ഡോ. ഐഷ വി

ഭാര്യയുടെ പറമ്പിനോട് ചേർന്നുള്ള മൺഭിത്തി കൊണ്ടു നിർമ്മിച്ച രണ്ട് കടമുറികളും ചായ്പ്പും വിലയ്ക്കു വാങ്ങുമ്പോൾ വൈദ്യരുടെ കണക്കുകൂട്ടൽ ഇങ്ങനെയായിരുന്നു. തനിക്കു രാവിലെ മുതൽ ഉച്ചവരെ നാട്ടിൽ പുറത്തെ ഈ കടയിൽ വൈദ്യശാല നടത്താം. സ്വന്തം കടയാകുമ്പോൾ വാടകയും വേണ്ട. ഒരു മുറിയും ചായ്പ്പും നിലവിൽ ചായക്കട നടത്തുന്നയാൾ തന്നെ നടത്തിക്കൊള്ളും. വാടകയും കിട്ടും. ഉച്ചയ്ക്ക് ശേഷം അടുത്തുള്ള ടൗൺ ആയ കല്ലുവാതുക്കലെ വാടക കെട്ടിടത്തിൽ വൈദൃശാല ഇട്ടിരിയ്ക്കുന്നതിലേയ്ക്കും പോകാം. മുൻവശത്ത് ഒരു വാതിലും രണ്ട് ജനലും പിൻഭാഗത്ത് ഒരു ജനലുമുള്ള മുറി വെള്ള പൂശി അലമാരികൾ വച്ചു. ഒരു മേശയും കസേരയുമിട്ടു. രോഗികൾക്കായി കരിങ്കൽത്തൂണുകൾ നാട്ടിയ തിണ്ണയ്ക്ക് പുറമേ രണ്ട് ബഞ്ചു കൂടി ഇട്ടു.

സ്ഥിരമായി വീട്ടിലെത്തിയിരുന്ന രോഗികൾ കടയിലേയ്ക്കെത്താൻ തുടങ്ങി. ഉച്ചയ്ക്കു ശേഷം എണ്ണയും തൈലവും അരിഷ്ടവും വാങ്ങാൻ വരുന്നവർക്ക് എടുത്തു കൊടുക്കാൻ സഹായിയായി സമീപത്തെ ഒരു പയ്യനെ കൂടി നിർത്തി. അങ്ങനെ രണ്ട് വർഷം കടന്നുപോയപ്പോൾ ചായക്കടയിൽ ചായ കുടിക്കാനെത്തിയ എതിർ വശത്തെ പലവ്യജ്ഞനക്കടയിലെ വാസുപിള്ള പറഞ്ഞു. ” എനിക്ക് വയസ്സായി വൈദ്യരേ… പിള്ളേർക്കാർക്കും കച്ചവടത്തിൽ താത്പര്യമില്ല. കടയങ്ങ് വിറ്റാലോ എന്നൊരാലോചന . ബെദ്യർക്ക് വേണമെങ്കിൽ വാങ്ങിക്കൊള്ളൂ., സഹായി പയ്യൻ ഇതു കേട്ടു. അവന്റെയുളളിൽ ഒരു മിന്നൽപ്പിണർ പൊട്ടി. അതങ്ങ് വാങ്ങിയാലോ ! വൈദ്യർ ഈയിടെയായി ഒരു നെയ്ത്ത് സഹകരണ സംഘത്തിന്റെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കി വരികയാണ്. അതിനായി ഇപ്പോഴത്തെ കടയോട് ചേർത്ത് 2 മുറികൾ കൂടി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഒന്ന് മകൾക്ക് തയ്യൽക്കടയായി ഉപയോഗിക്കാനും മറ്റൊന്ന് നെയ്ത്ത് സഹകരണ സംഘത്തിന്റെ ഓഫീസായി ഉപയോഗിക്കാനും. വാസു പിള്ള പറഞ്ഞപ്പോൾ അത് വാങ്ങുന്നത് നന്നായിരിക്കുമെന്ന് വൈദ്യർക്ക് തോന്നി. അതാകുമ്പോൾ 3 കട മുറികളും ചായ്പ്പും ഉണ്ട്.” എങ്കിൽ വാങ്ങാം വിലയെത്ര?. വാസുപിള്ള ന്യായമായ വിലയ്ക്ക് കടകൾ വിൽക്കാമെന്നേറ്റു. സഹായി പയ്യന് വിലയെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി. അന്ന് രാത്രി പയ്യന്റെ കടുംബ സദസ്സിൽ അവതരിപ്പിച്ച വിഷയം ഈ കടമുറികൾ വാസു പിള്ള വൈദ്യർക്ക് വിൽക്കുന്നതിനെ പറ്റിയായിരുന്നു. പയ്യന്റെ കാരണവന്മാർ ആ രാത്രി തന്നെ വാസുപിള്ളയുടെ വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. അവർ പറഞ്ഞു: ” എന്താ വാസു പിള്ളേയിത്?. സ്വന്തം സമുദായക്കാരാരും വാങ്ങാനില്ലെങ്കിൽപ്പോരേ… അന്യ സമുദായക്കാരോട് ചോദിക്കാൻ ?”

വാസുപിള്ള ധർമ്മ സങ്കടത്തിലായി. വൈദ്യരുമായുള്ളത് ദീർഘകാലത്തെ ബന്ധമാണ്. വാക്കു പറഞ്ഞതല്ലേ മാറാൻ ഒരു വിഷമം. പയ്യന്റെ ആൾക്കാരുടെ നിർബന്ധം കലശലായപ്പോൾ മനസ്സില്ലാമനസ്സോടെ വാസുപിള്ള വഴങ്ങി. പിറ്റേന്ന് ഒരു ക്ഷമാപണത്തോടെ വാസുപിള്ള വൈദ്യരോട് കാര്യം പറഞ്ഞു. അപ്പോഴാണ് വൈദ്യർ താനും വാസു പിള്ളയും തമ്മിൽ സംസാരിക്കുന്ന കാര്യം പയ്യൻ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നെല്ലാം വേഗത്തിൽ നടന്നു. പയ്യൻ കട മുതലാളിയായി. പയ്യൻ വേഗം കച്ചവടം പഠിച്ചു. ചായ്പ്പിൽ ചായക്കടയും നടത്തി. എല്ലാറ്റിനും അഞ്ച് പൈസ വീതം കുറച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ വൈദ്യരുടെ കെട്ടിടത്തിലെ ചായക്കട പൂട്ടി. വൈദ്യർ വേഗം രണ്ട് കടമുറികൾ പണിയിച്ചു. നെയ്ത്ത് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. ഒരു പ്രദേശത്തെ മിക്കവാറും എല്ലാ വീട്ടുകാരും നെയ്ത്ത് യന്ത്രങ്ങൾ സ്ഥാപിച്ചു. കൈത്തറിയും കുഴിത്തറിയും തുടങ്ങി. എല്ലാവരും സൊസൈറ്റിയിൽ അംഗങ്ങളായി. മിക്കവാറും ആൾക്കാർ വീടിനൊപ്പം ചായിപ്പു കെട്ടി ചർക്കയിൽ നൂൽ നൂൽക്കാൻ തുടങ്ങി. സൊസൈറ്റിയുടെ പ്രവർത്തനം വൈദ്യരുടെ കടമുറികളിലൊന്നിൽ നന്നായി നടന്നു. നെയ്ത്ത് വ്യവസായം തുടങ്ങിയതോടെ പല വീടുകളിലേയും പട്ടിണി മാറി. ജീവിതം പച്ചപിടിച്ചു. പരദൂഷണം തൊഴിലാക്കിയവർ നെയ്ത്ത് തൊഴിലാളികളായി.

ഒരു കടമുറി വൈദ്യർ മകളുടെ തയ്യൽക്കടയ്ക്കായി നൽകി. തയ്യൽ പഠിപ്പിക്കലും തയ്യൽ ജോലിയും അവൾ നന്നായി ചെയ്തു.

അങ്ങിനെയിരിക്കെയാണ് ഒരു പൊടി മീശക്കാരൻ സൊസൈറ്റിയിൽ കണക്കപ്പിള്ളയായി എത്തുന്നത്.
(തുടരും)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.