ലണ്ടന്‍: യുകെയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയെന്ന് വെളിപ്പെടുത്തല്‍. 2014ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ 2,26,739 മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചതായി ക്രൂവെല്‍റ്റി ഫ്രീ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന സര്‍വകലാശാലകളില്‍ രണ്ടാം സ്ഥാനം എഡിന്‍ബറോ സര്‍വകലാശാലക്കാണ്. 2,00,861 മൃഗങ്ങളെയാണ് ഇവര്‍ ഉപയോഗിച്ചത്. 1,76,901 മൃഗങ്ങളുമായി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം സ്ഥാനത്തത്തെത്തി. 1,65,068 മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കുപയോഗിച്ച കിംഗ് കോളേജ് ലണ്ടനും തൊട്ടു പിന്നിലുണ്ട്. കേംബ്രിഡ്ജ് 1,60,557മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചു.
എലികള്‍, ചുണ്ടെലികള്‍, പക്ഷികള്‍, തവളകള്‍, മത്സ്യങ്ങള്‍, ഗിനിപ്പന്നികള്‍, ആട്, കുരങ്ങ് തുടങ്ങിയവയെയാണ് പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ലോകമൊട്ടാകെ നടക്കുന്ന പരീക്ഷണങ്ങളില്‍ പകുതിയും ബ്രിട്ടനിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളിലായി പത്ത് ലക്ഷം മൃഗങ്ങളെ പരീക്ഷണത്തിന് വിധേയമാക്കുന്നു എന്ന കണക്ക് ഏറെ ഞെട്ടിക്കുന്നതാണെന്ന് ക്രൂവല്‍റ്റി ഫ്രീ ഇന്റര്‍നാഷണലിന്റെ ശാസ്ത്രവിഭാഗം മേധാവി പറഞ്ഞു. പല സര്‍വകലാശാലകളും ഗവേഷണത്തിനുളള മാര്‍ഗം ഇതല്ലെന്ന് തിരിച്ചറിയുന്ന വേളയിലാണ് ഈ ക്രൂരത. ഇത്തരം പരീക്ഷണങ്ങള്‍ നിറുത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍വകലാശാലകള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ 70 സര്‍വകലാശാലകളോട് വിവരങ്ങള്‍ തേടി. 48 സര്‍വകലാശാലകള്‍ മാത്രമാണ് ചോദ്യത്തോട് മതിയായ രീതിയില്‍ പ്രതികരിച്ചത്. പതിനേഴെണ്ണം പകുതി വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. മാഞ്ചസ്റ്റര്‍, സതാംപ്ടണ്‍, ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, ബ്രിസ്‌റ്റോള്‍, അസ്റ്റണ്‍ തുടങ്ങിയ സര്‍വകലാശാലകള്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി.