ഡോ. ഐഷ വി

രംഗം : തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് .
തീയതി: 9/7/2022
സമയം: 5 മണി.
പരിപാടി : പുസ്തക പ്രകാശനം.

കഴിഞ്ഞ രണ്ടുവർഷമായി മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി , ശ്രീ റ്റിജി തോമസിന്റെ സ്നേഹമസൃണമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ നൂറ് അധ്യായങ്ങൾ ചേർത്ത് പുസ്തകമാക്കാൻ തീരുമാനിച്ചു. ശ്രീ റ്റിജി തോമസ് തന്നെ പ്രസാധന രംഗത്ത് 3 പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള കാർട്ടൂണിസ്റ്റ് ശ്രീ ഒ സി രാജുവിനെ ഏർപ്പാടാക്കി തന്നു. ISBN നമ്പർ എടുക്കുന്നതു മുതൽ പുസ്തകത്തിന്റെ കവർ ഡിസൈൻ, ചില വരകൾ, എഡിറ്റിംഗ് , പ്രിന്റിംഗ് , പ്രിന്റ് ചെയ്ത കോപ്പി എന്റെ വീട്ടിലെത്തിയ്ക്കൽ, പ്രകാശന പരിപാടിയുടെ നോട്ടീസ്, രസീത് ബുക്കിന്റെ പ്രിന്റിംഗ് എല്ലാം ശ്രീ ഒ സി രാജു തന്നെ ചെയ്തു തന്നു. അക്കാര്യത്തിൽ എനിക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വന്നില്ല. പ്രകാശന ചടങ്ങിനായി തിരുവനന്തപുരം പ്രസ്ക്ലബ് ബുക്കു ചെയ്യുക , വിഡിയോ, ഫോട്ടോ എന്നിവ ഏർപ്പാടാക്കുക എന്നിവ ചെയ്തത് എന്റെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ അഖിൽ പുതുശ്ശേരിയായിരുന്നു. ചായ , ലഘു ഭക്ഷണം എന്നിവ എന്റെ ഭർത്താവിന്റെ അനുജൻ ശ്രീ സജിലാൽ ഏർപ്പാടാക്കിയിരുന്നു. സ്വീകരണ കമ്മിറ്റിയുടെ നേതൃത്വം എന്റെ സഹോദരൻ അനിൽ കുമാറും കുടുംബവും ഏറ്റെടുത്തു. ചില വിശിഷ്ടാഥിതികളെ ക്ഷണിക്കുക പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടാനായി എത്തിക്കുക എന്നിവയും എന്റെ സഹോദരൻ ഏറ്റെടുത്തു. എന്റെ ഭർത്താവ് ബി ശ്യാംലാൽ വിശിഷ്ടാഥിതികളേയും സഹൃദയരേയും ക്ഷണിയ്ക്കുന്നതിൽ മുൻകൈയെടുത്തു. രചനകൾ വരകൾ കൊണ്ടനശ്വരമാക്കിയ അനുജ സജീവിനേയും ഒസി രാജുവിനേയും പുസ്തക പ്രകാശന ചടങ്ങിൽ എത്തിക്കാമെന്ന് ശ്രീ റ്റിജി തോമസ് സർ പറഞ്ഞിരുന്നു.

പ്രകാശന ദിവസം 2 മണിയോടുകൂടി ഞങ്ങൾ കൊല്ലം ചിറക്കരയിലെ വീട്ടിൽ നിന്നിറങ്ങി. ഞങ്ങളുടെ വാർഡ് മെമ്പർ ശ്രീമതി സജില റ്റി ആർ ഞങ്ങളോടൊപ്പം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ കാർ ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടുത്തു നിന്ന് വലതു സർവ്വീറോഡിലിറങ്ങി ശിവക്ഷേത്രം റോഡിലേയ്ക്ക് തിരിഞ്ഞ് റോസ് ഗാർഡനിലെത്തി. നവതിയിലെത്തിയ ഊർജ്ജ്വസ്വലനായ കവി ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന്റെ വസതിയാണ് റോസ് ഗാർഡൻ . കൊറോണക്കാലം മുഴുവൻ വീട്ടിലിരിക്കേണ്ടി വന്ന കവി ഉത്സാഹഭരിതനായി പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കാൻ തയ്യാറാണെങ്കിലും പുറത്തു പോകുന്നതിൽ അദ്ദേഹത്തിന്റെ മക്കൾ ചില വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും അദ്ദേഹം കൊറോണക്കാലത്ത് മാറ്റത്തിന്റെ മാറ്റൊലികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വിളിക്കാൻ പോകുന്നതിനിടയിൽ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ മകൾ രേഖ എന്നെ വിളിച്ചു അച്ഛന് പുസ്തകം നൽകി പ്രകാശനം കഴിഞ്ഞാലുടൻ ഞാൻ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു പൊയ് ക്കോളാം. അച്ഛൻ വിശ്രമിക്കട്ടെ . നിങ്ങൾ തിരികെ പോകുമ്പോൾ വിളിച്ചു കൊണ്ടുപോയാൽ മതി എന്നായിരുന്നു നിർദ്ദേശം.

ഞങ്ങൾ റോസ് ഗാർഡനിലെത്തിയപ്പോൾ വളരെ കൃത്യനിഷ്ഠയുള്ള മുൻ ചീഫ് എഞ്ചിനീയറായിരുന്ന ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവി തയ്യാറായി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ കാറിൽ കയറാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ പൗത്രൻ , മുതുമുത്തശ്ശൻ വീട്ടിൽ നിന്നും പോകുന്നതിലുള്ള അതൃപ്തി ഒരു കരച്ചിലിലൂടെ രേഖപ്പെടുത്തി. റോസ് ഗാർഡനിൽ നിന്നും വണ്ടി വിട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പ്രിയ പുത്രി രേഖ പറഞ്ഞ കാര്യം സൂചിപ്പിച്ചു. അത് അദ്ദേഹത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പരിപാടി മുഴുവൻ കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കാര്യങ്ങൾ മാറ്റിവയ്ക്കാതെ അപ്പപ്പോൾ ചെയ്യുന്ന കവിയെ എന്റെ പുസ്തകത്തിന്റെ സ്വീകർത്താവായി കിട്ടിയതിൽ എനിക്കഭിമാനം തോന്നി. അതു മാത്രമല്ല അഭിമാനിക്കാൻ കാരണം. അദ്ദേഹം ആറോളം കാവ്യസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നല്ല വൃത്തവും താളവും ആശയവും കാലിക പ്രസക്തിയുമുള്ള കവിതകൾ. അദ്ദേഹത്തിന്റെ കൃതികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹം ശ്രീ നാരായണ ഗുരുവിന്റെ സംസ്കൃത ശ്ലോകങ്ങളിൽ എഴുതിയ ” ദർശനമാല”യ്ക്ക് നൽകിയ തത്തുല്യ മലയാള തർജ്ജമയും വ്യാഖ്യാനവുമാണ്. ഈ കൃതി മലയാള ഭാഷയ്ക്ക് വളരെയേറെ മുതൽ കൂട്ടാണ്. ഇക്കാലത്ത് മലയാളത്തിൽ വളരെ പാണ്ഡിത്യമുള്ളവർ പോലും ചെയ്തിരിയ്ക്കാനിടയില്ലാത്ത അതി സാഹസികത.

വണ്ടി കാര്യവട്ടത്ത് എന്റെ അനുജത്തിയുടെ ക്വാർട്ടേഴ്സിൽ എത്തി. ഒന്ന് വിശ്രമിച്ച് തേനൊഴിച്ച നാരങ്ങാ വെള്ളം കുടിച്ച് ( നല്ല കലോറി നൽകുന്ന ഒന്നാണ് ഈ പാനീയം) ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു. അനുജത്തിയും കുടുംബവും എന്റെ മകനും അവരുടെ വണ്ടിയിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിച്ചേരാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പ്രസ്സ് ക്ലബ്ബിന് മുന്നിലെത്തിയപ്പോൾ യുവകവി അഖിൽ പുതുശ്ശേരിയും കുടുംബവും ശ്രീ റ്റിജി തോമസും മക്കളും ശ്രീമതി അനുജയും എന്റെ അച്ഛനും സഹോദരൻ അനിൽ കുമാറും കുടുംബവും അവിടെ എത്തിയിരുന്നു. ശാരീരികാസ് കിതകൾ ഉള്ളതിനാൻ എന്റെ അമ്മ വന്നിരുന്നില്ല. ഡൽഹി യൂണിവേഴ്സിറ്റിയുടെ മിറാന്റ ഹൗസ് കോളേജിൽ പഠിക്കുന്നതിനാൽ എന്റെ മകളും പരിപാടിക്ക് എത്തിയിരുന്നില്ല.

പരിചയപ്പെടുത്തലുകൾക്ക് ശേഷം ഞങ്ങൾ പ്രസ്സ് ക്ലബ്ബ് ഹാളിലേയ്ക്ക് കയറി. വൈകിട്ട് നാലുമണി മുതൽ ഏഴ് മണി വരെയാണ് പ്രസ്സ്ക്ലബ്ബ് ഹാൾ ഞങ്ങൾക്കായി തുറന്ന് തന്നിരുന്നത്. 5 മണിയ്ക്ക് നടത്തേണ്ട പരിപാടി ഞാനും ശ്രീ റ്റിജി തോമസും എന്റെ സഹോദരനും ശ്രീ റ്റിജി തോമസിന്റെ മക്കളും കൂടി ഒന്നുകൂടി പ്ലാൻ ചെയ്തു. സ്റ്റേജിൽ കസേരകളുടെ വിന്യാസം , സ്വീകരിക്കുന്ന പൂക്കളോടൊപ്പം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാർ കൊണ്ടുവന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിശിഷ്ടാഥിതികൾക്ക് കൊടുക്കുന്ന കാര്യം, ഈശ്വരപ്രാർത്ഥന അങ്ങനെ നേരത്തേയുള്ള അജണ്ടയിലില്ലാത്ത പലതും അപ്പോൾ ചർച്ച ചെയ്തു. അപ്പോഴേയ്ക്കും അധ്യക്ഷ പദവി അലങ്കരിക്കേണ്ട പി ബുക്സ് കോ ഓർഡിനേറ്റർ ശ്രീമതി പിങ്കിയെത്തി. പിന്നെ പിങ്കിയും ആ ചർച്ചയിൽ പങ്കെടുത്ത് ചർച്ച അതിന്റെ പൂർണ്ണതയിലെത്തിച്ചു.

സമയം 5 മണിയായപ്പോഴേയ്ക്കും വിശിഷ്ടാതിഥിയും ഉത്ഘാടകനുമായ ശ്രീ വിനോദ് വൈശാഖി എത്തി. കവി, ഹയർ സെക്കന്ററി അധ്യാപകൻ, നിരവധി പുരസ്ക്കാര ജേതാവ് , വൈലോപ്പള്ളി സംസ്കൃതിഭവന്റെ മുൻ ചെയർമാൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്. അദ്ദേഹമിപ്പോൾ മലയാളം മിഷന്റെ രജിസ്ട്രാർ ആണ്. ലോക രാഷ്ട്രങ്ങളിലുള്ള മലയാളികളുടെ മാതൃഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പാഠ്യപദ്ധതികൾ രൂപപ്പെടുത്തുന്ന ചുമതല മലയാളം മിഷനാണ്. അങ്ങനെ കാതലായ ഒരു സ്ഥാപനത്തിന്റെ രജിസ്ട്രാറെ നമുക്ക് ഉത്ഘാടകനായി ലഭിച്ചതിൽ നമുക്കഭിമാനിക്കാം. അധികം താമസിയാതെ ആശംസയറിയിക്കേണ്ട ശ്രീ ഷാജി സേനൻ എത്തി ചേർന്നു. അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ റിട്ട. ഡപ്യൂട്ടി രജിസ്ട്രാറാണ്. അപൂർണവിരാമങ്ങൾ എന്ന കവിത , ഹയർ സെക്കന്ററി പഠനം സംബന്ധിച്ച ഒരു ഹാന്റ് ബുക്ക് , ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ തുടങ്ങിയവയുടെ രചയിതാവാണ് അദ്ദേഹം. ശ്രീ കുര്യച്ചൻ റ്റി ഡി യും എത്തി ചേർന്നു. ഐ എച്ച് ആർഡിയുടെ പ്രൊഡക്ഷൻ ആന്റ് മാനേജ്മെന്റ് ഡിവിഷന്റെ കോ ഓർഡിനേറ്ററും ഐ എച്ച് ആർഡി എംപ്ലോയിസ് യൂണിയന്റെ സാംസ്കാരിക കമ്മിറ്റി കൺവീനർ, വൈസ് പ്രസിഡന്റ് സർവ്വോപരി നവ മാധ്യമങ്ങളിൽ കവിതകൾ കുറിയ്ക്കുന്ന വ്യക്തിത്വവുമാണ് ശ്രീ കുര്യച്ചൻ. ആശംസകളർപ്പിക്കാനെത്തിയ ശ്രീ അഖിൽ പുതുശ്ശേരി എന്റെ പ്രിയ ശിഷ്യനാണ്. നിഴൽ കുപ്പായം, സ്വപ്നം കൊണ്ടെഴുതിയ ഒസൃത്ത് , മാമ്പൂവ് എന്നീ കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. കൂടാതെ ഒരു നോവലിന്റെ പണിപ്പുരയിലുമാണ് അഖിൽ. സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന അഖിൽ സി എസ് ഐ ആറിൽ ജോലി ചെയ്യുന്നു.

എന്റെ അനുജത്തിയുo , യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ സാമ്പത്തിക വിഭാഗം മേധാവിയുമാണ് ഡോ. അനിത വി. തന്റെ നിരവധി വിദ്യാർത്ഥികളുടെ കാലിക പ്രാധാന്യമുള്ള ലേഖനങ്ങൾ മലയാളം യുകെ കോമിൽ പ്രസിദ്ധീകരിക്കാൻ ഡോക്ടർ അനിത വി മുൻ കൈയെടുത്തിട്ടുണ്ട്. ശ്രീ ആർ രാധാകൃഷ്ണൻ സർ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വ്യക്തിത്വമാണ്. കൃത്യം 5 മണിയ്ക്ക് തന്നെ പരിപാടി ആരംഭിച്ചു. അഞ്ജു റ്റിജി ഓർമ്മചെപ്പിന്റെ ഒരു ചെറു വിവരണം അവതരിപ്പിച്ച് വിശിഷ്ടാഥിതികളെ സ്റ്റേജിലേക്കാനയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായപ്പോൾ യോഗാധ്യക്ഷ ശ്രീമതി പിങ്കി എസ് ഈശ്വര പ്രാർത്ഥനയ്ക്കായി അനു റ്റിജിയെ  ക്ഷണിച്ചു. മാധുര്യമാർന്ന സ്വരത്തിലുള്ള പ്രാർത്ഥന എല്ലാവരും ഏഴുന്നേറ്റ് നിന്ന് ഐശ്വര്യ പൂർണ്ണമാക്കി. ഓർമ്മ ചെപ്പ് എന്നും റ്റിജി സാറിന്റെ കൈകളിലായിരുന്നു ആദ്യമെത്തിയിരുന്നത്. അദ്ദേഹം ഓർമ്മചെപ്പിനെ പറ്റി ആദ്യാന്ത്യാവലോകനം നടത്തിയ ശേഷം എല്ലാവർക്കും സ്വാഗതമാശംസിച്ചു. ശേഷം പിങ്കിയും ഓർമ്മ ചെപ്പിനെ പറ്റി സുദീർഘമായ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു . പിന്നെ ഉത്ഘാടകന്റെ ഊഴമായിരുന്നു. അദ്ദേഹം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന് പുസ്തകം കൈമാറി പ്രകാശന കർമ്മം പ്രകാശമാനമാക്കി. പിന്നെ അര മണിക്കൂറിലധികം അദ്ദേഹം ഉത്ഘാടന പ്രസംഗം നടത്തി. ഞാൻ തപാലിലയച്ച് തലേന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയ പുസ്തകം അദ്ദേഹവും പ്രിയ പത്നിയും കൂടി രാത്രി ഒരു മണി വരെയും പിന്നെ വെളുപ്പാൻ കാലത്തും വായിച്ചു തീർത്തു. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസംഗമധ്യേ അടിവരയിട്ടു പറഞ്ഞു. അധ്യായങ്ങളിലൂടെ കടന്നുപോയപ്പോൾ കിട്ടിയ കാതലായ അംശത്തെയെല്ലാം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു. ചിലവയ്ക്ക് അദ്ദേഹത്തിന്റെ കാവ്യഭാവന ചിറകുവിരിച്ചുയർന്ന് പുതിയ മാനം നൽകിയത് വേദിയിലും സദസ്സിലുമിരുന്ന സഹൃദയർ വളരെയധികം ആസ്വദിച്ചു.

പ്രസംഗാന്ത്യം അദ്ദേഹത്തിനും ശ്രീ ആറ്റിങ്ങൽ ദിവാകരനും ഞാനും റ്റിജി സാറും കൂടി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ശ്രീ ആറ്റിങ്ങൽ ദിവാകരൻ രചയിതാവിന് ആശംസകൾ നേർന്ന് സംസാരിച്ചു. പിന്നെ ശ്രീ ആർ രാധാകൃഷ്ണന്റെ ഊഴമായിരുന്നു. അദ്ദേഹം ഞങ്ങളെ മൂല്യബോധമുള്ളവരാക്കി വളർത്തിയ മാതാപിതാക്കളെ അഭിനന്ദിച്ചു. പിന്നെ ശ്രീ ഷാജി സേനൻ ഓർമ്മ ചെപ്പിലെ ഓരോ കഥാതന്തുവും ഒരു നോവലിന് സ്കോപ്പുള്ളതാണെന്നും രചയിതാവ് അതിനു വേണ്ടി ശ്രമിക്കണമന്നും ഉത്ബോധിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി സജില എന്റെ വിവാഹ ദിനത്തിൽ അമിതാഭരണങ്ങൾ അണിയാതെ ഒറ്റ മാല മാത്രം അണിഞ്ഞത് മറ്റുള്ളവർക്കും അനുകരിയ്ക്കത്തക്ക കാര്യമാണെന്നും അത്തരം നിലപാടുകൾ സ്ത്രീധന നിരോധനത്തിലേയ്ക്ക് നയിക്കുമെന്നും സൂചിപ്പിച്ചു. ശ്രീ കുര്യച്ചൻ റ്റി ഡി ഐ എച്ച് ആർ ഡിയിലെ എന്റെയും ഭർത്താവിന്റെയും ഔദ്യോഗിക സംഭാവനകളെ കുറിച്ചും കൃഷിയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും സൂചിപ്പിച്ചു. എന്റെ സഹോദരി ഡോക്ടർ അനിത വി എന്റെ നല്ല വിമർശകയാണെന്നും തന്റെ വിദ്യാർത്ഥികളോട് സാമ്പത്തിക കാര്യങ്ങൾ പരാമർശിക്കുന്ന ഏത് സാഹിത്യ സൃഷ്ടിയും വായിക്കണമെന്ന് സൂചിപ്പിക്കാറുണ്ടെന്നും പറഞ്ഞു. എന്റെ അനുജത്തിയായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും സൂചിപ്പിച്ചു. അവസാനം എന്റെ കൃതജ്ഞതാപ്രസംഗത്തിലൂടെ ചടങ്ങിന് വിരാമമിട്ടു.

അങ്ങനെ സുദീർഘമായ രണ്ട് മണിക്കൂറിലധികം ചടങ്ങ് നിറഞ്ഞ സദസ്സിനെ പിടിച്ചിരുത്തി. ഇതിനിടെ ലഘു ഭക്ഷണവും ചായയും വിതരണം ചെയ്തിരുന്നു. സഹൃദയരിൽ ചിലർ പുസ്തകങ്ങൾ വാങ്ങി രചയിതാവിന്റെ കൈയ്യൊപ്പും വാങ്ങിപ്പോയി. ബന്ധുക്കളും വിശിഷ്ടാഥിതികളും സഹൃദയരും ചേർന്ന് നിന്ന് ഫോട്ടോകൾ എടുത്തു . മാതൃഭൂമി റിപ്പോർട്ടറും കൈരളി ചാനലും ദൃശ്യങ്ങൾ പകർത്തി. കൂടാതെ സ്വകാര്യ വീഡിയോഗ്രഫി ഫോട്ടോഗ്രഫി എന്നിവയും ഉണ്ടായിരുന്നു. അങ്ങനെ ഹാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒതുക്കിയ ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അങ്ങനെ നമ്മൾ ഒരു ലക്ഷ്യം നേടാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഈ പ്രപഞ്ചം മുഴുവൻ കൂടെയുണ്ടാകുമെന്ന പൗലോ കൊയ് ലോയുടെ ദി ആൽക്കെമിസ്റ്റിലെ വാചകം അന്വർത്ഥമായി.

പുസ്തകം:-

ഓർമ്മചെപ്പ് തുറന്നപ്പോൾ

രചന :ഡോ. ഐഷ വി

പ്രസിദ്ധീകരണം: അപ്പാസ് വിസ് ഡം പബ്ലിക്കേഷൻസ് ( സ്വയം പ്രസിദ്ധീകരിച്ചു.)

വില ₹400/-

ഗൂഗിൾ പേ ഫോൺ: 9495069307

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.