ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷുകാർ വേനൽക്കാലം ആഘോഷിക്കുവാൻ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രസിദ്ധമായ ദ്വീപുകളിൽ ഒന്നായ ഗ്രീസിലെ റോഡ്സ് ദ്വീപിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ കാട്ടുതീ പടർന്നത് ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ദ്വീപിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് എങ്കിലും അടച്ചിടുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടർന്ന് അവധിക്കാല ആഘോഷങ്ങൾക്കായി ദ്വീപിലേക്ക് യാത്ര ചെയ്യരുതെന്ന് ടൂറിസ്റ്റുകളെ വിലക്കിയിരിക്കുകയാണ് ഈസി ജെറ്റ് അധികൃതർ. നിലവിൽ അവിടെ അകപ്പെട്ടു പോയിരിക്കുന്ന ടൂറിസ്റ്റുകളിൽ പലരും ഹോട്ടലുകളിൽ നിന്ന് പാലായനം ചെയ്തു, സ്കൂളുകളിലും വിമാനത്താവളങ്ങളിലും സ്റ്റേഡിയങ്ങളിലും മറ്റുമാണ് അഭയം കണ്ടെത്തിയിരിക്കുന്നത്.

ദ്വീപിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും, ഇപ്പോഴും 5000 ത്തോളം ബ്രിട്ടീഷുകാർ അവിടെ കുടുങ്ങിക്കിടപ്പുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചില റിസോർട്ടുകൾക്ക് കാട്ടുതീയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് മൂലം ഈ വേനൽക്കാലത്ത് അവയൊന്നും തന്നെ വീണ്ടും തുറക്കുവാനുള്ള സാധ്യതയില്ല. ടൂർ ഓപ്പറേറ്റർമാരുമായി ബന്ധപ്പെടാനുള്ള നിർദ്ദേശമാണ് ജനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോഴും ദ്വീപിലേക്ക് പോകരുതെന്ന നിർദ്ദേശം വിദേശകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഈസി ജെറ്റും, ടൂറിസ്റ്റിക് യൂണിയൻ ഇന്റർനാഷണൽ തങ്ങളുടെ ഹോളിഡേ പാക്കേജുകൾ കുറച്ചു ദിവസത്തേയ്ക്ക് റദ്ദാക്കിയിട്ടുണ്ട്. ദ്വീപിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളിൽ പലരും തങ്ങളുടെ പോലും സാധനങ്ങൾ ഉപേക്ഷിച്ച് പാലായനം ചെയ്യുവാനായി നിർബന്ധിരായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഗ്രീസിനെ സഹായിക്കുവാനായി യൂറോപ്യൻ യൂണിയനിൽ നിന്നും അഗ്നിശമനസേന അധികമായി എത്തിയിട്ടുണ്ട്. ദ്വീപിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ കാട്ടുതീ പടർന്നു പിടിച്ചതെന്നിരുന്നാലും ടൂറിസ്റ്റുകൾ പരമാവധി യാത്രകൾ ഒഴിവാക്കുകയാണ് ഉത്തമം എന്ന നിർദ്ദേശമാണ് പൊതുവെ പുറത്തുവന്നിരിക്കുന്നത്.