ന്യൂസ് ഡെസ്ക് മലയാളം യുകെ
ആട്, മാഞ്ചിയം തുടങ്ങിയ തട്ടിപ്പുകൾ മലയാളികൾക്ക് പുത്തരിയല്ല . ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പുകാരെ വിളിച്ചു വരുത്തി പരവതാനി വിരിക്കുന്ന സ്വഭാവ രീതി മലയാളികളുടെ ജനിതക പാരമ്പര്യത്തിൽ തന്നെയുള്ളതാണ്. യുകെയിൽ നടക്കുന്ന വിസ തട്ടിപ്പുകൾ ഈ പറഞ്ഞ കാര്യങ്ങൾ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്.
എങ്ങനെയെങ്കിലും യുകെയിൽ എത്തണം. അതിനുവേണ്ടി ഒരു കെയർ വിസ സംഘടിപ്പിക്കുക. യുകെയിൽ എത്തിയാൽ കെയർ വിസയിൽ നിന്ന് മറ്റു മേഖലയിലേയ്ക്ക് മാറാൻ സാധിക്കും. ഇതൊക്കെയാണ് മലയാളി സ്വപ്നം കാണുന്നത്. സ്റ്റുഡൻറ് വിസയിൽ ഭാര്യയോ ഭർത്താവോ എത്തി കുടുംബത്തെ ഒന്നടങ്കം യുകെയിലെത്തിക്കുന്ന രീതിയിലായിരുന്നു പലരുടെയും പദ്ധതികൾ . യുകെയിലെത്താൻ സ്വപ്നം കാണുന്ന ഒരു ശരാശരി മലയാളി കണ്ണടച്ച് ഏജന്റുമാരെ വിശ്വസിച്ച് ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇവയൊക്കെ . പുതിയ കുടിയേറ്റ നയം എല്ലാം തകിടം മറിച്ചിരിക്കുന്നു. കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തിയവർക്ക് ആശ്രിത വിസയിൽ ആരെയും കൊണ്ടുപോകാൻ സാധിക്കുകയില്ലെന്നത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ്.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചില പിന്നാമ്പുറ വർത്തമാനങ്ങളാണ്. യഥാർത്ഥ ചിത്രമാണ് ഇപ്പോൾ ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ചൂഷണം ചെയ്യപ്പെടുകയും അതിലുപരി വിസയ്ക്കായി ഏജന്റുമാർ ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന കഥകളാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പലരും കേരളത്തിൽ നിന്നുള്ളവരാണ്. രഹസ്യമായി കെയർ ഹോമുകളിൽ താമസിച്ച് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ബിബിസിയുടെ ലേഖകൻ റിപ്പോർട്ടുകൾ തയ്യാറാക്കിയത്.
വളരെ നല്ല രീതിയിൽ പരിചരണം വേണ്ട ദുർബലമായ വിഭാഗത്തിൽപ്പെട്ട കെയർ ഹോം അന്തേവാസികളെ പരിചരിക്കുന്നതിന് യാതൊരുവിധ പരിശീലനവും ലഭിക്കാത്ത ആരോഗ്യപരിപാലന മേഖലയെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഈ മേഖലയിലെ നിയമനങ്ങൾ കൂടുതൽ കർശനമാക്കുന്നതിലേയ്ക്ക് ഈ വിവരങ്ങൾ നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 2023 – ൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ കെയർ മേഖലയിലെ ജീവനക്കാർക്കായി 140,000 വിസകൾ ആണ് യു കെ അനുവദിച്ചത് . ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. ഈ വർഷം അനുവദിച്ച കെയർ വിസകളിൽ 39,000 എണ്ണം ഇന്ത്യയിൽ നിന്നുള്ളവർക്കാണ്. കെയർ വിസയിൽ ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ഭൂരിഭാഗവും മലയാളികളാണ്.
പല കെയർ ഹോമുകളും നിയമവിരുദ്ധമായി ചട്ടങ്ങൾ ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതായും ബിബിസിയുടെ റിപ്പോർട്ടിലുണ്ട്. 5 വർഷത്തിനുള്ളിൽ ജോലി വിടുകയാണെങ്കിൽ കേരളത്തിൽ നിന്നുള്ള ഒരു കെയർ ജീവനക്കാരനോട് 4000 പൗണ്ട് നൽകേണ്ടി വരുമെന്നാണ് പ്രെസ്റ്റ്വിക്ക് കെയർ പറഞ്ഞത്. എന്നാൽ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പെരുമാറ്റച്ചട്ടം അനുസരിച്ച് ജീവനക്കാരൻ ഈ ചെലവുകൾ നൽകേണ്ടതില്ല. പ്രെസ്റ്റ്വിക്ക് കെയർ ഹോമിനെതിരെ നടപടി സ്വീകരിക്കപ്പെടുകയാണെങ്കിൽ അത് ഒട്ടേറെ മലയാളികളെ ബാധിക്കും. നാട്ടിൽനിന്ന് പതിനെട്ടും ഇരുപതും ലക്ഷം വരെ കൊടുത്ത് കെയർ ജോലിക്കുവേണ്ടി വന്നവർ ആത്മഹത്യയുടെ നിഴലിൽ ആണെന്നാണ് റിപ്പോർട്ടുകൾ.
ബിജിഎം കൺസൾട്ടൻസി എന്ന റിക്രൂട്ട്മെൻറ് ഏജൻസി വഴി വിസയ്ക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലാണ് കെയർ വിസയ്ക്കായി പലരും പണം നൽകിയത്. എന്നാൽ യുകെ ഗവൺമെൻറിൻറെ വെബ്സൈറ്റ് വഴി അപേക്ഷിച്ചവർക്ക് മൂന്നുവർഷത്തെ വിസയ്ക്ക് ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ്.
Leave a Reply