കാരൂർ സോമൻ

കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങൾ ലോക മലയാളികൾ ആശങ്കയോടെയാണ് കാണുന്നത്. ആരാണ് അപഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മിടുക്കർ എന്നതും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം. മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗമാളുകളും പറയുന്നത് ഈ ഗവർണർ പദവി ഒരു ബാദ്ധ്യതയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുള്ളപ്പോൾ പാവങ്ങളുടെ നികുതി പണം എന്തിനിങ്ങനെ ചിലവഴിക്കണം? ബ്രിട്ടീഷ്‌കാർ ആകർഷകങ്ങളായ ധാരാളം അലങ്കാര മത്സ്യങ്ങളെ നമ്മുക്ക് തന്നിട്ടാണ് മടങ്ങിയത്. അത് ഗവർണർ പദവിയിൽ മാത്രം ചുരുക്കരുത്. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ഒരു ഗവർണറെ മാറ്റുന്നതിനെക്കാൾ ഇന്ത്യയിലുള്ള ജമ്പോ മന്ത്രിസഭകളെ പിരിച്ചു വിട്ട് സംസ്ഥാനത്തിന്റ പരമാധികാര൦ ഒരു ഗവർണർക്ക് കൊടുത്തിട്ട് ഓരോ ജില്ലകൾ ഭരിക്കാൻ കളക്ടർമാർ പോരായോ? അങ്ങനെയുണ്ടായാൽ പാവങ്ങളുടെ നികുതി പണം ധൂർത്തടിച്ചു കളയാതിരിക്ക മാത്രമല്ല അഴിമതിയും സ്വജനപക്ഷവാദവും, അനീതിയും ദാരിദ്യവും മാറി രാജ്യം പുരോഗതിയിലേക്ക് ഉയരുക തന്നെ ചെയ്യും. എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായമയും തുടച്ചു മാറ്റാൻ കഴിയാത്ത വ്യവസ്ഥിതി ഇങ്ങനെ എന്തിന് തുടരണം? യൂവ ജനങ്ങൾ ഇത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അലങ്കാര മത്സ്യങ്ങളെ ചില്ലിലടച്ചു സൂക്ഷിക്കുന്നതുപോലെ ഇവരെ പോലീസ് വലയത്തിൽ സൂക്ഷിക്കുന്നത് ആർക്കുവേണ്ടി?

വികസനത്തിൽ ഇന്ത്യൻ ജനാധിപത്യം കുറെ സമ്പന്നന്മാരെ വളർത്തി വലുതാക്കി നമുക്ക് തന്നു. അവരൊക്കെ തെരെഞ്ഞുടുപ്പുകളിൽ കോടികളാണ് മുടക്കുന്നത്? ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ കാലമായിരിക്കെ അധികാരമെന്ന ആനന്ദസാഗരത്തിൽ മുങ്ങികുളിക്കുന്ന ഈ അലങ്കാരമത്സ്യങ്ങളെക്കുടി ഉൾപ്പെടുത്താവുന്നതാണ്. ആനയുടെ പിറകെ കുട്ടികൾ പോകുന്നതുപോലെയാണ് പാവങ്ങൾ മാത്രമല്ല കലാ -സാംസ്‌കാരിക -കായിക രംഗത്തുള്ളവരും തിരുവായ്ക്കെതിർവായില്ലെന്ന ഭാവത്തിൽ ഓച്ഛാനിച്ചു നിൽക്കുന്നത്. ഒന്ന് നിന്നുകൊടുത്താൽ മതി മധുരം ഇരട്ടിയാണ്. ഇത് കേരളം മാത്രമല്ല ഇന്ത്യയാനുഭവിക്കുന്ന ദുരവസ്ഥയാണ്. എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നവർ.

സർക്കാർ തെറ്റ് ചെയ്താൽ തിരുത്തേണ്ടത് ഗവർണറുടെ ചുമതലയാണ്. നിയമപരമായി കടലാസിന്റ് വിലയില്ലാത്ത ഒരു പ്രമേയത്തിൽ കഥാപാത്രങ്ങളായത് ജനങ്ങൾ മാത്രമല്ല 163-244 (2) റൂൾ 18 (3) 356 തുടങ്ങി ധാരാളം വകുപ്പുകളാണ്. ഒരു ഫോണിൽ, കത്തിൽ അല്ലെങ്കിൽ ഒരു കൂടിക്കാഴ്ചയിൽ തീരേണ്ട വിഷയത്തെ കാട്ടുതീപോലെയാണ് ലോകമെങ്ങും കത്തിച്ചുവിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി നിന്നത് രാജ്യത്തിന് മാതൃകയായി. ഗവർണർ എതിർപ്പുകളൊന്നും കൂടാതെ സർക്കാരിന്റ നയപ്രഖ്യാപന൦ വായിച്ചതും നന്ന്.
ഇന്ന് ഗവർണർ നിയമസഭയിൽ വായിച്ച നയപ്രഖ്യാപനത്തിൽ ഒരു മാറ്റവും വരുത്തിയില്ല. ഏതാനം ആഴ്ചകളായി അദ്ദേഹവും സർക്കാരും നടത്തിക്കൊണ്ടിരുന്ന പരസ്യവിവാദങ്ങൾ എത്ര വേഗത്തിലാണ് കെട്ടടങ്ങിയത്. ഈ വിവാദങ്ങൾ സജീവമായി നിലനിർത്തിയത് എന്തിനാണ്? ഇതിലൂടെ മുട്ടുമടക്കിയത് ആരാണ്? പറഞ്ഞതെല്ലാം വെറും പാഴ്വാക്കുകളോ? ബി.ജെ.പി. മുന്നോട്ട് വെച്ച പൗരത്വ നിയമം കോടതിയുടെ മുന്നിലുള്ള കാര്യമാണ്. പരസ്പരം പോരടിച്ചതല്ലാതെ എന്ത് നേട്ടമാണ് കേരള ജനതക്കുണ്ടായത്? എല്ലാം വോട്ടിന് വേണ്ടിയെന്ന് തുറന്നു പറയുമോ? ഒന്നും നേടിയെടുക്കാതെ അബദ്ധജടിലങ്ങളായ വിവാദങ്ങളുണ്ടാക്കിയവർ കേരള ജനതയോട് മാപ്പു പറയാൻ തയ്യാറാണോ?

കേരള നിയമ നിർമ്മാണസഭ 1957 മാർച്ച് 16 ന് നിലവിൽ വന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് 1888 ൽ തിരുവിതാംകൂറിൽ ആദ്യമായിയുണ്ടാക്കിയ നിയമനിർമ്മാണ സഭയാണ് പിന്നീട് കേരള നിയമസഭയായി മാറിയത്. ജനാധിപത്യത്തിൽ നിയമസഭകൾക്ക് പരമോന്നതസ്ഥാനമുള്ളതുപോലെ സംസ്ഥാനത്തിന്റ പരമാധികാരി ഗവർണറാണ്. കേരള സംസ്ഥാനം ജന്മമെടുത്തതിന് ശേഷം 22 സർക്കാരുകളും 21 ഗവർണറന്മാരും കേരളം ഭരിച്ചു. ഇ.എം.എസിന്റ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1959 ജൂലൈ 31 ന് രാഷ്ട്രപതി വിമോചന സമരത്തിന്റ പേരിൽ പിരിച്ചുവിട്ടു. അന്ന് കാണാത്ത ഒരു പോരാട്ട വീര്യമാണ് ഇന്ന് എല്ലാം മാധ്യമങ്ങളിലും കണ്ടത്. ഒടുവിലത് പൊറാട്ട് നാടകമായി മാറുകയും ചെയ്തു. ഇതിനുള്ളിലെ ഗുഢലക്ഷ്യം ലാവലിൻ കേസെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലൂടെ ജനത്തിന് നൽകുന്ന സന്ദേശമെന്താണ്? അധികാരികൾ കോടതികളെക്കുടി കാൽചുവട്ടിലാക്കിയോ? കുറ്റവാളികളെ സൃഷ്ഠിക്കുന്നതിൽ സർക്കാരുകൾക്ക് നല്ലൊരു പങ്കുള്ളത് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഗുരുതരമായ കേസുകളിൽ അധികാരികൾ എന്തിനാണ് ഇടപെടുന്നത്? എന്തിനാണിവർ പ്രതിബന്ധം സൃഷ്ഠിക്കുന്നത്? എതിർശബ്തങ്ങളെ എന്തിന് ഭയക്കുന്നു?കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനല്ലേ ഒരു ജനപ്രിയ സർക്കാർ കൂട്ടുനിൽകേണ്ടത്?

കേരള രാഷ്ട്രീയം കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നത് കാണുമ്പൊൾ മൈതാനത്തു് നടക്കുന്ന പന്തുകളിപോലുണ്ട് . റഫറിമാരായി വരുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമാണ്. കളിക്കാരായി വരുന്നത് ജാതി മത, സമുദായ നേതാക്കന്മാർ. കളി കണ്ടിരുന്ന് കയ്യടിക്കുന്നത് ജാതിമതങ്ങളിൽ മുങ്ങിപോയവർ. ഗോളടിച്ചു ജയിച്ചാൽ ഭരണം കിട്ടും. കേസുകളുണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തും. പരീക്ഷ എഴുതിയില്ലെങ്കിലും പാസാക്കും. പദവിയും പത്രാസും കിട്ടും. എന്തും സർക്കാർ ചിലവിൽ നടത്തി കൊടുക്കും. അവരുടെ മുന്നിൽ പാവങ്ങളുടെ കണ്ണീർപ്രവാഹത്തിന് എന്ത് വില. വോട്ടിനും അധികാരം നിലനിർത്താനും എന്തെല്ലാം അഭ്യാസങ്ങളാണ് നടക്കുന്നത്. സമൂഹത്തിൽ എതിർത്ത് തോൽപ്പിക്കേണ്ട എത്രയോ തിന്മകൾ, നീറുന്ന പ്രശ്നങ്ങളുണ്ട്. രാഷ്ട്രം നേരിടുന്ന സാമുഹ്യ സാമ്പത്തിക പ്രതിസന്ധിയേക്കാൾ എല്ലാവര്ക്കും വലുത് രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രശ്നങ്ങളാണ്. അധികാരമാണ് ഇവരുടെയെല്ലാം ഏക ലക്ഷ്യ൦. അതിന് ഏത് ചെകുത്താനെയും കുട്ടുപിടിക്കും. പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾ എന്തിനറിയണം? ഇത് സമൂഹത്തിന് നൽകുന്നത് അരക്ഷിതാവസ്ഥയാണ്. ഗാന്ധിജി മുതൽ പടുത്തുയർത്തിയ ജനാധിപത്യ സൗന്ദര്യ ബോധം ജാതിമതങ്ങളുടെ ഉല്പന്നങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലം നിർവികാരതയോടെയാണ് വിവേകമുള്ള മനുഷ്യർ, നിഷ്പക്ഷമതികൾ, മതേതര ജനാധിപത്യവാദികൾ കാണുന്നത്.

രണ്ട് അധികാര കേന്ദ്രങ്ങൾ ഏറ്റുമുട്ടിയപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി എഴുതി “ഗവർണറുടെ രാഷ്ട്രീയക്കളി”. ഈ പത്രം ഇങ്ങനെ പലരെപ്പറ്റിയും എഴുതാറുണ്ട്. ഗവർണർ അങ്ങനെയൊരു രാഷ്ട്രീയക്കളി നടത്തിയെങ്കിൽ ആ കളി എന്തുകൊണ്ട് നിയമസഭയിൽ കണ്ടില്ല? മുൻപ് പറഞ്ഞ ശക്തമായ വികാരം അവിടെ നിന്നപ്പോൾ ഒലിച്ചുപോയോ? അദ്ദേഹത്തെ നിയമ സഭയിൽ തടഞ്ഞത് നാണക്കേടെന്ന് മുതിർന്ന ബി.ജെ.പി. അംഗം ഒ.രാജഗോപാൽ പറഞ്ഞത് നമ്മുടെ സംസ്കാരത്തിന് ചേർന്ന കാര്യമല്ല. അതെ സമയം നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതും ഒരു കുറ്റമായി കാണാനാകില്ല. ഏത് പാർട്ടിയായാലും എന്തിനും ജനപിന്തുണയാണ് പ്രധാനം. പല ജനകിയ വിഷയങ്ങളിലും പാർട്ടികൾ സ്വീകരിക്കുന്ന നിഗുഢതകൾ അവർ ബോധപൂർവ്വം മറച്ചുവെക്കുന്നു. ജനത്തിന് മുന്നിൽ നിസ്വാർത്ഥ സേവകരെന്ന് തോന്നിപ്പിക്കു൦ വിധമാണ് നല്ലൊരു പറ്റം സാമുഹ്യ പ്രവർത്തകരും രംഗത്തു വരുന്നത്. സമൂഹം നേരിടുന്ന വെല്ലുവിളികളേക്കാൾ അധികാരത്തിലിരിന്ന് സമ്പത്തുണ്ടാക്കുന്ന വെല്ലുവിളിയാണ് ഇവർ ഏറ്റെടുക്കുന്നത്. അവരുണ്ടാക്കിയ സമ്പത്തു പരിശോധിച്ചാൽ നിസ്വാർത്ഥ സേവനത്തേക്കാൾ സ്വാർത്ഥന്മാരെന്ന് മനസ്സിലാകും. എത്രയോ രാഷ്ട്രീയ തൊഴിലാളികൾ മുതലാളിമാരായി വാഴുന്ന കാലമാണ്. അനാവശ്യങ്ങളായ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന അടുത്ത പൊറാട്ട് നാടക൦ ഏത് ഗോദയിലാണ് അരങ്ങേറുക. കണ്ടതെല്ലാം പറയുന്നതിനേക്കാൾ കാണാനിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി മാറ്റത്തിന് ആരാണ് മുന്നിട്ടിറങ്ങുക? (www.karoorsoman.net)