ഒമാനില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ 2,63,000 പ്രവാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ(എന്‍സിഎസ്‌ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 118,000 ത്തിലധികം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് എന്‍സിഎസ്‌ഐ റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് പ്രവാസികളുടെ എണ്ണത്തില്‍ 16.4 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്.

2019 അവസാനത്തോടെ രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്‌രതിരുന്ന 1,712,798 പ്രവാസി ജീവനക്കാരില്‍ 2020 സെപ്റ്റംബറില്‍ ഇത് 1,449,406 എന്ന നിലയിലായി. 2020 ല്‍ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ കണക്കെടുത്തപ്പോഴാണ് 263,392 പ്രവാസികള്‍ ഒമാന്‍ വിട്ടതായി കണ്ടെത്തിയത്. അതേസമയത്ത് പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കും തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ 22.4 ശതമാനവും സ്വകാര്യ മേഖലയില്‍ 17.1 ശതമാനവും പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതായത്, നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,989 പേരാണുള്ളത്. സ്വകാര്യ മേഖലയില്‍ 13,63,955ല്‍ നിന്നും പ്രവാസികളുടെ എണ്ണം 11,48,177 ആയി കുറഞ്ഞു.

രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മടങ്ങിപ്പോയ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20.5 ശതമാനത്തിന്റെ കുറവുണ്ടായി. ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഉള്ളത്.