ഡോ. ഐഷ വി

മറ്റ് സഹപ്രവർത്തകർക്കൊപ്പം പല വീടുകളും കയറിയിറങ്ങിയപ്പോൾ രശ്മി ടീച്ചർ പറഞ്ഞു: ” ഇനിയൊന്ന് സ്പീഡ് കൂട്ടണേ. ഇനിയും കുറേ വീടുകൾ കയറാനുണ്ട്. പ്രദേശവാസിയായ മറ്റൊരു ടീച്ചർ രശ്മി ടീച്ചർക്ക് ഒരു ലിസ്റ്റ് കൊടുത്തിരുന്നു. സ്കൂളിൽ ഡിവിഷൻ ഫാൾ വരാതിരിക്കാനുള്ള തത്രപ്പാടിലാണവർ. അങ്ങനെ മധ്യവേനലവധിയ്ക്ക് അതിരാവിലെ തന്നെ അധ്യാപകർ തയ്യാറായി ഇറങ്ങി. ഇലക്ഷൻ ഡ്യൂട്ടി , എന്യൂമറേഷൻ
കൊറോണ ഡ്യൂട്ടി മുതലായവയ്ക്ക് പുറമേയാണിത്. പിള്ളേരെ പിടുത്തം( ക്യാൻ വാസിംഗ്). വിദ്യാർത്ഥികളുടെ വീടുകളിലേയ്ക്ക് . വിദ്യാർത്ഥികൾ പലരും അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവരാണ്. തങ്ങളുടെ സ്കൂളിലെ മുൻ വർഷങ്ങളിലെ റിസൾട്ട് , കലാകായിക രംഗങ്ങളിലെ മികച്ച പ്രകടനം, ഹൈവേയ്ക്കുടുത്തായതിനാൽ വാഹന സൗകര്യം, അധ്യാപകരുടെ പ്രത്യേക ശ്രദ്ധ, പിന്നെ ഫീസില്ല ഇത്തരം കാര്യങ്ങൾ ഓരോ അധ്യാപകരും അക്കമിട്ട് നിരത്തിയപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ആ സ്കൂളിലേയ്ക്ക് ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും റ്റി സി വാങ്ങി ചെല്ലാമെന്നേറ്റു .. മറ്റേ ടീച്ചർ കൊടുത്ത ലിസ്റ്റ് പ്രകാരം ഇനി ഒരു വീടു കൂടിയുണ്ട്. അതു കൂടി കഴിഞ്ഞാൽ ഇന്നത്തെ കാൻവാസിംഗ് നിർത്താം. ഒരു നീർച്ചാൽ മുറിച്ചു കടന്ന് ഒരു കയറ്റം കയറി വേണം ലിസ്റ്റിലെ അവസാന വീട്ടിലെത്താൻ. വീടിന്റെ തിണ്ണയിൽ ആടുകളും ആട്ടിൻ പൂടയും പുഴുക്കയും . ഒറ്റ നോട്ടത്തിൽ കണ്ടാൽ അവിടത്തെ മനുഷ്യരും ആടുകളും ഒരുമിച്ച് വസിക്കുകയാണെന്ന് തോന്നും. അവിടേയ്ക്ക് കയറണോ എന്നൊന്ന് ശങ്കിച്ചെങ്കിലും ഒരു കൂട്ടിയെ കൂടി കിട്ടുന്ന കാര്യമല്ലേ, കയറാം എന്നവർ തീരുമാനിച്ചു.

“ഇപ്പോൾ പിള്ള അൺ എയ്ഡഡ്‌ സ്കൂളിലാണ് പഠിക്കുന്നത്. ഫീസടയ്ക്കാനുള്ള കാശില്ലാത്തതിനാൽ പിള്ളേടെ പഠിത്തം നിർത്താനിരിക്കുകയായിരുന്നു. നിങ്ങൾ വന്ന സ്ഥിതിയ്ക്ക് നിങ്ങളുടെ സ്കൂളിൽ പിള്ളയെ ചേർക്കാം. കുട്ടിയുടെ പഠിത്തമൊക്കെ നിങ്ങൾ ശ്രദ്ധിക്കുമല്ലോ? എനിക്ക് കൂലിപ്പണിയാണ്. പിള്ളേടെ പഠിത്തക്കാര്യം അന്വേഷിക്കാനൊന്നും അറിയില്ല. പിള്ളേടെ അമ്മയ്ക്ക് മാനസിക പ്രശ്നമാണ്. അവക്ക് തോന്നിയാ ജോലി ചെയ്യും ഇല്ലങ്കിൽ ” . അയാൾ പറഞ്ഞു നിർത്തി. അങ്ങനെ ആ കുട്ടിയുടെ അഡ്മിഷനും ഉറപ്പിച്ച്‌ അവർ അവിടെ നിന്നും ഇറങ്ങി.

പോകുന്ന വഴി രശ്മി ടീച്ചർക്ക് അവരുടെ പ്രായമായ അച്ഛനമ്മമാരെ കൂടി ഒന്നു കണ്ടിട്ട് വേണം സ്വന്തം വീട്ടിലേയ്ക്ക് പോകാൻ .

സ്കൂൾ തുറന്നു. പുതിയ കുട്ടികളും പഴയ കുട്ടികളും വേഗം ഇണക്കത്തിലായി. എന്നാൽ അധ്യാപകർ ക്യാൻവാസിംഗിന് പോയപ്പോൾ അവസാനം കയറിയ വീട്ടിലെ കൂട്ടിയെ മാത്രം ആരും കൂട്ടത്തിൽ കൂട്ടുന്നില്ല. കുട്ടി അടുത്തു വരുമ്പോൾ ഒരു ” മിശിട് വാട” . യൂണിഫോമാണെങ്കിലും നിത്യവും കഴുകാത്ത വസ്ത്രമാണ് കുട്ടി ധരിക്കുന്നത്. രശ്മി ടീച്ചർ അത് പ്രത്യേകം ശ്രദ്ധിച്ചു. വൃത്തിയായി ചീകിയൊതുക്കാത്ത ചപ്രച്ച ചുരുളൻ മുടി. അതിന്റെ മുകളിൽ കൂടി പേനോടുന്നത് കാണാം. കുട്ടി ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണത്തിന്റെ ഗന്ധം പരക്കും. മനോനില തെറ്റിയ മാതാവായതിനാൽ അവർക്ക് കുട്ടിയുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല. കൂലിപ്പണിയ്ക്ക് പോകുന്ന പിതാവിനാകട്ടെ പിള്ളേടെ കാര്യം തീരെ ശ്രദ്ധിക്കാൻ പറ്റുന്നില്ല.

രശ്മി ടീച്ചറുടെ മനസ്സിനെ ഈ പ്രശ്നം അലട്ടുകയായിരുന്നു. ടീച്ചർ മറ്റൊരു ടീച്ചറുമായി ആലോചിച്ച് ചില കടുത്ത തീരുമാനങ്ങൾ എടുത്ത ശേഷമാണ് അന്ന് വീട്ടിലേയ്ക്ക് പോയത്.

പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി കടകളിൽ കയറി ഒരു ഷാമ്പൂ,, തോർത്ത് , സോപ്പ് ,ചീപ്പ് , പേൻ ചീപ്പ്, ഈരുകൊല്ലി, ഗ്ലൗസുകൾ എന്നിവ വാങ്ങിയിട്ടാണ് രശ്മി ടീച്ചർ സ്കൂളിലെത്തിയത്. എണ്ണയും കത്രികയും വീട്ടിൽ നിന്നും എടുത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് വൈകുന്നേരം രശ്മി ടീച്ചർ പറഞ്ഞത് പ്രകാരം കൂട്ടി സ്റ്റാഫ് റൂമിലെത്തി. രശ്മി ടീച്ചറും മറ്റേ ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞു എന്നുറപ്പുവരുത്തിയിട്ട് പണി തുടങ്ങി. കുട്ടിയെ മുറ്റത്തേയ്ക്കിറക്കി നിർത്തി. മുടി ചീകി സൗകര്യപ്രദമായ നീളത്തിൽ കത്രിച്ചു. പിന്നെ മുടിയുടെ ഉടക്ക് കളഞ്ഞ ശേഷം പേൻ ചീപ്പ് വച്ച് ചീകി പേനിനെ കൊന്നു. ശേഷം ഈരുകൊല്ലി പ്രയോഗം. ഈരുകൊല്ലി മുടിയിഴകൾക്ക് ഇടയിലൂടെ കയറ്റി കൂട്ടിപ്പിടിച്ച് വലിച്ചെടുത്ത് ഇടതു തള്ളവിരൽ വച്ച് തലോടി ഈരിനെ ഈരു കൊല്ലിയുടെ ഇടയിലേയ്ക്കാക്കി ഈരു കൊല്ലി ഒന്നു ഞെരിച്ചപ്പോൾ ഈരുകൾ ഞെരിഞ്ഞമരുന്ന ശബ്ദം.. ഇരു ചെവികളുടേയും താഴേയ്ക്കുള്ള ഭാഗത്തായിരുന്നു ഈരുകൾ കൂടുതൽ. ഇത് പല പ്രാവശ്യം ആവർത്തിച്ച് ഈര് കുറഞ്ഞു എന്നുറപ്പു വരുത്തിയ ശേഷം അടുത്ത പ്രയോഗം. ഷാമ്പൂ തേയ്ച് തല കഴുകൽ . അപ്പോഴേയ്ക്കും മറ്റേ ടീച്ചർ മൂന്ന് ബക്കറ്റ് വെള്ളവുമായെത്തി. ഇതെല്ലാം ചെയ്യുന്നതിനിടയിൽ പഞ്ചശുദ്ധിയെ കുറിച്ച് കുട്ടിക്ക് പറഞ്ഞു കൊടുത്തു. ശരീരശുദ്ധി, മനഃശുദ്ധി, വസ്ത്രശുദ്ധി, ഗൃഹ ശുദ്ധി , പരിസര ശുദ്ധി എന്നിവ നിത്യവും പാലിക്കണമെന്നും വൃത്തിയാണ് കുലം നിർണ്ണയിക്കുന്നതെന്നും വൃത്തിയില്ലെങ്കിൽ ആളുകൾ മാറ്റി നിർത്തുമെന്നും ആ അധ്യാപകർ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി. കൂട്ടി എല്ലാം തല കുലുക്കി കേട്ടു.

തല കഴുകി വൃത്തിയാക്കി തോർത്തിയ ശേഷം അവർ മൂടി നന്നായി ചീകി കൊടുത്തു. സ്ലൈഡും കുത്തിക്കൊടുത്തപ്പോൾ അവർക്ക് തൃപ്തിയായി. അധ്യാപകർ തന്റെ കാര്യത്തിൽ ഔത്സുഖ്യം കാട്ടിയതിൽ കുട്ടിയ്ക്ക് സന്തോഷവും. കുട്ടിയെ വണ്ടി കയറ്റി വിട്ട ശേഷം അവർ അവരവരുടെ വീട്ടിലേയ്ക്ക് പോയി.

അന്ന് രശ്മി ടീച്ചർ വീട്ടിലെത്തിയത് ഇത്തിരി വൈകിയാണ്. രശ്മി ടീച്ചറിന്റെ ഭർത്താവ് അല്പം നേരത്തേ എത്തിയിരുന്നു. താൻ വന്നപ്പോൾ തന്നെ കടുപ്പത്തിലുള്ള തേയിലവെള്ളം കിട്ടാത്തതിന്റെ ദേഷ്യം ഭർത്താവ് ടീച്ചറിനോട് പ്രകടിപ്പിച്ചു. രശ്മി ടീച്ചർ കാര്യം പറഞ്ഞു. അപ്പോൾ കുട്ടിയുടെ മുടി മുറിച്ചതിനെ ചൊല്ലിയായി പ്രശ്നം. ” കൂട്ടിയുടെ വീട്ടുകാർ വഴക്കും കൊണ്ടുവന്നാൽ നീയെന്തു ചെയ്യും?” ഭർത്താവ് ചോദിച്ചു?
” അയ്യോ അവർ വഴക്കും കൊണ്ട് വരുമോ?” രശ്മി ടീച്ചറിന് ആകെ അങ്കലാപ്പായി.
” പിന്നല്ലാതെ നിന്റെ മോളുടെ മുടി മറ്റാരെങ്കിലും മുറിച്ചാൽ നീ സഹിക്കുമോ ? അതുപോലെയല്ലേ അവരും ?”
സംഭാഷണം ഇങ്ങനെ നീണ്ട് പോയപ്പോൾ രശ്മി ടീച്ചറിന് തേയിലവെള്ളം ഇടുന്നതിന്റെ പരുവം പോലും തെറ്റി. ഭർത്താവിന് പ്രിയമുള്ള കടുപ്പം തേയിലവെള്ളത്തിനാകാത്തതിനാൽ വീണ്ടും വെള്ളം വച്ചു. തേയില ഇട്ടു.

തലേന്നത്തെ മനോവ്യഥകളെല്ലാം രശ്മി ടീച്ചറിന് പിറ്റേന്ന് കുട്ടിയെ കണ്ടപ്പോൾ മാറി. കുട്ടി എന്നും വൃത്തിയായി വരാൻ തുടങ്ങി.

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..