അനു ജോണ്‍.
ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പതില്‍ പുറത്തിറങ്ങിയ മന്‍സില്‍ (MANZIL) എന്ന ഹിന്ദി ചിത്രത്തില്‍ R D ബുര്‍മാന്റെ സംഗീത സംവിധാനത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ റിം ജിം ഗിരേ സാവന്‍ സുനക് സുനക്… എന്നു തുടങ്ങുന്ന മനോഹരഗാനം അതിരംമ്പുഴയുടെ പശ്ചാത്തലത്തില്‍
ക്രിസ്തീയ ഭക്തിഗാന ശാഖയിലെ സഞ്ജീവ സാന്നിധ്യമായ ദീപാ ബിനുവിന്റെ ശബ്ദത്തില്‍ പുനര്‍ജ്ജനിച്ചിരിക്കുകയാണ്. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. മനോഹരമായ രീതിയില്‍ കീബോഡില്‍ ചിട്ടപ്പെടുത്തി ഈ ഗാനം പാടാന്‍ ദീപയെ സഹായിച്ചത് ഭര്‍ത്താവും കീബോഡ് പ്രോഗ്രാമറുമായ ബിനു മാതിരംമ്പുഴയാണ്.
കോട്ടയം ജില്ലയിലെ അതിരംമ്പുഴയിലാണ് ദീപയുടെ വീട്. ചെറുപ്പം മുതലേ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. സണ്‍ഡേ സ്‌ക്കൂള്‍ കലാമത്സരങ്ങളിലെ സ്ഥിരം വിജയി ആയിരുന്നു. രൂപതാടിസ്ഥാന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ണ്ണാട്ടിക്ക് സംഗീതവും പഠിക്കുവാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ തന്നെ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്ക് ദീപയ്ക്കുണ്ടായിരുന്നു.
ചര്‍ച്ച് ക്വയറിലാണ് പാടി തുടങ്ങിയത്. പിന്നീട് ഗാനമേളകളില്‍ പാടുവാന്‍ അവസരം ലഭിച്ചു. മംഗളം ഓര്‍ക്കസ്ട്രയിലായിരുന്നു തുടക്കം. പിന്നീട് കൊച്ചിന്‍ കലാഭവന്‍, എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ എന്നീ ട്രൂപ്പുകളിലും പാടി. പ്രധാനമായും എയ്ഞ്ചല്‍ വോയ്‌സിലായിരുന്നു. ഏഴ് വര്‍ഷം പാടി. ഈ കാലയളവിലാണ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പ്രോഗ്രാം ചെയ്യുവാനുള്ള അവസരം ഉണ്ടായത്. ഇപ്പോള്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പാടുന്നു. സുറിയാനി കുര്‍ബാനകളില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പാടുന്നുണ്ട്. സുറിയാനി ഭാഷയിലെ ഗാനങ്ങള്‍ പഠിക്കുവാനും പാടുവാനും സാധിക്കുന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. കൂടാതെ, ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദീപ പാടിക്കൊണ്ടിരിക്കുന്നു. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ തുടങ്ങിതാണിത്. ഒരു പാട് വൈദീകരുടെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് പാടുവാന്‍ സാധിച്ചിട്ടുള്ളത് ജീവിതത്തില്‍ അതൊരനുഗ്രഹമായി കാണുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളോടാണ് ദീപയ്‌ക്കെന്നും താല്പര്യം. കാസറ്റിലും CD യിലുമായി നൂറിലേറെ ഗാനങ്ങള്‍ ഇതിനോടകം പാടിയിട്ടുണ്ട്. ക്രൂശിതനീശോയേ.., ഈശോയെ കൈക്കൊള്ളാനണയാം, കൃപയുടെ നിറകുടമേ.. എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ പ്രസിദ്ധമാണ്. ‘അകലാത്ത സ്‌നേഹിതന്‍’ എന്ന ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു.
Leave a Reply