സ്വന്തം ലേഖകൻ

യു കെ :- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും, ഫൈസറും കൊറോണ വാക്സിൻ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ ക്രിസ്മസോടുകൂടി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ നാല് മില്യൺ ഡോസുകൾ മാത്രമേ ലഭ്യമാകുകയുള്ളൂ. ഈ വർഷംതന്നെ കൊറോണ വാക്സിൻ ലഭ്യമാകും എന്ന ഉറപ്പാണ് യുകെ ഗവൺമെന്റിന്റെ വാക്സിൻ ടാസ്ക് ഫോഴ്സ് ചെയർമാനായ കെയ്റ്റ് ബിങ്ങാം നൽകിയത്. ഫൈസർ വാക്സിന്റെ 10 മില്യൺ ഡോസുകൾ ജനുവരിയോടുകൂടി ലഭ്യമാകുമെന്നും അവർ പറഞ്ഞു.

6 വിവിധ തരം വാക്സിനുകൾ വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നും, ഇതുമൂലം 350 മില്യൺ ഡോസുകളോളം ലഭ്യത ഉണ്ടാകുമെന്നും മിസ്റ്റർ ബിംഗ്ഹാം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. ഈ വാക്സിനുകൾക്ക് എല്ലാം തന്നെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസിയുടെ (എം എച്ച് ആർ എ ) അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡും ഈ വർഷത്തിനുള്ളിൽ വാക്സിൻ ലഭ്യമാകുമെന്ന നേരിയ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിനുകൾ തന്നെ ജനജീവിതത്തെ സാധാരണ ഗതിയിലേക്ക് നയിക്കും എന്ന പ്രതീക്ഷ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനുകൾ ലഭ്യമാകുന്നതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് ആകുമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ. വാക്സിൻ വരുന്നതോടെ മരണനിരക്ക് കുറയാനുള്ള സാധ്യതയുണ്ടെന്നാണ് പ്രൊഫസർ പൊള്ളാർഡ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഒരു വാക്സിൻ കൊണ്ട് കോവിഡ്-19 നെ അപ്പാടെ ഇല്ലാതാക്കാമെന്ന പ്രതീക്ഷ തെറ്റാണെന്ന് ഇമ്പീരിയൽ കോളജ് ലണ്ടൻ പ്രൊഫസർ റോബിൻ ഷറ്റോക്ക് പറഞ്ഞു. ഈ രോഗബാധയുടെ പ്രത്യാഘാതങ്ങൾ വർഷങ്ങളോളം നീണ്ടു നിൽക്കും. രോഗബാധയുടെ തോത് കുറയ്ക്കാൻ മാത്രമേ വാക്സിനുകൾ ഫലപ്രദം ആവുകയുള്ളൂ എന്ന് ജനങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.