി ജഡം മോർച്ചറിയിലേയ്ക്ക് മാറ്റിയതാണ്. മോർച്ചറിയിലെ അറ്റന്റർക്ക് കുട്ടിക്ക് ജീവൻ പോയിട്ടില്ല എന്ന് തോന്നിയതിനാൽ ഇടയ്ക്കിടെ വായിൽ അല്പാല്പം വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. ട്രെയിനിൽ കൈകഴുകുന്നതിനിടയിൽ ജെർക്കിൽ കുട്ടി ട്രെയിനിൽ നിന്നും തെറിച്ചു പുറത്തേയ്ക്ക് വീണതായിരുന്നു. വീൽ കയറിയിറങ്ങി തലയുടെ ഒരു വശത്ത് പറ്റിയ പരിക്ക് ഗുരുതരമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബം ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളായ മൂത്ത മക്കൾക്ക് കുട്ടി മരിച്ചിട്ടില്ലെന്ന് മനസ്സിലായി. വേഗം ആംബുലൻസ് വിളിച്ച് അവർ ഹൈദരാബാദിലെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഒരു കൈയ്യും ഒരു കാലും ചലനമറ്റ നിലയിലും മുറിവുകൾ പുഴുവരിച്ച നിലയിലുമാണെന്ന് മനസ്സിലായി. പോരാത്തതിന് തലയിലെ ഗുരുതര പരിക്കും. ഒരു കാലും ഒരു കൈയ്യും മുറിയ് ക്കേണ്ടി വരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഉമ്മ സമ്മതിച്ചില്ല. ഷർട്ടോ പാൻ്‌സോ ഇടുമ്പോൾ ഒരു കൈയ്യും ഒരു കാലും കയറ്റാൻ എന്തെങ്കിലും ഒരവയവം അവിടെ വേണ്ടേ അതിനാൽ അതവിടെയിരിയ്ക്കട്ടെ എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. ഡോക്ടർമാർ മറുത്തൊന്നും പറഞ്ഞില്ല. അവരാലാവും വിധം അവർ ചികിത്സിച്ചു.

ചികിത്സാ ചിലവുകൾ ആ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നെ സുമനസ്സുകളുടെ സഹായത്തോടെ അവർ കോഴിക്കോട് മിംസിലെത്തി. അവിടത്തെ ചികിത്സ സൗജന്യമായിരുന്നു. എന്നിട്ടും കൈകാലുകളുടെ ചലന ശേഷി തിരികെ കിട്ടിയിരുന്നില്ല. ചെങ്ങന്നൂരിലെ ഒരു ഫിസിയോ തെറാപിസ്റ്റ് സൗജന്യ ചികിത്സ നൽകാമെന്നേറ്റു. അവർ അങ്ങോട്ട് തിരിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം 24 മണിക്കൂറും കുടുംബാംഗങ്ങൾ മാറി മാറി കുട്ടിയ്‌ക്ക് ഫിസിയോ തെറാപ്പി ചെയ്തു. കുറേ നാളുകൾക്കു ശേഷം ഈ ചികിത്സ ഫലം കണ്ടു. കുട്ടി നടക്കാൻ തുടങ്ങി. ഞാൻ ഉമ്മയെ കാണുന്ന സമയത്ത് കുട്ടി പ്ലസ് 2 പാസായിരുന്നു. ഉമ്മ കുട്ടിയ്ക്ക് അപകടം പറ്റിയ ശേഷമുള്ള പല ഫോട്ടോകളും എനിക്ക് കാട്ടിത്തന്നു.

കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അമ്മയാണ് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോവുകയും പ്രതിസന്ധികളെ അതിജീവിക്കുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുന്നതെന്നറിഞ്ഞപ്പോൾ എനിക്കതിശയമായി. ഉമ്മ പറഞ്ഞതു പോലെ ശരിക്കും അതൊരു ജോലി തന്നെയാണ്. ഹൈസ്കൂളിലെത്തിയപ്പോഴേയ്ക്കും ശാരീരിക വളർച്ചയുള്ളതിനാൽ മാതാപിതാക്കൾ മകളെ വേഗം വിവാഹം കഴിച്ചയച്ചു. കട ബാധ്യതയും ഭർത്താവിന്റെ മരണവും കൂടിയായപ്പോൾ ഇരു വീട്ടുകാരും ഏതാണ്ട് കൈയൊഴിഞ്ഞു. പിന്നെ ജയിക്കാനുള്ള വാശിയും പ്രയത്നവും മാത്രം ബാക്കി. ഇന്ന് എല്ലാം ഏതാണ്ട് കരയ്ക്കടുത്തു വരുന്നു. സുൾഫിക്കറിനെ സ്പോൺസർ ചെയ്യാൻ ആൾക്കാരുണ്ട്. ഉമ്മയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെയെന്ന് ഞാൻ മനസ്സാ ആഗ്രഹിച്ചു. വണ്ടി കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.