ഡോ. ഐഷ വി

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയിലെ സ്റ്റാഫ് ടൂർ പോകാൻ തീരുമാനിച്ചപ്പോൾ ഭർത്താവ് എന്നോട് അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാൽ ഞാനും ചെല്ലാമെന്നേറ്റു.
യാത്രാ ദിവസം അതിരാവിലെ തന്നെ ഞങ്ങളുടെ വണ്ടി ചാലക്കുടി ബസ് സ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് ഒരു കടത്തിണ്ണയിൽ ഞങ്ങൾ മഴ നനയാതെ ഒതുങ്ങി നിന്നു. സഹയാത്രികർ വണ്ടിയുമായെത്താൻ വീണ്ടും താമസിക്കുമെന്നറിഞ്ഞു.

അവരെത്തിയപ്പോൾ ഞങ്ങൾ വണ്ടിയിൽ കയറി. പോകുന്ന വഴിയ്ക്ക് പ്രാതൽ കഴിച്ച് യാത്ര തുടർന്നു. വാഴക്കുളം പൈനാപ്പിൾ തോട്ടങ്ങളും നിത്യ ഹരിത പ്രദേശങ്ങളും പിന്നിട്ട് കോട്ടയം ജില്ലയിലെ വാഗമണ്ണെന്ന ആരെയും മാടിവിളിക്കുന്ന ടൂറിസ്റ്റ് സ്പോട്ടിലെത്താൻ ഞങ്ങൾ മല കയറുകയായി.

മല കയറുന്ന വഴി ഒന്ന് രണ്ട് വ്യൂ പോയിന്റിൽ വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. ഒന്നുരണ്ടു കുട്ടികൾ ഛർദ്ദിച്ചെങ്കിലും കുട്ടികളും മുതിർന്നവരും തെല്ലും ഉത്സാഹം ചോരാതെ പാട്ടും അന്താക്ഷരിയും മറ്റ് കലാപരിപാടികളുമായി യാത്ര തുടർന്നു. കുന്ന് കയറിക്കഴിഞ്ഞ ഞങ്ങൾ ആദ്യം പോയത് “വാഗമൺ മെഡോസി”ലേയ്ക്കാണ്. അവിടേയ്ക്ക് പോകുന്ന വഴികൾക്കിരുവശവും ഹോം മേയ്ഡ് ചോക്ലേറ്റുകൾ നെല്ലിക്ക അച്ചാർ കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ധാരാളമായുണ്ടായിരുന്നു . ടിക്കെറ്റെടുത്ത് ഞങ്ങൾ വാഗമൺ മെഡോസിൽ കയറി. പുൽത്തകിടിയുള്ള മൊട്ട കുന്നിന്റെ നെറുകയിലാണ് ഞങ്ങൾ. നടപ്പാതയ്ക്കിരുവശവും ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതു വഴി ഞങ്ങൾ ആകാശ സൈക്ലിംഗ് സൗകര്യം ഉള്ള ഭാഗത്തേയ്ക്ക് നടന്നു. നല്ല കോടമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഏകദ്ദേശം10 മീറ്ററിനപ്പുറത്തേയ്ക്കുള്ള കാഴ്ചകളൊന്നു വ്യക്തമായിരുന്നില്ല. ബോട്ടിംഗിന് പോകേണ്ട താഴ്വരയും അപ്പോൾ കാണാൻ പറ്റുമായിരുന്നില്ല.. സെൽഫിയെടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഞങ്ങൾ സമയം തള്ളി നീക്കി. കൂട്ടത്തിൽ ചിലർ ആകാശ സൈക്ലിംഗിനുള്ള നിർമ്മിതിയിൽ കയറി സൈക്ലിംഗ് നടത്തി.
കുറേ കഴിഞ്ഞപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടമഞ്ഞ് മാറി. താഴ്വരയും തടാകവും തൊട്ടടുത്തുള്ള കുന്നുകളും ദൃശ്യമായി. സൈക്ലിം ഗ് നടത്തുന്നവരെ കാണാൻ പറ്റി. ആകാശ സൈക്ലിംഗിൽ അടുത്ത കുന്നിൻ മുകളിലേയ്ക്ക് സഞ്ചരിച്ച്‌ തിരികെയെത്തണം.

വാഗമൺ കുന്നുകൾക്ക് 1200 മീറ്ററോളം പൊക്കമുണ്ട്. ഏകദേശം 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ താപനില വരാറുള്ള വാഗമൺ കുന്നുകളും പുൽത്തകിടികളും സ്വിറ്റ്സർലന്റിനോടും സ്കോട്ട്ലന്റിനോടും സമാനമായതിനാൽ ” കേരളത്തിലെ സ്കോട്ട്ലന്റ്/ സ്വിറ്റ്സർലന്റ്” എന്ന് വാഗമൺ അറിയപ്പെടാറുണ്ട്.

ഞങ്ങളുടെ കൂട്ടത്തിലെ ചിലർ സൈക്ലിംഗിന് പോയതിനാൽ ഞങ്ങൾ അവിടെ കാത്തു നിന്നു. പെട്ടെന്നാണ് പെരുമഴ ചെയ്തത് . കാറ്റും മഴയും അത്രയ്ക്ക് ശക്തിയുള്ളതായിരുന്നു. ആർക്കും അത് താങ്ങാൻ പറ്റുന്നതായിരുന്നില്ല. അതിനാൽ അപ്പോൾ അവിടെയുള്ള സഞ്ചാരികളെല്ലാം ആകാശ സൈക്ലിംഗിനായി കെട്ടിയ നിർമ്മിതിയുടെ ചാരത്ത് നിന്നു . കാറ്റടിച്ച് പലരുടേയും കുടകൾ വികൃതമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ തോർന്നു. ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പൈൻ മരത്തോട്ടം കാണാനായിരുന്നു അടുത്ത പ്ലാൻ . അതിന് സമീപമുള്ള ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. പിന്നെ പൈൻ മരത്തോട്ടത്തിൽ ട്രക്കിംഗിനായി പോയി. ട്രക്കിംഗിനുള്ള നടപ്പാത പാറകൾ പാകിയതായിരുന്നു. വഴിയുടെ ഓരം ചേർന്ന് ആ ഭാഗത്തു കാണുന്ന പക്ഷികളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള വിവരണങ്ങളും വച്ചിട്ടുണ്ട്. കുരങ്ങന്മാർ പാറപ്പുറത്തും മറ്റും ചാടി നടക്കുന്നുണ്ട്. താഴ്വരയിലേയ്ക്ക് ഇറങ്ങും വിധമാണ് പൈൻ മരത്തോട്ടത്തിന്റെ കിടപ്പ്. പൈൻ മരത്തോട്ടത്തിലേയ്ക്കുള്ള വഴികൾക്കിരുവശവും ധാരാളം കടകൾ ഉണ്ട്. ഞങ്ങൾ അവിടെ നിന്നും തേയില വാങ്ങിച്ചു. തിരികെ വരുന്ന വഴി ചായയും കുടിച്ചു. ധാരാളം റിസോർട്ടുകൾ, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ എന്നിവയുള്ള സ്ഥലമാണ് വാഗമൺ. ടൂറിസ്റ്റ് സ്പോട്ടായതിനാൽ ചെറുകടകൾ അവിടുത്തുകാർക്ക് വരുമാന മാർഗ്ഗമാകുന്നു. ഞങ്ങൾ അന്നു തന്നെ മടങ്ങിവരാൻ തീരുമാനിച്ചതിനാൽ കൂടുതൽ സ്ഥലങ്ങൾ കാണാൻ നിന്നില്ല. ആസ്വദിച്ച് കാണാനാണെങ്കിൽ നാലു ദിവസം തങ്ങി കാണാനുള്ള വകയൊക്കെ വാഗമണ്ണിലുണ്ട്.

ഞങ്ങൾ മലയിറങ്ങി . തിരികെയുള്ള യാത്ര തുടർന്നു. അത്താഴത്തിന് സമയമായപ്പോൾ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിൽ ഞങ്ങൾ കയറി. “പത്തേമാരി ” എന്നാണ് ഹോട്ടലിന്റെ പേര്. താഴെ ഒരു ടീപ്പോയിൽ തണ്ണിമത്തങ്ങ പത്തേമാരിയുടെ ആകൃതിയിൽ ” കാർവ്”” ചെയ്ത് വച്ചിരിക്കുന്നു. താഴെ കുറച്ച് ആൾക്കൂട്ടമുള്ളതിനാൽ ഞങ്ങൾ മുകൾ നിലയിൽ കയറി ഇരിപ്പുറപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് പറഞ്ഞു:” മുകളിൽ ഒന്നും സെർവ്വ് ചെയ്യുന്നില്ല. എല്ലാവരും താഴേയ്ക്ക് വരണം.” ഞങ്ങൾ താഴെ ചെന്നിരുന്നിട്ടും ജീവനക്കാരാരും ഞങ്ങളോട് എന്തൊക്കെയാണ് വേണ്ടതെന്നൊന്നും ചോദിച്ചില്ല. ജീവനക്കാരുടെ പരുങ്ങൽ കൊണ്ടാകണം അവിടെ നിന്ന ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ” ഞാൻ ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഷെഫാണ്. ഈ കടയുടെ ഉത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് കഴിഞ്ഞതേയുള്ളൂ. ഞാൻ അതിൽ പങ്കെടുക്കാൻ എത്തിയതാണ്. ഉപഭോക്താക്കൾക്ക് കൊടുക്കാനുള്ള ആഹാരങ്ങൾ തയ്യാറാക്കാൻ ജീവനക്കാർ തുടങ്ങിയിരുന്നില്ല. അതാണ് ഒരു പരുങ്ങൽ” പിന്നെ ആ ഷെഫ് അവസരത്തിനൊത്തുയർന്നു. ഞങ്ങളെയെല്ലാം അവിടിരുത്തി ഓർഡർ എടുത്തു. ചിലർ ഓർഡർ ചെയ്തവ പെട്ടെന്ന് അവർക്ക് തയ്യാറാക്കാൻ പറ്റുന്നവ ആയിരുന്നില്ല. ആ ഷെഫിന്റെ നിർദ്ദേശങ്ങളനുസരിച്ച് ജീവനക്കാർ പെട്ടെന്നുതന്നെ ഞങ്ങൾക്കാവശ്യമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പി. ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്ന കാര്യം കടയുടമയോ ജീവനക്കാരോ ശ്രദ്ധിച്ചില്ലെങ്കിലും അനുഭവ സമ്പന്നനായ ആ ഷെഫ് അത് പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ കാലതാമസം വന്നതിൽ ക്ഷമാപണവും നടത്തി ഇനിയും ഇതിലേ പോകുമ്പോൾ കടയിൽ കയറണമെന്നും പറഞ്ഞാണ് പുഞ്ചിരിയോടെ ഷെഫ് ഞങ്ങളെ പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് വെറും ക്ഷണിതാവായെത്തിയ ആൾ മാറി നിൽക്കാതെ, ഞങ്ങളെ മറ്റൊരു ഹോട്ടലിലേയ്ക്കു പറഞ്ഞയയ്ക്കാതെ അവിടെ നിന്നു തന്നെ ഭക്ഷണം തയ്യാറാക്കി കഴിപ്പിക്കാൻ നേതൃത്വം നൽകിയതിനാൽ നല്ലൊരു സേവനമാണ് അപ്പോൾ കാഴ്ചവച്ചത്.

അങ്ങനെ ഞങ്ങൾ പത്തേമാരിയിൽ നിന്നിറങ്ങി നേരേ വീട്ടിലേയ്ക്ക് .

 

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..