ഡോ. ഐഷ വി
2023 ജനുവരി 28 ന് ഒരു സ്റ്റാഫ് ടൂർ പോകാമെന്ന് കംപ്യൂട്ടർ ഡിപാർട്ട്മെന്റിലെ അനിറ്റ് സെബിയും ഷാലിബയും കൂടി പ്ലാൻ ചെയ്തു. ഞാനും ഭർത്താവും കൂടെ വരാമെന്നേറ്റു. ആതിരപള്ളി , വാഴച്ചാൽ, വഴി തൃശ്ശൂരിലെ സ്നേഹതീരം എന്ന കടൽത്തീരം കൂടി കണ്ട് മടങ്ങാമെന്ന പദ്ധതിയിൽ കൗതുക പാർക്ക് കൂടി ഉൾപ്പെടുത്താമെന്ന ആശയം ഷാലിബയുടേതായിരുന്നു. കാരണം ഷാലിബ 5 വർഷം മുമ്പ് അവിടെ പോയിട്ടുണ്ടത്രേ. രാവിലെ ഏഴുമണിയോട് കൂടി വടക്കാഞ്ചേരിയിലെ ഇന്ത്യൻ കോഫീ ഹൗസിനടുത്തെത്തിയ നിരജ്ജൻ എന്നു പേരിട്ട ട്രാവലറിൽ ഞങ്ങളും കയറി. വണ്ടി പന്നിയങ്കര ടോൾ കഴിഞ്ഞു പത്ത് കിലോമീറ്ററോളം ചെന്നപ്പോൾ കുതിരാൻ തുരങ്കത്തെത്തി. സഹ്യന്റെ അടിയിലുടെ ഒരു കിലോമീറ്ററോളം നീളത്തിലുള്ള തുരങ്കമാണ് കുതിരാൻ തുരങ്കം. പണ്ട് തുരങ്കം വരുന്നതിന് മുമ്പ് കുതിരാൻ മല ചുറ്റി പോകേണ്ടി വന്നപ്പോൾ ഗതാഗത കുരുക്കുണ്ടാക്കിയിരുന്ന ഒരു കുപ്പിക്കഴുത്തായിരുന്നു ആ വഴി . നാഷണൽ ഹൈവേ 544 ലൂടെ .. ഇരുഭാഗത്തേക്കും ഓടുന്ന ദിവസം 15000 വീതം വണ്ടികളെ കടത്തിവിടാനുള്ള വിസ്താരം ഈ കാനന പാതയ്ക്കില്ലായിരുന്നു. എന്നാൽ ഇരു ഭാഗത്തേയ്ക്കുമുള്ള പാതയ്ക്കായി 2 തുരങ്കങ്ങൾ നിർമ്മിച്ചതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായി.
അത്യാവശ്യ സന്ദർഭത്തിൽ ഇരു തുരങ്കങ്ങളിലേയ്ക്കും പരസ്പരം കടക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്. മലിനവായു പുറന്തള്ളാൻ ഫാനുകളും. കൂട്ടത്തിലെ കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കം ആദ്യ കാഴ്ചയായിരുന്നു. അങ്ങനെ കുതിരാനും മണ്ണുത്തിയും പിന്നിട്ട് വണ്ടി മുന്നോട്ട്. ചാലക്കുടിയ്ക്കടുത്തുള്ള പോട്ടയിലാണ് കൗതുക പാർക്ക്. ശ്രീ വർഗ്ഗീസ് വെളിയത്തും ഭാര്യ ലിസിയും കൂടി നടത്തുന്ന ഈ പാർക്ക് അവരുടെ വീടിനോട് അനുബന്ധിച്ചുള്ളതാണ്. വണ്ടി അവരുടെ വീട്ടുമുറ്റത്തൊതുക്കി. ഞങ്ങൾ ഇറങ്ങി നോക്കിയപ്പോൾ ആദ്യം പുറത്താരേയും കണ്ടില്ല. ഷാലിബയുടെ മകൻ അബ്ദു വണ്ടിയിൽ നിന്നും ഓടി അവരുടെ കാർ ഷെഡിലൂടെ സിറ്റൗട്ടിൽ കയറിയപ്പോഴേയ്ക്കും വീട്ടുടമസ്ഥ ശ്രീമതി ലിസി പുറത്തേയ്ക്കിറങ്ങി വന്നു. ഷാലിബയുടെ മകൻ അവർക്കൊരു ” ഹായ്” പറഞ്ഞിട്ട് നേരെ വീട്ടിനകത്തേയ്ക്കും കടന്നു.
ഷാലിബ അവരോട് സംസാരിച്ച് നിൽക്കുന്നതിനിടയിൽ എന്നെ ആകർഷിച്ച ആദ്യ കൗതുക കാഴ്ച്ച അവരുടെ കാർ ഷെഡിന് മുകളിൽ പടർന്ന് പന്തലിച്ച് പൂക്കളും കായ്കളുമായി നിൽക്കുന്ന ആൽമരത്തിന്റെ കുടുoബത്തിൽപെട്ട ഫൈക്കസ് വൃക്ഷമായിരുന്നു. പുരപ്പുറത്ത് ഒരാലു കരുത്താൽ പിഴുതു കളയുകയോ ആസിഡ് ഒഴിച്ചു നശിപ്പിക്കുകയോ ആയിരിക്കും സാധാരണക്കാർ ചെയ്യുക. ഞാൻ അവരോട് ചോദിച്ചു: ഇത് ചെടിച്ചട്ടിയിലാണോ ആദ്യം നട്ടിരുന്നത് എന്ന്. അവർ ” അതേ, പിന്നീട് അതിന്റെ ഒരു വേര് താഴോട്ടിറക്കുകയായിരുന്നു എന്ന് പറഞ്ഞു. അപ്പോഴാണ് 45 ഡിഗ്രി ചരിച്ച് സ്ഥാപിച്ച വലിയ പി വി സി പൈപ്പുപോലെ തോന്നിച്ച സാധനം പൈപ്പല്ല ചെടിയുടെ മണ്ണിലേയ്ക്കിറക്കിയ പ്രോപ് റൂട്ടായിരുന്നെന്ന്. അതിലൂടെ ചെടിയ്ക്ക് ആവശ്യത്തിന് വെള്ളവും വളവും ലഭിയ്ക്കുന്നതിനാൽ അതിനായി ഉടമസ്ഥന്റെ കെട്ടിടം കേടു വരുത്തേണ്ട കാര്യമില്ലല്ലോ. അപ്പോഴാണ് അതിനടുത്തായി ഉടമസ്ഥൻ ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പെഴുതി തൂക്കിയിരിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇതിനകം പ്രവേശനഫീസായ എഴുപത് രൂപ ഒരോരുത്തർക്കും വേണ്ടി ഷാലിബ അവരെ ഏൽപ്പിച്ച് കൊണ്ടുവന്ന ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു. ടെറസ്സിൽ വച്ച് കഴിയ്ക്കാമെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ഉടമസ്ഥനും എത്തിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് പായ്ക്കറ്റുകൾ അവിടെ കളഞ്ഞിട്ട് പോകരുതെന്ന ഒരെളിയ നിർദ്ദേശം ഉടമസ്ഥൻ ഞങ്ങൾക്കു തന്നു. ഞങ്ങൾ അതനുസരിച്ചു. ടെറസ്സിൽ കയറി. പാരപ്പെറ്റിനടുത്തായി രണ്ട് വാഷ് ബേസിനുകൾ സ്ഥാപിച്ചിരുന്നു. രണ്ട് തീൻ മേശകൾ . ധാരാളം പ്ലാസ്റ്റിക് കസേരകൾ . ട്രസ്സ് വർക്ക് ചെയ്ത ടെറസ്സിൽ മുൻ ഭാഗത്തായി ബോർഡിന് മുകളിൽ ചെറു മൺകലങ്ങൾ ചേർത്തു കെട്ടി ഒരു കമാനം. ഒരേണി , തടി ചക്രം തുടങ്ങിയ കൗതുകങ്ങൾ അവിടെ കണ്ടു. കാണുന്ന എല്ലാറ്റിലും കൗതുകം ചേർക്കാൻ ഉടമസ്ഥൻ മറന്നിട്ടില്ല. വാതിലിനും ജനലിനും മുന്നിലായി മൺകല്ലുകളും കട്ടകളും കൊണ്ട് കമാനങ്ങൾ തീർത്തിരുന്നു. ചൂട് ഇടിയപ്പവും കറിയും കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ടെറസ്സിൽ നിന്നു തന്നെ പരിസരം വീക്ഷിച്ചു. മതിലിൽ പറ്റിപ്പിടിച്ച് കയറി പച്ചപ്പ് നൽകുന്ന ചെടികൾ . വീടിന് ചുറ്റും ചെടികൾ മരങ്ങൾ . ചുറ്റും നിത്യ ഹരിത വൃക്ഷങ്ങൾ തന്നെ. അയൽപക്കകാരുടെ പറമ്പിലെ ജാതിയും പിണറയും കൂടി ചേരുമ്പോൾ ഈ കാഴ്ചകൾ വിപുലമാകുന്നു.
ഭക്ഷണ പായ്ക്കറ്റുകൾ വണ്ടിയിൽ സൂക്ഷിച്ച് ഒരുക്കങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോഴേയ്ക്കും ഉടമസ്ഥനും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനായെത്തി. വീടിന് പൂറകുവശത്തെ ഭിത്തിയിൽ ആലേഖനം ചെയ്തിരിയ്ക്കുന്ന അദ്ദേഹം തന്നെയെഴുതിയ കവിത ചൊല്ലാൻ പാകത്തിനകലത്തിൽ അദ്ദേഹം നിന്നു . ഞങ്ങളെ ചുറ്റും നിർത്തി പരിചയപ്പെട്ടു. ഹിന്ദി അധ്യാപകൻ രാജീവ് വീഡിയോ എടുക്കാമെന്നേറ്റു. മലയാളം അധ്യാപകൻ കുഞ്ഞു മൊയ്തീൻ, കോമേഴ്സ് അധ്യാപികമാരായ ശ്രുതി, ലക്ഷീദേവി, ലക്ഷ്മിയുടെ മേയമ്മയുടെ മകൾ ,ഇംഗ്ലീഷ് അധ്യാപിക ഹൃദ്യ , രണ്ടു മക്കൾ, കംപ്യൂട്ടർ അധ്യാപികമാരായ അനിറ്റ് , ശില്ല , ഷാലിബ, ഷാലിബയുടെ മകൻ , കണക്കധ്യാപിക റസീന , റസീനയുടെ മകൻ , എന്റെ ഭർത്താവ് ശ്യാംലാൽ, ഇലക്ടോണിക്സിലെ അജിത്ത് എല്ലാപേരും കേൾവിക്കാരായി ചുറ്റും നിന്നപ്പോൾ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തുടങ്ങി. എല്ലാ ജീവജാലങ്ങൾക്കും സ്വതന്ത്രമായി വിഹരിക്കാൻ പറ്റിയ ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഈ ചെറുവനം നിർമ്മിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത്. വിശദാംശങ്ങൾ വിവരിച്ച ശേഷം അദ്ദേഹം താനെഴുതിയ കവിത ചൊല്ലി. പ്രീഡിഗ്രി വരെ പഠിച്ച അദ്ദേഹത്തിന് ഹിന്ദി, ഇംഗ്ലീഷ്, കവിത, കഥ, ലേഖനങ്ങൾ എന്നിവ വഴങ്ങും. കാൽ നൂറ്റാണ്ട് മുമ്പ് പ്രകൃതിയോടുള്ള ഇഷ്ടം കൂടിയതു കൊണ്ട് പൈതൃക സ്വത്തായി കിട്ടിയ പറമ്പിൽ വനവത്കരണം നടത്തിയപ്പോൾ മതാപിതാക്കളും ഭാര്യയും മകളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾ ഇടഞ്ഞപ്പോൾ ഇടനെഞ്ചിലെ വിങ്ങൽ ഒരു ഹിന്ദി കവിതയായി പുറത്തുവന്നത് ആ കാനനഛായയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പാർക്കിന്റെ ഗേറ്റ് തുറന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കാനനത്തിലയ്ക്ക് കടന്നു. അവിടെ യഥേഷ്ടം വിഹരിയ്ക്കുന്ന വെള്ളലി, വിവിധ വർണ്ണ പ്രാവുകൾ, മുയലുകൾ, കോഴികൾ , വാങ്കോഴി . വാത്തകൾ എന്നിവയാണ് ഞങ്ങളെ എതിരേറ്റത്. കാടിന്റെ സ്വാഭാവികത നിലനിർത്താനായി കരിയിലകൾ തൂത്തുവാരുകയോ തീയിടുകയോ അവിടെ ചെയ്യുന്നില്ല. എല്ലാം പൊടിഞ്ഞ് മണ്ണോട് ചേർന്ന് ഒന്ന് മറ്റൊന്നിന് വളമാകും. പത്തോളം കുളങ്ങൾ , ഗുഹകൾ , മണ്ണിനടിയിലും മുകളിലുമുള്ള പാതകൾ , ഏറുമാടങ്ങൾ, മുനിയറകൾ, ഗിന്നസ് ബുക്കിൽ ഇടം പ്രതീക്ഷിച്ച് വളർത്തുന്ന ഏരിയൽ റൂട്ട്, പണ്ടുകാലത്ത് മനുഷ്യരെ മറവു ചെയ്തിരുന്ന നന്നങ്ങാടി ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്. ഒരു കളത്തിൽ നിന്നും മറ്റൊരു കുളത്തിലേയ്ക്ക് ഗുഹാ വഴികളിലൂടെയും കുളത്തിന് മുകളിലൊരുക്കിയ നടപ്പാതകളിലൂടെയും സഞ്ചരിയ്ക്കാം. ആദ്യം ഇടതു വശത്തുള്ള കുളത്തിലൂടെ നടന്ന് ഗുഹാ പാതയിലൂടെ നടന്ന് അടുത്ത കുളത്തിലെത്താൻ അദ്ദേഹം നിർദ്ദേശിച്ചു. . ഗുഹാചാതകൾ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്കതരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
വിവിധ വർണ്ണ മത്സ്യങ്ങൾ കുളത്തിലുണ്ട്. മറ്റു മത്സ്യങ്ങളെ തിന്നുന്നവയെയും തിന്നാത്തവയെയും ഒരേ കുളത്തിൽ ഇട്ടിരിയ്ക്കുന്നു. മുള വളച്ച് വളർത്തി അതിൽ ഏറുമാടം തീർത്തിട്ടുണ്ട്. ചുറുച്ചുറുക്കുള്ള അധ്യാപകരും വിദ്യാർത്ഥികളും ഏറുമാടങ്ങളിൽ കയറി. ഊഞ്ഞാലാടി. ഒരു ഫിഗ് മരത്തിൽ തീർത്ത ഏറുമാടം വളരെ കൗതുകമുണർത്തുന്നതാണ്. ഫിഗിന്റെ പ്രോപ് റൂട്ടുകൾ മരത്തിന് ചുറ്റും വലിച്ച് ചരിച്ച് മണ്ണിലാഴ്ത്തിയിരിയ്ക്കുന്നു. ഈ വേരുകളിലൂടെ ഏറുമാടത്തിലേയ്ക്കെത്താം. അടുത്തടുത്തുള്ള രണ്ട് വേരുകൾ ചേർത്ത് എണിയും പണിഞ്ഞിട്ടുണ്ട്. ഫൈക്കസുകളുടെ പ്രോപ് റൂട്ടുകൾ മണ്ണിലാഴ്ത്തി പുതിയ വൃക്ഷങ്ങൾ രൂപപ്പെടുത്തിയിരിയ്ക്കുന്നു. ചില പ്രോപ് റൂട്ടുകൾ കുളങ്ങളിലാഴ്ത്തി വെള്ളം പ്രകൃത്യാ ശുദ്ധീകരിയ്ക്കുന്ന വിദ്യയും അവലംബിച്ചിട്ടുണ്ട്. ആക്രമണകാരികളും അല്ലാത്തതും നീളം കൂടിയ വയും കുറഞ്ഞവയും വർണ്ണവൈവിധ്യമുള്ളവയും മത്സ്യങ്ങളുടെ ഇടയിലുണ്ട്. ഒരു മുളങ്കൊമ്പ് വളച് മണ്ണിലാഴ്ത്തി പുതുമുളകൾ സൃഷ്ടിച്ചിരിയ്ക്കുന്നു. ഇവിടത്തെ ഓരോ സൃഷ്ടിയും ഉടമസ്ഥൻ കാലത്തിന്റെ സഹായത്തോടെ ഒരു തപസ്യയായി രൂപപ്പെടുത്തിയെടുത്തവയാണ്. പഴയ വസ്തുക്കളുടെ ശേഖരവും നന്നായി വിന്യസിച്ചിരിയ്ക്കുന്നു. വള്ളി മുളയാണ് മറ്റൊരു പ്രത്യേകത. പറ്റിയ താങ്ങ് കണ്ടെത്താൻ ഇവ ദിവസവും കറങ്ങി നോക്കും. ഓരോരുത്തരുടയും നക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളും അവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് മിക്കവാറും എല്ലാ നിർമ്മിതികളും പാഴ് വസ്തുക്കളായ കുപ്പികളും മൺകലങ്ങളും ചെടി ചട്ടികളും പ്രയോജനപ്പെടുത്തി ചിലവ് ചുരുക്കി ചെയ്തിരിയ്ക്കുന്ന വയാണ്. ശുചി മുറികൾ ചിലവ് കുറച്ച് വൃത്താകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്നതിനാൽ അകം വിസ്തൃതവുമാണ്. ഒരു കുളത്തിനരികിലായി വാവലുകൾക്കായി ഒരു ഗുഹ. മറ്റൊരു ഗുഹാ വഴിയിലൂടെ അപ്പുറത്തെ കുളത്തിലെത്താം. ഈ ഗുഹാ വഴിയിൽ ഒരു നീർച്ചാലുണ്ട് . ഈ നീർച്ചാലിലെ ജലം തേടി സമീപത്തെ കാദംബരി(കടമ്പ്) വൃക്ഷത്തിന്റെ വേരുകൾ വെള്ളനിറത്തിൽ നാരുകൾ പോലെ കിടക്കുന്നതും കാണാം.
അടുത്ത കുളത്തിന് മുകളിലായി ഒരു ഫൈക്കസ് വേരുകൾ വളർത്തി പടർന്ന് പന്തലിച്ച് നിൽക്കുന്നു. വേരുകൾ തമ്മിൽ ആശ്ലേഷിച്ച് കഥകൾ പറയുന്നുണ്ടാകാം. ശിഖരങ്ങൾ കാറ്റിലാടി മർമ്മരമുതിർത്ത് കവിതകൾ ചൊല്ലുന്നുണ്ടാകാം. അവയ്ക്ക് അകമ്പടിയായി ഇണപ്രാവുകളുടെ കുറൂ കൽ , മുയലുകളുടെ സ്നേഹ പ്രകടനങ്ങൾ. ജീവനില്ലാതായവയ്ക്ക് ജീർണ്ണിച്ച് മണ്ണോട് ചേർന്ന് ആവാസ വ്യവസ്ഥ പൂർത്തീകരിയ്ക്കാനൊരിടവും പച്ച തണൽ വല കൊണ്ടും നെറ്റു കൊണ്ടും വേലി തീർത്ത ആ വളപ്പിലുണ്ട്. എല്ലാ പ്രകൃതി നിയമങ്ങളും അവിടെ പാലിയ്ക്കപ്പെടുന്നു. എല്ലാ ദിവസവും എല്ലായിടത്തും ഗുഹകളിലും ഉടമസ്ഥൻ കറങ്ങി നോക്കിയിട്ടേ ആളെ കയറ്റാറുള്ളൂ എന്ന് പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ നിയതിയുടെ നിയമങ്ങൾ അനുസരിയ്ക്കുക എന്ന നയം ഉൾക്കൊണ്ട നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഉടമസ്ഥനെ മനസ്സാ നമിച്ചു.
(തുടരും)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply