ഡോ. ഐഷ വി

” പ്രാവേ പ്രാവേ പോകരുതേ വാവാ കൂട്ടിനകത്താക്കാം
പാലും പഴവും പോരെങ്കിൽ ചോറും കറിയും നൽകാം ഞാൻ”
എന്ന പാഠം ശകലം പഠിച്ചതു മുതൽ പ്രാവിനോടൊരിഷ്ടം തുടങ്ങിയതാണ്. പച്ച പയർ പൊളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിൽ അമ്മാമ്മ കുറച്ച് പയർ എടുത്ത് വറുക്കാൻ അമ്മയോട് പറഞ്ഞു, ഞാൻ അമ്മയുടെ പിന്നാലെ അടുക്കളയിലേയ്ക്ക് കയറി. പയർ വറുക്കാനേൽപ്പിച്ച അമ്മ പ്രാവ് വന്ന് നോക്കിയപ്പോൾ പ്രാവിൻ കുഞ്ഞ് വറുത്തു വച്ച പയറിന്റെ അളവ് കുറവായതുകൊണ്ട് അമ്മ കുഞ്ഞിനെ കൊത്തി കൊന്ന കവിതയായിരുന്നു അപ്പോൾ മനസ്സിൽ. അവസാനം പച്ചപ്പയർ വറുത്താൽ അളവിൽ കുറയുമെന്ന് ബോധ്യപ്പെട്ട അമ്മ പ്രാവ് ” ഇരുമണി പയറിന് കുഞ്ഞിനെ കൊന്നേനുലകത്തിലെന്തിനീ ഞാനിരിപ്പൂ” എന്ന് തലതല്ലി കരയുന്നതും ഓർമ്മ വന്നു. അമ്മ പയർ വറുത്തു കഴിയുന്നതുവരെ ഞാനരികത്തു നിന്നു. പച്ച പയർ വറുത്താൽ അളവിൽ കുറയുന്നത് കണ്ട് ബോധ്യപ്പെട്ടു. അല്പം ഉപ്പിട്ട് വറുത്ത പയറിൽ അമ്മ ചിരകിയിട്ടിളക്കിയ തേങ്ങയും കൂട്ടി തിന്നു കഴിഞ്ഞേ ഞാൻ അമ്മയുടെ അരികത്ത് നിന്ന് മാറിയുള്ളൂ.

ചിറക്കര ത്താഴത്തെ വീട്ടിലെ തട്ടിൻപുറത്ത് ചേക്കേറാൻ ധാരാളം പ്രാവുകൾ എത്തിയിരുന്നത് എനിക്ക് സന്തോഷം നൽകിയിരുന്നു. പക്ഷേ രാവിലെ തിണ്ണ മുഴുവൻ പ്രാവിൻ കാഷ്ടം കൊണ്ട് നിറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം വരും. എന്നാലും ഓടിട്ട മേൽകൂര ടെറസ് മേൽക്കൂരയാക്കുന്ന കാലം വരെയും പ്രാവുകളെ ആരും ഓടിച്ചു വിട്ടില്ല. ” സമാധാനവും ശാന്തിയും ഉള്ളിടത്തേ പ്രാവുകൾ ചേക്കേറൂ” എന്ന് ചിലർ പറയാറുണ്ട്. വയലരികിലുള്ള വീടായതിനാൽ പ്രാവുകൾക്ക് ഭക്ഷണം വയലിൽ നിന്നും യഥേഷ്ടം ലഭിച്ചിരുന്നു. അതിനാലാവണം കൂട്ടിലടയ്ക്കാതെ തന്നെ പ്രാവുകൾ ഞങ്ങളുടെ വീട്ടിൽ ധാരാളം എത്തിയിരുന്നത്. ചാര നിറത്തിലുള്ള തൂവലും കഴുത്തിൽ തിളങ്ങുന്ന നീല വർണ്ണമുള്ള നെക്ലേസ് ഇട്ടതു പോലുള്ള ചെറു തൂവലുകളും കണ്ണിൽ അല്പം ചുവപ്പും നിറമുള്ളവയായിരുന്നു ഭൂരിഭാഗവും. ഒരു ദിവസം ചാരത്തൂവലിൽ അല്പം വെള്ള കലർന്ന നിറമുള്ള ഒരുപ്രാവ് എത്തി. പിന്നെ എതാനും ദിവസങ്ങൾ കൂടി അതിനെ കണ്ടു. ആ പ്രാവ് പക്ഷേ സ്ഥിരമായി അവിടെ തങ്ങിയില്ല. ഞങ്ങളുടെ വീട്ടിലെ അന്തേവാസികളായ പ്രാവിനെ പ്രണയിക്കാൻ വന്നതാണോ ഈ പ്രാവെന്ന് എനിയ്ക്കൊരു സംശയം. പിന്നെ അത് വന്നിട്ടില്ല. അവിടെ നിന്നും ഒരിണയുമായി കടന്ന് കളഞ്ഞതാവാനാണ് സാധ്യത. പ്രാവുകളുടെ എണ്ണക്കൂടുതൽ കൊണ്ട് കൂട്ടത്തിൽ നിന്നാരെങ്കിലും പോയോ എന്നും മനസ്സിലായില്ല.

അങ്ങനെയിരിയ്ക്കെ ഒരു ദിവസം ഞങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള താവണം പൊയ്കയിലെ വല്യമ്മച്ചിയുടെ വീട്ടിൽ പോയി. അതിന് തൊട്ടടുത്തുള്ള ഒരു വീട്ടിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു. അവരുടെ മുറ്റത്ത് വിലസിയിരുന്ന ഒരു പ്രാവിനെ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ വീട്ടിൽ ഇടക്കാലത്ത് എത്തിയ വെള്ള പുള്ളിയുള്ള പ്രാവാണോ അതെന്ന് എനിക്ക് തോന്നി. കൂടെ തോളോട് തോൾ ചേർന്ന് കുറുകി നടക്കുന്ന മറ്റൊരു പ്രാവും. അത് ഞങ്ങളുടെ വീട്ടിൽ നിന്നും പോയതാകണം.
ആ വീട്ടുകാരോട് വ്യത്യസ്ഥ നിറമുള്ള ഈ പ്രാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് സ്ഥിരമായി അവിടെയുള്ളതാണെന്ന് മനസ്സിലായി.

തട്ടിൻപുറത്തെ പ്രാവിന്റെ കുറുകലിന് ഓരോ താളമുണ്ട്. റിലേ സംവിധാനത്തിൽ ഒരു പ്രാവ് കൊണ്ടുവരുന്ന കുഞ്ഞ് മരചില്ല തട്ടിൻപുറത്തിരിയ്ക്കുന്ന പ്രാവിന്റെ ചുണ്ടിലേയ്ക്ക് കൈമാറുമ്പോഴുള്ള കുറുകലിന് ഒരു താളം. ഇണയോടുള്ള കുറുകലിന് മറ്റൊരു താളം. കുഞ്ഞിന് ആഹാര സാധനങ്ങൾ കൈമാറുമ്പോൾ മറ്റൊരു താളം . അങ്ങനെ അങ്ങനെ അവരും അവരുടേതായ ഭാഷയിൽ ആശയ വിനിമയം നടത്തുന്നു. കുഞ്ഞിന് പാൽ കൊടുത്തു വളർത്തുന്ന ഒരു പക്ഷിയാണ് പ്രാവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പുസ്തകത്തിൽ ഞാൻ വായിച്ചിരുന്നു. അങ്ങനെ ഞാൻ പ്രാവുകളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. കുഞ്ഞിനായി കൊത്തികൊണ്ടുവരുന്ന ധാന്യമണികൾ അമ്മ പ്രാവിന്റെ കഴുത്തിന് താഴെയുള്ള ദ്വാരത്തിലൂടെ ഊറി വരുന്ന ദ്രാവകത്തിൽ മുക്കി നനച്ചാണ് കുഞ്ഞിന് കൊടുത്തിരുന്നത്. ഈ നനയ്ക്കൽ പ്രക്രിയ പലപ്പോഴും ഞങ്ങളുടെ കിണറ്റു കല്ലിൽ വച്ചാകും നടത്തുക. അതിന് ശേഷം പറന്നുചെന്ന് മച്ചിൻ പുറത്തിരിക്കുന്ന കുഞ്ഞിന് എത്തിക്കും. കുഞ്ഞല്പം വളർന്ന് കഴിയുമ്പോൾ ഭിത്തിയരികിലേയ്ക്കെത്തി പുറത്തേയ്ക്ക് തല നീട്ടും. വലിയ പ്രാവുകൾ രാത്രിയിരിയ്ക്കുന്നതും ഉറങ്ങുന്നതും ഭിത്തിയുടെ മുകളിൽ തന്നെ. മുട്ടയിടാനായി കൂടൊരുക്കുമ്പോഴാണ് മച്ചിനുള്ളിലേയ്ക്ക് പോവുക.

അങ്ങനെയിരിക്കേ വീട്ടിൽ അച്ഛനുമമ്മയും ഇല്ലാതിരുന്ന ദിവസം അനുജൻ തട്ടിൻപുറത്തേയ്ക്ക് ഏണി വച്ച് കയറി. സാധരണ ചാക്കിൽ കെട്ടിയ നെല്ലോ തേങ്ങയോ മറ്റത്യാവശ്യമില്ലാത്ത സാധനങ്ങളോ ആണ് അമ്മ തട്ടിൻപുറത്ത് ഇടാറ്. അനുജൻ ഏണിയിൽ കയറി നിന്ന് തട്ടിന്റെ അടപ്പിന്റെ കൊളുത്തെടുത്ത് തട്ട് തുറന്ന് മുകളിലേയ്ക്ക് കയറിയപ്പോൾ ഞാനും പുറകേ കയറി. അവിടെ ധാരാളം പ്രാവിൻ കൂടുകൾ . ചില്ലകൾ കൊണ്ട് മെനഞ്ഞ് അകം അർദ്ധഗോളാകൃതിയിൽ വരത്തക്കവിധമാക്കി അതിനകത്ത് പഞ്ഞി ചകിരിനാര് എന്നിവയടുക്കി കുഞ്ഞ് മുട്ടകളിടാൻ മെത്തയൊരുക്കിയിരിക്കുകയാണ്. പല കുടുംബങ്ങളുടേതാകണം ധാരാളം കൂടുകളുണ്ട്. ചിലതിൽ 3 മുട്ടകൾ ചിലതിൽ 4 മുട്ടകൾ ചിലതിൽ 5 മുട്ടകൾ . അനുജൻ മുട്ടകളുടെ എണ്ണം കൂടുതലുള്ള കൂടുകളിൽ നിന്നും രണ്ട് മൂന്ന് മുട്ടകൾ കരസ്ഥമാക്കി തട്ടിറങ്ങി. പുറകേ ഞാനും. അനുജൻ നേരെ അടുക്കളയിലെത്തി. ഒരു ചട്ടി അടുപ്പത്ത് വച്ച് ബുൾസൈ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഞാനും അനുജത്തിയും പുറകേ ചെന്നു. കോഴി മുട്ടയക്കാൾ വളരെ ചെറിയ മുട്ടയാണ് പ്രാവിന്റേത്. കോഴി മുട്ടയുടെ മഞ്ഞക്കരുവിന് മഞ്ഞനിറമാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. ബുൾസൈ തയ്യാറായപ്പോൾ ഞാനും അനുജത്തിയും അതിന്റെ പങ്ക് പറ്റി. പിന്നെയും പല ദിവസങ്ങളിലും അനുജൻ ഇതാവർത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാവിന് മുട്ടയുടെ എണ്ണമോ മനുഷ്യ ഗന്ധമോ തിരിച്ചറിയാൻ കഴിയില്ലെന്ന് വേണം കരുതാൻ. പ്രത്യേകിച്ച് ശബ്ദ കോലാഹലങ്ങളൊന്നുമില്ലാതെ അവർ സാധാരണ പോലെ കഴിഞ്ഞ് പോന്നു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്ന് പുറത്തു പോകാൻ തുടങ്ങുമ്പോൾ കൂടിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി ഭിത്തിയരികിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിന്റെചില്ലകൾ താഴെ തിണ്ണയിലേയ്ക്ക് തള്ളിയിടും. കൂട് അടുത്ത മുട്ടക്കാലത്തേയ്ക്ക് കരുതി വയ്ക്കുന്ന കാര്യമില്ല. അന്ന് പുതിയ കൂടൊരുക്കും.

പ്രാവ് സമാധാനത്തിന്റെ പ്രതീകമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുദ്ധങ്ങൾക്കെതിരായുള്ള ജാഥയിൽ കേട്ടതിങ്ങനെ.” സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പീരങ്കികൊണ്ട് തകർത്തിടല്ലെ”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.