ചിറക്കര താഴത്തേയ്ക്ക് : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 50

ചിറക്കര താഴത്തേയ്ക്ക് : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 50
January 17 05:44 2021 Print This Article

ഡോ. ഐഷ വി

ചിറക്കര താഴത്ത് അച്ഛൻ വാങ്ങിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന് മുമ്പ് മൂന്ന് മാസത്തോളം അച്ഛന്റെ ഗോപലനമ്മാവന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛന്റെ ഇളയ അമ്മാവന്റെ വീടും പുരയിടവുമായിരുന്നു അച്ഛൻ വാങ്ങിച്ചത്. വയലിനരികത്തായതിനാൽ കിണറ്റിൽ ധാരാളം വെള്ളം. കൃഷി ചെയ്യാനും പറ്റിയ മണ്ണ്. ഒരു കൊച്ച് വീട്. വീട്ടിൽ നിന്ന് വിട്ട് റോഡരികിലായി മൂന്ന് കടമുറികളും അതിന്റെ പുറകിൽ ഒരു വരാന്തയും പിന്നെ കുറേ തെങ്ങ്, മാവുകൾ, ആഞ്ഞിലികൾ . അച്ഛാമ്മയുടെ പറമ്പ് അച്ഛന് കിട്ടിയത് അച്ഛൻ വാങ്ങിയ പറമ്പിന് ചേർന്നായതിനാൽ പറമ്പിന്റെ വിസ്തൃതി കൂടിക്കിട്ടി. അച്ഛന്റെ അമ്മാവൻ ശ്രീ കേശവൻ, ഭാര്യ ഇന്ദിര മകൾ വത്സല എന്നിവരായിരുന്നു ആ വീട്ടിലെ അന്തേവാസികൾ. അവർ വയലിനക്കരെ വാങ്ങിയ ഒരു വീട്ടിലേക്ക് താമസം മാറി. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് വീടും കടയുമൊക്കെ ചെറിയ തോതിൽ വൃത്തിയാക്കിയാണ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് താമസം മാറിയത്.
മുമ്പ് തയ്യൽ മെഷീനിൽ ഞങ്ങളുടെ അമ്മ ഞങ്ങളുടെ തുണികൾ തയ്ച്ച് കൊണ്ടിരിയ്ക്കുമ്പോൾ അമ്മയുടെ മനസ്സിലെ തീവ്രമായ ആഗ്രഹങ്ങൾ ചിലപ്പോഴൊക്കെ പാട്ടിന്റെ രൂപത്തിലോ വാചകമായോ പുറത്തു വരാറുണ്ടായിരുന്നു. അതിൽ ചിലത് “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്. അതിൽ നാരായണക്കിളി കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്.” “ആറു കാലി പുരയെങ്കിലും കെട്ടിയാൽ മതിയായിരുന്നു” എന്നൊക്കെ.

അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ആ സുദിനം വന്നെത്തി. വൈകുന്നേരമാണ് അങ്ങോട്ട് താമസം മാറാൻ തീരുമാനിച്ചിരുന്നത്. അതിന്റെ മുന്നൊരുക്കങ്ങളായി ശാരദ വല്യമ്മച്ചി വിളക്ക് തേച്ച് വച്ചു. ഒരു ബഞ്ച് തത്കാലത്തേയ്ക്ക് ഞങ്ങൾ താമസം മാറാൻ പോകുന്ന വീട്ടിൽ കൊണ്ടിട്ടു. അമ്മ അത്യാവശ്യം പാചകത്തിനാവശ്യമായ സാധനങ്ങളും പാത്രങ്ങളും കെട്ടിവച്ചു.

ഈ വസ്തുവും വീടും വാങ്ങാനായി അച്ഛനും അമ്മയും കൂടി ചിട്ടി പിടിച്ച തുക കൂടാതെ അച്ഛന്റെ അമ്മാവൻ കടമായും കുറച്ച് തുക നൽകിയിരുന്നു. അച്ഛന്റെ അമ്മാവന്റെ കുടുംബവും തൊട്ടയൽപക്കത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ കുടുംബവും അമ്മയുടെ അടുത്ത ബന്ധുക്കളും കൂടി ചേർന്ന ചെറിയ ചായ സൽക്കാരത്തോടു കൂടിയ ലളിതമായ ചടങ്ങായിരുന്നു താമസം മാറൽ ചടങ്ങ്. താമസം മാറിയെങ്കിലും അന്നത്തെ അത്താഴം അച്ഛന്റെ അമ്മാവന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു. അത് ഞങ്ങൾ അവിടെ പോയി കഴിച്ചു. പിറ്റേന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ പാചകം തുടങ്ങി.

പകൽ അയൽപക്കത്തെ കുട്ടികളോടൊപ്പം ഞങ്ങൾ പറമ്പിലൊക്ക കറങ്ങി നടന്നു. കേശവൻ വല്യച്ചന് ചെടികളും പച്ചക്കറി കൃഷിയും കുറച്ചൊക്കെ ഉണ്ടായിരുന്നത് അവിടെ അവശേഷിച്ചിരുന്നു. കൂടാതെ കുറേ ഞാലിപ്പൂവൻ വാഴയും. വാഴ കിണറ്റിന്റെ താഴെയുള്ള തട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുക്കളയുടെ വരാന്തയിൽ ഒരു ആട്ടുകല്ലും ഒരു തത്തമ്മയോടുകൂടിയ കൂടും അടുക്കളയിൽ ഒരു ഉരലും കേശവൻ വല്യച്ഛന്റെതായി അവശേഷിച്ചിരുന്നു. പിന്നീട് ഉരൽ ഞങ്ങളും ആട്ടുകല്ല് ലക്ഷ്മി അച്ഛാമ്മയും വാങ്ങി.

ഞങ്ങൾ ആ വീട്ടിലേയ്ക്ക് താമസം മാറി ഒരു മാസത്തിനകം തന്നെ കേശവൻ വല്യച്ഛൻ മരിച്ചു. വയലിനക്കരെയുള്ള വീട്ടിലേയ്ക്ക് താമസം മാറിയെങ്കിലും കേശവൻ വല്യച്ഛന് സുഖമില്ലാതായതിനാൽ ചികിത്സാർത്ഥം വല്യച്ഛന്റെ ഭാര്യാ സഹോദരന്റെ കൊല്ലത്തെ വീട്ടിലായിരുന്നു അവർ. ഒരു ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിന്റെ താഴത്തെ തട്ടിൽ നിൽക്കുമ്പോഴാണ് കേശവൻ വല്യച്ചന്റെ മൃതദേഹം കൊണ്ടുവന്ന വണ്ടി അക്കരയ്ക്ക് പോകുന്നത് കണ്ടത്. കൊച്ചു ശാന്തേച്ചിയ്ക്ക് കാര്യം വേഗം മനസ്സിലായി. ആ ചേച്ചിയും കുട്ടികളും വണ്ടിയുടെ പിറകെ അക്കരയ്ക്ക് ഓടി. അന്ന് വീടുകളിൽ ഫോണില്ലാതിരുന്നതിനാൽ ആരെങ്കിലും വന്ന് അറിയിക്കുമ്പോഴേ മരണം അറിഞ്ഞിരുന്നുള്ളൂ. ഞങ്ങൾ അമ്മയോട് കാര്യം പറഞ്ഞു. ഞങ്ങളും അമ്മയും കൂടി അക്കരയിലെ മരണ വീട്ടിലേയ്ക്ക് പോയി. ദൂരെഎവിടെയോ പോയിരുന്ന ലക്ഷ്മി അച്ഛാമ്മയും ഗോപാലൻ വല്യച്ചനും സ്ഥലത്തെത്തിയപ്പോഴാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമായത്. മൃതദേഹം ആ രാത്രി തന്നെ ഇക്കരെ ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിലയ്ക്ക് മാറ്റി. മരണാനന്തര ചടങ്ങുകൾ എല്ലാം ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിൽ വച്ചായിരുന്നു. ആരോ അച്ഛന് ടെലഗ്രാം അയച്ചു. പിറ്റേന്ന് അച്ഛൻ ജോലി സ്ഥലത്തു നിന്നും എത്തി. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ തത്തക്കൂട് ശ്രദ്ധിച്ചത്. കൂട് തുറന്ന് കിടന്നിരുന്നു. തത്തമ്മയെ കാണാനില്ലായിരുന്നു. ആദ്യം കുറച്ച് വ്യസനം തോന്നിയെങ്കിലും അതിന്റെ ഉടമസ്ഥന്റെ ആത്മാവ് ശരീരം വിട്ടു പോയതു പോലെ തത്തമ്മയും കൂട് വിട്ട് പോയെന്ന് ഞങ്ങൾ സമാധാനിച്ചു.

ഞങ്ങൾ ആ വീടും പറമ്പും വാങ്ങുന്നതിന് മുമ്പ് കേശവൻ വല്യച്ഛൻ ഓല മെടഞ്ഞ് കൊല്ലത്ത് പട്ടണപ്രദേശത്ത് വിറ്റിരുന്ന ഒരു കുടുംബത്തിന് ഓല ശേഖരിച്ച് വയ്ക്കാനും മെടയാനും മറ്റുമായി ആ പറമ്പിന്റെ താഴെ തട്ട് നൽകിയിരുന്നു. തോടും വയലുമൊക്കെ വളരെയടുത്തായതിനാൽ അവർക്ക് ഓല കുതിക്കാൻ സൗകര്യത്തിനായാണ് ഈ പറമ്പ് ഉപയോഗിച്ചിരുന്നത്. അവരുടേയും ഓലമെടയുന്നവരുടെയും ഉപജീവനമാർഗ്ഗമായതിനാൽ കുറേ വർഷങ്ങൾ കൂടി പറമ്പ് സൗജന്യമായി ഉപയോഗിക്കുവാൻ അച്ഛൻ അവരെ അനുവദിച്ചിരുന്നു. അതിനാൽ പകൽ എപ്പോഴും ആളും പേരുമുള്ള പറമ്പായിരുന്നു ഞങ്ങളുടേത്. ഒന്നോ രണ്ടോ ലോറിയിൽ കൊള്ളുന്നത്രയും മെടഞ്ഞ ഓലയാകുമ്പോൾ ലോറികൾ എത്തും. പിന്നെ മെടഞ്ഞ ഓല കൊല്ലത്തെ വീടുകളുടെ മേൽ കൂരയിലും വേലിയിലും സ്ഥാനം പിടിയ്ക്കും. അന്ന് ധാരാളം നല്ല ഓലകൾ ഞങ്ങളുടെ നാട്ടിൽ ലഭ്യമായിരുന്നു. സ്ത്രീകൾ ഓലമെടയുന്നത് നോക്കി ഞങ്ങളും ഓല മെടയാൻ പഠിച്ചു. പശുവിന് പുല്ലു പറിക്കുന്ന വല്ലമുണ്ടാക്കാനും . കാലം കഴിഞ്ഞപ്പോൾ ഓലയുടെ ലഭ്യത കുറഞ്ഞു. പട്ടണപ്രദേശത്ത് ഓല മേഞ്ഞ വീടുള്ളവർ മേൽക്കൂര ഓടോ ഷീറ്റോ ആക്കി മാറ്റി. പിന്നീട് കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളുമായി. തേങ്ങാ വെട്ടുന്ന സമയത്ത് പല വീട്ടുകാർക്കും ഓല വിൽക്കുന്നതിലൂടെയും പഴയ കാലത്ത് വരുമാനം ലഭിച്ചിരുന്നു. ഞങ്ങളുടെ പറമ്പിൽത്തന്നെ ഓലമെടയുന്നതിലൂടെ ധാരാളം സ്ത്രീകൾക്ക് തൊഴിലും വരുമാനവും ലഭിച്ചിരുന്നു. അതെല്ലാം നിന്നപ്പോൾ ഓലക്കച്ചവടക്കാർ മറ്റു സാധനങ്ങളുടെ കച്ചവടത്തിലേയ്ക്ക് വഴിമാറി. ഓല മെടഞ്ഞിരുന്ന സ്ത്രീകൾ പല തൊഴിൽ മേഖലയിലേയ്ക്ക് തിരിയേണ്ടി വന്നു. അന്ന് ഓല മെടഞ്ഞിരിക്കുന്നവർക്കെല്ലാം ടെറസ്സ് വീടായി. ഓല ശേഖരിക്കുക, മടലിന്റെ നടുക്ക് വച്ച് കീറി രണ്ട് ഭാഗമാക്കി മടൽപ്പൊളി ചീകി കളഞ്ഞ് കനം കുറച്ച് ഓലകൾ നിശ്ചിത എണ്ണം വീതം ഒതുക്കി കെട്ടി തോട്ടിൽ അണകെട്ടി വെളളം നിർത്തി അതിൽ കൊണ്ടിട്ട് രണ്ടു ദിവസം കുതിർത്ത് മൃദുവാക്കി മെടയാൻ പരുവപ്പെടുത്തി മെടയുന്നിടത്ത് എത്തിക്കുന്നത് പുരുഷൻമാരുടെ ജോലിയായിരുന്നു. അങ്ങനെ, പുതു തലമുറയ്ക്ക് പരിചയമില്ലാഞ്ഞ ഒരു തൊഴിൽ മേഖല കാലത്തിന്റെ മാറ്റത്തിനൊപ്പം മാഞ്ഞു പോയി.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles