ജനാര്‍ദ്ദന പണിക്കര്‍

ബെര്‍മ്മിംഗ്ഹാം : കുടിയേറ്റക്കാരും സാധാരണക്കാരും ഏറെയുള്ള വെസ്റ്റ് മിഡ്‌ലാന്‍സിലെ മലയാളി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് സ:ഗ്രഹാം സ്റ്റിവന്‍സണ് നല്‍കി വിജയിപ്പിക്കണം എന്ന് പി.കെ.ശ്രീമതി എം.പി അഭ്യര്‍ത്ഥിച്ചു. യുകെ സമ്പന്നരുടെ മാത്രം രാജ്യം അല്ല , മറിച്ചു തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട ഇടത്തരക്കാര്‍ ഏറെയുള്ള നാടാണ്. ഈ നാട്ടില്‍ താന്‍ വന്നിറങ്ങിയപ്പോള്‍ ഭിക്ഷ യാചിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയെ കണ്ടതിനെക്കാള്‍ കൂടുതല്‍ അവരോട് സമൂഹം കാണിക്കുന്ന അവഗണനെയാണ് അത്ഭുതപ്പെടുത്തിയത്. അത്തരം യാചകര്‍ ഇല്ലാത്ത ലോകമാണ് കമ്മ്യുണിസ്റ്റ്കാര്‍ സ്വപ്‌നം കാണുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള കമ്മ്യുണിസ്റ്റ്കാരെ ഒരേ തരത്തില്‍ ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് മാര്‍ക്സിസം എന്ന മനുഷ്യത്വത്തിന്റെ സിദ്ധാന്തമാണ്.

യുകെയില്‍ ജീവിക്കുന്നവര്‍ എന്‍.എച്.എസ് എന്ന പൊതു ആരോഗ്യ രംഗത്തിന്റെ ഗുണഫലം അനുഭവിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നടപ്പില്‍ ആക്കാന്‍ ശ്രമിച്ച പരിഷ്‌കാരങ്ങള്‍ ജാതി മത ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ താല്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ യു.ഡി.എഫ് തുരങ്കം വെയ്ക്കാന്‍ ശ്രമിച്ചു. എങ്കിലും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്ന കാലം വരെ എങ്കിലും പാവപ്പെട്ടവന് വേണ്ടിയുള്ള ആരോഗ്യ നയങ്ങള്‍ നടപ്പാക്കിയിരുന്നു. ഇപ്പോള്‍ നിലവില്‍ ഉള്ള ഇടത് മുന്നണി സര്‍ക്കാര്‍ കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തെ ശക്തിപെടുത്താന്‍ വേണ്ടി ഉള്ളതാണ്. യുകെയിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ എന്‍.എച്.എസിനെ സ്വകാര്യവല്‍കരിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉണ്ട്. പ്രാദേശിക ഭരണകൂടത്തിന് സാധാരണ ജനത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിലും, സര്‍ക്കാര്‍ നയങ്ങളുടെ കാര്യത്തിലും വലിയ പങ്കു വഹിക്കാന്‍ ഉണ്ട്. പൊതു ഗതാഗത നിരക്ക് പകുതിയായി കുറയ്ക്കുന്നതടക്കം നിരവധി നല്ല കാര്യങ്ങള്‍ സ:സ്റ്റീവന്‍സണിന്റെ പ്രകടന പത്രികയില്‍ ഉണ്ട്

ഗ്രഹാം സ്റ്റീവന്‍സണിനു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം പോലും സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തിരുത്താന്‍ പ്രേരക ശ്കതിയായി മാറും എന്ന് സ:പി .കെ.ശ്രീമതി കൂട്ടി ചേര്‍ത്തു. സമീക്ഷ സംഘടിപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ റെഡ്ഢിച്, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഭാരവാഹികളടക്കം നിരവധി അംഗങ്ങള്‍ പങ്കെടുത്തു. സമീക്ഷയുടെ പ്രസിഡന്റ് സ:രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:ചാക്കോച്ചന്‍ സന്നിഹിതനായിരുന്നു. യുകെ മലയാളികള്‍ മതേതര മൂല്യങ്ങള്‍ കൈവിടരുത് എന്നും കേരളത്തിന്റെ സംസ്‌കാരം മതങ്ങള്‍ക്ക് അതീതമായ സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രസ്തുത യോഗത്തില്‍ സമീക്ഷയുടെ ഈസ്റ്റ് മിഡ്ലാന്‍ഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ശ്രീമതി ടീച്ചര്‍ നിര്‍വഹിച്ചു. കൂടാതെ സമീക്ഷ ദേശിയ സമിതി നിര്‍മ്മിക്കുന്ന ഭൂതപ്പാട്ട് എന്ന ഇടശ്ശേരി കവിതയെ ആസ്പദമാക്കിയുള്ള നൃത്തനാടകത്തിന്റെ പോസ്റ്റര്‍ അനാച്ഛാദനവും നടന്നു. രാജേഷ് കൃഷ്ണ നന്ദി പറഞ്ഞ യോഗത്തില്‍ സഖാക്കള്‍ വിനോദ് ജനാര്‍ദ്ദന പണിക്കര്‍, ജനേഷ് നായര്‍, സമീക്ഷ ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.