ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത് കൂടി സഞ്ചരിച്ചതാണ് യുദ്ധഭീതി പടര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനും സജ്ജമായി ഈ മേഖലകളില്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. എന്തെങ്കിലും രീതിയിലുള്ള പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ ഡിഫന്‍സ് അതോറിറ്റികള്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനുമായി ശീതയുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്തായി പടക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായി യാറോസ്ലാവ് മഡ്രിയാണ് ഇംഗ്ലീഷ് അതിര്‍ത്തി പ്രദേശത്തിന് മീറ്ററുകള്‍ മാത്രം അകലത്തിലൂടെ കടന്നുപോയിരിക്കുന്നത്.

അതേസമയം റഷ്യന്‍ പടക്കപ്പലിന് മേല്‍ റോയല്‍ നേവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോയല്‍ നേവിയുടെ സെന്റ് അല്‍ബാന്‍സ് യുദ്ധക്കപ്പലാണ് നിരീക്ഷണം നടത്തുന്നത്. യുദ്ധ സാഹചര്യങ്ങള്‍ കനത്ത ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള കപ്പലാണ് സെന്റ് അല്‍ബാന്‍സ്. അത്യാധുനിക മെഷിന്‍ ഗണ്ണുകളും മിസേലുകളും ഇവയിലുണ്ട്. ഹാര്‍പൂണ്‍ സീ വൂള്‍ഫ് തുടങ്ങിയ മിസേലുകള്‍ ശത്രവിനെ തകര്‍ക്കാന്‍ പാകത്തിന് ശക്തിയുള്ളവയാണ്. കൂടാതെ മെര്‍ലിന്‍ ഹെലികോപ്റ്ററും കപ്പലില്‍ സജ്ജമാണ്. അപായ സൂചനകളുണ്ടായാല്‍ ആക്രണം നടത്താനുള്ള സര്‍വ്വ സജ്ജീകരണവും ഇതിലുണ്ട്. റഷ്യന്‍ പടക്കപ്പല്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് എത്തിയത് ഗൗരവത്തോടെയാണ് നേവി കാണുന്നത്. നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കും.

റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടു കൂടിയാണ് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായി നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മോസ്‌കോയാണെന്ന് യുകെ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പുടിന്‍ ഭരണകൂടം നിഷേധിച്ചു. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളിലെയും ഡിപ്ലോമാറ്റുകളെ പുറത്താക്കപ്പെടുകയും നയതന്ത്ര തലത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സിറിയന്‍ രാസയുധ കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത വ്യോമാക്രമണവും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. വിമത സൈന്യത്തെ നേരിടാന്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നത് റഷ്യയാണ്. ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നത് കണ്ട്‌നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ബ്രിട്ടന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു.