ഡോ. ഐഷ വി

അഞ്ചു മണിക്കൂർ നീണ്ട കടൽ യാത്രയ്ക്കു ശേഷം വള്ളം കരയ്ക്കടുത്തു. സിന്ധു സാമ്പിളുകൾ ഭദ്രമായി കരയ്ക്കെത്തിച്ചു. ഇനി സാമ്പിളുകൾ കോളേജിലെ ലാബിലെത്തിച്ച്‌ സെക്ഷനെടുത്ത് ഗ്ലിസറിനിൽ മൗണ്ട് ചെയ്ത് മൈക്രോസ്കോപ്പിൽ വച്ച് നിരീക്ഷിക്കണം അതായിരുന്നു സിന്ധുവിന്റെ മനസ്സിൽ . സത്യന്റെ വീട്ടിലെത്തിയപ്പോൾ രേവമ്മ കഞ്ഞിയും പയറു തോരനും തയ്യാറാക്കി വച്ചിരുന്നു. അത് കഴിച്ചിട്ട് കോളേജിലേയ്ക്ക് പോയാൽ മതിയെന്ന് രേവമ്മ പറഞ്ഞു. രേവമ്മ ഒരു കുട്ടയുമെടുത്ത് കടൽക്കരയിലേയ്ക്ക് നടന്നു. സത്യൻ വള്ളത്തിൽ കൊണ്ടുവന്ന മത്സ്യം ശേഖരിച്ച് കുട്ടയിൽ കൊണ്ടു നടന്ന് അയൽപക്കത്തെ വീടുകളിലും സമീപ പ്രദേശങ്ങളിലും രേവമ്മ വിൽക്കും. ഉച്ചയാകുമ്പോഴേയ്ക്കും കച്ചവടം കഴിയും. ചിലപ്പോൾ വള്ളത്തിനടുത്തു വച്ചു തന്നെ ഭൂരിഭാഗം മത്സ്യവും വിറ്റുപോകും. അപ്പോൾ രേവമ്മയുടെ ജോലി എളുപ്പം കഴിയും.

സിന്ധു കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആ വീട്ടിലെ കുട്ടികൾ സുഡോക്കു പൂരിപ്പിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . “ചേച്ചി അടുത്തയക്കം എന്തെഴുതണം. ഇതങ്ങോട്ട് ശരിയാകുന്നില്ലല്ലോ?” ദത്ത കുട്ടി ചോദിച്ചു. “അടുത്ത വീട്ടിലെ പത്രമാണ്. ദിവസവും സുഡോക്കു പൂരിപ്പിക്കാൻ ഇവർ എടുത്തു കൊണ്ടു പോരും. ഇതിവരുടെ ഹോബിയാണ് ദാസൻ പറഞ്ഞു. കഞ്ഞി കുടിച്ച പാത്രം കഴുകി വച്ച ശേഷം സിന്ധു സുഡോക്കുവിലേയ്ക്ക് നോക്കി. ഒന്നുരണ്ട് ട്രയലിൽ അക്കങ്ങൾ കൃത്യമായി വിന്യസിയ്ക്കാൻ പറ്റി. കുട്ടികൾക്ക് സന്തോഷമായി. സാധാരണ പത്രങ്ങളിൽ പദപ്രശ്നമാണ്. ഇതിലിപ്പോൾ സുഡോക്കുവാണ്. സിന്ധു തന്റെ റിസർച്ച് പ്രശ്നത്തിലെ പ്രഹേളികയഴിക്കേണ്ടതിനെ കുറിച്ച് ചിന്തിച്ചു. എന്തൊക്കെ രീതിയിലുള്ള താദാത്മ്യങ്ങളും വ്യതിരിക്തകളുണ്ടാകും? ശേഖരിച്ച സാമ്പിളുകൾ തമ്മിൽ എന്തെങ്കിലും പാരസ്പര്യമുണ്ടാകുമോ? സിന്ധു കുറച്ച് പേപ്പറുകൾ എടുത്ത് എല്ലാം വരച്ച് തയ്യാറാക്കി. നിരീക്ഷണങ്ങൾ അടുക്കും ചിട്ടയുമായി രേഖപ്പെടുത്താനുള്ള ചാർട്ട് തയ്യാർ. സിന്ധു റിസർച്ച സെന്ററിലേയ്ക്ക് യാത്ര തിരിച്ചു. വൈകിട്ട് കാണാമെന്ന് പറഞ്ഞ് ദാസൻ ദാസന്റെ വഴിയ്ക്കും പിരിഞ്ഞു.

സിന്ധു റിസർച്ച് ലാബിലെത്തി സാമ്പിളുകൾ ഗൈഡിനെ കാണിച്ചു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേട്ടശേഷം റിസർച്ച് ലാബിലേയ്ക്ക് പോയി. അന്നത്തെ ജോലികൾ പൂർത്തിയാക്കി വൈകിട്ട് വീണ്ടും സത്യന്റെ വീട്ടിലേയ്ക്ക് തിരിച്ചു. വൈകിട്ട് അഷ്ടമുടി കായലിലെ ഓള പരപ്പിൽ നിന്നും കൽ കെട്ടിൽ നിന്നും പായൽ ശേഖരിക്കണം. ദാസൻ കൃത്യസമയത്തു തന്നെയെത്തി. അവർ ഹാർബറിനടുത്തു കൂടി അഷ്ടമുടിക്കായലിനടുത്തെത്തി. അവിടെ കണ്ട് ചോദിച്ച് വള്ളത്തിൽ കയറി അഷ്ടമുടിക്കായലിൽ കുറച്ചു ദൂരം സഞ്ചരിച്ച് പായലുകൾ ശേഖരിച്ചു. സിന്ധു, ഒരാഴ്ചയോളം വള്ളത്തിലും ബോട്ടിലുമൊക്കെയായി സഞ്ചരിച്ച് ആദ്യ ഘട്ട സാമ്പിൾ ശേഖരണവും പരീക്ഷണശാലയിലെ പരീക്ഷണങ്ങളും പൂർത്തിയാർക്കി. അവസാന ദിവസം സിന്ധു രേവമ്മയോടും കുടുംബത്തോടും നന്ദി പറഞ്ഞിറങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇനി വനത്തിലെ പായൽ സാംപിളുകൾ ശേഖരിക്കണം. രവി സാർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ സിന്ധുവിനെ സഹായിക്കാനായി ശട്ടം കെട്ടിയിട്ടുണ്ട്. അതു കൂടി കഴിഞ്ഞാൽ ഏതാണ്ട് തന്റെ പ്രഹേളികയുടെ കുരുക്കഴിയും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.