ഡോ. ഐഷ വി

എന്റെ ഓഫീസ് റൂമിലേയ്ക്ക് വന്ന് ഞങ്ങളുടെ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബി .റ്റി.എസ് തന്റെ സൃഹൃത്തായ ഒരാളെ എനിക്ക് പരിചയപ്പെടുത്തിത്തരട്ടേയെന്ന് എന്നോട് അനുവാദം ചോദിച്ചു. ഞാൻ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. സുബിയോടൊപ്പം വാതിൽ തുറന്ന് അകത്തു വന്നത് ഒരു ആജാന ബാഹു. ഇത് ഇസ്മായിൽ കാസിം. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാനവരോട് ഇരിക്കാൻ പറഞ്ഞു. എനിക്ക് ഇസ്മയിലിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. എന്റെ മുന്നിലിരുന്ന ഇസ്മായിൽ 15 ഓളം ജീവനുകൾ ആപത് ഘട്ടങ്ങളിൽ മരണത്തെ മുഖാമുഖം കണ്ടവർക്ക് തിരിച്ചു പിടിച്ച് ഉള്ളം കൈയിൽ വച്ചു കൊടുത്ത കഥകൾ വീനിതനായി സൗമ്യനായി പറഞ്ഞു തന്നു. ഇസ്മായിൽ അവരെ രക്ഷിച്ച രീതികൾ വിദ്യാർത്ഥികളെ ഒരു പാഠപുസ്തകത്തിലും പഠിപ്പിക്കാത്തതാണ്. പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ പലപ്പോഴും പാഠപുസ്തകത്തിൽ പഠിച്ചത് അതേ പടി ചെയ്യാനുള്ള സാഹചര്യങ്ങളുമായിരിയ്ക്കില്ല.

അക്കാലത്ത്ഏഴാം ക്ലാസ്സുവരെ മാത്രം പഠിച്ച് പഠനമുപേക്ഷിച്ച, വലിയ ജീവിത സാഹചര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കോളനിയിൽ ജനിച്ചു വളർന്ന ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധിയും ദൈവം നൽകിയ മെയ്ക്കരുത്തും തന്റെ മുന്നിൽ പിടയുന്നത് ഒരു മനുഷ്യ ജീവനല്ലേ എന്ന വിശാലമനസ്കതയും വായനക്കാരുടെ മുന്നിൽ അവതരിപ്പിയ്ക്കണമെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ ആർക്കെങ്കിലുമൊക്കെ അത് പ്രയോജനപ്പെട്ടേക്കാം.

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കോളനിയായ തൊടുപുഴ വെള്ളിയാമറ്റത്ത് ഇളം ദേശം ലക്ഷം വീട് കോളനിയിൽ കാസിം – പാത്തു കുഞ്ഞ് ദമ്പതികളുടെ ഏഴുമക്കളിൽ ഒരാളായി ഇസ്മായിൽ കാസിം ജനിച്ചു. 1972-ൽ സർക്കാരിന് 100 രൂപ വില കൊടുത്ത് ഇസ്മായിലിന്റെ വാപ്പ സ്വന്തമാക്കിയതായിരുന്നു കോളനിയിലെ വീട്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ വീടുകൾ വച്ചതു കൊണ്ടാണ് ഈ കോളനി ഏഷ്യയിലെ രണ്ടാം സ്ഥാനത്തിനർഹമായത്. മൂന്നേക്കറിൽ 100 വീടുകൾ . സമ്പത്തില്ലെങ്കിലും സ്നേഹ സമ്പത്തിന്റെ നിറകുടങ്ങളായിരുന്നു ഇസ്മായിലും മാതാപിതാക്കളും സഹോദരങ്ങളും. ഇസ്മായിലിനും കുടുംബാംഗങ്ങൾക്കും ഏതു ജോലിയും ചെയ്യാൻ മടിയില്ലായിരുന്നു. വണ്ടി കഴുകുക വണ്ടിയിൽ സാധനങ്ങൾ കയറ്റി ഇറക്കുക. പടു കുഴിയിലേയ്ക്ക് മറിയുന്ന വണ്ടികൾ പൊക്കിയെടുക്കുക, കാട്ടിലെ ഭാരം കൂടിയ തടികൾ തോളത്ത് എടുത്തു വച്ച് വണ്ടിയിൽ കയറ്റുക, മണൽ വാരുക അങ്ങനെ ഏതു തൊഴിലും മഹത്തരമാണെന്ന് മനസ്സിലാക്കി ഇസ്മായിൽ ചെയ്തുപോന്നു. ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തി. കാട്ടിൽ ജോലിക്ക് പോയപ്പോൾ . ഭാരവുമായി ചെറുപാലം മുറിഞ്ഞും മറ്റും താഴ് ച്ചയിലേയ്ക്ക് നിപതിച്ച അനുഭവങ്ങളും ഇസ്മായിലിനുണ്ട്. എല്ലാ അനുഭവങ്ങളും ഇസ്മായിലിന്റെ ശരീരത്തിനും മനസ്സിനും കാരിരുമ്പിന്റെ കരുത്തു പകരുകയായിരുന്നു.

എന്തെല്ലാം ജോലി ചെയ്തിട്ടും വീട്ടിലെ സാമ്പത്തിക ശേഷി കൂടുന്നില്ലെന്ന് കണ്ടപ്പോഴാണ് ഒരു ബന്ധു ഉപദേശിച്ചത്. ആലുവയിൽ പോയി അറബി ടൈപ്പ് റൈറ്റിംഗ് പഠിച്ചാൽ ഗൾഫിൽ നല്ല ജോലി തരപ്പെടും. ആ ഉപദേശം ശിരസാ വഹിച്ച് ഏഴാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച ഇസ്മയിൽ ആലുവയിലെത്തി അറബി ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ തുടങ്ങി. അങ്ങനെ 1988 – ൽ ഒരു ദിവസം ആലുവ ദേവന പുന്നയാർ ഭാഗത്തായിരുന്നപ്പോൾ റയിൽവേ ട്രാക്കിൽ ചെരുപ്പു കുടുങ്ങിയ സമയം ട്രെയിൻ കയറിയിറങ്ങി കാലറ്റ് ചോര വാർന്ന് കിടക്കുന്ന കൊടുങ്ങല്ലൂർ ഗോപി എന്നയാളെ കാണാനിടയായി. ഇസ്മായിലിലെ മനുഷ്യത്വം (അതോ ദൈവീകത്വമോ?) ഉണർന്ന് പ്രവർത്തിച്ചു. ഗോപിയേയും അറ്റുപോയ കാലിനേയും തോളത്തേന്തി കരോത്തു കുഴി പ്രൈവറ്റാശുപത്രിയിൽ എത്തിച്ചു. സമയം വൈകിയിരുന്നതിനാൽ അറ്റുപോയ കാൽ കൂട്ടി യോജിപ്പിക്കാൻ പ്രയോജനപ്പെട്ടില്ല. എന്നാൽ ഗോപിയ്ക്ക് ജീവൻ തിരിച്ചു കിട്ടി.
മറ്റൊന്ന് ആലുവയിൽ താമസിക്കുന്ന കാലത്തു തന്നെയാണ്. ശാന്തി പുരത്ത് ടിപ്പു സുൽത്താൻ സ്കൂളിലെ കുട്ടികൾ പാത്രം കഴുകാൻ സമീപത്തായി അരയേക്കർ വിസ്തൃതിയുള്ള കുളത്തിൽ ഇറങ്ങിയതാണ്. ഒരു കുട്ടിയുടെ കൈയ്യിലെ പാത്രം കുളത്തിലേയ്ക്ക് വീണു പോയി. കുട്ടി കുട നിവർത്തി നീട്ടി പാത്രമെടുക്കാൻ ശ്രമിച്ചു. കുടയിൽ വെള്ളം കയറിയപ്പോൾ കുടയും കുട്ടിയും കൂടി വെള്ളത്തിൽ താണുപോയി. പിന്നെ രണ്ടു കുട്ടികൾ താണുപോയ കുട്ടിയെ രക്ഷിയ്ക്കാനായി ശ്രമിച്ചെങ്കിലും അവരും വെള്ളത്തിൽ താണുപോവുകയായിരുന്നു. അപ്പോഴാണ് ഇസ്മായിൽ അതു വഴിവന്നത്. പ്രശ്നം മനസ്സിലാക്കി കുളത്തിൽ ചാടി മൂന്നു കുട്ടികളെയും കരയ് ക്കെത്തിച്ചു. ആദ്യം വെള്ളത്തിൽ വീണ കുട്ടിയെ അവസാനമാണ് രക്ഷിക്കാൻ കഴിഞ്ഞത്. അതിനാൽ ആ കുട്ടിയുടെ നില കൂടുതൽ വഷളായിരുന്നു. എന്നാൽ മൂവരും രക്ഷപ്പെട്ടു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.

മൂലമറ്റം കാഞ്ഞാറിൽ ആറിനിക്കരെ കൂടി നടന്നു പോവുകയായിരുന്ന ഇസ്മയിൽ ആറ്റിനക്കരെ കുളിച്ചു കൊണ്ടു നിന്നവർ കയത്തിൽ താഴ്ന്ന് പോകുന്നത് കണ്ട് അക്കരയ്ക്ക് നീന്തി എല്ലാവരേയും രക്ഷപെടുത്തിയതാണ് അടുത്ത സംഭവം.

നമുക്കറിയാത്ത പുഴയുടെ മേൽത്തട്ട് ശാന്തമായി തോന്നാം. എന്നാൽ അടിത്തട്ടിൽ കുഴിയുണ്ടെങ്കിൽ ഒഴുക്കു വെള്ളം ആ കുഴിയിൽ ചുഴി തീർക്കും . വേണമെങ്കിൽ വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ തക്ക തരത്തിലുള്ള ഊർജ്ജ പ്രവാഹമായിരിയ്ക്കും അത്തരം കയങ്ങളിൽ ഉണ്ടാകുക. പുഴയിൽ നിന്നും വെള്ളം പമ്പു ചെയ്യുന്ന പമ്പ് ഹൗസുകൾ ഉള്ളിടത്തോ പുഴയിൽ നിന്നും മണൽ വാരിയ വൻ കുഴികൾ ഉള്ളിടത്തോ പ്രകൃത്യാ തന്നെ പുഴയിൽ കുഴിയുള്ളിടത്തോ ഇത്തരം ചുഴികൾ വരാം. നന്നായി നീന്തറിയാവുന്നവർ പോലും ചുഴിയിൽപ്പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്. പുഴയിലെ ചെളിയിൽ പുതഞ്ഞ് പോകുന്നത് മറ്റൊരു തരം അപകടമാണ്.

ഇസ്മായിലിന് രക്ഷകന്റെ വേഷം മാത്രമേ ഇണങ്ങൂ എന്ന് നിങ്ങൾ വിചാരിക്കരുത്. കവിതയും നന്നായി വഴങ്ങും. നല്ല ഭംഗിയുള്ള കൈപ്പടയിൽ നല്ല വൃത്തഭംഗിയുള്ള കവിതകൾ വെറും ഏഴാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഇസ്മായിൽ എഴുതുമായിരുന്നു.

അറബി റ്റൈപ് റൈറ്റിംഗ് പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴാണ് ഔപചാരിക വിദ്യാഭ്യാസം നേടിയതിന്റെ ഒരു സർട്ടിഫിക്കറ്റുമില്ലാതെ ഗൾഫിലെ മണലാരണ്യത്തിൽ ജോലി തേടിപ്പോയിട്ട് യാതൊരു കാര്യവുമില്ല എന്നറിയുന്നത്. എസ്.എസ്.എൽ.സി പാസാകണമെന്ന ആഗ്രഹം തീവ്രമാകുന്നത് അപ്പോഴാണ്. അങ്ങനെ പഠിക്കുന്ന കാലത്ത് ഒരു ദിവസം ബസ്സിൽ സഞ്ചരിക്കുമ്പാഴായിരുന്നു അടുത്ത സംഭവം. പൊട്ടി വീണ വൈദ്യുതി കമ്പി റോഡിൽ നിന്നും കൈ കൊണ്ട് പിടിച്ച് മാറ്റിയിടാൻ ശ്രമിച്ച സുനിൽ എന്ന പയ്യന് ഷോക്കേറ്റു. കൈ വിരലുകൾ വൈദ്യുതി കമ്പിയിൽ മുറുകെ പിടിച്ച നിലയിൽ ആയിരുന്നതിനാൽ അവിടെ കൂടിയ ആളുകൾ വടിയും തടിയും മറ്റു സാധനങ്ങളുമൊക്കെ എടുത്തടിച്ചിട്ടും മടങ്ങിയ വിരലുകൾ കമ്പിയിലെ പിടി വിട്ട് നിവർന്ന് വരുന്നില്ലായിരുന്നു. വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരേണ്ടത് ഒന്നര കിലോമീറ്റർ അകലെയും . ഇസ്മായിൽ കയറിയ ബസ്സിൽ നല്ല തിരക്കായതിനാൽ ഫുട്ട്ബോർഡിൽ നിൽക്കേണ്ടി വന്നു. അതിനാൽ സംഭവ സ്ഥലത്തെത്തിയ ബസ്സിൽ നിന്നും വേഗം ഇറങ്ങാൻ സാധിച്ചു. ഇതേ സമയം മറ്റൊരു ബസ്സു കൂടി സംഭവ സ്ഥലത്ത് എത്തിയിരുന്നു. നൂറ്റമ്പതോളം ആളുകൾ നിസ്സഹായരായി നോക്കി നിൽക്കേ ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധി അതിവേഗത്തിൽ പ്രവർത്തിച്ചു. ഉടുമുണ്ട് ഊരി ഷോക്കടിയേറ്റയാളിന്റെ കൈ വിരലുകളിലും ദേഹത്തുമായി പൊതിഞ്ഞ് പിടിച്ച് വൈദ്യുത കമ്പിയുടെ പൊട്ടി വീണ അറ്റത്തേയ്ക്ക് വലിച്ചു കൊണ്ടുപോയി ഊരിയെടുക്കുകയിരുന്നു. ഈ പ്രവർത്തനത്തിനിടയിൽ ഇസ്മയിലിന് ഒന്നുരണ്ടു പ്രാവശ്യം ചെറുതായി ഷോക്കേറ്റിരുന്നു. അങ്ങനെ സുനിലിന്റെ ജീവൻ തിരികെ കിട്ടി. വൈദ്യുതി കമ്പിയിൽ പിടിച്ച സുനിലിന്റേതും സദുദ്ദേശമായിരുന്നു. തൊട്ടടുത്തു തന്നെയുള്ള സെൻറ് ജോസഫ് സ്കൂളിലെ കുട്ടികൾക്ക് ഷോക്കടിക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് സുനിൽ കമ്പി പിടിച്ച് മാറ്റാൻ ശ്രമിച്ചത്. ഈ സംഭവങ്ങൾ ഇസ്മായിലിനെ രാഷ് പതിയുടെ പുരസ്കാരത്തിലേയ്ക്ക് നയിച്ചു. 1996-ൽ ശ്രീ കെ. ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന സമയത്താണ് “ജീവൻ രക്ഷാ പഥക് ” നൽകി രാഷ്ട്രം ഇസ്മായിലിനെ ആദരിച്ചത്. അന്ന് 18 വയസ്സിൽ കൂടുതലുള്ള ആരെയും കൂടെ കൊണ്ടുപോകാനോ നല്ലൊരു ഫോട്ടോയെടുത്ത് സൂക്ഷിക്കാനോ ഉള്ള സാമ്പത്തിക ശേഷി ഇസ്മായിലിന്റെ കുടുംബത്തിനില്ലായിരുന്നു. പിൽക്കാലത്ത് സെൻറ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികൾ ആ നാട്ടിലെ പ്രതിഭയായി ഇസ്മായിലിനെ തിരഞ്ഞെടുത്ത് ആദരിച്ചു.

1998- ൽ മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്നും 10000 രൂപ പുരസ്കാരമായി ഇസ്മായിലിന് ലഭിച്ചിരുന്നു.
കാര്യങ്ങൾ ഇത്രത്തോളമെത്തിയപ്പോൾ ശ്രീ പി ജെ ജോസഫ് ഇടപ്പെട്ടു. ഇസ്മായിലിന് കോസ്റ്റ് ഗാർഡിൽ ജോലി ലഭിച്ചു. എന്നാൽ ഇസ്മായിലിന്റെ ഉമ്മയ്ക്ക് ആ ജോലി ഇഷ്ടമില്ലാതിരുന്നതിനാൽ 1998- ൽ ഐ.എച്ച്.ആർ.ഡി യുടെ സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. സ്വപ്രയത്നത്താൽ ഹയർ സെക്കന്ററിയും ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും പാസ്സായി. ഞാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് പ്രിൻസിപ്പാളായി ജോലി നോക്കുമ്പോൾ അവിടത്തെ ലൈബ്രറേനിയനായിരുന്ന ശ്രീ പത്മനാഭനെക്കൊണ്ട് ഡിസൈൻ ചെയ്യിപ്പിച്ച് ഗവ. സാങ്ഷൻ നേടിയെടുത്ത ലൈബ്രററി സയൻസ് കോഴ്സാണ് ഇസ്മായിൽ പാസ്സായിയെന്നത് അദൃശ്യമായ കർമ്മബന്ധം. ഇപ്പോൾ പൈനാവ് ഐ എച്ച് ആർ ഡി യുടെ പോളി ടെക് നിക്കിൽ ലൈബ്രറിയിൽ ജോലി നോക്കുന്നു. സ്വന്തമായി ഒരു ജിമ്മും ഉണ്ട്. മുണ്ടും ഷർട്ടുമിട്ട് ഇസ്മയിൽ ജോലി സ്ഥലത്തെത്തി വിനീതനായി ഇരുന്നാൽ ജീംന്വേഷ്യത്തിൽ പ്രവൃത്തി പരിചയമുള്ളയാളാണെന്നും ധാരാളം പേർക്ക് ടെയിനിംഗ് കൊടുത്തിട്ടുണ്ടെന്നും കാണുന്നവർക്കൊന്നും തോന്നില്ല. കുട്ടികളുടെ ഇടയിലെ കശപിശയും മറ്റും സൗമ്യമായി പറഞ്ഞു തീർക്കാൻ ഇസ്മായിൽ ശ്രമിക്കും. ചിലപ്പോൾ കുട്ടികൾ പിരിഞ്ഞ് പോകും.

ചില ക്ഷിപ്രകോപികൾ കാര്യങ്ങൾ കയ്യാങ്കളിയിലെത്തിക്കും ദൂരെ നിന്ന് ക്ഷമയോടെ ഇതൊക്കെ നിരീക്ഷിക്കുന്ന ഇസ്മയിൽ ക്ഷിപ്രകോപിയെ തറയിൽ നിന്നും ഉയർത്തും. നിലത്ത് കാലുറച്ച് നിൽക്കുമ്പോഴുള്ള വീറും വാശിയുമേ ഈ കുട്ടികൾക്കുള്ളൂ. കാലുറപ്പിക്കാൻ ഇടം കിട്ടാത്തപ്പോൾ അല്പനേരം കാലിട്ടടിയ്ക്കും. പിന്നെ അടങ്ങും. കോപമടങ്ങാനും എല്ലാം കലങ്ങിത്തെളിയാനും അല്പം നേരം വേണമല്ലോ? പിന്നെ സമാധാനിപ്പിച്ച് വിടും. ഇസ്മായിൽ ജിമ്മാണെന്നറിയുന്ന ആൺകുട്ടികൾ എങ്ങനെയാണ് ബോഡി ബിൽഡ് അപ് ചെയ്ത് എടുത്തത് എന്നറിയാൻ ഇസ്മായിലിന്റെ പിറകെ കൂടും. എന്റെ ഓഫീസിന് മുന്നിലും ധാരാളം കുട്ടികൾ ഇസ്മായിലിനെ കാണാൻ നിൽക്കുന്നുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇസ്മായിലിന് രക്ഷകന്റെ വേഷം ഈശ്വരൻ കല്പിച്ചു നൽകിയതായതിനാൽ 2010 ൽ പൂച്ചപ്ര ഉരുൾ പൊട്ടലിൽ 5 പേരെ രക്ഷിക്കാനുള്ള നിയോഗമുണ്ടായി. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിട്ടിറങ്ങി സഹായിക്കുന്ന ശീലമുള്ളതിനാൽ ഈ ഉരുൾപൊട്ടൽ സ്ഥലത്തും കൂട്ടുകാരോടൊപ്പം ഇസ്മായിൽ എത്തി. വടവും മറ്റും കൈയ്യിലുണ്ടായിരുന്നെങ്കിലും രൗദ്ര ഭാവം പൂണ്ടൊഴുകുന്ന കാട്ടാർ നീന്തി കടക്കാൻ ആർക്കും ധൈര്യം പോരായിരുന്നു. പുഴയ്ക്കക്കരെ മലമുകളിലായിരുന്നു ഉരുൾ പൊട്ടലിൽ പെട്ടവീട്. ഒരു വീട്ടിലെ അമ്മയും ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളും അവിടെ ഒറ്റപ്പെട്ടു പോയി. ആ അഞ്ചുപേരെയും രക്ഷിക്കുന്ന ദൗത്യം ഇസ്മായിലിനായിരുന്നു. വലിയ വടവുമായി ഇസ്മായിൽ അക്കരയ്ക്ക് നീന്തി. വീടും വൃക്ഷങ്ങളും കടപുഴക്കി ഒഴുകുന്ന ഉരുൾ വെള്ളത്തിൽ ഒഴുകിപ്പോകാതെ നിന്ന ഒരു വന്മരത്തിൽ വടം കെട്ടിയുറപ്പിച്ചു. മറുകരയിൽ സഹായികൾ ഒരു വൃക്ഷത്തിൽ വടം നന്നായി വലിച്ചു കെട്ടി. ഇസ്മായിൽ രക്ഷിച്ചു കൊണ്ടുവരുന്നവരെ താങ്ങി ഇക്കരെയെത്തിക്കാൻ സഹായികൾ നിലയെത്തും വെള്ളത്തിൽ വടത്തിൽ പിടിച്ച് വരിവരിയായി നിലയുറപ്പിച്ചു. ആൺകുട്ടി ചെറുതായതിനാൽ അതിനെയും രണ്ടു പെൺകുട്ടികളെയും ഇസ്മയിൽ ആദ്യം സഹായികൾ നിൽക്കുന്നിടം വരെ പുഴ നീന്തി എത്തിച്ചു കൊടുത്തു. ഇങ്ങനെ കൊണ്ടുവരുന്ന ആൾക്കാർ എല്ലാം നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടവരായതിനാൽ പിച്ചും പേയും പറയുകയും ആത്മഹത്യാപ്രവണത കാണിക്കുകയും രക്ഷകന്റെ ഷർട്ടിലും തലമുടിയിലും പിടിച്ച് വലിച്ച് പിച്ചുകയും ചെയ്യും. അതെല്ലാം സഹിച്ച് ഇവരെയും തോളിലേന്തി നിലയില്ലാ ഒഴുക്കു വെള്ളത്തിൽ വടം ചേർത്ത് നീന്തി സഹായികൾ നിൽക്കുന്നിടം വരെ എത്തിക്കുന്നത് വളരെ സാഹസികമായും ശ്രദ്ധയോടെയും ചെയ്യേണ്ട കാര്യമാണ്. ഏതു നിമിഷവും രക്ഷപ്പെടുത്തിയ ആൾ കൈയ്യിൽ നിന്നും പോകാം. അങ്ങനെ പോയാൽ അതുവരെ ചെയ്ത പ്രയത്‌നങ്ങൾക്കൊന്നും ഫലമില്ലാതെയാകും.

മൂന്ന് പേരെ ഇക്കരെയെത്തിച്ച് തിരികെ അക്കരെയെത്തി മല കയറുമ്പോഴാണ് രണ്ടാമത്തെ ഉരുൾ പൊട്ടിയത്. അമ്മയും മകളും ഉറച്ച മരത്തിൽ പിടിച്ച് നിന്നു. അമ്മ ഭ്രാന്തിയെപ്പോലെ അലറി . ഒരു ഘട്ടത്തിൽ ഉരുൾവെളളത്തിൽ ചാടി ആത്‌മഹത്യ ചെയ്യാൻ അവരൊരുങ്ങി. ഇസ്മായിൽ വേഗം അവരെ ഇക്കരെയെത്തിച്ചു. ഏറ്റവുമവസാനം മരത്തിൽ പിടിച്ച് ധൈര്യപൂർവ്വം കാത്തു നിന്ന പെൺകുട്ടിയേയും. അങ്ങനെ ഒരു വീട്ടിലെ അഞ്ചു പേർ രക്ഷപെട്ടു. ഇതേ ദിവസം ആ നാട്ടിൽ മറ്റൊരിടത്ത് ഇതുപോലെ ആളുകളെ രക്ഷിക്കാനിറങ്ങിയ ഇസ്മയിലിന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗമറിയാതെയായിരുന്നു ഈ രക്ഷാപ്രവർത്തനം. പിന്നീട് അയാളുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ആർക്കും തിരച്ചറിയാൻ പറ്റുന്നില്ലായിരുന്നു. എന്നാൽ സുഹൃത്തിനെ കാണ്മാനില്ലെന്ന വിവരവും കിട്ടിയിരുന്നു. അവസാനം ഒരാൾ പറഞ്ഞു. നീ അവന്റെ മുഖമൊന്ന് സങ്കല്പിച്ചു കൊണ്ട് ഈ മൃതദേഹത്തിൽ നോക്കുക ഇതവനാണോ എന്ന്. അതയാൾ തന്നെയായിരുന്നു.

സ്പോർട്ട്സിലും വടം വലിയിലും നിരവധി സമ്മാനങ്ങൾ ഇസ്മായിലിന് ലഭിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വടത്തിന്റെ ഒരു വശത്ത് നിന്ന് വലിച്ച് വടം വലിയിൽ ജയിച്ച അനുഭവവും ഇസ്മയിലിനുണ്ട്.

ഇസ്മായിലിന്റെ വിവാഹവും ഒരു രക്ഷപെടുത്തൽ തന്നെയായിരുന്നു. ഭാര്യ സിന്ധു ( ഇപ്പോഴത്തെ പേര് ഷാഹിദ) ഒരു ക്രിസ്തീയ കുടുംബത്തിലേതായിരുന്നു. അമ്മ മരിച്ചു പോയി. ഒരു സഹോദരന് സിന്ധുവിന്റെ പിതാവ് വീടും പറമ്പും ഒരാൾക്ക് ജാമ്യം വയ്ക്കാനായി നൽകി. പിന്നീട് കുടുംബം കടക്കെണിയിലായി. സിന്ധു മനസ്സിന്റെ ഭാരമെല്ലാം ഇറക്കി വയ്ക്കുന്നത് സമീപ വാസിയായ ഇസ്മായിലിനടുത്തായിരുന്നു. സിന്ധുവിന്റെ ഹൃദയ നൊമ്പരങ്ങൾ കേട്ടുകേട്ട് ഇരുവരും പ്രണയത്തിലായി. പ്രണയം ഇരു വീടുകളിലും എതിർപ്പുളവാക്കി. മതമായിരുന്നു പ്രശ്നം. ഇങ്ങനെയായാൽ എങ്ങിനെയാണ് വിവാഹം നടത്തുക ? ഇരുവർക്കും പിന്മാറിയാലോ എന്ന് ഇസ്മായിൽ സിന്ധുവിനോട് ചോദിച്ചു. സിന്ധു പറഞ്ഞു: ഇസ്മായിൽ വേറെ വിവാഹം കഴിച്ചോളൂ. സിന്ധു അവിവാഹിതയായി തുടരുമെന്ന്. അങ്ങനെ ഇസ്മായിൽ സിന്ധുവിനെ തന്നെ ജീവിത സഖിയാക്കാൻ തീരുമാനിച്ചു.

ഇസ്മായിലിന്റെ വീട്ടിൽ എല്ലാവർക്കും കൂടി കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ആ കോളനിയിൽ തന്നെയുള്ള ഒരു മുറിയിലായിരുന്നു കിടപ്പ്. സിന്ധുവിന്റെ വീട് റോഡിന് എതിർവശത്തും. ഇസ്മായിൽ ജോലിക്ക് പോകുന്ന ദിവസം ഒരു ഷർട്ടെടുത്തു കടയിലെ മേശപ്പുറത്ത് വച്ചിരുന്നാൽ അതിന്റെയർത്ഥം അന്നേ ദിവസം ഇസ്മായിൽ തിരിച്ചെത്തുമെന്നാണ്. ഒരു കുപ്പി നിറച്ച് വെള്ളം വച്ചാൽ അന്ന് തിരികെയെത്തി ല്ലെന്നും . ഒഴിഞ്ഞ കുപ്പി വച്ചാൽ മറ്റൊരു കോഡ്. അങ്ങനെ ലാന്റ് ഫോണോ മൊബൈൽ ഫോണോ സ്വന്തമായി ഇല്ലാതിരുന്ന കാലത്ത് അവർ കോഡുകൾ കൊണ്ടു സംവദിച്ചു. ഇസ്മായിലിന് അല്പ സ്വൽപം സാമ്പത്തിക സ്ഥിതിയൊക്കെയായപ്പോൾ അവർ വിവാഹിതരാകാൻ തീരുമാനിച്ചു.. സിന്ധു പൊന്നാനിയിൽ പോയി മതം മാറി ഷാഹിദയായി. അവർ കോളനിയിൽ നിന്നും അല്പം ദൂരത്തുമാറി
ഒരു വീട്ടിൽ താമസമാക്കി. അവരുടെ ദാമ്പത്യവല്ലരിയിൽ രണ്ടു കുട്ടികളുണ്ടായി. അൽ സാബിത്തും അൽ സാജിത്തും.

സിന്ധുവിന്റെ സഹോദരൻ ഇംഗ്ലണ്ടിൽ പോയി . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഇസ്മായിലും ഭാര്യയും ഇരുവരുടേയും ബന്ധുവീടുകളിലേയ്ക്ക് പോകില്ല. എല്ലാവർക്കും അവരുടെ വീട്ടിലേയ്ക്ക് വരാൻ സ്വാതന്ത്ര്യമുണ്ട്.

ഞങ്ങളുടെ കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികളും പ്രോഗ്രാം ഓഫീസർ സുബിയും കൂടി ഒരു പുഴക്കരയിൽ 20 ഏക്കർ സ്ഥലത്ത് കാവ് വച്ച് പിടിപ്പിക്കുന്ന ശ്രമത്തിലായിരുന്നു. അതിൽ പങ്കെടുത്ത ശേഷമാണ് ഇസ്മായിൽ കോളേജിൽ എത്തിയത്. പുറത്ത് കുട്ടികൾ ഇസ്മായിലിനെ കാത്ത് നിൽക്കുന്നതിനാൽ ഇസ്മയിൽ വേഗം ഇറങ്ങി. സുബിയുടെ ഭാഷയിൽ പറഞ്ഞാൽ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളുടെ ഇടയിൽ ഇലക്ഷൻ ഡ്യൂട്ടിയ് ക്ക് പോകണമെങ്കിൽ അത് ചോദിച്ചു വാങ്ങി പോകാൻ മടിയില്ലാത്തയാളാണ് ഇസ്മായിൽ . വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ 15 കിലോമീറ്ററോളം നടന്നാണ് കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇസ്മായിൽ എത്തിയത്. നല്ല ആരോഗ്യമുള്ളവരെ മാത്രമേ അവിടെ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഇടുകയുള്ളൂ. ഇടമല കുടിയിൽ ആകെ 26 കുടികളാണുള്ളത്. ഒരു കുടിയിൽ ഇരുപതോളം വീടുകൾ . പിന്നെ കുറച്ചു ദൂരം ചെന്നശേഷമായിരിയ്ക്കും അടുത്ത കുടി. ഒരു കുടിയ് ക്ക് ഒരു കാണിയുണ്ടാകും. എല്ലാ കാണികൾക്കും കൂടി ഒരു മൂപ്പൻ . ഇവരെ കണ്ടിട്ട് വേണം ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഹാജരാകാൻ. ഇടമലകുടിയിൽ രണ്ടായിരത്തോളം വോട്ടർമാർ ഉണ്ടാകും ഒരു ബൂത്തിൽ അഞ്ഞൂറോളം വോട്ടർമാർ ഉണ്ടാകും. ഉച്ചയ്ക്ക് മുമ്പ് വോട്ടെടുപ്പ് കഴിയും. ഇവരെത്തിയ ബൂത്ത് പ്രദേശത്ത് തലേന്നാൾ ഒരു പട്ടിയെ ഒരു പുലി പിടിച്ചിരുന്നു. ഇസ്മായിൽ നടന്നു തളർന്ന ക്ഷീണത്തിൽ സുഖമായി ഉറങ്ങി. മറ്റുള്ളവർ ഉറങ്ങാതെ നോക്കി നിൽക്കുകയായിരുന്നു. നേരം വെളുത്ത് ഇസ്മായിൽ കണ്ണു തുറന്ന് നോക്കിയപ്പോൾ ആരും ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി. എങ്ങിനെ ഉറങ്ങാൻ പറ്റി ? പേടിയായില്ലേ എന്ന് ഇസ്മായിലിനോട് അവർ ചോദിച്ചു . നിങ്ങളെല്ലാം ഉറങ്ങാതെ കാവൽ നിൽക്കുകയല്ലേ? അപ്പോൾ എനിക്ക് സുഖമായി ഉറങ്ങാമല്ലോ എന്നായിരുന്നു ഇസ്മയിലിന്റെ മറുപടി. അതാണ് ഇസ്മായിൽ. ഞാൻ ഡിസാസ്റ്റ ർ മാനേജ്മെന്റിനെക്കുറിച്ച് ഒരു ക്ലാസ്സ് നമ്മുടെ കുട്ടികൾക്കായി ഇസ്മായിലിനെ കൊണ്ട് എടുപ്പിക്കണമെന്ന് സുബിയെ പറഞ്ഞേൽപ്പിച്ചു. അനുഭവസമ്പത്തുള്ളവർക്കല്ലേ അത് വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ കഴിയൂ. ഇനിയും ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനുള്ള കഴിവും ആരോഗ്യവും ദീർഘായുസ്സും ദൈവം ഇസ്മായിലിന് നൽകട്ടെ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.