ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന കാറുകൾ റേഞ്ച് റോവറുകളാണെന്ന വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ കമ്പനി മേധാവി എഡ്രിയൻ മാർഡൽ. ഇത്തരത്തിലുള്ള തെറ്റായ ഡാറ്റ കണക്കിലെടുത്ത് ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച ഇൻഷുറൻസ് കമ്പനികൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പ്രീമിയങ്ങളും മറ്റും സജ്ജീകരിക്കുമ്പോൾ എല്ലാ ഡാറ്റയും കണക്കിലെടുക്കുന്നതിൽ ഇൻഷുറൻസ് വ്യവസായം പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം, ചില ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെത്തുടർന്ന് കമ്പനി സ്വന്തം ഇൻഷുറൻസ് ആരംഭിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച കമ്പനി മേധാവി, സംഘടിത കുറ്റവാളികൾ നടത്തുന്ന വാഹന മോഷണം ബ്രിട്ടനിലെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും, എന്നാൽ തങ്ങളുടെ ബിസിനസിനെ മാത്രം അന്യായമായി വേർതിരിക്കുന്നതായും അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. റേഞ്ച് റോവർ വാഹനങ്ങളുടെ ഉയർന്ന മോഷണനിരക്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പഴയതോ അപൂർണ്ണമോ ആയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ റേഞ്ച് റോവറുകളെല്ലെന്നും, ഇത് സംബന്ധിച്ച് പ്രചരിച്ചിരിക്കുന്ന തെറ്റായ വിവരങ്ങളെല്ലാം തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ കണക്കുകൾ ഉദ്ധരിച്ച് ബ്ലൂമ്ബർഗ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്ത വാർത്തയാണ് കമ്പനി മേധാവിയെ രോഷാകുലനാക്കിയത്. ഈ റിപ്പോർട്ടുകൾ പ്രകാരം 2023 മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ റേഞ്ച് റോവറുകൾ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. യുകെയിലെ 896,948 ലൈസൻസുള്ള റേഞ്ച് റോവറുകൾക്കിടയിൽ, 8,284 എണ്ണം ഈ കാലയളവിൽ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപ വർഷങ്ങളിൽ ഇത്തരത്തിലുള്ള കാർ മോഷണങ്ങൾ കാർ നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള മോഷണങ്ങൾ മുഖ്യമായും ആഡംബര വാഹനങ്ങളുടെ ആവശ്യകതയെ സ്വാധീനിക്കാമെന്ന ആശങ്കയാണ് ജാഗ്വാർ കമ്പനി മേധാവിയുടെ പ്രതികരണത്തിന് പിന്നിലും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും രാജകുടുംബാംഗങ്ങൾ പോലും പലപ്പോഴും ഉപയോഗിക്കുന്ന റേഞ്ച് റോവറുകൾ വളരെയധികം ശ്രദ്ധ നേടിയ മോഡലുകളാണ്. കൂടുതൽ നൂതന മോഡൽ കാറുകൾക്ക് 40,080 പൗണ്ട് മുതൽ 200,000 പൗണ്ട് വരെ വിലവരും. ഏറ്റവും പുതിയ റേഞ്ച് റോവർ മോഡലിൽ, മൊത്തം വിറ്റ 12,800 വാഹനങ്ങളിൽ 11 വാഹനങ്ങൾ മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മോഷ്ടിച്ച വാഹനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് തടയുന്നതിനുമായി പോലീസ് അധികാരികൾക്ക് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ധനസഹായം നൽകുന്നുണ്ടെന്ന് മാർഡെൽ പറഞ്ഞു. ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നിയമവിരുദ്ധമാണെന്നും നിയമങ്ങളിൽ കൂടുതൽ മാറ്റം ഉണ്ടാകുന്നതിന് കമ്പനി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.