പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും
14 February, 2016, 9:56 am by News Desk 1

കോഴിക്കോട്: സി.പി.എം നേതാവ് പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. വധക്കേസില്‍ പ്രതിയായ ജയരാജനെ സ്വകാര്യ ആസ്പത്രിയില്‍ പാര്‍പ്പിക്കാന്‍ നിയമതടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ഈ നീക്കം. ഇതു സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട്‌ നോട്ടീസ് നല്‍കി.

റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ജയില്‍ ചട്ടം. എന്നാല്‍, നേരത്തെ ഇതിനനുവദിച്ചത് അപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കാക്കിയായിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍പ്പോലും 24 മണിക്കൂറിലധികം ഒരു റിമാന്‍ഡ് പ്രതിയെ സ്വകാര്യ ആസ്പത്രിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് നിയമം. അതുകൊണ്ട് ജയരാജനെ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങണമെന്ന് നോട്ടീസില്‍ ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടു. ജയരാജന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കായിരിക്കും കൊണ്ടു പോവുകയെന്നും ജയില്‍ അധികൃതര്‍ സൂചന നല്‍കി.

കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് ഹൃദയ സംബന്ധമായ രോഗത്താല്‍ പരിയാരത്ത് ചികിത്സയിലായിരുന്ന ജയരാജന് കോടതിയില്‍ കീഴടങ്ങേണ്ടി വന്നത്.

റിമാന്‍ഡ് ചെയ്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയരാജന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരാന്‍ അനുവദിച്ചത്. പക്ഷെ കേസിന്റെ അന്വേഷണ ചുമതലയുള്ള സി.ബി.ഐ ജയരാജന്റെ ആരോഗ്യ നില പരിശോധിച്ച റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. ജയരാജന് ആസ്പത്രിയില്‍ കഴിയാന്‍ മാത്രം രോഗമില്ലെന്ന് കോടതിയില്‍ സ്ഥാപിക്കുക വഴി അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി വിട്ടു കിട്ടുന്നതിനാണ് സി.ബി.ഐയുടെ നീക്കം

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved