ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജോ ബൈഡനെ വധിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് ഒസാമ ബിൻ ലാദൻ അൽ ഖ്വയ്ദയെ വിലക്കിയിരുന്നതായി റിപ്പോർട്ട്. ബൈഡൻ കഴിവില്ലാത്ത പ്രസിഡന്റായിരിക്കുമെന്നും അദ്ദേഹം അമേരിക്കയെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലാദൻ വിശ്വസിച്ചിരുന്നതായി ഡെയിലിമെയിൽ ആണ് റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തിൽ ജോ ബൈഡനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. ബറാക് ഒബാമയെ ജിഹാദികൾ വധിക്കുകയാണെങ്കിൽ ഡെമോക്രാറ്റിന് നിലതെറ്റുമെന്നും യോഗ്യനല്ലാത്ത പ്രസിഡന്റ് വരുമെന്നും അത് അമേരിക്കയെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലാദൻ വിശ്വസിച്ചിരുന്നു. ഇതുകാരണമാണ് ലാദൻ പ്രസിഡന്റ് മോഹവുമായി നിലകൊണ്ട ജോ ബൈഡനെ വധിക്കുന്നതിൽ നിന്ന് അൽ ഖ്വയ്ദയെ വിലക്കിയത്. യുഎസ് പ്രത്യേക സേന അദ്ദേഹത്തെ വധിച്ച സ്ഥലത്ത് നിന്ന് കണ്ടെടുത്ത രേഖകളിൽ അടങ്ങിയ ഒരു കത്തിലാണ് ബിൻ ലാദൻ ഈ പരാമർശം നടത്തിയിരിക്കുന്നത്. 2012 -ലാണ് ഈ രേഖ ആദ്യമായി പരസ്യമാക്കിയത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിനിടയിൽ ഇതിന് കൂടുതൽ പ്രാധാന്യം കൈവന്നു.
2010 മെയ് മാസത്തിൽ 48 പേജുള്ള കത്ത് ‘ബ്രദർ ഷെയ്ഖ് മഹ്മൂദ്’ എന്ന് അറിയപ്പെടുന്ന ഒരു സഹായിക്ക് അന്നത്തെ അൽ ഖ്വയ്ദയുടെ നേതാവായിരുന്ന ബിൻ ലാദൻ എഴുതിയിരുന്നു. അതിൽ യുഎസിനെതിരെ നേരിട്ടുള്ള ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 36 -ാം പേജിൽ, പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി രണ്ട് ഹിറ്റ് സ്ക്വാഡുകൾ രൂപീകരിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വിവരിക്കുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും മുൻ സിഐഎ ഡയറക്ടർ ഡേവിഡ് പെട്രേയസിനുമെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുവാൻ അതിൽ പറയുന്നുണ്ട്. അമേരിക്കൻ പിൻമാറ്റത്തിനുശേഷം അഫ്ഗാൻ തലസ്ഥാനം താലിബാൻ നിയന്ത്രണത്തിൽ ആവുമെന്ന് കഴിഞ്ഞ മാസം തന്നെ ബൈഡന്റെ ഭരണകൂടം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
താലിബാൻ അതിവേഗം ശക്തിപ്രാപിക്കുകയാണെന്നും നഗരം തകരുന്നതിന് സാധ്യതയുണ്ടെന്നും വിവരിച്ചുകൊണ്ട് നയതന്ത്രജ്ഞർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ജൂലൈ 13 ന്, ഒരു രഹസ്യ കുറിപ്പ് അയച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സുരക്ഷാ സേന തകർന്നു കൊണ്ടിരിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. അഫ്ഗാനിലെത്തിയത് രാഷ്ട്രനിര്‍മിതിക്കു വേണ്ടിയല്ലെന്നും അഫ്ഗാന്റെ ഭാവി നിര്‍ണയിക്കേണ്ടതും ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്നു തീരുമാനിക്കേണ്ടതും അവിടുത്തെ ജനങ്ങളാണെന്നും പറഞ്ഞാണ് അഫ്ഗാനിലെ അമേരിക്കൻ സൈനിക ദൗത്യം ബൈഡൻ അവസാനിപ്പിച്ചത്. അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിന്‍ കീഴിലാകുമെന്ന് ലോകം ഭയപ്പെട്ടത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.
Leave a Reply