ഷെറിൻ പി യോഹന്നാൻ

1996 ഒക്ടോബർ 4. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നാല് പേർ ഒരുമിക്കുന്നു. ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവർ കേരളം കണ്ട വേറിട്ട സമരരീതിയാണ് അന്ന് സ്വീകരിച്ചത്; പാലക്കാട് ജില്ലാ കളക്ടറെ ഓഫീസിനുള്ളിൽ ബന്ദിയാക്കുക! നാൽവർ സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.

25 വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘പട’. ഭൂപടത്തിൽ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയാണ് ചിത്രം. 1975 ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമം 21 വർഷത്തോളം ആദിവാസികൾക്ക് പ്രയോജനമില്ലാതെ തുടർന്നു. പിന്നീട്, 1996-ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ ജീവിതം ഇന്നും ഒരു ചോദ്യചിഹ്നമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി സംസാരിക്കുകയാണ് സംവിധായകൻ.

ഒരു പൊളിറ്റിക്കൽ മൂവി ആയിരിക്കുമ്പോൾ തന്നെ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും പിടിച്ചിരുത്താനും ‘പട:യ്ക്ക് സാധിക്കുന്നു. ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതി വീഴാതെ സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകടനത്തിലും സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഭാഷണം എന്നിവയും ചിത്രത്തെ എൻഗേജിങ്ങായി നിർത്തുന്നു. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസികളുടെ ജൈവികമായ സംഗീത – താളങ്ങളെ ഓർമിപ്പിക്കുന്നു. ഒരു കത്തിമുനയോളം മൂർച്ചയേറിയ ചോദ്യങ്ങളാണ് അയ്യങ്കാളിപ്പട കളക്ടറോട് ചോദിക്കുന്നത്. അല്ല, ഭരണസംവിധാനത്തോടും കണ്ടിരിക്കുന്ന നമ്മളോടും ചോദിക്കുന്നത്.

മരിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നാല് പേരുടെയും മുഖത്തുണ്ടാവുന്ന ചിരി നിർഭയത്വത്തിന്റെ രൂപമാർജിക്കുന്നുണ്ട്. ഒരു അധികാരകേന്ദ്രത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് മർദിതർക്കുവേണ്ടി അവർ സംസാരിച്ചത്. ഇത്തരമൊരു സമരത്തിലൂടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് അയ്യങ്കാളിപ്പട ശ്രമിച്ചത്.

വലിയൊരു സ്റ്റോറിലൈൻ ഇല്ലെങ്കിലും ചരിത്രസംഭവങ്ങളെ ഗ്രിപ്പിങായി ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി പോരാട്ടത്തിന്റെ കഥ പറയുന്ന ‘പട’ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. ‘പട’ സാമൂഹ്യ മാറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്നാൽ കേരളം മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങൾ ‘പട’യ്ക്കുള്ളിലുണ്ട്.

Last Word – ഗൗരവമേറിയ വിഷയത്തെ, ഒരു ചരിത്ര സംഭവത്തിന്റെ പിൻബലത്തിൽ ഗ്രിപ്പിങ് ആയി അവതരിപ്പിച്ച ‘പട’ തിയേറ്റർ വാച്ച് അർഹിക്കുന്നു. മുത്തങ്ങയിലെ വെടിവെയ്പ്പും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും മധുവും ഇന്നിന്റെ സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടിൽ പ്രസക്തമാകുന്നുണ്ട്. അതിനോട് ചേർത്തു വായിക്കാവുന്ന ചലച്ചിത്രമാണ് ‘പട’ – അനീതിക്കെതിരെയുള്ള പടപ്പുറപ്പാട്.