കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. അപേക്ഷ തള്ളിയ ഹൈക്കോടതി, ജയരാജനെതിരായ യുഎപിഎ കുറ്റം നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം. ഭീകരപ്രവര്‍ത്തനം ആണോ എന്നുതുമാത്രമാണ്. മരണം ഉറപ്പാക്കുന്നതു വരെ മനോജിനെ കുത്തി. സംഭവത്തില്‍ ജയരാജന്റെ പങ്കാളിത്തം കേസ് ഡയറിയില്‍ വ്യക്തമാണ്.

ഉപയോഗിച്ച ബോംബ് നാടനായാലും ഫാക്ടറി നിര്‍മിതമായാലും ഒന്നുതന്നെ. കുറ്റകൃത്യം ചെറുതായാലും വലുതായാലും മാറ്റമില്ല. നിയമം എല്ലാവര്‍ക്കും ഒന്നുപോലെ. സമ്പന്നനായാലും ദരിദ്രനായാലും മാറ്റമില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം. കേസില്‍ ഇടപെടേണ്ടതില്ല. രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ട് ജയരാജന് പ്രത്യേക പരിഗണനയില്ല. കേസിലെ മുഖ്യ പ്രതി വിക്രമന്‍, പി. ജയരാജന്റെ ഉറ്റസഹായിയാണെന്നും കൊലപാതകം ആസൂത്രണം ചെയ്തത് വിക്രമനാണെന്നും കോടതി നിരീക്ഷിച്ചു.

2014ല്‍ സിപിഎമ്മില്‍ നിന്ന് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നു. അതിനാല്‍ ജയരാജന് മനോജിനോട് വൈരാഗ്യം ഉണ്ടായേക്കാം. ജയരാജന്‍ ഒഴികെ മറ്റാര്‍ക്കും മനോജിനോട് വ്യക്തി വൈരാഗ്യമില്ല. അതാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.

പി. ജയരാജനെ എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ കേസ് ഡയറിയില്‍ അടയാളപ്പെടുത്തി സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. കതിരൂര്‍ മനോജ് വധത്തിന്റെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പ്രധാന കണ്ണിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആണെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഗൂഢാലോചന ഉള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ നടത്തിയ തുടരന്വേഷണത്തിലാണു ജയരാജനും മറ്റും പ്രതികളായത്. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. ജയരാജന്‍, മഹേഷ്, സുനില്‍കുമാര്‍, വി.പി. സജിലേഷ്, പി. ജയരാജന്‍ എന്നിവരാണ് 20 മുതല്‍ 25 വരെ പ്രതികള്‍.

2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.