ഡോ. ഐഷ വി
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാനായി നടത്തിയ റാലിയിൽ കല്ലട സി വി കെ എം ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്ന തോപ്പുവിള വീട്ടിൽ വിദ്യാധരനും വിശ്വംഭരനും പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തിലുണ്ടായ മാതാപിതാക്കളുടെ വിയോഗം രണ്ടു പേരിലും വലിയ ആഘാതം സൃഷ്ടിച്ചിരുന്നെങ്കിലും മൂത്തയാളായ വിദ്യാധരന് അതൊക്കെ വേഗം അതിജീവിക്കാൻ കഴിഞ്ഞു . എന്നാൽ വിശ്വംഭരനാകട്ടെ ജന്മനാൽ തന്നെ വായുടെ ഭാഗത്തുള്ള കോടലും ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്ന സന്നിയും ഒരിക്കലും അതിജീവിക്കാൻ കഴിയാത്ത അപകർഷാ ബോധത്തിന് അടിപ്പെടുത്തിയിരുന്നു. വിശ്വംഭരൻ ചിത്രരചനയിൽ നല്ല മികവു പുലർത്തിയിരുന്നതിനാൽ കുണ്ടറയിൽ ചിത്രരചന പഠിക്കാൻ ആക്കിയിരുന്നു. പഠനത്തിലും വിശ്വംഭരൻ മുന്നിലായിരുന്നു. കുറച്ചു വളർന്നപ്പോൾ ഹൃദയത്തകരാറു കൂടി വിശ്വംഭരനെ അലട്ടിയിരുന്നു. അന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ മാത്രമേ തെക്കേ ഇന്ത്യാക്കാർക്ക് എത്താൻ പാകത്തിന് ഹൃദശസ്ത്രക്രിയാ വിഭാഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ജ്യേഷ്ഠാനുജന്മാർ വിൽക്കാൻ പറ്റുന്ന വസ്തുവകകളെല്ലാം വിറ്റുപെറുക്കി പണം സ്വരൂപിച്ച് മദ്രാസിലേയ്ക്ക് വണ്ടി കയറി. അവിടെ വച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ജ്യേഷ്ഠൻ അനുജനെ കയറി കണ്ടു. വെള്ളം ചോദിച്ചെങ്കിലും നേഴ്സുമാർ കൊടുത്തില്ല. നേഴ്സുമാർ രോഗികളെ പരിചരിക്കുന്നതിനാവശ്യമായി സാധനങ്ങൾ വച്ചിരുന്ന ട്രേയിൽ നിന്നും ഐസ് ക്യൂബുകൾ എടുത്ത് വിശ്വംഭരൻ വായിലിട്ടതിനെ തുടർന്ന് വീണ്ടും തീയറ്ററിലേയ്ക്ക് കയറ്റേണ്ടിവന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സുഖം പ്രാപിച്ച് നാട്ടിലെത്തി.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിശ്വംഭരന് ഗവ ഐറ്റി ഐയിലെ പഠന ശേഷം സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടി ഹൈദരാബാദിലെത്തി. ഇടയ്ക്ക് നാട്ടിൽ പോയപ്പോൾ ശമ്പളം വാങ്ങി ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ ഓഫീസിലെ ഒരു സ്റ്റാഫിനെ ചുമതലപ്പെടുത്തി. നാട്ടിൽ നിന്നും തിരിച്ചെത്തിയ വിശ്വംഭരന് ശമ്പളത്തുക കിട്ടിയില്ല. ശമ്പളം ബന്ധുവിനെ ഏൽപ്പിച്ചെന്ന് ഓഫീസിലെ സ്റ്റാഫും കിട്ടിയില്ലെന്ന് ബന്ധുവും പറഞ്ഞതോടെ കാര്യം വക്കേറ്റത്തിലും തുടർന്ന് കൈയ്യാങ്കളിയിലും വിശ്വംഭരന്റെ രാജിയിലും കലാശിച്ചു. രാജി വച്ച് കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വംഭരന്റെ മാനസിക നില വഷളായി. അര നൂറ്റാണ്ട് മുമ്പുള്ള കാലമായതിനാൽ മനോരോഗികളോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് നികൃഷ്ടമായിരുന്നു. വേണ്ടത്ര ചികിത്സയും ലഭ്യമായിരുന്നില്ല.
മനസ്സിന്റെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും തിരിച്ചുമുള്ള ആന്ദോളനങ്ങൾക്കിടയിൽ കടുത്ത തലവേദന വരുമ്പോൾ കടുകരച്ച് നെറ്റിയിൽ ഇടുന്ന ശീലം വിശ്വംഭരനുണ്ടായിരുന്നു. ഇത് ഒരു ബന്ധു വീട്ടിൽ വച്ച് ചെയ്തപ്പോൾ അവർക്ക് പ്രശ്നമായിരുന്നു. ജോലി നഷ്ടപ്പെടുത്തി കൈയ്യിൽ കാശില്ലാതെ വന്നപ്പോൾ ജ്യേഷ്ഠാനുജന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന ഓരോ വർഷവും നൂറിലേറെ ചക്ക കായ്ക്കുന്ന വരിക്കപ്ലാവ് മുറിച്ച് വിൽക്കാൻ തീരുമാനിച്ചു. പിന്നെ ആളെ വരുത്തി പ്ലാവ് വിറ്റു. അച്ഛനമ്മമാർ മരിച്ച് കഴിഞ്ഞ് ജ്യേഷ്യാനുജന്മാരുടെ വിശപ്പടക്കാൻ സഹായിച്ചിരുന്നത് ഈ അമ്മച്ചി പ്ലാവായിരുന്നു. ഇത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജൻ നെറ്റിയിൽ പരുക്കേല്പിച്ചു. അവരുടെ അമ്മച്ചി പ്ലാവ് അവശേഷിച്ച കുറ്റിയിൽ നിന്നും മൂന്ന് ശാഖകളായി പടർന്ന് പന്തലിച്ചു . ദീർഘ കാലം നൂറുകണക്കിന് ഫലങ്ങൾ നൽകി കൊണ്ടിരുന്നു.
മനോനില തെറ്റുമ്പോൾ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോവുകയും പിന്നീട് എപ്പോഴെങ്കിലും തിരികെയെത്തുകയും ചെയ്യുന്ന ശീലമായിരുന്നതിനാൽ ജ്യേഷ്ഠൻ ഭാര്യാ സമേതം ജോലി സ്ഥലത്തായിരുന്നതിനാൽ അനുജനെ പാർപ്പിക്കാൻ ഇടമില്ലാതിരുന്നതിനാൽ ജ്യേഷ്ടന്റെ ഭാര്യ വീട്ടിൽ താമസിപ്പിച്ചു. പുറത്തിറങ്ങി നടന്ന സമയത്ത് പലരും ഉപദ്രവിച്ചിരുന്നു. ഒരുവൻ കാൽ കൊണ്ട് ചവിട്ടി. അതേ കാൽ പിന്നീട് പ്രമേഹം വന്ന് മുറിയ് ക്കേണ്ടി വന്നപ്പോൾ നാട്ടുകാർ വിധിച്ചു : വിശ്വംഭരനെ ചവിട്ടിയതു കൊണ്ടാണ് കാൽ മുറിയ് ക്കേണ്ടി വന്നതെന്ന് .
മനസ്സ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്ക് പോയപ്പോൾ ഒരു ദിവസം ചിറക്കര ത്താഴത്തെ ഒരു ഏറുമാടക്കടയുടെ പടിയിൽ കിടന്നു. നല്ല നിലാവുള്ള രാത്രി. നല്ല കറുപ്പുനിറമുള്ള ചായകടക്കാരൻ വെളുപ്പു നിറമുള്ള ജീവനക്കാരനെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചു. ഇതു കണ്ടെങ്കിലും വിശ്വംഭരൻ കണ്ണും പൂട്ടി കിടന്നു. സംഭവത്തിന് ഒരേ ഒരു ദൃക് സാക്ഷി. പിറ്റേന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചെന്നായിരുന്നു വിശ്വംഭരന്റെ മറുപടി. ഇത് ഒരു ഭ്രാന്തന്റെ ജല്പനമായേ പോലീസ് കരുതിയുള്ളൂ. അങ്ങനെ ആ കേസ് തേഞ്ഞുമാഞ്ഞില്ലാതായി.
ജനങ്ങൾ വിശ്വംഭരനേയും വിശ്വംഭരൻ തിരിച്ചും ഉപദ്രവിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ കോടതി മുഖേന തിരുവനന്തപുരം ഊളൻ പാറയിലുള്ള മാനസിക ചികിത്സാ കേന്ദ്രത്തിലാക്കിയിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന രോഗി ഡോക്ടർമാരുടേയും അന്തേവാസികളുടേയും പ്രിയങ്കരനായി മാറി. കാലവും ചികിത്സയും മനോരോഗം മാറ്റി. ജ്യേഷ്ഠന്റെ കുടുംബം നാട്ടിൽ സ്ഥിര താമസമാക്കിയപ്പോൾ ജ്യേഷ്ഠനും കുഞ്ഞമ്മയും കൂടി വിശ്വംഭരനെ കാണാൻ പോയി. പിന്നെ ജ്യേഷ്ഠൻ ജോലി സ്ഥലത്തായിരുന്നപ്പോൾ കുഞ്ഞമ്മ ഇടയ്ക്കിടെ വിശ്വംഭരനെ പോയി കണ്ട് വിശേഷങ്ങൾ വീട്ടിലറിയിച്ചു കൊണ്ടിരുന്നു. കോടതി മുഖാന്തിരം മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കിയതിനാൽ കോടതി വഴി തന്നെ തിരിച്ച് കൊണ്ടുവരണമായിരുന്നു.
അങ്ങനെയിരിക്കേ 1981 ജനുവരിയിലെ ആദ്യ ചൊവ്വാഴ്ച ജേഷ്ഠന്റെ മകൾ ഋതുമതിയായി. ഒരു മുത്തശ്ശി കണക്കുകൂട്ടിയിട്ട് പറഞ്ഞു. ചൊവ്വാഴ്ച ഋതുമതിയായാൽ വീട്ടിൽ മരണം സുനിശ്ചിതം. ഇത്തിരി പുരോഗമന ചിന്താഗതിക്കാരിയായതിനാൽ പെൺകുട്ടി അത് വിശ്വസിച്ചില്ല. പിറ്റേന്ന് വീട്ടിലേയ് ക്കൊരു കത്തു വന്നു വിശ്വംഭരന് അസുഖം കൂടുതലാണ്. വയറിന് ഒരു ശസ്ത്രക്രിയ വേണം. രക്തക്കുറവും ഉണ്ട്. ജ്യേഷ്ഠൻ വീട്ടിലേയ്ക്ക് അനുജനെ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. കോടതി, വീട് , മനോരോഗ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾ തകൃതിയായി നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ അനുജന്റെ മരണം സംഭവിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു.
കാലം കടന്നുപോയപ്പോൾ മനോരോഗികളോട് അനുതാപത്തോടെ പെരുമാറാൻ സമൂഹം ഏറെക്കുറെ പഠിച്ചു. ശരീരത്തിനെന്ന പോലെ മനസ്സിന് ചികിത്സ തേടാനും പൊതുജനങ്ങൾക്കുള്ള മടി കുറഞ്ഞു . ചികിത്സാലയങ്ങളുടെ എണ്ണം കൂടി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply