സ്റ്റോക്ക് ഓൺ ട്രെന്റ്: പീഡാനുഭവാരം ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്ന പാരമ്പര്യമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടേത്. ഓശാന തിരുനാളിൽ ആരംഭിച്ച് ഉയർപ്പിന്റെ പ്രത്യാശയിൽ അവസാനിക്കുന്ന വിശുദ്ധവാര കർമ്മങ്ങൾ ഭക്ത്യാദരപൂർവ്വം ഗൃഹാതുരത്വത്തോടെ ആചരിക്കുന്നതിൽ യു കെയിലുള്ള വിശ്വാസികളും ഒട്ടും പിന്നിലല്ല. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മറ്റ് പള്ളികളിൽനിന്ന് വ്യത്യസ്തരായിട്ടായിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റ് നിത്യസഹായ മാതാ മിഷനിലെ ഇടവകാംഗങ്ങൾ എത്തിയത്. എല്ലാവരും പരമ്പരാഗത വേഷത്തിലായിരുന്നു. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിച്ചെത്തിയപ്പോൾ യുവതികളുടെ വേഷം ചട്ടയും മുണ്ടും കവണിയുമായിരുന്നു. കുഞ്ഞുങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. കുട്ടികൾ എത്തിയത് പരമ്പരാഗത വേഷത്തിനൊപ്പം കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞായിരുന്നു.
പാലാ രൂപത അംഗമായ വികാരി ഫാ. ജോർജ് എട്ടുപറയിലച്ചൻറെ നേതൃത്വത്തിലായിരുന്നു തിരുകർമ്മങ്ങൾ. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ഇടവകാംഗങ്ങൾ പരമ്പരാഗത വേഷത്തിൽ എത്തി കുരുത്തോലയുമായി പ്രദക്ഷിണം വച്ചത് തദ്ദേശീയരായ ഇംഗ്ലീഷുകാരുൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് വീക്ഷിച്ചത് .
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ ഇടവകകളിലും മലയാളികൾ ഒത്തുചേരുന്ന മറ്റ് സഭകളുടെ പള്ളികളിലും കുരുത്തോലയുമേന്തിയാണ് വിശ്വാസികൾ ഓശാന ഞായർ കൊണ്ടാടിയത്. ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വിൽഫ്രഡ് സീറോ മലബാർ ഇടവകയിലെ ഓശാന ഞായറിന്റെ വിശേഷങ്ങൾ മലയാളം യുകെ ന്യൂസ് വായനക്കാരിൽ എത്തിച്ചിരുന്നു.
‘ചട്ട’ എന്ന വാക്ക് ജൂവിഷ് ഭാഷയിൽ നിന്നും ‘മുണ്ട്’ എന്നത് ഒരു സൗത്ത് ഇന്ത്യൻ ഒറിജിനുമാണ്. പണ്ടത്തെ ജീവിത സാഹചര്യങ്ങളിൽ മറ്റൊന്നും ലഭ്യമല്ലാതിരുന്നതുകൊണ്ടും അവലംബിച്ച ഒരു വസ്ത്രധാരണ രീതിയാണ്. ചിലർ ഒറ്റമുണ്ടും ചട്ടയും കവണിയുമെങ്കിൽ ചിലർ അത് മുറിയും ചട്ടയും കസവുമായിട്ടാണ് പള്ളികളിൽ എത്തിയിരുന്നത്. അന്നത്തെ ജീവിത സാഹചര്യങ്ങളിൽ ധരിക്കാനുള്ള സമയലാഭം, സാമ്പത്തിക ലാഭം, തയ്യൽ കൂലി ഒഴിവാക്കൽ എന്നിവയെല്ലാം അതിൽ അന്തർലീനമായിരുന്നു. വിശുദ്ധവാരം ആരംഭിക്കുമ്പോൾ ഇത്തരം പ്രവൃത്തികളെ നല്ലൊരു വിഭാഗം പിന്തുണക്കുമ്പോൾ വിമർശകരും വെറുതെയിരുന്നില്ല. എളിമയുടെ, പീഡാനുഭവ നാളുകളിൽ ഡ്രസ്സിലല്ല പ്രവർത്തികളിൽ ആണ് കൂടുതൽ ശ്രദ്ധവേണ്ടത് എന്നാണ് അവരുടെ പക്ഷം.