കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ തന്നെ യുഎസും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ട്രംപ്, ചൈനയ്ക്കെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും ശരിയായ കണക്കല്ല ചൈന പുറത്തുവിട്ടത് എന്നാണു ട്രംപിന്റെ ആരോപണം.‘നമുക്കെങ്ങനെ അറിയാൻ പറ്റും? അവർ പുറത്തുവിട്ട കണക്കുകൾ നല്ല വശത്തെക്കുറിച്ചു മാത്രമാണ്’
ഇന്റലിജൻസ് റിപ്പോർട്ടിനെ പരാമർശിച്ച്, ബെയ്ജിങ് ചിലതെല്ലാം മറച്ചുവയ്ക്കുന്നെന്നു യുഎസിലെ ജനപ്രതിനിധികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടനുബന്ധിച്ചാണു ട്രംപിന്റെ പരാമർശം. ചൈനയെ ഇരുട്ടിൽ നിർത്തിയെങ്കിലും ആ രാജ്യവുമായി യുഎസിനു നല്ല ബന്ധമാണെന്നു പറയാനും ട്രംപ് ശ്രദ്ധിച്ചു.
ചൈന സൃഷ്ടിച്ച വൈറസാണു കോവിഡ് മഹാമാരിയായി മാറിയതെന്ന് ആദ്യം തൊട്ടേ യുഎസും ട്രംപ് ഭരണകൂടവും വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ ചൈന മറച്ചുപിടിക്കുന്നതായി യുഎസ് ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ സംശയിക്കുന്നുമുണ്ട്. എന്നാൽ, വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യുഎസ് സൈന്യമാണു വൈറസിനെ പുറത്തുവിട്ടതെന്ന ഗൂഢസിദ്ധാന്തമാണു ചൈനയിൽ പ്രചരിക്കുന്നത്.
യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ചു ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണു ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. പകർച്ചവ്യാധി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തെക്കുറിച്ചു രാജ്യാന്തര സമൂഹത്തെ ചൈന തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു. 2019 അവസാനം ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. യഥാർഥ കണക്കുകൾ ചൈന പുറത്തുപറയാത്തത് മനഃപൂർവമാണെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വാദം. വൈറ്റ് ഹൗസിലേക്ക് കഴിഞ്ഞയാഴ്ച അയച്ച ക്ലാസിഫൈഡ് ഇന്റലിജൻസ് രേഖകൾ പ്രകാരം ചൈനയുടേത് വ്യാജക്കണക്കാണെന്ന് ഉറപ്പിക്കുന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 82,361 കോവിഡ് ബാധിതരാണു ചൈനയിലുള്ളത്; മരിച്ചവർ 3361 പേർ. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി യുഎസ് മാറിയതു വളരെ പെട്ടെന്നാണ്. 2,06,207 രോഗികളാണ് അമേരിക്കയിലുള്ളത്. മരണസംഖ്യ 4542. ‘മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു വൈറസ് പടരുന്നതിനെപ്പറ്റി അവർ നുണ പറഞ്ഞു, സത്യം തുറന്നുപറഞ്ഞ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കി, ഇപ്പോഴിതാ എത്രപേർക്ക് അസുഖം ബാധിച്ചെന്നോ മരിച്ചെന്നോ ഉള്ള കണക്കുകളും ഒളിച്ചുവയ്ക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിൽ വിശ്വസിക്കാവുന്ന പങ്കാളിയല്ല ചൈന’യെന്നും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായ മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മൈക്കിൾ മിക്കോൾ അഭിപ്രായപ്പെട്ടു.
Leave a Reply